1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്
These amendments are incorporated at its appropriate places in the Act.)
പീഠിക.-ആസൂത്രിത വികസനത്തിലും തദ്ദേശ ഭരണകാര്യങ്ങളിലും വർദ്ധിച്ച അളവിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രാമപഞ്ചായത്തുകളും ബ്ലോക്കുപഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും രൂപീകരിച്ചുകൊണ്ട് 1992-ലെ ഭരണഘടന (എഴുപത്തിമൂന്നാം ഭേദഗതി) ആക്റ്റിനനുസൃതമായി സംസ്ഥാനത്ത് ഒരു ത്രിതല പഞ്ചായത്തുരാജ് സംവിധാനം സ്ഥാപിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച് ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുന്നതിനാലും;
അങ്ങനെയുള്ള പഞ്ചായത്തുകൾക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് സാധ്യമാകത്തക്കവിധമുള്ള അധികാരങ്ങളും അധികാര ശക്തിയും നൽകുന്നതിനും;
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള സംഗതികളെ സംബന്ധിച്ച പദ്ധതികൾ നടപ്പിലാക്കുന്നതുൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കലും നടപ്പാക്കലും, അങ്ങനെയുള്ള പഞ്ചായത്തുകളെ ഭാരമേല്പിക്കുന്നതിനും;
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ നാല്പത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു:-
അദ്ധ്യായം I
പ്രാരംഭം
1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.-
(1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഇതിന്, കേരള സംസ്ഥാനത്തെ കന്റോൺമെന്റുകളുടെയും നഗര പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും ഭരണഘടനയുടെ 243ക്യൂ അനുച്ഛേദം (1)-ാം ഖണ്ഡത്തിന്റെ ക്ലിപ്തനിബന്ധനപ്രകാരം വ്യാവസായിക പട്ടണമായി നിർദ്ദേശിച്ചിട്ടുള്ള പ്രദേശങ്ങളുടെയും 1999-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശവികസനവും ആക്റ്റ് (2000-ലെ 5) പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളുടെയും അതിർത്തികൾക്കുള്ളിലുള്ള പ്രദേശങ്ങളിലൊഴികെ, കേരള സംസ്ഥാനമൊട്ടാകെ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
എന്നാൽ ഈ ആക്റ്റിലെ XXV ബി, XXVസി എന്നീ അദ്ധ്യായങ്ങളിലെ വ്യവസ്ഥകൾക്ക് കേരള സംസ്ഥാനത്തെ നഗരപഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും അതിർത്തിക്കുള്ളിലെ പ്രദേശങ്ങളിൽ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
എന്നുമാത്രമല്ല, 1999-ലെ വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ആക്റ്റ് പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ ഈ ആക്ടിലെ XIX-ാം അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്. (with effect from 24-3-1994)
എന്നാൽ 235 എ മുതൽ 235 ഇസഡ് വരെയുള്ള വകുപ്പുകൾ 2006 ജനുവരി മാസം 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(i) 'അനുച്ഛേദം' എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ ഒരു അനുച്ഛേദം എന്നർത്ഥമാകുന്നു;
(ii) 'ബ്ലോക്ക് പഞ്ചായത്ത് ' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (ബി) ഖണ്ഡത്തിൻ കീഴിൽ മദ്ധ്യതലത്തിൽ രൂപീകരിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(iii) 'കെട്ടിടം' എന്നതിൽ കല്ലോ, ഇഷ്ടികയോ, മരമോ, ചളിയോ, ലോഹമോ കൊണ്ടോ മറ്റേതെങ്കിലും സാധനം കൊണ്ടോ ഉണ്ടാക്കിയ വീട്, ഉപഗൃഹം, തൊഴുത്ത്, കക്കൂസ്, ഷെഡ്ഡ്, കുടിൽ, മറ്റേതെങ്കിലും എടുപ്പ് എന്നിവ ഉൾപ്പെടുന്നു;
(iv) 'ഉപതിരഞ്ഞെടുപ്പ്' എന്നാൽ പൊതുതിരഞ്ഞെടുപ്പല്ലാത്ത തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു.
(v) ‘സ്ഥാനാർത്ഥി' എന്നാൽ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ടതോ ചെയ്യപ്പെട്ടതായി അവകാശപ്പെടുന്നതോ ആയ ഒരു ആൾ എന്നർത്ഥമാകുന്നു;
(vi) ‘ആകസ്മിക' ഒഴിവ് എന്നാൽ കാലാവധി കഴിഞ്ഞതുകൊണ്ടല്ലാതെ ഉണ്ടാകുന്ന ഒഴിവ് എന്നർത്ഥമാകുന്നു;
(viഎ) കമ്മിറ്റി' എന്നാൽ ഈ ആക്റ്റ് പ്രകാരം രൂപീകൃതമായിട്ടുള്ള ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയോ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി പഞ്ചായത്ത് രൂപീകരിച്ച മറ്റേതെങ്കിലും കമ്മിറ്റിയോ എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (vii) "നിയോജകമണ്ഡലം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു അംഗത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഭൂപ്രദേശം (അത് ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) എന്നർത്ഥമാകുന്നു;
(viii) "അഴിമതി പ്രവൃത്തി' എന്നാൽ 120-ാം വകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള പ്രവൃത്തികളിൽ ഏതെങ്കിലും എന്നർത്ഥമാകുന്നു;
(ix) ഒരു തിരഞ്ഞെടുപ്പ് ഹർജിയെ സംബന്ധിച്ച് ‘ചെലവ് എന്നാൽ ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയുടേതോ ആനുഷംഗികമോ ആയ എല്ലാ ചെലവുകളും ചാർജുകളും വ്യയങ്ങളും എന്നർത്ഥമാകുന്നു;
(x) 'ജില്ല' എന്നാൽ ഒരു റവന്യൂ ജില്ല എന്നർത്ഥമാകുന്നു;
(xi) 'ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ' എന്നാൽ 13-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
(xii) 'ജില്ലാ പഞ്ചായത്ത്' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (സി) - ഖണ്ഡത്തിൻ കീഴിൽ ജില്ലാ തലത്തിൽ രൂപീകരിച്ച ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(xiii) 'ജില്ലാപഞ്ചായത്തു പ്രദേശം’ എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (സി) - ഖണ്ഡത്തിന്റെ ആവശ്യത്തിനായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഒരു ജില്ലയ്ക്കുള്ളിലെ ഗ്രാമപ്രദേശങ്ങൾ എന്നർത്ഥമാകുന്നു;
(xiv) 'തിരഞ്ഞെടുപ്പ് എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ നിയോജക മണ്ഡലങ്ങളിൽ ഏതിലെങ്കിലുമുള്ള ഒരു സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;
(xv) ഒരു നിയോജകമണ്ഡലത്തെ സംബന്ധിച്ചിടത്തോളം ‘സമ്മതിദായകൻ' എന്നാൽ (ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) തത്സമയം പ്രാബല്യത്തിലിരിക്കുന്ന ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ളതും 17-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനല്ലാത്തതും ആയ ഒരാൾ എന്നർത്ഥമാകുന്നു;
(xvi) ‘സമ്മതിദാനാവകാശം’ എന്നാൽ ഒരാൾക്ക് ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി നില്ക്കാനോ നില്ക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ വോട്ടുചെയ്യാനോ ഉള്ള അവകാശം എന്നർത്ഥമാകുന്നു;
(xviഎ) ‘എംപാനൽഡ് ലൈസൻസി’ എന്നാൽ നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിന്റ് ഡയറക്ടറിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലെങ്കിൽ 2019ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നതും സ്വയം സാക്ഷ്യപത്രം നൽകുന്നതിന്റെ ആവശ്യത്തിലേക്കായി തദ്ദേശ സ്വയംഭരണ വകുപ്പ്, നിർണ്ണയിക്കപ്പെട്ട പ്രകാരം എംപാനൽ ചെയ്തതുമായ, അതതു സംഗതിപോലെ, സ്ഥാപനം, ആർക്കിടെക്റ്റ്, എഞ്ചിനീയർ, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ എന്നർത്ഥമാകുന്നു
(xvii)'പൊതുതിരഞ്ഞെടുപ്പ്' എന്നാൽ ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിച്ചതിനു ശേഷമോ അല്ലാതെയോ അതു രൂപീകരിക്കുന്നതിനോ പുനർ രൂപീകരിക്കുന്നതിനോ ഈ ആക്റ്റിൻ കീഴിൽ നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xviii) ‘സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;
(xix) 'വീട് ' എന്നാൽ താമസസ്ഥലമായോ മറ്റുവിധത്തിലോ ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കൊള്ളാവുന്നതോ ആയതും പൊതു വഴിയിൽ നിന്ന് പ്രത്യേകമായ ഒരു പ്രധാനവാതിൽ ഉള്ളതുമായ ഒരു കെട്ടിടം അഥവാ കുടിൽ എന്നർത്ഥമാകുന്നതും, ഏതെങ്കിലും കടയോ, വർക്ക് ഷോപ്പോ പണ്ടകശാലയോ അഥവാ വാഹനങ്ങൾ കയറ്റി പാർക്കു ചെയ്യാനോ അല്ലെങ്കിൽ ബസ്സ്റ്റാന്റായോ ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടമോ അതിൽ ഉൾപ്പെടുന്നതുമാകുന്നു;
(xx) 'കുടിൽ' എന്നാൽ മുഖ്യമായും മരമോ ചളിയോ ഇലകളോ പുല്ലോ ഓലയോ കൊണ്ട് നിർമ്മിക്കപ്പെട്ട ഏതെങ്കിലും കെട്ടിടം എന്നർത്ഥമാകുന്നതും ഈ ആക്റ്റിന്റെ ആവശ്യത്തിനായി ഒരു കുടിൽ എന്ന് ഒരു ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചേക്കാവുന്ന ഏതു വലിപ്പത്തിലുമുള്ള ഏതൊരു താല്ക്കാലിക എടുപ്പും എന്തു സാധനം കൊണ്ടുണ്ടാക്കിയതുമായ ഏതൊരു ചെറിയ കെട്ടിടവും അതിൽ ഉൾപ്പെടുന്നതുമാകുന്നു;
(xxi) 'മദ്ധ്യതലം’ എന്നാൽ 243-ാം അനുച്ഛേദം (സി) ഖണ്ഡത്തിൻകീഴിൽ ഗവർണ്ണർ നിർദ്ദേശിക്കുന്ന ഗ്രാമതലത്തിനും ജില്ലാ തലത്തിനും ഇടയ്ക്കുള്ള തലം എന്നർത്ഥമാകുന്നു;
(xxii) 'തദ്ദേശ സ്ഥാപനം’ അല്ലെങ്കിൽ 'തദ്ദേശ സ്വയംഭരണ സ്ഥാപനം’ എന്നാൽ ഈ ആക്റ്റിന്റെ 4-ാം വകുപ്പ് പ്രകാരം രൂപീകരിച്ച ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് എന്നോ അല്ലെങ്കിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ (1994-ലെ 20)ലെ 4-ാം വകുപ്പു പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;
(xxiiഎ) ‘കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങൾ’ എന്നതിൽ ഏഴ് മീറ്ററിൽ കുറവായ ഉയരമുള്ളതും രണ്ടു നില വരെ പരിമിതപ്പെടുത്തിയിട്ടുള്ളതും മുന്നൂറ് ചതുരശ്ര മീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ളതും എ1 വിനിയോഗഗണത്തിൽപ്പെട്ടതുമായ വാസഗൃഹങ്ങളും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടു കൂടിയതും എ2 വിനിയോഗഗണത്തിൽപ്പെട്ടതുമായ ഹോസ്റ്റൽ, ഓർഫനേജ്, ഡോർമിറ്ററി, ഓൾഡ് ഏജ് ഹോം, സെമിനാരി എന്നിവയും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടു കൂടിയതും ബി വിനിയോഗഗണത്തിൽപ്പെട്ടതുമായ വിദ്യാഭ്യാസ കെട്ടിടങ്ങളും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ളതും ഡി വിനിയോഗ ഗണത്തിൽപ്പെട്ടതുമായ മതപരവും ദേശസ്നേഹപരവുമായ ആവശ്യങ്ങൾക്കു വേണ്ടി ആളുകൾ സമ്മേളിക്കുന്ന കെട്ടിടങ്ങളും, നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടുകൂടിയതും എഫ് വിനിയോഗഗണത്തിൽപ്പെട്ടതുമായ കെട്ടിടങ്ങളും, ശല്യമില്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ള ജി1 വിനിയോഗഗണത്തിൽപ്പെട്ടതുമായ കെട്ടിടങ്ങളും ഉൾപ്പെടുന്നു.
(xxiii) 'മാർക്കറ്റ്' എന്നാൽ ധാന്യമോ പഴങ്ങളോ മലക്കറിയോ മാംസമോ മത്സ്യമോ വേഗത്തിൽ ചീത്തയാകുന്ന മറ്റു ഭക്ഷ്യവസ്തുക്കളോ വിൽക്കുന്നതിനോ വാങ്ങുന്നതിനോ അഥവാ കന്നുകാലികളെയോ കോഴികളെയോ അല്ലെങ്കിൽ കാർഷികമോ വ്യാവസായികമോ ആയ ഏതെങ്കിലും ഉല്പന്നമോ, ഏതെങ്കിലും അസംസ്കൃത ഉല്പന്നമോ നിർമ്മിതോല്പന്നമോ അല്ലെങ്കിൽ ജീവിത സൗകര്യത്തിനാവശ്യമായ ഏതെങ്കിലും വസ്തുക്കളോ ചരക്കോ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി ആളുകൾ ഒത്തുകൂടുന്നതിനായി മാറ്റിവച്ചിട്ടുള്ളതോ അഥവാ സാധാരണയായോ നിയത കാലികമായോ അതിലേക്ക് ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു എന്നാൽ ഒരൊറ്റ കടയോ ആറെണ്ണത്തിൽ കവിയാത്ത ഒരു കൂട്ടം കടകളോ ഒരു മാർക്കറ്റായി കരുതപ്പെടുവാൻ പാടില്ലാത്തതാകുന്നു;
(xxiv) 'അംഗം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗം എന്നർത്ഥമാകുന്നു;
(xxv) 'പഞ്ചായത്ത്' എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(xxvi) 'പഞ്ചായത്ത് പ്രദേശം’ എന്നാൽ ഒരു പഞ്ചായത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ വരുന്ന ഭൂപ്രദേശം എന്നർത്ഥമാകുന്നു;
(xxviഎ) ‘സ്വയം സാക്ഷ്യപത്രം’ എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ വേണ്ടിയുള്ള കെട്ടിടത്തിന്റെ പ്ലാൻ, സൈറ്റ് പ്ലാൻ എന്നിവ തത്സമയം പ്രാബല്യത്തിലുള്ള ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കും നിയമാനുസൃതം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനും പ്രത്യേകം പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും, ചട്ടങ്ങൾക്കുംനിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് കെട്ടിടത്തിന്റെ ഉടമസ്ഥനും എംപാനൽഡ് ലൈസൻസിയും സംയുക്തമായി നൽകുന്ന സ്വയം സാക്ഷ്യപത്രം എന്നർത്ഥമാകുന്നു.
(xxvii) 'രാഷ്ട്രീയകക്ഷി' എന്നാൽ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റ് (1951-ലെ 43-ാം കേന്ദ്ര ആക്റ്റ്) 29എ വകുപ്പിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയകക്ഷി എന്ന് അർത്ഥമാകുന്നു;
(xxviii) 'പോളിംഗ് സ്റ്റേഷൻ' എന്നാൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനായി നിശ്ചയിക്കപ്പെട്ട ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു;
(xxix) 'ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാകുന്നു;