കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ, 1995
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
1995-ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 1260/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 157, 158, 161 എന്നീ വകുപ്പുകളോട് 254-ാം വകുപ്പുകൂടി വായിച്ച പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-
(1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നു അർത്ഥമാകുന്നു;
(ബി) 'അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ' എന്നാൽ ആക്റ്റിന്റെ 275-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ ഗസറ്റ് വിജ്ഞാപനം മൂലം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;
(സി) 'ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ' എന്നാൽ ആക്ടിന്റെ 157-ാം വകുപ്പ് (2)-ാം ഉപ വകുപ്പ് പ്രകാരം സർക്കാർ ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;
(ഡി) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നു അർത്ഥമാകുന്നു;
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. യോഗസ്ഥലവും സമയവും.-
ഓരോ പഞ്ചായത്തിനും 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആസ്ഥാനത്ത് ഒരു ഓഫീസ് ഉണ്ടായിരിക്കേണ്ടതും, പഞ്ചായത്തിന്റെ യോഗങ്ങൾ ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും അതു നിശ്ചയിക്കുന്ന തീയതിയിലും സമയത്തും പ്രസിഡന്റ് വിളിച്ചുകൂട്ടുന്നതനുസരിച്ച് പഞ്ചായത്ത് ഓഫീസിൽ വച്ച് കൂടേണ്ടതാണ്:
എന്നാൽ, സർക്കാർ വിജ്ഞാപനം പ്രകാരം പൊതു ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിൽ യോഗം കൂടുവാൻ പാടുള്ളതല്ല;
എന്നു മാത്രമല്ല അടിയന്തിര ഘട്ടങ്ങളിലൊഴികെ, പഞ്ചായത്തു യോഗങ്ങൾ രാവിലെ 9 മണിക്കു മുമ്പും വൈകുന്നേരം 6 മണിക്കു ശേഷവും കൂടുവാൻ പാടുള്ളതല്ല.
4. യോഗ നോട്ടീസും അജണ്ടയും.-
(1) യോഗസ്ഥലവും തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്കു മൂന്നു പുർണ്ണ ദിവസങ്ങൾക്കു മുമ്പ് എങ്കിലും അംഗങ്ങൾക്ക് നൽകിയിരിക്കേണ്ടതാണ്;
എന്നാൽ, മേൽപ്പറഞ്ഞ പൂർണ്ണ ദിവസങ്ങളിൽ പ്രഖ്യാപിത അവധി ദിവസങ്ങൾ ഉൾപ്പെടുന്നതും എന്നാൽ നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും കാര്യത്തിൽ പഞ്ചായത്തിന്റെ അടിയന്തര തീരുമാനം അനിവാര്യമാകുന്ന ഘട്ടങ്ങളിൽ '(ഇരുപത്തിനാല് മണിക്കുറിൽ കുറയാത്ത സമയത്തെ) നോട്ടീസ് നൽകി പ്രസിഡന്റിനു പ്രത്യേക യോഗം വിളിച്ചു കൂട്ടാവുന്നതാണ്.
(3) നിശ്ചിത യോഗത്തിനു നൽകിയിട്ടുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിഷയവും ആ യോഗത്തിൽ പരിഗണിക്കാൻ പാടില്ലാത്തതാകുന്നു;
എന്നാൽ, സർക്കാരിൽ നിന്ന് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് അയച്ചുകിട്ടുന്ന അടിയന്തിര പ്രാധാന്യമുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും യോഗത്തിൽ പരിഗണിക്കേണ്ടതാണ്.
(4) (1)-ാം ഉപചട്ടപ്രകാരമോ (2)-ാം ഉപചട്ടപ്രകാരമോ നൽകിയിട്ടുള്ള നോട്ടീസിന്റെയും, അജണ്ടയുടെയും പകർപ്പുകൾ പഞ്ചായത്ത് നോട്ടീസ് ബോർഡിൽ നോട്ടീസ് തീയതിയിൽ തന്നെ പ്രസിദ്ധീകരിക്കേണ്ടതാണ്.
5. അജണ്ട തയ്യാറാക്കൽ.-
(1) യോഗത്തിന്റെ അജണ്ട പ്രസിഡന്റുമായി ആലോചിച്ച് സെക്രട്ടറി തയ്യാറാക്കേണ്ടതാണ്.
(2) പഞ്ചായത്തിന്റെ തീരുമാനം ആവശ്യമുള്ളതായി സെക്രട്ടറിയോ എക്സ് ഒഫിഷ്യോ സെക്രട്ടറിയോ കരുതുന്ന വിഷയങ്ങളും, പ്രസിഡന്റ് നിർദ്ദേശിക്കുന്ന വിഷയങ്ങളും, 12-ാം ചട്ടപ്രകാരം, അതതു സംഗതി പോലെ, പ്രസിഡന്റ് അല്ലെങ്കിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യോഗത്തിൽ മറുപടി പറയേണ്ട ചോദ്യങ്ങളും, 13-ാം ചട്ടപ്രകാരം യോഗത്തിൽ അവതരിപ്പിക്കുവാൻ അനുവദിക്കപ്പെടുന്ന പ്രമേയങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതാണ്.
(3) പഞ്ചായത്ത് യോഗത്തിൽ പരിഗണിക്കുന്നതിനായി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിഷയങ്ങളും, മുൻകൂട്ടി ക്രമമായി പേജ് നമ്പർ രേഖപ്പെടുത്തിയ ഒരു അജണ്ട രജിസ്റ്ററിൽ ക്രമനമ്പർ നൽകി രേഖപ്പെടുത്തേണ്ടതും രജിസ്റ്റർ സെക്രട്ടറിയുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്.
(4) പഞ്ചായത്തിന്റെ പരിഗണനയ്ക്കായി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതൊരു വിഷയത്തെ സംബന്ധിച്ചും, ആക്റ്റിലെയും അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കനുസൃതമായി തീരുമാനമെടുക്കുന്നതിനാവശ്യമായ ഉപദേശം പഞ്ചായത്തിന് നൽകുവാൻ സെക്രട്ടറിക്ക് ബാദ്ധ്യതയുണ്ടായിരിക്കുന്നതും, അതനുസരിച്ചുള്ള തന്റെ അഭിപ്രായം സെക്രട്ടറി ബന്ധപ്പെട്ട ഫയലിൽ രേഖപ്പെടുത്തേണ്ടതും, പ്രസ്തുത അഭിപ്രായമടങ്ങുന്ന കുറിപ്പ് യോഗത്തിന് മുമ്പ് അംഗങ്ങൾക്ക് നൽകുകയോ അല്ലെങ്കിൽ ആ വിഷയം ചർച്ച ചെയ്യുമ്പോൾ യോഗത്തിൽ സമർപ്പിക്കുകയോ ചെയ്യേണ്ടതുമാണ്.
6. യോഗം വിളിച്ചു കൂട്ടാൻ ആവശ്യപ്പെടൽ.-
(1) 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള പഞ്ചായത്തിന്റെ അംഗസംഖ്യയുടെ മൂന്നിൽ ഒന്നിൽ കുറയാത്ത എണ്ണം വരുന്ന അംഗങ്ങൾ ഏതാവശ്യത്തിനാണോ യോഗം വിളിച്ചു കൂട്ടേണ്ടതെന്ന്
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വ്യക്തമാക്കി കൊണ്ട് രേഖാമൂലം ഒരു നോട്ടീസ് പ്രസിഡന്റിന് നൽകുകയാണെങ്കിൽ അക്കാര്യം പരിഗണിക്കുന്നതിനായി പഞ്ചായത്തിന്റെ ഒരു പ്രത്യേക യോഗം നോട്ടീസ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അദ്ദേഹം വിളിച്ചു കൂട്ടേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം പ്രസിഡന്റിന് നൽകുന്ന നോട്ടീസിന്റെ പകർപ്പ് സെക്രട്ടറിക്ക് നൽകേണ്ടതാണ്.
(3) (1)-ാം ഉപചട്ടപ്രകാരം നോട്ടീസ് ലഭിച്ച പത്തു ദിവസത്തിനുള്ളിൽ പ്രസിഡന്റ് യോഗം വിളിച്ചു കൂട്ടാത്തപക്ഷം, നോട്ടീസ് നൽകിയ അംഗങ്ങൾക്ക് 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞ വിധത്തിൽ മറ്റംഗങ്ങൾക്ക് നോട്ടീസ് നൽകി കൊണ്ടും സെക്രട്ടറിയെ അറിയിച്ചു കൊണ്ടും പഞ്ചായത്തിന്റെ പ്രത്യേക യോഗം വിളിച്ചു കൂട്ടാവുന്നതാണ്. അപ്രകാരം ചേരുന്ന യോഗത്തിൽ, നോട്ടീസിൽ പരാമർശിക്കുന്ന വിഷയമൊഴികെ മറ്റൊരു വിഷയവും ചർച്ച ചെയ്യാൻ പാടില്ലാത്തതാണ്.
(4) (1)-ാം ഉപചട്ട പ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ ഉള്ള യാതൊരു യോഗവും പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തല്ലാതെ മറ്റൊരിടത്തും വിളിച്ചു കൂട്ടുവാൻ പാടില്ലാത്തതാണ്.
7. പഞ്ചായത്ത് യോഗത്തിന്റെ കോറം.-
(1) പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട അംഗസംഖ്യയുടെ മൂന്നിലൊരുഭാഗം കോറമാകുന്നതും അത്രയും അംഗങ്ങൾ പഞ്ചായത്തുയോഗത്തിൽ ഹാജരില്ലാത്തപക്ഷം പഞ്ചായത്ത് യോഗം കൂടുവാൻ പാടില്ലാത്തതുമാണ്.
(2) യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും നിശ്ചിത കോറമില്ലാതെ വന്നാൽ തുടർന്ന് യോഗനടപടികൾ നടത്തുവാൻ പാടില്ലാത്തതാണ്.
(3) ഒരു യോഗത്തിനു നിശ്ചയിച്ചിട്ടുള്ള നിശ്ചിത സമയം കഴിഞ്ഞ് അര മണിക്കൂറിനു ശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ സമയം കാത്തിരിക്കുവാൻ വിസമ്മതിക്കുകയും ചെയ്താൽ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.
(4) പഞ്ചായത്തിന്റെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും, യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതുമാണ്.
8. പഞ്ചായത്തുകളുടെ യോഗങ്ങൾ പരസ്യമായിരിക്കണമെന്ന്.-
ഏതു തലത്തിൽപ്പെട്ട പഞ്ചായത്തിന്റെ യോഗത്തിലും പൊതുജനങ്ങൾക്കും പത്രലേഖകർക്കും സന്ദർശകരായി പ്രവേശനം ഉണ്ടായിരിക്കുന്നതും, പ്രവേശനം പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അദ്ധ്യക്ഷത വഹിക്കുന്ന അംഗമോ നിയന്ത്രിക്കേണ്ടതുമാണ്. എന്നാൽ പഞ്ചായത്തിന്റെ ഏതു യോഗത്തിലും മിനിറ്റസ് ബുക്കിൽ രേഖപ്പെടുത്താവുന്ന കാര്യങ്ങളാൽ പൊതുജനത്തെ മുഴുവനായോ ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ പ്രത്യേകമായോ, യോഗത്തിൽ നിന്ന് മാറി നിൽക്കുവാനോ മാറ്റി നിർത്താനോ അദ്ധ്യക്ഷന് നിർദ്ദേശിക്കാവുന്നതാണ്.
9. യോഗ നടത്തിപ്പും അദ്ധ്യക്ഷം വഹിക്കലും.-
(1) പഞ്ചായത്തിന്റെ ഏതൊരു യോഗത്തിലും അതിന്റെ പ്രസിഡന്റോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ടുപേരുടെയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ അദ്ധ്യക്ഷ്യം വഹിക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കുന്ന ഒരംഗമോ അദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.
(2) ഒരു യോഗത്തിൽ ക്രമസമാധാന നില നിയന്ത്രണാധീതമാകുന്ന സന്ദർഭത്തിൽ അദ്ധ്യക്ഷനു അതതു സംഗതിപോലെ, അദ്ദേഹം നിശ്ചയിക്കുന്ന സമയത്തേക്കോ, ആ ദിവസത്തേക്കോ യോഗം നിറുത്തിവയ്ക്കാവുന്നതാണ്.
(3) യോഗങ്ങളിൽ, അദ്ധ്യക്ഷൻ യോഗം നിയന്ത്രിക്കേണ്ടതും, യോഗങ്ങളിലോ, യോഗങ്ങൾ സംബന്ധിച്ചോ ഉണ്ടാകുന്ന എല്ലാ ക്രമ പ്രശ്നങ്ങളും തീരുമാനിക്കുകയും ചെയ്യേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ യാതൊരു ക്രമ പ്രശ്നത്തെപ്പറ്റിയും യാതൊരു ചർച്ചയും ഉണ്ടായിരിക്കാൻ പാടില്ലാത്തതും ഏതെങ്കിലും ക്രമപ്രശ്നം സംബന്ധിച്ച് അദ്ധ്യക്ഷൻ കൈക്കൊള്ളുന്ന തീരുമാനം ആക്ടിലോ ഈ ചട്ടങ്ങളിലോ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ അന്തിമമായിരിക്കുന്നതുമാണ്.
(4) ഏതെങ്കിലും അംഗം ക്രമരഹിതമായി പെരുമാറുകയും യോഗം നടത്തുന്നതിനു തടസ്സമുണ്ടാക്കുകയും ചെയ്യുന്ന പക്ഷം, അദ്ധ്യക്ഷൻ ആ അംഗത്തോടു ഉടൻ പുറത്തുപോകാൻ നിർദ്ദേശിക്കേണ്ടതും ആൾ അതു അനുസരിച്ചില്ലെങ്കിൽ അദ്ധ്യക്ഷനു അയാളെ, ആ ദിവസത്തേക്കു സസ്പെന്റ് ചെയ്യാവുന്നതും അങ്ങനെ സസ്പെന്റ് ചെയ്യപ്പെട്ട ആൾ അതിനുശേഷം ഉടൻ തന്നെ യോഗത്തിൽ നിന്നും പുറത്തു പോകേണ്ടതും അതിൽ വീഴ്ച വരുത്തുന്ന പക്ഷം ആവശ്യമെങ്കിൽ ന്യായമായ ബലമുപയോഗിച്ചു അയാളെ നീക്കം ചെയ്യാവുന്നതുമാണ്.
10. യോഗ തീരുമാനം.-
പഞ്ചായത്തു യോഗത്തിന്റെ പരിഗണനയ്ക്കു വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടുപ്രകാരം തീരുമാനമെടുക്കേണ്ടതും, വോട്ടുകൾ തുല്യമാക്കുന്ന എല്ലാ സംഗതികളിലും അദ്ധ്യക്ഷനു ഒരു കാസ്റ്റിംഗ് വോട്ടു കൂടി വിനിയോഗിക്കാവുന്നതുമാണ്.
11. പ്രമേയം റദ്ദുചെയ്യുകയോ ഭേദഗതി ചെയ്യുകയോ ചെയ്യൽ.-
പഞ്ചായത്തിന്റെ ഏതൊരു പ്രമേയവും അതു പാസ്സാക്കിയ തീയതി മുതൽ മൂന്നു മാസത്തിനകം ഈ പ്രത്യേക ആവശ്യത്തിനായി വിളിച്ചുകൂട്ടിയ യോഗത്തിൽ, പഞ്ചായത്തിന്റെ മുഴുവൻ അംഗസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അംഗങ്ങൾ അംഗീകരിച്ച ഒരു പ്രമേയത്തിലൂടെ അല്ലാതെ ഭേദഗതി ചെയ്യുകയോ മാറ്റം വരുത്തുകയോ റദ്ദ് ചെയ്യുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
എന്നാൽ പഞ്ചായത്ത് പാസ്സാക്കിയ ഒരു തീരുമാനം അല്ലെങ്കിൽ പ്രമേയം നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ, ആക്റ്റ് പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായ ഏതെങ്കിലും അധികാരത്തിന്റെ ലംഘനം അഥവാ ദുർവിനിയോഗമാണെന്നോ അല്ലെങ്കിൽ അത് നടപ്പിലാക്കിയാൽ മനുഷ്യ ജീവനോ ആരോഗ്യത്തിനോ പൊതു സുരക്ഷയ്ക്കോ അപകടമാകുമെന്നോ പഞ്ചായത്തിന് ബോദ്ധ്യം വന്നാൽ പ്രസ്തുത തീരുമാനം അഥവാ പ്രമേയം എപ്പോൾ വേണമെങ്കിലും പഞ്ചായത്തിന്റെ മുഴുവൻ അംഗസംഖ്യയുടെ പകുതിയിലധികം അംഗങ്ങളുടെ അംഗീകാരത്തോടു കൂടി പഞ്ചായത്തിന് ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്.
12. അംഗങ്ങൾ പ്രസിഡന്റിനോടും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോടും ചോദ്യങ്ങൾ ചോദിക്കൽ-
(1) യോഗത്തിൽ പ്രസിഡന്റിനോടോ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോടോ ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്ന അംഗം ഏറ്റവും കുറഞ്ഞത് ഏഴു പൂർണ്ണദിവസങ്ങൾ മുമ്പുതന്നെ താൻ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യത്തിന്റെ ഒരു കോപ്പി, ചോദ്യം പ്രസിഡന്റിനോട് ആണെങ്കിൽ പ്രസിഡന്റിനും, ചോദ്യം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോട് ആണെങ്കിൽ പ്രസി ഡന്റിനും ആ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നൽകിയിരിക്കേണ്ടതാണ്.
എന്നാൽ പ്രസിഡന്റിനു യുക്തമെന്നു തോന്നുന്ന പക്ഷം ഏഴു ദിവസത്തിൽ കുറഞ്ഞ നോട്ടീസ് നൽകിക്കൊണ്ട് ചോദ്യം ചോദിക്കാൻ അനുവദിക്കാവുന്നതാണ്.
(2) അംഗങ്ങളുടെ ചോദ്യങ്ങൾ പഞ്ചായത്തിന്റെ ഭരണപരമായ പരിധിയ്ക്കുള്ളിൽ വരുന്ന സംഗതികളെ സംബന്ധിച്ചുമാത്രമുള്ളവയായിരിക്കേണ്ടതാണ്.
(3) പഞ്ചായത്തിനെ സംബന്ധിക്കുന്ന ഏതു സംഗതിയെപ്പറ്റിയും വിവരങ്ങൾ ശേഖരിക്കാനായി ഏതു യോഗത്തിൽ ഏതൊരു അംഗത്തിനും പരമാവധി രണ്ടു ചോദ്യങ്ങൾ വരെ ചോദിക്കാവുന്ന താണ്.
(4) താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ ഒരു ചോദ്യവും അനുവദിക്കപ്പെടേണ്ടതില്ല:-
(എ)അത് ഒറ്റ സംഗതിയെ സംബന്ഝിച്ചതാകണം;
(ബി) അത് വ്യക്തമായതും ചുരുക്കത്തിലുളളതും ആയിരിക്കണം;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (സി) അത് വിവരങ്ങൾ അറിയിക്കുന്നതിനുവേണ്ടിയുള്ള ഒരു അപേക്ഷയുടെ രൂപത്തിൽ തയ്യാറാക്കിയതായിരിക്കണം:
(ഡി) അതിൽ തർക്കങ്ങളോ ഊഹാപോഹങ്ങളോ പരിഹാസ സുചകമായ പ്രയോഗങ്ങളോ മാനഹാനിയുണ്ടാക്കുന്ന പദപ്രയോഗങ്ങളോ ഉണ്ടാകാൻ പാടില്ലാത്തതും, ഔദ്യോഗികമോ പൊതുപദവിയെയോ കുറിച്ചുള്ളതല്ലാതെ ഒരു വ്യക്തിയുടെ പെരുമാറ്റത്തെയോ സ്വഭാവത്തെയോ പരാമർശിക്കുന്ന യാതൊന്നും ഉണ്ടാകാൻ പാടില്ലാത്തതുമാകുന്നു.
(ഇ) കോടതി മുമ്പാകെ തീർപ്പു കൽപ്പിക്കാനിരിക്കുന്ന ഒരു സംഗതിയെയും അതു പരാമർശിക്കരുത്:
(എഫ്) ഒരു പ്രസ്താവന, അതു ശരിയാണെന്നു ഉറപ്പുവരുത്തേണ്ട ബാദ്ധ്യത, ആ ചോദ്യം ഉന്നയിക്കുന്ന അംഗത്തിന് തന്നെയായിരിക്കുന്നതാണ്;
(ജി) ചോദ്യം യുക്തമാക്കാൻ വേണ്ടി അത്യാവശ്യമല്ലാത്ത ഏതെങ്കിലും പ്രസ്താവനകളോ പേരോ അതിൽ ഉൾപ്പെട്ടിരിക്കരുത്;
(എച്ച്) ഒരു ഉത്തരത്തിൽ ഒതുക്കാൻ പറ്റാത്ത വിധത്തിലുള്ള നയപരമായ കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾ ഒന്നും അതിൽ ഉന്നയിക്കരുത്;
(ഐ) അത് മറുപടി പറഞ്ഞുകഴിഞ്ഞിട്ടുള്ളതോ നിരസിച്ചതോ ആയ ചോദ്യങ്ങൾ ആവരുത്;
(ജെ) അത് നിസ്സാരമായ സംഗതികളെപ്പറ്റിയുള്ള വിവരം ആരാഞ്ഞു കൊണ്ടുള്ളതായിരിക്കരുത്;
(കെ) അത് ഒരു വ്യക്തിയുടെ സ്വഭാവത്തെപ്പറ്റി പ്രത്യക്ഷമായോ പരോക്ഷമായോ കുറ്റപ്പെടുത്തുന്ന രീതിയിലുള്ളതാകരുത്;
(5) ഒരു ചോദ്യം അനുവദിക്കണമോ വേണ്ടയോ എന്നു അടുത്ത യോഗത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിക്കു മുമ്പായി പ്രസിഡന്റ് തീരുമാനിക്കേണ്ടതും അതു അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ഭാഗികമായി അനുവദിക്കുകയോ ചെയ്യാവുന്നതുമാണ്. ഈ ചട്ടങ്ങൾ ലംഘിക്കുന്നു എന്നോ ചോദ്യം ചെയ്യാനുള്ള അവകാശത്തെ ദുരുപയോഗപ്പെടുത്തുന്നുവെന്നോ, അല്ലെങ്കിൽ പൊതുജന താൽപ്പര്യത്തെ ഹനിക്കാതെ മറുപടി നൽകാൻ പറ്റുന്നതല്ല എന്നോ പ്രസിഡന്റിന് അഭിപ്രായമുള്ള പക്ഷം അതു അനുവദിക്കാതിരിക്കാവുന്നതും, അങ്ങനെയുള്ള സംഗതിയിൽ ആ ചോദ്യം അജണ്ടയിലോ പഞ്ചായത്തു യോഗത്തിന്റെ നടപടി ക്രമത്തിലോ ഉൾപ്പെടുത്തേണ്ടതില്ലാത്തതുമാകുന്നു.
(6) പ്രസിഡന്റ് അനുവദിച്ചിട്ടുള്ള ചോദ്യങ്ങൾ അടുത്ത യോഗത്തിന്റെ അജണ്ടയിൽ ചേർക്കേണ്ടതും ചോദ്യം ഉന്നയിച്ച അംഗം അതു നേരത്തെ പിൻവലിക്കാത്തപക്ഷം അതിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓരോ ചോദ്യത്തിനും അതാതു സംഗതിപോലെ, പ്രസിഡന്റ് അല്ലെങ്കിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, യോഗത്തിൽ മറ്റു വിഷയങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് അജണ്ടയിൽ ചേർത്തിരിക്കുന്ന ക്രമത്തിൽ മറുപടി പറയേണ്ടതുമാകുന്നു:
എന്നാൽ ചോദ്യം പിൻവലിക്കപ്പെട്ടിരുന്നാൽ തന്നെയും അജണ്ടയിൽ ഉള്ള ഒരു ചോദ്യത്തിന് പൊതുജന താൽപ്പര്യം കണക്കിലെടുത്ത് മറുപടി നൽകാവുന്നതാണ്.
(7) മറുപടി നൽകിക്കഴിഞ്ഞ ഒരു സംഗതി വീണ്ടും വിശദീകരിക്കുന്നതിനായി ഏത് അംഗത്തിനും ഒരു അനുബന്ധചോദ്യം ചോദിക്കാവുന്നതാണ്:
എന്നാൽ ചോദ്യത്തിലെ ഉള്ളടക്കം ചട്ടങ്ങൾ ലംഘിക്കുമെന്ന് അദ്ധ്യക്ഷന് അഭിപ്രായമുള്ള പക്ഷം ഏത് അനുബന്ധ ചോദ്യവും അനുവദിക്കാവുന്നതാണ്.
(8) ഏതെങ്കിലും ചോദ്യത്തെപ്പറ്റിയോ ചോദ്യത്തിനു നൽകിയ മറുപടിയെപ്പറ്റിയോ ഒരു ചർച്ചയും അനുവദിക്കാൻ പാടില്ലാത്തതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (8 എ.) ചോദ്യോത്തര സമയം പഞ്ചായത്ത് യോഗം ആരംഭിച്ച് ഒരു മണിക്കുറിലധികമാകുവാൻ പാടില്ലാത്തതും ഈ സമയത്തിനുള്ളിൽ യോഗത്തിൽ മറുപടി പറയാൻ സാധിക്കാത്ത്, അജണ്ടയിലുൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾക്ക്, യോഗത്തിനുശേഷം, അതത് സംഗതി പോലെ, പ്രസിഡന്റോ അഥവാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ രേഖാമൂലം ബന്ധപ്പെട്ട അംഗങ്ങൾക്ക് മറുപടി നൽകേണ്ടതുമാണ്.
(8 ബി.) ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കുന്നതിന്, അതത് സംഗതി പോലെ, പ്രസിഡന്റിന് അഥവാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്, സെക്രട്ടറിയിൽ നിന്നോ, എക്സ് ഒഫിഷ്യോ സെക്രട്ടറിമാരിൽ നിന്നോ, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥന്മാരിൽ നിന്നോ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്.
(9) ചോദിച്ച ചോദ്യവും നൽകിയ മറുപടിയും പഞ്ചായത്തിന്റെ യോഗ നടപടിക്കുറിപ്പിൽ രേഖപ്പെടുത്തേണ്ടതാണ്.
13. പഞ്ചായത്തു യോഗത്തിൽ പ്രമേയം അവതരിപ്പിക്കേണ്ട രീതി.-
(1) ഒരു പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരംഗം അയാളുടെ ഉദ്ദേശം അറിയിച്ചുകൊണ്ട് ഏഴ് പൂർണ്ണ ദിവസത്തെ നോട്ടീസ് രേഖാമൂലം പ്രസിഡന്റിന് നൽകിയിരിക്കേണ്ടതും ആ നോട്ടീസിനോടൊപ്പം അയാൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ കോപ്പി നൽകിയിരിക്കേണ്ടതുമാണ്.
എന്നാൽ പ്രസിഡന്റിന് ഏഴ് ദിവസത്തിൽ കുറഞ്ഞ നോട്ടീസ് പ്രകാരവും കാര്യപരിപാടികളുടെ കൂട്ടത്തിൽ ഒരു പ്രമേയം ഉൾപ്പെടുത്താവുന്നതാണ്.
(2) ഒരംഗവും ഒന്നിൽ കൂടുതൽ പ്രമേയം അവതരിപ്പിക്കാൻ പാടുള്ളതല്ല.
(3) എല്ലാ പ്രമേയങ്ങളും പ്രസിഡന്റ് പരിശോധിക്കേണ്ടതും (4)-ാം ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന അഭിപ്രായമുള്ളപക്ഷം പ്രസിഡന്റിന് അങ്ങനെയുള്ള ഏത് പ്രമേയവും അനുവദിക്കാതിരിക്കാൻ അധികാരമുണ്ടായിരിക്കുന്നതുമാണ്.
(4) ഒരു പ്രമേയം അവതരിപ്പിക്കുവാൻ അനുവദിക്കുന്നതിന് താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതാണ്, അതായത്;-
(എ.) അത് പഞ്ചായത്തിന്റെ ഭരണപരമായ പരിധിയിൽ വരുന്ന സംഗതിയെ സംബന്ധിച്ചുള്ളതായിരിക്കണം;
(ബി) അത് വ്യക്തമായും ചുരുക്കത്തിലും പറഞ്ഞിട്ടുള്ളതാകണം;
(സി) അത് ഒരു സംഗതിയെ മാത്രം സംബന്ധിച്ചുള്ളതാകണം;
(ഡി) അതിൽ തർക്കങ്ങളോ, ഊഹാപോഹങ്ങളോ, പരിഹാസ സൂചകമായ വാക്കുകളോ, മാനഹാനി വരുത്തുന്ന പ്രസ്താവനകളോ ഉണ്ടാകരുത്;
(ഇ) അത് പൊതുവായതോ ഔദ്യോഗികമായതോ ആയ നിലവിലില്ലാതെ ഒരു വ്യക്തിയുടെ സ്വഭാവത്തെയോ പെരുമാറ്റത്തേയോ, പരാമർശിക്കുന്നതാകരുത്;
(എഫ്) അത് ഏതെങ്കിലും കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു സംഗതിയെ സംബന്ധിച്ചുള്ളതോ പരാമർശിക്കുന്നതോ ആകരുത്.
(5) പ്രമേയങ്ങൾ അനുവദിക്കുന്നതിനും മുൻഗണന നൽകുന്നതിനും പ്രസിഡന്റിന് തീരുമാനമെടുക്കാവുന്നതും ആക്റ്റിന്റെയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളുടെയോ വ്യവസ്ഥകളെ അതിലംഘിക്കുന്നുവെന്ന അഭിപ്രായമുള്ള പക്ഷം പ്രസിഡന്റിന് ഭാഗികമായോ പൂർണ്ണമായോ ഏത് പ്രമേയവും നിരാകരിക്കാവുന്നതും പ്രസിഡന്റിന്റെ തീരുമാനം ആ കാര്യത്തിൽ അന്തിമമായിരിക്കുന്നതുമാണ്.
(6) പ്രസിഡന്റ് അനുവദിച്ച പ്രമേയം യോഗത്തിന്റെ അജണ്ടയിൽ ചേർക്കേണ്ടതാണ്.
(7) 4-ാം ഉപചട്ടപ്രകാരമുള്ള ഏതെങ്കിലും കാരണത്തിന്മേൽ ഏതെങ്കിലും പ്രമേയം അനുവദിക്കാതിരുന്നാൽ പ്രസിഡന്റ് ബന്ധപ്പെട്ട അംഗത്തെ ആ സംഗതിയും പ്രമേയം അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളും അറിയിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (8) കാര്യപരിപാടിയിൽ ആരുടെ പേരിലാണോ പ്രമേയം രേഖപ്പെടുത്തിയിരിക്കുന്നത് ആ അംഗത്തിന്റെ പേര് വിളിക്കുമ്പോൾ അദ്ദേഹത്തിന് പ്രമേയം അവതരിപ്പിക്കുകയോ ഒരു പ്രസ്താവന നടത്തിക്കൊണ്ട് തന്റെ പ്രമേയം പിൻവലിക്കുകയോ ചെയ്യാവുന്നതാണ്.
(9) അവതാരകൻ ഹാജരില്ലായെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റൊരു അംഗത്തിന് പ്രസിഡന്റിന്റെ അനുമതിയോടുകൂടി പ്രമേയം അവതരിപ്പിക്കാവുന്നതും, അപ്രകാരം അവതരിപ്പിക്കുന്നില്ലെങ്കിൽ, അത് പിൻവലിച്ചതായി കരുതപ്പെടേണ്ടതുമാകുന്നു.
(10) ഒരു അംഗം അവതരിപ്പിച്ച ഓരോ പ്രമേയവും മറ്റൊരംഗത്താൽ പിൻതാങ്ങപ്പെടേണ്ടതാണ്.
(11) പ്രമേയത്തിന്മേലുള്ള ചർച്ച പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ തന്നെ ഒതുങ്ങുന്നതാകണം.
(12) പ്രമേയം ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏതംഗത്തിനും ഉപചട്ടങ്ങൾ (4), (5), (10) എന്നിവയ്ക്കു വിധേയമായി ആ പ്രമേയത്തിന് ഭേദഗതി കൊണ്ടുവരാവുന്നതാണ്.
(13) പ്രമേയം അവതരിപ്പിക്കുകയോ പ്രമേയത്തിന് ഭേദഗതി കൊണ്ടുവരുകയോ ചെയ്ത അംഗം പഞ്ചായത്തിന്റെ അനുമതി കൂടാതെ അത് പിൻവലിക്കാൻ പാടില്ലാത്തതാകുന്നു.
(14) അജണ്ടയിൽ ചേർത്ത് ഒരു പ്രമേയം ആ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അത് ലാപ്സായതായി കരുതേണ്ടതാണ്.
(15) സാധാരണയായി ഭേദഗതി അവതരിപ്പിച്ച മുറയ്ക്കുതന്നെ പ്രസിഡന്റ് അത് വോട്ടിനിടേണ്ടതും ഭേദഗതികൾ പാസ്സാകാതിരുന്നാൽ അവസാനം പ്രമേയം വോട്ടിനിടേണ്ടതുമാകുന്നു.
(16) പഞ്ചായത്ത് ചർച്ച ചെയ്യുകയും നിരാകരിക്കുകയും ചെയ്ത ഒരു പ്രമേയം നിരസിച്ച തീയതി മുതൽ ആറുമാസം കഴിയാതെ വീണ്ടും അവതരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
(17) പഞ്ചായത്തിന്റെ ഒരു യോഗത്തിലും, പ്രമേയങ്ങൾക്കായി അനുവദിക്കുന്ന സമയം അര മണിക്കുറിൽ അധികമാകാൻ പാടില്ലാത്തതാകുന്നു.
14. ബൈലാകളിന്മേലുള്ള പ്രമേയം.-
(1) ആക്ടിന്റെ 256-ാം വകുപ്പിൻകീഴിൽ പഞ്ചായത്തു മുമ്പാകെ വെയ്ക്കുന്ന ബൈലാകളിന്മേലുള്ള പ്രമേയം, ബൈലാ ഉണ്ടാക്കാനോ, മാറ്റം വരുത്താനോ അല്ലെങ്കിൽ നിലവിലുള്ള ബൈലാ റദ്ദാക്കാനോ ആയിരിക്കേണ്ടതാണ്.
(2) ഒരു ബൈലാ അവതരിപ്പിക്കപ്പെട്ടാൽ, 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാ ഉണ്ടാക്കുന്നതിനുള്ള നടപടിക്രമം) ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ള നടപടിക്രമം പിൻതുടരേണ്ടതാണ്.
15. പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ, അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം.-
(1) ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ, അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം 157-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നടപടിക്രമത്തിനനുസൃതമായി അവതരിപ്പിക്കേണ്ടതാണ്.
(2) 157-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസ് ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറത്തിലായിരിക്കേണ്ടതാണ്.
16. പ്രസംഗങ്ങൾ എപ്പോൾ അനുവദിക്കാമെന്ന്.-
(1) താഴെപ്പറയുന്ന സംഗതികളിലൊഴികെ ഒരു അംഗത്തിന് യോഗത്തിന് മുമ്പാകെ ഒരു വിഷയം ഉള്ളപ്പോഴോ അയാൾ ഒരു പ്രമേയം അവതരിപ്പിക്കുമ്പോഴോ പിന്താങ്ങുമ്പോഴോ എതിർക്കുമ്പോഴോ മാത്രമേ പ്രസംഗിക്കാൻ പാടുള്ളൂ.
(എ) ഒരു ക്രമപ്രശ്നത്തിന്മേൽ സംസാരിക്കുമ്പോൾ;
(ബി) അദ്ധ്യക്ഷന്റെ പ്രത്യേക അനുമതിയോടുകൂടി ഒരു പ്രസ്താവന നടത്തുമ്പോൾ;
(2) കാര്യപരിപാടിയിൽ ഏതംഗത്തിന്റെ പേരിലാണോ പ്രമേയം അവതരിപ്പിക്കാനായി പേര് ചേർത്തിരിക്കുന്നത് ആ അംഗം അത് പിൻവലിക്കുന്ന സാഹചര്യത്തിലൊഴികെ എപ്പോഴാണോ പേര് വിളിക്കുന്നത് അപ്പോൾ പ്രമേയം അവതരിപ്പിക്കേണ്ടതും പ്രമേയം അവതരിപ്പിച്ചുകൊണ്ട് അയാളുടെ പ്രസംഗം തുടങ്ങേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
17. പ്രസംഗിക്കുന്നതിന്റെ ക്രമം.-
പ്രമേയം അവതരിപ്പിക്കുന്ന അംഗം പ്രസംഗിച്ചതിനുശേഷം മറ്റുള്ള അംഗങ്ങൾക്ക് പ്രമേയത്തെപ്പറ്റി അദ്ധ്യക്ഷൻ പേർ വിളിക്കുന്ന ക്രമമനുസരിച്ച് സംസാരിക്കാവുന്നതാണ്. അദ്ധ്യക്ഷൻ പേര് വിളിക്കുമ്പോൾ സംസാരിക്കാതിരുന്ന അംഗത്തിന് അദ്ധ്യക്ഷന്റെ പ്രത്യേകാനുമതിയോടുകൂടി മാത്രമേ ആ ചർച്ചയിൽ പിന്നീട് സംസാരിക്കാൻ അവകാശമുണ്ടായിരിക്കുകയുള്ളു.
18. പ്രസംഗങ്ങൾ എങ്ങനെ അനുവദിക്കുമെന്ന്.-
' മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത പക്ഷം ഒരേ വിഷയത്തെ സംബന്ധിച്ച് ഒന്നിൽ കൂടുതൽ പ്രാവശ്യം ഒരംഗം പ്രസംഗിക്കാൻ പാടില്ല. എന്നാൽ പ്രധാന വിഷയം ബൈലായുടേയോ ധനകാര്യ എസ്റ്റിമേറ്റുകളെയോ, അവയുടെ റദ്ദാക്കലോ ഭേദഗതിയോ സംബന്ധിച്ചുള്ളതാകുമ്പോൾ ഒരംഗത്തിന് ഒന്നിൽ കൂടുതൽ പ്രാവശ്യം ആ വിഷയത്തെ സംബന്ധിച്ച് ഭേദഗതി അവതരിപ്പിക്കുകയോ പിന്താങ്ങുകയോ ചെയ്യാവുന്നതാണ്.
19. വ്യക്തിപരമായ വിശദീകരണം.-
ഒരു ചർച്ചയുടെ ഭാഗമല്ലാതെ തന്നെ പഞ്ചായത്തു മുമ്പാകെ അദ്ധ്യക്ഷന്റെ അനുമതിയോടുകൂടി ഒരംഗത്തിന് വ്യക്തിപരമായ വിശദീകരണം നൽകാവുന്നതാണ്.
20. പ്രസംഗത്തിന്റെ ദൈർഘ്യം.-
പഞ്ചായത്ത് മുമ്പാകെയുള്ള ഒരു സംഗതിയിൽ പ്രസംഗിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരംഗവും അത് രേഖാമൂലം അദ്ധ്യക്ഷനെ അറിയിക്കേണ്ടതും അദ്ധ്യക്ഷൻ മുൻഗണനാക്രമത്തിൽ അംഗങ്ങളെ വിളിക്കേണ്ടതുമാണ്. ഒരു പ്രസംഗവും സാധാരണയായി 4 മിനിട്ടിൽ അധികം ദൈർഘ്യമുള്ളതാകാൻ പാടില്ലാത്തതാണ്. എന്നാൽ ഒരു പ്രമേയമോ, ഭേദഗതിയോ അവതരിപ്പിക്കുന്നയാൾക്ക് അത് അവതരിപ്പിച്ച സംസാരിക്കാൻ 8 മിനിറ്റ് വരെ സമയം അനുവദിക്കാവുന്നതാണ്; എന്നിരുന്നാൽതന്നെയും അദ്ധ്യക്ഷന് യുക്താനുസരണം ഒരംഗത്തിന് പ്രസംഗിക്കുന്നതിനുള്ള സമയം കൂട്ടിയോ കുറച്ചോ നൽകാവുന്നതാണ്.
21. കമപ്രശ്നവും അതിന്മേലുള്ള തീരുമാനവും.-
(1) ഏതൊരംഗത്തിനും ഈ ചട്ടങ്ങൾ പാലിക്കപ്പെടുന്നതിനെപ്പറ്റിയോ, പഞ്ചായത്തിന്റെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിന് പഞ്ചായത്തുണ്ടാക്കിയ ഏതെങ്കിലും ബൈലായുടെ വ്യാഖ്യാനത്തെപ്പറ്റിയോ അതുമായി ബന്ധപ്പെട്ട അദ്ധ്യക്ഷന്റെ അധികാരപരിധിയെപ്പറ്റിയോ ചോദ്യരൂപത്തിൽ ക്രമപ്രശ്നം ഉന്നയിക്കാവുന്നതാണ്.
(2) കാര്യപരിപാടി തുടങ്ങുന്ന അവസരത്തിൽതന്നെ ക്രമപ്രശ്നം ഉന്നയിക്കാവുന്നതാണ്. എന്നാൽ ക്രമപ്രശ്നം പഞ്ചായത്ത് മുമ്പാകെയുള്ള കാര്യപരിപാടി തിട്ടപ്പെടുത്തുന്നതോ ക്രമപ്പെടുത്തുന്നതോ സംബന്ധിച്ചുള്ളതാണെങ്കിൽ കാര്യപരിപാടിയിലെ ഒരു ഇനം അവസാനിപ്പിച്ച് മറ്റൊന്ന് തുടങ്ങുന്നതിന് ഇടയ്ക്കുള്ള സമയത്ത് പ്രസ്തുത ക്രമപ്രശ്നം ഉന്നയിക്കാൻ അനുവദിക്കാവുന്നതാണ്.
(3) (1)-ഉം (2)-ഉം ഉപചട്ടങ്ങളിലെ നിബന്ധനകൾക്ക് വിധേയമായി ഒരംഗത്തിന് ഒരു ക്രമപ്രശ്നം കൊണ്ടുവരാവുന്നതും, അത് ഒരു ക്രമപ്രശ്നം തന്നെയാണോ എന്ന് അദ്ധ്യക്ഷൻ തീരുമാനിക്കേണ്ടതും അതിന്മേലുള്ള തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(4) ഒരു അംഗം ഉന്നയിച്ച ക്രമപ്രശ്നത്തിന്മേൽ ചർച്ച അനുവദിക്കേണ്ടതില്ലാത്തതും എന്നാൽ അദ്ധ്യക്ഷന് യുക്തമെന്ന് തോന്നിയാൽ തീരുമാനം എടുക്കുന്നതിന് മുമ്പ് അംഗങ്ങൾക്ക് പറയാനുള്ളത് പറയാൻ അവസരം നൽകാവുന്നതുമാണ്.
(5) ഒരു ക്രമപ്രശ്നം ഉന്നയിക്കുക എന്നത് ഒരു അംഗത്തിന്റെ അവകാശമായിരിക്കുന്നതല്ല.
(6) ഒരംഗം താഴെപ്പറയുന്ന കാര്യങ്ങൾക്കായി ക്രമപ്രശ്നം ഉന്നയിക്കുവാൻ പാടുള്ളതല്ല;-
(എ) ഏതെങ്കിലും വിവരം അറിയാൻ വേണ്ടി;
(ബി) തന്റെ നിലപാട് വിശദീകരിക്കാൻ വേണ്ടി;
(സി) അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രമേയത്തെക്കുറിച്ച്;
(ഡി) സാങ്കൽപ്പികമായ സംഗതികളെക്കുറിച്ച്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
22. പ്രമേയം വോട്ടിനിടേണ്ടതാണെന്ന്
(1) പ്രമേയത്തിന്മേലുള്ള ചർച്ച അവസാനിക്കുമ്പോഴോ അല്ലെങ്കിൽ ചർച്ചയൊന്നും ഇല്ലാത്തപക്ഷമോ അദ്ധ്യക്ഷൻ ആ പ്രമേയം വോട്ടിനിടേണ്ടതാണ്.
(2) പഞ്ചായത്തിന്റെ യോഗത്തിൽ പരിഗണിക്കുന്ന ഏത് വിഷയവും യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കേണ്ടതും വോട്ടിന്റെ തുല്യത വരുന്ന ഓരോ സംഗതിയിലും, അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ട് കൂടി ചെയ്യാവുന്നതാണ്.
23. വോട്ട് എടുക്കേണ്ട രീതി.-
മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സംഗതിയിൽ ഒഴികെ,-
(എ) യോഗത്തിൽ വോട്ടെടുപ്പ് നടത്തേണ്ട രീതി അദ്ധ്യക്ഷന്റെ വിവേചനപ്രകാരം തീരുമാനിക്കാവുന്നതാണ്;
(ബി) ഏതെങ്കിലും അംഗം ഒരു വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടാൽ, അത് കൈപൊക്കിയുള്ള വോട്ടെടുപ്പ് മുഖേന നടത്തേണ്ടതാണ്;
(സി) വോട്ടെടുപ്പിന്റെ ഫലം അദ്ധ്യക്ഷൻ പ്രഖ്യാപിക്കേണ്ടതും അത് എതിർക്കാൻ പാടില്ലാത്തതുമാണ്.
24. അദ്ധ്യക്ഷൻ സംസാരിക്കുമ്പോഴുള്ള നടപടിക്രമം.-
അദ്ധ്യക്ഷൻ സംസാരിക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന അംഗം അത് നിറുത്തി ഉടനെതന്നെ ഇരിക്കേണ്ടതാണ്. ഉചിതമല്ലെന്ന് തോന്നുന്ന കാര്യങ്ങളോ, ആവർത്തന വിരസത ഉണ്ടാക്കുന്ന തർക്കങ്ങളോ ഉന്നയിക്കുന്ന അംഗത്തോട് പ്രസംഗം അവസാനിപ്പിക്കാൻ അദ്ധ്യക്ഷന് നിർദ്ദേശിക്കാവുന്നതാണ്.
25. അദ്ധ്യക്ഷന്റെ തീരുമാനം.-
ഏത് ക്രമപ്രശ്നത്തിന്മേലും തീരുമാനം എടുക്കുന്നതിനുള്ള പരിപൂർണ്ണാധികാരം അദ്ധ്യക്ഷന് ആയിരിക്കുന്നതും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആവശ്യമായ അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
26. യോഗ തീരുമാനങ്ങളും യോഗ നടപടി ക്രമവും രേഖപ്പെടുത്തൽ.-
(1) എല്ലാ പഞ്ചായത്ത് യോഗങ്ങളിലും സെക്രട്ടറി നിർബന്ധമായും പങ്കെടുക്കേണ്ടതും ഒഴിച്ച് കൂടാനാവാത്ത കാരണങ്ങളാൽ സെക്രട്ടറിക്ക് പങ്കെടുക്കുവാൻ കഴിയാതെ വന്നാൽ, അതിലേക്കായി സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗത്തിൽ പങ്കെടുക്കേണ്ടതുമാണ്.
(2) പ്രസിഡന്റ് ആവശ്യപ്പെടുന്ന പക്ഷം പഞ്ചായത്തിന്റെ യോഗങ്ങളിൽ പഞ്ചായത്ത് പരിഗണിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ പങ്കെടുക്കേണ്ടതാണ്.
(3) പഞ്ചായത്ത് യോഗത്തിൽ പാസാക്കുന്ന തീരുമാനങ്ങളും പ്രമേയങ്ങളും രേഖപ്പെടുത്തുന്നതിന് ഒരു തീരുമാന രജിസ്റ്ററും പഞ്ചായത്തിന്റെ യോഗനടപടി ക്രമം രേഖപ്പെടുത്തുന്നതിന് ഒരു മിനിട്ട്സ് ബുക്കും ഉണ്ടായിരിക്കേണ്ടതും അവയിൽ മുൻകൂട്ടി ക്രമമായി പേജ് നമ്പർ രേഖപ്പെടുത്തേണ്ടതും അവ സെക്രട്ടറിയുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്.
(4) പഞ്ചായത്ത് പാസാക്കുന്ന തീരുമാനങ്ങളും പ്രമേയങ്ങളും അവ പാസാക്കുന്ന മുറയ്ക്ക് സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ തീരുമാന രജിസ്റ്ററിൽ ഓരോന്നിനും ഒരു ക്രമനമ്പർ നൽകിയും ബന്ധപ്പെട്ട അജണ്ട നമ്പർ ചേർത്തും, ഒരു കാർബൺ പേപ്പർ പകർപ്പ് സഹിതം രേഖപ്പെടുത്തേണ്ടതും, അപ്രകാരം രേഖപ്പെടുത്തിയതിന് താഴെ സെക്രട്ടറിയും യോഗാദ്ധ്യക്ഷനും ഒപ്പു വയ്ക്കക്കേണ്ടതും, സെക്രട്ടറി യോഗത്തിൽ അവ വായിക്കേണ്ടതും, പാസാക്കിയ തീരുമാനങ്ങളുടെയും പ്രമേയങ്ങളുടെയും കാർബൺ പേപ്പർ പകർപ്പ് യോഗം അവസാനിച്ചാലുടൻ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (5) തീരുമാന രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന തീരുമാനങ്ങളും പ്രമേയങ്ങളും പൂർണ്ണവും സ്വയം വിശദീകരിക്കുന്നതും സംശയങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ ഇട നൽകാത്തതും ആയിരിക്കേണ്ടതാണ്.
(6) പഞ്ചായത്ത് യോഗത്തിൽ പാസ്സാക്കിയ തീരുമാനങ്ങളുടെയും പ്രമേയങ്ങളുടെയും പകർപ്പ് യോഗം കഴിഞ്ഞ് 48 മണിക്കുറിനുള്ളിൽ പഞ്ചായത്തിലെ എല്ലാ അംഗങ്ങൾക്കും സെക്രട്ടറി നൽകേണ്ടതാണ്.
(7) പഞ്ചായത്ത് യോഗത്തിൽ ഓരോ വിഷയത്തിലും അംഗങ്ങൾ നടത്തിയ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും സെക്രട്ടറി നൽകിയ അഭിപ്രായങ്ങളുടെയും ക്രമ പ്രശ്നങ്ങളിൻമേൽ അദ്ധ്യക്ഷൻ എടുത്ത തീരുമാനങ്ങളുടെയും രത്ന ചുരുക്കവും, ഏതെങ്കിലും വിഷയത്തിൽ വോട്ടെടുപ്പ് നടന്നുവെങ്കിൽ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടുചെയ്ത അംഗങ്ങളുടെ പേരുവിവരവും, അനുവദിക്കപ്പെട്ട ചോദ്യങ്ങളും അവയ്ക്ക് നൽകപ്പെട്ട ഉത്തരങ്ങളും, പഞ്ചായത്ത് പാസാക്കിയ തീരുമാനങ്ങളും പ്രമേയങ്ങളും യോഗ നടപടിക്കുറിപ്പുകളായി വിശദമായി മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്.
(8) യോഗനടപടിക്കുറിപ്പുകളുടെ നക്കൽ സെക്രട്ടറി തയ്യാറാക്കി യോഗം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ അദ്ധ്യക്ഷന്റെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.
(9) സെക്രട്ടറി തയ്യാറാക്കിയ യോഗ നടപടിക്കുറിപ്പിന്റെ നക്കൽ അദ്ധ്യക്ഷന് ലഭിച്ച് 24 മണിക്കുറിനുള്ളിൽ ആയത് പരിശോധിച്ച് വസ്തുതാപരമായി ആവശ്യമുള്ള തിരുത്തലുകൾ വരുത്തി സെക്രട്ടറിക്ക് തിരിച്ച് നൽകേണ്ടതാണ്.
(10) അദ്ധ്യക്ഷൻ അംഗീകരിച്ച യോഗ നടപടിക്കുറിപ്പ് സെക്രട്ടറിക്ക് ലഭിച്ചാൽ ഉടൻ തന്നെ അത് മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തി അദ്ധ്യക്ഷന്റെ ഒപ്പ് വാങ്ങേണ്ടതും അതിന്റെ പകർപ്പ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
27. അദ്ധ്യക്ഷനോ, അംഗങ്ങളോ വ്യക്തിപരമായും ധനപരമായും താൽപ്പര്യമുള്ള പ്രശ്ന ങ്ങളിൽ ഉള്ള ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന്.-
(1) പഞ്ചായത്തിന്റെ ഒരു യോഗത്തിൽ അദ്ധ്യക്ഷനോ അംഗത്തിനോ നേരിട്ടോ അല്ലാതെയോ ധനപരമായോ വ്യക്തിപരമായോ താൽപ്പര്യമുള്ള ഒരു പ്രശ്നം ചർച്ചയ്ക്ക് വരുന്നുവെങ്കിൽ പരിഗണനയ്ക്ക് വരുന്ന അപ്രകാരമുള്ള പ്രശ്നത്തിൽ അദ്ധ്യക്ഷനോ ബന്ധപ്പെട്ട അംഗമോ വോട്ട് ചെയ്യാൻ പാടുള്ളതല്ല.
(2) ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നത്തിൽ ഒരംഗത്തിന് ധനപരമായ താൽപ്പര്യമുണ്ടെന്ന് അദ്ധ്യക്ഷന് ബോദ്ധ്യമുണ്ടെങ്കിൽ, അദ്ദേഹത്തിന് ആ അംഗത്തോട് ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെടാവുന്നതും ആ അംഗത്തെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കാവുന്നതുമാണ്.
(3) അപ്രകാരമുള്ള അംഗത്തിന് അദ്ധ്യക്ഷന്റെ തീരുമാനം ചോദ്യം ചെയ്യാവുന്നതും അങ്ങനെ ചെയ്താൽ ആ പ്രശ്നം യോഗത്തിൽ അവതരിപ്പിക്കേണ്ടതുമാണ്. അത് സംബന്ധിച്ച് യോഗ തീരുമാനം അന്തിമമായിരിക്കുന്നതാണ്.
(4) ചർച്ച ചെയ്യുന്ന പ്രശ്നത്തിൽ അദ്ധ്യക്ഷന് ധനപരമായോ അല്ലാത്തതോ ആയ എന്തെങ്കിലും താൽപ്പര്യമുണ്ടെന്ന് ഏതെങ്കിലും അംഗത്തിന് വിശ്വാസമുള്ളപക്ഷം, ആയത് യോഗത്തിൽ പ്രമേയം മൂലം അവതരിപ്പിക്കുകയും ആ പ്രമേയം സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ ആ യോഗത്തിലെ അപ്രകാരമുള്ള ചർച്ചയിൽ നിന്നും അദ്ധ്യക്ഷൻ വിട്ടുനിൽക്കാൻ ബാദ്ധ്യസ്ഥനാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (5) (3)-ാം ഉപചട്ടത്തിൽ പരാമർശിച്ചിരിക്കുന്ന സംഗതിയിൽ വോട്ട് ചെയ്യാൻ അംഗത്തിനും (4)-ാം ഉപചട്ടത്തിൽ പരാമർശിച്ചിരിക്കുന്ന പ്രമേയത്തിൽ വോട്ട് ചെയ്യാൻ അദ്ധ്യക്ഷനും അവകാശമുണ്ടായിരിക്കുന്നതല്ല.
28. തീരുമാനത്തിൻമേൽ ഭിന്നാഭിപ്രായക്കുറിപ്പ്.-
പഞ്ചായത്ത് യോഗത്തിൽ പാസാക്കിയ ഏതെങ്കിലും തീരുമാനത്തിൻമേലോ പ്രമേയത്തിൻമേലോ ഒരു പഞ്ചായത്തംഗത്തിന് ഭിന്നാഭിപ്രായമുള്ള പക്ഷം, തന്റെ ഭിന്നാഭിപ്രായക്കുറിപ്പ് യോഗം അവസാനിച്ച് മിനിട്ട്സിന്റെ പകർപ്പ് കിട്ടി 48 മണിക്കുറിനുള്ളിൽ സെക്രട്ടറിക്ക് നൽകാവുന്നതാണ്:
എന്നാൽ, യോഗത്തിൽ സന്നിഹിതനാവാതിരിക്കുകയോ സന്നിഹിതനായിരുന്നുവെങ്കിൽ ബന്ധപ്പെട്ട തീരുമാനത്തിന് അഥവാ പ്രമേയത്തിന് എതിരായി വോട്ട് ചെയ്യാതിരിക്കുകയോ ചെയ്ത ഏതൊരംഗത്തിനും ഈ ചട്ടപ്രകാരം ഭിന്നാഭിപ്രായക്കുറിപ്പ് നൽകാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
29. മിനിറ്റ്സ് അയച്ചുകൊടുക്കൽ.-
(1) ഒരു പഞ്ചായത്തിന്റെ ഓരോ യോഗത്തിലേയും നടപടിക്കുറിപ്പുകളുടെ പകർപ്പ് (വിയോജനക്കുറിപ്പുണ്ടെങ്കിൽ അത് സഹിതം) യോഗ ദിവസം കഴിഞ്ഞ് പത്ത് ദിവസത്തിനകം പ്രസിഡന്റിന്റെ അംഗീകാരത്തോടെ, സെക്രട്ടറി ഈ ആവശ്യത്തിലേക്കായി സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചു കൊടുക്കേണ്ടതാണ്.
(2) പഞ്ചായത്തിന്റെ ഒരു തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഏതെങ്കിലും പ്രശ്നത്തിന്മേലോ ഏതെങ്കിലും ഭിന്നാഭിപ്രായക്കുറിപ്പിൻമേലോ സർക്കാരിന്റെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ തീരുമാനം ഉണ്ടാകേണ്ട പക്ഷം ആയത് സെക്രട്ടറി തന്റെ വിശദമായ റിപ്പോർട്ട സഹിതം സർക്കാരിന്റെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
(3) ഒരു പഞ്ചായത്ത് പാസാക്കിയ ഏതെങ്കിലും തീരുമാനം അല്ലെങ്കിൽ പ്രമേയം നിയമാനുസൃതം പാസാക്കിയതല്ലെന്നോ, ആക്റ്റു പ്രകാരം നൽകിയിട്ടുള്ള അധികാര സീമ ലംഘിക്കുന്നതാണെന്നോ അല്ലെങ്കിൽ അത് നടപ്പിലാക്കിയാൽ മനുഷ്യ ജീവനോ ആരോഗ്യത്തിനോ പൊതു സുരക്ഷയ്ക്കോ അപകടമാകുവാൻ സാദ്ധ്യതയുള്ളതാണെന്നോ സെക്രട്ടറിക്ക് അഭിപ്രായമുള്ള പക്ഷം, പ്രസ്തുത തീരുമാനം പുനരവലോകനം ചെയ്യുവാൻ സെക്രട്ടറി, പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെടേണ്ടതും അപ്രകാരമുള്ള ആവശ്യപ്പെടൽ പഞ്ചായത്തിന്റെ തൊട്ടടുത്ത യോഗത്തിൽ പരിഗണിച്ചതിനുശേഷം പഞ്ചായത്ത് അതിന്റെ ആദ്യ തീരുമാനത്തിൽ ഉറച്ച് നിൽക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ പഞ്ചായത്ത് തീരുമാനവും അതിന്മേലുള്ള തന്റെ അഭിപ്രായവും സെക്രട്ടറി സർക്കാരിന്റെ തീരുമാനത്തിനായി, രണ്ട് ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് തപാലിൽ സർക്കാരിന് അയച്ചു കൊടുക്കുകയോ അടിയന്തിര പ്രാധാന്യമുള്ള പക്ഷം അത് സർക്കാരിന് നേരിട്ട് എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടതുമാണ്.
(4) സർക്കാരിന്റെ തീരുമാനത്തിനായി സെക്രട്ടറി അയച്ചു കൊടുത്ത ഒരു പഞ്ചായത്ത് തീരുമാനത്തിൻമേൽ പതിനഞ്ച് ദിവസങ്ങൾക്കകം സർക്കാരിൽ നിന്ന് യാതൊരു നിർദ്ദേശവും ലഭിക്കാത്ത പക്ഷം, സർക്കാരിന് ഇക്കാര്യത്തിൽ നിർദ്ദേശമൊന്നും നൽകാനില്ല എന്ന നിഗമനത്തിൽ പ്രസ്തുത തീരുമാനം സെക്രട്ടറി നടപ്പിൽ വരുത്തേണ്ടതും അക്കാര്യം ഉടനടി സർക്കാരിനെ അറിയിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 30. റിക്കാർഡുകളുടെ സൂക്ഷിപ്പ്- പഞ്ചായത്തിന്റെയും മറ്റ് കമ്മിറ്റികളുടെയും നടപടിക്കുറിപ്പും റിക്കാർഡുകളും സെക്രട്ടറിയുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതാണ്.
...................................................................................................................................... ഗ്രാമപഞ്ചായത്തിലെ / ബ്ലോക്ക് പഞ്ചായത്തിലെ / ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന്റെ / വൈസ് പ്രസിഡന്റിന്റെ / പേരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച നോട്ടീസ്.
...............................................................................................................
...............................................................................................................
...............................................................................................................
സർ,
......................................................................................................................................ഗ്രാമ പഞ്ചായത്തിലെ / ബ്ലോക്ക് പഞ്ചായത്തിലെ / ജില്ലാ പഞ്ചായത്തിലെ താഴെ ഒപ്പിട്ടിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ഈ പഞ്ചായത്തിന്റെ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് /.......................................................... ആയ ശ്രീ / ശ്രീമതി .......................................................................................... യുടെ പേരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി ഇതിനാൽ നോട്ടീസ് നൽകുന്നു. പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള അംഗസംഖ്യ ............................................................ ആകുന്നു. അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പ് ഇതോടൊപ്പം വച്ചിട്ടുണ്ട്.
അംഗത്തിൻറെ പേര് | ഒപ്പ് | |
---|---|---|
(1) | ||
(2) | ||
(3) | ||
(4) | ||
(5) |
(ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ പുരിപ്പിക്കേണ്ടത്) ഈ നോട്ടീസ്, ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഒരാളായ ശ്രീ / ശ്രീമതി .............................................................................................. (വർഷം) ..................................................................... (മാസം) .................................................................... (തീയതി) ..................................................................................................... സമയം നേരിട്ട് എന്നെ ഏൽപ്പിച്ചു.
___________________________________________________________________________________________________________________________________________
- ബാധകമല്ലാത്തത് വെട്ടിക്കളയുക.