Panchayat:Repo18/vol1-page1031

From Panchayatwiki

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് കേരള വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2006 എന്നു പേർ പറയാവുന്നതാണ്.

(2) ഇവ ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്തപക്ഷം.-

(a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട്, 2005 (2005-ലെ കേന്ദ്ര ആക്ട് 22) എന്നർത്ഥമാകുന്നു.
(b) "കമ്മീഷൻ" എന്നാൽ, ആക്ടിലെ 15-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;
(c) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ, നിർവ്വചിച്ചിട്ടില്ലാത്തതും ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ മറ്റെല്ലാ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകിയിരിക്കുന്ന അർത്ഥം തന്നെയായിരിക്കും.

3. വിവരം തേടുന്നതിനുള്ള നടപടിക്രമം.-(1) ആക്റ്റിലെ 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം വിവരം തേടുന്നതിനുള്ള അപേക്ഷ, അപേക്ഷാഫീസായ പത്തുരൂപസഹിതം, അതതു സംഗതിപോലെ, ബന്ധപ്പെട്ട സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുഖേനയോ നൽകേണ്ടതാണ്.

(2) താഴെപ്പറയുന്ന ഏതെങ്കിലും രീതിയിൽ അപേക്ഷാഫീസ് നൽകേണ്ടതാണ്, അതായത്.-

(a) കോർട്ട് ഫീ സ്റ്റാമ്പ് പതിക്കുന്നതിലൂടെ, അല്ലെങ്കിൽ
(b) (0070-60-118-99-Receipts under the Right to Information Act, 2005) എന്നീ അക്കൗണ്ട് ശീർഷകത്തിൽ സർക്കാർ ട്രഷറിയിൽ പണമടയ്ക്കുന്നതിലൂടെ, അല്ലെങ്കിൽ
(c) അതതു സംഗതിപോലെ, സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ/സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിൽ രസീത് കൈപ്പറ്റികൊണ്ട് പണമടക്കുന്നതിലൂടെ, അല്ലെങ്കിൽ
(d) സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക്/സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകേണ്ട ഡിമാൻഡ് ഡ്രാഫ്റ്റിലൂടെ/ബാങ്കേഴ്സ് ചെക്കിലൂടെ/പേ ഓർഡറിലുടെ.
(e) ഈ ആവശ്യത്തിലേക്കായി ഓൺലൈൻ സോഫറ്റ്‌വെയർ മുഖേന ലഭിക്കുന്ന ശരിയായ രസീതിന്മേൽ അക്ഷയ പൊതുസേവന കേന്ദ്രങ്ങളിലോ, സർക്കാർ യഥാവിധി പ്രാധികാരപ്പെടുത്തിയ ഏതെങ്കിലും ഏജൻസിയിലോ തുക ഒടുക്കൽ വഴി, അഥവാ
(f) ഈ ആവശ്യത്തിലേക്കായി ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ ഫീസ് സ്വീകരിക്കുന്നതിന് സംസ്ഥാനം രൂപകൽപന ചെയ്തിട്ടുള്ള ഇ-പെയ്മെന്റ് ഗേറ്റ്‌വെ പോലുള്ള സൗകര്യം ഓൺലൈൻ സോഫ്റ്റ്‌വെയറിൽ ലഭ്യമാകുന്ന പക്ഷം സർക്കാർ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് പെയ്മെന്റുവഴി:

എന്നാൽ, സർക്കാർ വകുപ്പുകളല്ലാത്ത പൊതു അധികാര സ്ഥാനങ്ങളുടെ കാര്യത്തിൽ, (c)-യും (d)-യും ഖണ്ഡങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം അത്തരം പൊതുഅധികാര സ്ഥാനത്തിന്റെ അക്കൗണ്ടിലേക്ക് ഫീസ് അടയ്ക്കക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ