Panchayat:Repo18/vol1-page0747

From Panchayatwiki

(2) സെക്രട്ടറിക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഈ ചട്ടങ്ങൾക്ക് അനുസൃതമായാണ് ഭൂവികസനം അല്ലെങ്കിൽ ഭൂമിയുടെ പുനർവികസനം നടത്തിയതെന്ന് ബോധ്യപ്പെടുകയും ചെയ്താൽ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അനുബന്ധം G ഫോറത്തിൽ വികസന സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.

എന്നാൽ, മേൽപ്പറഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളിൽ വികസന സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കിൽ അങ്ങനെ ഒരു വികസന സർട്ടിഫിക്കറ്റ് യഥാവിധി അനുവദിച്ചെന്നപോലെ ഉടമയ്ക്ക് മുന്നോട്ട് പോകാവുന്നതാണ്.

(3) പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കുകയും, നിർമ്മാണമോ, പുനർനിർമ്മാണമോ, കൂട്ടിച്ചേർക്കലോ, പണിയിൽ മാറ്റം വരുത്തലോ എന്നിവ നടത്തിയിട്ടുള്ളത് ഈ ചട്ടങ്ങൾക്കനുസൃതമാണ് എന്ന് ബോധ്യമാവുകയും ചെയ്താൽ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ച് 15 ദിവസം കവിയുന്നതിനു മുമ്പായി സെക്രട്ടറി അനുബന്ധം H-ലെ ഫോറത്തിൽ കൈവശാവകാശസർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.

എന്നാൽ, ഈ ചട്ടങ്ങൾ പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 220(b)-യും ഈ ചട്ടങ്ങളിലെ ചട്ടം 112-ഉം പ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന ദൂരം കൂടാതെ, തുറസ്സായ സ്ഥലത്തിന്റെയോ, യാർഡിന്റെയോ നിയമ പ്രകാരമുള്ള ഏറ്റവും ചുരുങ്ങിയ വീതി കുറവായിരിക്കുന്ന സംഗതിയിൽ സെക്രട്ടറിക്ക്, ഈ ചട്ടങ്ങൾ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള തുറസ്സായ സ്ഥലത്തിന്റെയോ യാർഡിന്റെയോ 5 ശതമാനം വരെ അല്ലെങ്കിൽ 25 സെന്റിമീറ്റർ ഇതിലേതാണോ കുറവ് അത് ഇളവായി അനുവദിക്കാവുന്നതാണ്:

എന്നുമാത്രമല്ല, മേൽപ്പറഞ്ഞ പതിനഞ്ച് ദിവസങ്ങൾക്കുളളിൽ അത്തരത്തിലുള്ള കൈവശ സർട്ടിഫിക്കറ്റ് നൽകാത്ത പക്ഷം അപ്രകാരമുള്ള ഒരു സർട്ടിഫിക്കറ്റ് യഥാവിധി അനുവദിച്ചെന്നത്പോലെ ഉടമസ്ഥന് മുന്നോട്ട് പോകാവുന്നതാണ്.

(4) ഒരു കെട്ടിടത്തിന്റെ ഉടമസ്ഥൻ നിർമാണം പൂർത്തീകരിക്കുന്നതിന് മുമ്പായി താമസിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആ ആവശ്യം കാണിച്ചുകൊണ്ട് അയാൾ സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതും അങ്ങനെ താമസിക്കുന്നത് യാതൊരു വിധത്തിലും ജീവാപായം ഉണ്ടാക്കില്ലെന്ന് സെക്രട്ടറിക്ക് ബോധ്യപ്പെടുന്ന പക്ഷം പൂർത്തീകരിച്ച ഭാഗം സംബന്ധിച്ച കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്.

അദ്ധ്യായം 4

സൈറ്റിന്റെയും കെട്ടിടത്തിന്റെയും ആവശ്യകതകൾ സംബന്ധിച്ച പൊതുവ്യവസ്ഥകൾ

26. പ്ലോട്ട് സംബന്ധിച്ച് പൊതുവായിട്ടുള്ള ആവശ്യകതകൾ.- (1) ഉപയോഗശൂന്യമായ പാഴ് വസ്തുക്കളോ വിസർജ്ജ്യങ്ങളോ അല്ലെങ്കിൽ മറ്റു ദുസ്സഹവസ്തുക്കളോ നിക്ഷേപിച്ചിട്ടുള്ള പ്ലോട്ടിലോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തോ ഭൂവികസനമോ, ഭൂമിയുടെ പുനർവികസനമോ അല്ലെങ്കിൽ കെട്ടിടമോ നിർമ്മിക്കുന്നതിന് തടസ്സമാകുമെന്ന് സെക്രട്ടറിക്ക് അഭിപ്രായമുള്ള പക്ഷം, അത്തരം പാഴ്സവസ്തുക്കളോ വിസർജ്ജ്യങ്ങളോ മറ്റു ദുസ്സഹവസ്തുക്കളോ അവിടെ നിന്ന് നീക്കം ചെയ്യുകയും, സെക്രട്ടറിക്ക് തൃപ്തികരമായ വിധത്തിൽ പ്ലോട്ട് ഒരുക്കുകയും അല്ലെങ്കിൽ ഭുവികസനത്തിനോ, കെട്ടിടനിർമ്മാണോദ്ദേശത്തിനോ വേണ്ടി അനുയോജ്യമായ രീതിയിലാകുന്നത് വരെ ആ പ്ലോട്ടിലോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലുമൊരു ഭാഗത്തോ യാതൊരു ഭൂവികസനമോ, ഭൂമിയുടെ പുനർവികസനമോ കെട്ടിട നിർമ്മാണമോ നടത്തുവാൻ പാടില്ലാത്തതാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ