Panchayat:Repo18/vol1-page0692

From Panchayatwiki

2005-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള (ഡീലിമിറ്റേഷൻ കമ്മീഷൻ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 337/2005-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 10-ാം വകുപ്പ് (1എ) ഉപവകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും-(1) ഈ ചട്ടങ്ങൾക്ക് 2005-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള (ഡീലിമിറ്റേഷൻ കമ്മീഷൻ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) "തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്(1994-ലെ13) പ്രകാരം രൂപീകരിച്ച ഒരു പഞ്ചായത്തെന്നോ, 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റിയെന്നോ അർത്ഥമാകുന്നു;

(ബി) "വകുപ്പ്' എന്നാൽ പഞ്ചായത്ത് രാജ് ആക്റ്റിലെയോ മുനിസിപ്പാലിറ്റി ആക്റ്റിലെയോ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(സി) "കമ്മീഷൻ' എന്നാൽ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 10-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച 'ഡീലിമിറ്റേഷൻ കമ്മീഷൻ' എന്നർത്ഥമാകുന്നു;

(ഡി) "അംഗം” എന്നാൽ ഡീലിമിറ്റേഷൻ കമ്മീഷനിലെ ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങൾ എന്നർത്ഥമാകുന്നു; (ഇ) "സർക്കാർ' എന്നാൽ കേരള സംസ്ഥാന സർക്കാർ എന്നർത്ഥമാകുന്നു;

(എഫ്) "സെക്രട്ടറി' എന്നാൽ കമ്മീഷൻ സെക്രട്ടറി എന്നർത്ഥമാകുന്നു;

(ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് ആക്റ്റിലോ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലോ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും മേൽപ്പറഞ്ഞ ആക്റ്റുകളിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. കമ്മീഷന്റെ ചുമതലകൾ- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരവും 1994-ലെ (36)(03 മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരവും ഈ ചട്ടങ്ങൾ പ്രകാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തികൾ നിശ്ചയിക്കേണ്ടതാണ്.

4. ഡീലിമിറ്റേഷൻ കമ്മീഷന്റെ അധികാരങ്ങൾ- (1) കമ്മീഷന് 5-ാം ചട്ടപ്രകാരമുള്ള ചുമതല വഹിക്കുമ്പോൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് 1908-ലെ സിവിൽ നടപടി നിയമ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) ത്തിൻ കീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്.-

(എ) ഏതെങ്കിലും സാക്ഷിയെ സമൻസ് അയച്ചു വരുത്തുവാനും നിർബന്ധമായി ഹാജരാക്കുവാനും വിസ്തരിക്കുന്നതിനും;

(ബി) ഏതെങ്കിലും പ്രമാണം കണ്ടെടുക്കുവാനോ ഹാജരാക്കുവാനോ ആവശ്യപ്പെടുന്നതിനും;

(സി) സത്യവാങ്മൂലത്തിൻമേൽ തെളിവു സ്വീകരിക്കുന്നതിനും;

(ഡി) ഒരു പൊതുരേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ആവശ്യപ്പെടുന്നതിനും.

(2) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ വരുമ്പോൾ അത്തരം സന്ദർഭങ്ങളിൽ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിനുള്ള അധികാരം ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്ക് ഉണ്ടായിരിക്കുന്നതാണ്.

5. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവനം വിനിയോഗിക്കൽ- കമ്മീഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാന്റെ രേഖാമൂലമുള്ള നിർദ്ദേശാനുസരണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനം, കമ്മീഷന്റെ പ്രവർത്തനത്തിന് വിനിയോഗിക്കാവുന്നതാണ്.

എന്നാൽ സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന സംഗതികളിൽ കമ്മീഷനുമായി ആലോചിച്ചു യുക്തമെന്ന് തോന്നുന്ന മറ്റ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കാവുന്നതാണ്.

6. കമ്മീഷന്റെ ആസ്ഥാനം- ഡീലിമിറ്റേഷൻ കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കും. കൂടാതെ കമ്മീഷന്റെ സിറ്റിംഗ് കമ്മീഷൻ തീരുമാനിക്കുന്ന സ്ഥലത്തുവച്ച് നടത്താവുന്നതാണ്.

7. കമ്മീഷൻ യോഗത്തിന്റെ ക്വാറം- (1) കമ്മീഷൻ യോഗം ചേരുന്നതിനു കുറഞ്ഞത് ചെയർമാൻ ഉൾപ്പെടെ മൂന്നു അംഗങ്ങളുടെ ക്വാറം ഉണ്ടായിരിക്കേണ്ടതാണ്.

(2) കമ്മീഷന്റെ തീരുമാനങ്ങൾ കഴിയുന്നതും ഏകകണ്ഠമായിരിക്കേണ്ടതാണ്. എന്നാൽ ഏതെങ്കിലും സംഗതിയിൽ അഭിപ്രായ ഭിന്നതയുണ്ടായാൽ ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനം എടുക്കേണ്ടതാണ്.

8. കമ്മീഷൻ സെക്രട്ടറി- ഡീലിമിറ്റേഷൻ കമ്മീഷന്റെ സെക്രട്ടറി പഞ്ചായത്ത്/മുനിസിപ്പൽ ജോയിന്റ് ഡയറക്ടറുടെ പദവിയിൽ കുറയാത്ത റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.

9. കമ്മീഷന്റെ യോഗം- കമ്മീഷന്റെ യോഗത്തിനുള്ള നോട്ടീസ് സെക്രട്ടറി മൂന്ന് ദിവസങ്ങൾക്കു മുൻപെങ്കിലും അംഗങ്ങൾക്കു നൽകിയിരിക്കേണ്ടതാണ്. എന്നാൽ അടിയന്തിരഘട്ടങ്ങളിൽ ചെയർമാന്റെ നിർദ്ദേശാനുസരണം രേഖാമൂലമോ അല്ലാതെയോ അംഗങ്ങൾക്ക് അറിയിപ്പ് നൽകിക്കൊണ്ട് അടിയന്തിരയോഗം ചേരാവുന്നതാണ്. കമ്മീഷന് യുക്തമെന്ന് തോന്നുന്ന പക്ഷം കമ്മീഷന്റെ യോഗം ജില്ലാ ആസ്ഥാനങ്ങളിൽ വച്ച് നടത്താവുന്നതാണ്.

10. അതിർത്തി നിർണ്ണയം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച് മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷന് പുറപ്പെടുവിക്കാവുന്നതാണ്.

11. കരട് വിജ്ഞാപനം പുറപ്പെടുവിക്കൽ- ജില്ലാ തെരഞ്ഞെടുപ്പ് അധികാരി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കി ഡീലിമിറ്റേഷൻ കമ്മീഷന് നൽകേണ്ടതും കമ്മീഷൻ ആയത് പരിശോധിച്ച് അതിർത്തി നിർണ്ണയിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുമാണ്. ടി വിജ്ഞാപനം 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാം വകുപ്പിലും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 69-ാം വകുപ്പിലും അനുശാസിക്കുന്ന പ്രകാരം ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് പ്രസിദ്ധീകരിക്കേണ്ടതാണ്.

12. ആക്ഷേപം നൽകുന്ന രീതി.- കമ്മീഷൻ മുമ്പാകെ സമർപ്പിക്കുന്ന ആക്ഷേപമോ/അഭിപ്രായമോ കമ്മീഷൻ സെക്രട്ടറി മുമ്പാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ നൽകേണ്ടതാണ്. അപ്രകാരം നൽകുന്നവയോടൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകേണ്ടതാണ്. രേഖകൾ തിരികെ നൽകുന്നതല്ല.

13. വിവരങ്ങൾ ശേഖരിക്കുവാൻ വിളിച്ചുവരുത്തുക.- കമ്മീഷന് ലഭിക്കുന്ന ആക്ഷേപമോ/ അഭിപ്രായമോ എന്നിവയിൻമേൽ തീർപ്പ് കൽപ്പിക്കുന്നതിന് ഏതെങ്കിലും സംഗതിയിൽ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുടെയോ വിദഗ്ദദ്ധന്മാരുടേയോ സേവനം ആവശ്യമാണെന്ന് കമ്മീഷന് ബോദ്ധ്യമാകുന്ന പക്ഷം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏതൊരു വകുപ്പിലെയും ഉദ്യോഗസ്ഥന്മാരെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അധികാരമുണ്ടായിരിക്കും. കമ്മീഷനിൽ നിന്നും ലഭിക്കുന്ന അറിയിപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ അനുസരിക്കുവാൻ ബാദ്ധ്യസ്ഥരായിരിക്കും.

14. സാക്ഷികളുടെ വിചാരണയും രേഖകൾ ഹാജരാക്കലും.- കമ്മീഷന് ലഭിച്ച ഒരു ആക്ഷേപത്തിനോ/അഭിപ്രായത്തിനോ ആധാരമായ സംഗതിയിൽ അതുമായി ഏതെങ്കിലും അപ്പീലിൽ ബന്ധപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയേയും സാക്ഷിയായി സമൻസ് അയച്ച് വരുത്താവുന്നതും ആക്ഷേപം നൽകിയ ആളിനോ എതിർകക്ഷിയോ ഉൾപ്പെടെ ഏതൊരാളോടും ബന്ധപ്പെട്ട രേഖകളോ റിക്കാർഡുകളോ കമ്മീഷന്റെ മുൻപാകെ ഹാജരാക്കുവാൻ ആവശ്യപ്പെടാവുന്നതുമാണ്.

15. ആക്ഷേപങ്ങളിൽ തീർപ്പ് കൽപ്പിക്കൽ- കമ്മീഷന് ലഭിക്കുന്ന നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച ആക്ഷേപങ്ങളിൻമേലും അഭിപ്രായങ്ങളിന്മേലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനുശേഷം കമ്മീഷന് യുക്തമെന്ന് തോന്നുന്ന പക്ഷം ആക്ഷേപം നൽകിയ ആളിനെയോ അഭിപ്രായം നൽകിയ ആളിനെയോ നേരിൽകേട്ട് ആക്ഷേപത്തിൻമേലും അഭിപ്രായത്തിൻമേലും പരിശോധന നടത്തി തീരുമാനമെടു ക്കാവുന്നതാണ്.

16. ഉത്തമവിശ്വാസത്തിൽ ചെയ്ത നടപടികൾക്കുള്ള സംരക്ഷണം.- മുൻപറഞ്ഞിട്ടുള്ള ചട്ടങ്ങളിലെ വ്യവസ്ഥകളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ഉത്തമ വിശ്വാസത്തോടെ ചെയ്തതോ, അല്ലെങ്കിൽ ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടതോ, അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് സംബന്ധിച്ചോ, അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാരിന് നൽകിയ ഏതെങ്കിലും അഭിപ്രായം സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷനോ കമ്മീഷന്റെ അധികാരത്തിൽകീഴിൽ അങ്ങനെയുള്ള ഏതെങ്കിലും അഭിപ്രായമോ രേഖയോ നടപടിയോ പ്രസിദ്ധീകരിച്ചത് സംബന്ധിച്ചോ കമ്മീഷനോ അല്ലെങ്കിൽ കമ്മീഷന്റെ നിർദ്ദേശത്തിൻകീഴിൽ പ്രവർത്തിക്കുന്ന ആൾക്കോ എതിരെ ഏതെങ്കിലും വ്യവഹാരമോ കുറ്റവിചാരണയോ മറ്റ് നടപടികളോ നിലനിൽക്കുന്നതല്ല.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Ajijoseph

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ