Panchayat:Repo18/vol1-page0650

From Panchayatwiki

2000-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 895/2000-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 162, 162.എ എന്നീ വകുപ്പുകൾ 254-ാം വകുപ്പുമായി കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, 1995 ഒക്ടോബർ 12-ാം തീയതിയിലെ സ. ഉ. (പി) നമ്പർ 222/95/തസ്വഭവ. എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1995 ഒക്ടോബർ 12-ാം തീയതി യിലെ 1025-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. 1200/95-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയതുമായ 1995-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരണവും അതിന്റെ നടപടിക്രമങ്ങളും അധികാരങ്ങളും) ചട്ടങ്ങൾ അതിലംഘിച്ചുകൊണ്ട്, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2000-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇത് 2000 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ- "(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) "ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥമാകുന്നു;

'[(.ഡി) "വരണാധികാരി" എന്നാൽ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് അംഗങ്ങളെയും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാരെയും തെരഞ്ഞെടുക്കുന്നതിലേക്കായി വരണാധികാരിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും പക്ഷേ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാന്റെയും തിരഞ്ഞെടുപ്പ്

'[3. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം.- ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളിൽ ഉണ്ടായിരിക്കേണ്ട അംഗങ്ങളുടെ എണ്ണം പട്ടിക I-ലും ജില്ലാ പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ ഉണ്ടായിരിക്കേണ്ട അംഗങ്ങളുടെ എണ്ണം പട്ടിക II-ലും കാണിച്ചിരിക്കുന്ന പ്രകാരം ആയിരിക്കുന്നതാണ്.]

'[3.എ. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും സ്ഥാനങ്ങളിലെ സ്ത്രീ സംവരണം.- (1) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും ഒരു അംഗത്തിന്റെ സ്ഥാനം പഞ്ചായത്തിലേക്ക് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതും, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 5-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന യോഗത്തിൽ, സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട എല്ലാ സ്ഥാനങ്ങളിലേക്കും ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടതും തുടർന്ന് സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

(2) (i) ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും കാര്യത്തിൽ, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ചെയർമാൻ സ്ഥാനവും, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും;

(ii) ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ, വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും, സ്ത്രീകൾക്കായി 162-ാം വകുപ്പ് (5.എ) ഉപവകുപ്പ് പ്രകാരം സംവരണം ചെയ്യേണ്ടതാണ്.]

((3) ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായി സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടേണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ, ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും കാര്യത്തിൽ വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും; ജില്ലാപഞ്ചായത്തുകളുടെ കാര്യത്തിൽ, വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആയിരിക്കേണ്ടതും; അപ്രകാരം സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങളുടെ വിവരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതും, തുടർന്നുള്ള ഓരോ പൊതുതെരഞ്ഞെടുപ്പിനും ശേഷം അപ്രകാരം സംവരണം ചെയ്യപ്പെടേണ്ട 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനങ്ങൾ പ്രസ്തുത ഉദ്യോഗസ്ഥൻ, ആവർത്തന ക്രമം പാലിച്ചുകൊണ്ട് വീതിച്ചു നൽകേണ്ടതും മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.)

4. തിരഞ്ഞെടുപ്പ് യോഗം വിളിക്കുന്നതിനുള്ള നോട്ടീസ്..- (1) *(വരണാധികാരി), സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് പഞ്ചായത്തിലെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗ തീയതിക്ക് അഞ്ചുദിവസം മുമ്പും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗതീയതിക്ക് രണ്ടു ദിവസം മുമ്പും നല്കേണ്ടതാണ്.

എന്നാൽ മേൽപറഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിത പൊതു ഒഴിവു ദിവസങ്ങൾ ഉൾപ്പെടുന്നതും നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാകുന്നു.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ്, ഉദ്യോഗസ്ഥൻ വഴിയോ നേരിട്ടോ നല്കാവുന്നതും നോട്ടീസ് കൈപ്പറ്റിയതിന് രേഖയിൽ ഒപ്പിട്ടു നൽകാൻ അംഗം ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.

(3) (1)-ാം ഉപ ചട്ടപ്രകാരമുള്ള നോട്ടീസ് നടത്തിപ്പ് സംബന്ധിച്ച മറ്റുകാര്യങ്ങൾ പഞ്ചായത്തിന്റെ ഒരു സാധാരണയോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് സംബന്ധിച്ച അതേ രീതിയിൽ ആയിരിക്കേണ്ടതാണ്.

(4) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിൽ, അംഗം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗമായോ ചെയർമാനായോ അതതു സംഗതിപോലെ മത്സരിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, യഥാവിധി രേഖാമൂലം നാമനിർദ്ദേശം സമർപ്പിക്കുവാൻ, അങ്ങനെയുള്ള നാമനിർദ്ദേശം (വരണാധികാരിയെ) ഏൽപിക്കേണ്ട അവസാന തീയതിയും സമയവും കാണിച്ച്, ആവശ്യപ്പെടേണ്ടതാണ്.

5. സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ്.- (1) 162-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കേണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞെടുപ്പ്, '(ഒരു പഞ്ചായത്ത് രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്തതിനും അതിന്റെ പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും തെരഞ്ഞെടുത്തതിനുംശേഷം പതിനഞ്ച് ദിവസത്തിനുള്ളിൽ വരണാധികാരി ഈ ആവശ്യത്തിലേക്കായി വിളിച്ചുകൂട്ടിയ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗത്തിൽ വച്ച് പ്രസ്തുത ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ക്രമത്തിൽ നടത്തേണ്ടതാണ്.

((2) സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും, മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായിരിക്കുന്നതാണ്):

6. സ്ഥാനാർത്ഥികളുടെ യോഗ്യത.- ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏതൊരംഗത്തിനും സ്ഥാനാർത്ഥിയാകാവുന്നതാണ്.

'[എന്നാൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗം, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ എന്നിവർ സ്ഥാനാർത്ഥികളാകുവാൻ പാടില്ലാത്തതും അവരുടെ സ്ഥാനാർത്ഥിത്വം വരണാധികാരി പരിഗണിക്കാൻ പാടില്ലാത്ത തുമാകുന്നു. എന്നുമാത്രമല്ല, സ്റ്റാന്റിംഗ് കമ്മിറ്റിയിൽ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനത്തേക്ക് സ്ത്രീകളല്ലാത്ത അംഗങ്ങൾ സ്ഥാനാർത്ഥികളാകുവാൻ പാടുള്ളതല്ല.)

7. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തന്റെ സ്ഥാനാർത്ഥിത്വം 4-ാം ചട്ടപ്രകാരമുള്ള നോട്ടീസിൽ കാണിച്ചിരിക്കുന്ന തീയതിക്കും സമയത്തിനുമുള്ളിൽ [വരണാധികാരിയെ] രേഖാമൂലം അറിയിക്കേണ്ടതാണ്.

(2) മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ വരണാധികാരി യോഗത്തിൽ വായിച്ചറിയിക്കേണ്ടതാണ്.

(3) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണവും സ്ഥാനാർത്ഥികളുടെ എണ്ണവും തുല്യമാണെങ്കിൽ അങ്ങനെയുള്ള എല്ലാ സ്ഥാനാർത്ഥികളും യഥാവിധി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതാണ്.

(4) സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങൾ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച ഒറ്റക്കൈമാറ്റ വോട്ടുമൂലം 8-ാം ചട്ടപ്രകാരം വോട്ടെടുപ്പു നടത്തി ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതാണ്.

(5) സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ അങ്ങനെയുള്ള സ്ഥാനാർത്ഥികൾ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടതായി '[വരണാധികാരി പ്രഖ്യാപിക്കേണ്ടതും ബാക്കി ഒഴിവുള്ള സ്ഥാനത്തേക്കോ സ്ഥാനങ്ങളിലേക്കോ വേണ്ട അംഗങ്ങളെ അഞ്ചു ദിവസത്തിനകം ഈ ആവശ്യത്തിനായി വരണാധികാരി പ്രത്യേകം യോഗം വിളിച്ചുകൂട്ടി തിരഞ്ഞെടുക്കേണ്ടതുമാണ്.

(6) (5)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന പ്രത്യേക യോഗത്തിൽ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ലാതെ വരികയും മറ്റെല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലെയും എല്ലാ അംഗങ്ങളെയും തിരഞ്ഞെടുത്ത് കഴിയുകയും ചെയ്യുന്ന സംഗതിയിൽ '(ആ സ്ഥാനത്തേക്ക് സ്ത്രീ സംവരണ സ്ഥാനങ്ങൾ കണക്കിലെടുത്തുകൊണ്ട്, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമല്ലാത്ത പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തെ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും) അയാൾ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടപോലെ ആ സ്ഥാനം വഹിക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.

(7) ഒന്നിലധികം സ്റ്റാന്റിംഗ് കമ്മിറ്റികളിൽ അംഗങ്ങളുടെ ഒഴിവുണ്ടായിരിക്കുകയും മത്സരിക്കുവാൻ സ്ഥാനാർത്ഥികളില്ലാതെ വരികയും ചെയ്യുന്ന സംഗതിയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക്, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമല്ലാത്ത ശേഷിക്കുന്ന '[അംഗങ്ങളെ), അങ്ങനെ അംഗമോ അംഗങ്ങളോ ഉണ്ടെങ്കിൽ, (5)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന 'lയോഗത്തിന്റെ ഭൂരിപക്ഷ തീരുമാനവും സ്ത്രീ സംവരണ സ്ഥാനങ്ങളും കണക്കിലെടുത്തുകൊണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും) അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ആ സ്ഥാനത്തിരിക്കാൻ ബാദ്ധ്യസ്ഥരായിരിക്കുന്നതുമാണ്.

8. തിരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്തേണ്ട രീതിയും വോട്ടെണ്ണലും ഫലപ്രഖ്യാപ നവും.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഓരോ അംഗത്തിനും ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തി ട്ടുള്ള 1-ാം നമ്പർ ഫാറത്തിലുള്ള ഒരു ബാലറ്റ് പേപ്പർ '[വരണാധികാരി) നൽകേണ്ടതും, ബാലറ്റ് പേപ്പറിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും പേരുകൾ ഉണ്ടായിരിക്കേണ്ടതുമാണ്.

(2) ഓരോ അംഗവും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ വോട്ടു ചെയ്യാനുള്ള പ്രത്യേക സ്ഥലത്തേക്ക് നീങ്ങേണ്ടതും, ബാലറ്റ് പേപ്പറിൽ, എത്ര സ്ഥാനാർത്ഥികളാണോ തിരഞ്ഞെടുക്കപ്പെടേണ്ടത് അത്രയും സ്ഥാനാർത്ഥികളുടെ പേരിനു നേരെ ഓരോരുത്തർക്കും താൻ നൽകുന്ന മുൻഗണന ഒന്ന്, രണ്ട്, മൂന്ന് . എന്ന ക്രമത്തിൽ വ്യക്തമായി എഴുതി വോട്ടു രേഖപ്പെടുത്തേണ്ടതും, ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് തന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തിയതിനു ശേഷം ബാലറ്റ് പേപ്പർ മടക്കി വരണാധികാരിക്ക് പൂർണ്ണമായി കാണാവുന്ന സ്ഥലത്തുവച്ചിട്ടുള്ള ബാലറ്റ് പെട്ടിയിൽ അത് നിക്ഷേപിക്കേണ്ടതുമാണ്.

(3) വോട്ടെടുപ്പ് പൂർത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ബാലറ്റ് പെട്ടി തുറന്ന് അതിലെ ബാലറ്റ് പേപ്പർ പുറത്തെടുത്ത് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ മുൻഗണനാ ക്രമത്തിലുള്ള വോട്ടുകൾ എണ്ണേണ്ടതാണ്.

(4) ഒരു സ്ഥാനാർത്ഥിക്കും വോട്ടു രേഖപ്പെടുത്തിയിട്ടില്ലാത്തതോ, ഒന്നിലധികം സ്ഥാനാർത്ഥികൾക്ക് ഒരേ മുൻഗണന നൽകി വോട്ടു രേഖപ്പെടുത്തിയിട്ടുള്ളതോ, ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് വോട്ടു ചെയ്ത അംഗത്തിന്റെ പേരും ഒപ്പും ഇല്ലാത്തതോ ആയ ബാലറ്റ് പേപ്പർ തള്ളിക്കളയേണ്ടതും തള്ളിക്കളഞ്ഞ ബാലറ്റ് പേപ്പറുകൾ പ്രത്യേകം കവറിൽ സൂക്ഷിക്കേണ്ടതുമാണ്.

(5) തിരഞ്ഞെടുപ്പു ഫലം താഴെപ്പറയുന്ന രീതിക്കനുസൃതമായി പ്രഖ്യാപിക്കേണ്ടതാണ്. അതായത്:- (എ) വോട്ടെണ്ണിയതിൽ ഏറ്റവും കൂടുതൽ ഒന്നാം മുൻഗണന രേഖപ്പെടുത്തിയ വോട്ടുകൾ നേടിയ ഒഴിവുള്ള സ്ഥാനങ്ങൾക്ക് തുല്യമായ എണ്ണം, സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതാണ്;

(ബി) (എ) ഖണ്ഡപ്രകാരം വോട്ടെണ്ണിയതിൽ, രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് ഒന്നാം മുൻഗണന രേഖപ്പെടുത്തിയ വോട്ടുകൾ തുല്യമായിരിക്കുകയും അവരിൽ നിന്ന് ഒന്നോ അതിലധികമോ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതായി വരികയും ചെയ്യുമ്പോൾ അതതു സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഒന്നാം മുൻഗണന രേഖപ്പെടുത്തിയ വോട്ടുകളോടുകൂടെ രണ്ടാം മുൻഗണന രേഖപ്പെടുത്തിയ വോട്ടുകൾ കൂടി ചേർത്ത്, അപ്രകാരമുള്ള മൊത്തം വോട്ടുകൾ ഏറ്റവും കൂടുതൽ നേടിയ സ്ഥാനാർത്ഥി അല്ലെങ്കിൽ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതാണ്;

(സി) (ബി) ഖണ്ഡപ്രകാരം വോട്ടെണ്ണിയതിൽ, രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് മൊത്തം മുൻഗണനാ വോട്ടുകൾ തുല്യമായിരിക്കുകയും അവരിൽ നിന്ന് ഒന്നോ അതിലധികമോ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതായി വരികയും ചെയ്യുമ്പോൾ അതതു സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഒന്നും രണ്ടും മുൻഗണനാ വോട്ടുകളോടുകൂടെ മൂന്നാം മുൻഗണന രേഖപ്പെടുത്തിയ വോട്ടുകൾ കൂടി ചേർത്ത്, അപ്രകാരമുള്ള മൊത്തം വോട്ടുകൾ ഏറ്റവും കൂടുതൽ നേടിയ സ്ഥാനാർത്ഥി അല്ലെങ്കിൽ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതാണ്.

(ഡി.) (സി) ഖണ്ഡപ്രകാരം വോട്ടെണ്ണിയതിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് മൊത്തം മുൻഗണനാ വോട്ടുകൾ തുല്യമായിരിക്കുകയും അവരിൽ നിന്നും ഒന്നോ അതിലധികമോ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതായി വരികയുമാണെങ്കിൽ മേൽഖണ്ഡങ്ങളിൽ പറഞ്ഞ പ്രകാരം വോട്ടെണ്ണൽ നടത്തേണ്ടതും ഒഴിവുള്ള എല്ലാ സ്ഥാനങ്ങളിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുവരെ അപ്രകാരം വോട്ടെണ്ണൽ തുടരേണ്ടതുമാണ്.

(ഇ) (ഡി) ഖണ്ഡപ്രകാരം വോട്ടെണ്ണിയതിൽ ഒരു സ്ഥാനം മാത്രം അവശേഷിക്കേ ഒന്നിലധികം സ്ഥാനാർത്ഥികൾക്ക് മൊത്തം വോട്ടുകൾ തുല്യമായി വരികയാണെങ്കിൽ, ആ സ്ഥാനം നികത്തുന്നതിനുവേണ്ടി യോഗത്തിൽവച്ച് നറുക്കെടുപ്പ് നടത്തേണ്ടതും അപ്രകാരമുള്ള സ്ഥാനാർത്ഥികളിൽ നിന്ന് ആരുടെ പേരാണോ ആദ്യം നറുക്കെടുക്കുന്നത് ആ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതുമാണ്.

കുറിപ്പ്.- മേൽ ഉപചട്ടപ്രകാരം മുൻഗണനാവോട്ടുകൾ എണ്ണുമ്പോൾ, ഒരു സ്ഥാനാർത്ഥിക്ക് ഒന്നാം മുൻഗണനാ വോട്ടുകളൊന്നും ലഭിച്ചിട്ടില്ലെങ്കിൽ, ഒന്നാം മുൻഗണനാ വോട്ടുകളുടെ എണ്ണം പൂജ്യം എന്നും, രണ്ടാം മുൻഗണനാ വോട്ടുകളൊന്നും ലഭിച്ചിട്ടില്ലെങ്കിൽ രണ്ടാം മുൻഗണനാ വോട്ടുകളുടെ എണ്ണം പൂജ്യം എന്നുമുള്ള ക്രമത്തിൽ മൊത്തം വോട്ടുകൾ കണക്കാക്കേണ്ടതാണ്.

9. ആകസ്മിക ഒഴിവുകൾ നികത്തൽ. (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒരംഗത്തിന്റെ സ്ഥാനത്ത് ആകസ്മിക ഒഴിവുണ്ടായാൽ, അത് നികത്തുന്നതിനുവേണ്ടി 162-ാം വകുപ്പ് (10)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള സമയപരിധിക്കകം, പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രത്യേക യോഗം വരണാധികാരി വിളിച്ചുകൂട്ടി 7-ഉം, 8-ഉം ചട്ടങ്ങളിലെ നടപടി ക്രമമനുസരിച്ച തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.

(2) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഒരു സമയം ഒന്നിലധികം ആകസ്മിക ഒഴിവുകൾ വന്നാൽ ആ ഒഴിവുകളെല്ലാം ഒറ്റ വോട്ടെടുപ്പിലൂടെ നികത്തേണ്ടതാണ്.

10. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ തെരഞ്ഞെടുപ്പ്.- (1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അല്ലാത്ത ഏതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കും 8-ാം ചട്ടപ്രകാരം അംഗങ്ങളെ തിരഞ്ഞെടുത്തതിനുശേഷം അതിന്റെ ചെയർമാനെ തിരഞ്ഞെടുക്കേണ്ടതാണ്.

(2) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അല്ലാത്ത ഏതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയർമാൻ സ്ഥാനത്തേക്ക് ആകസ്മിക ഒഴിവുണ്ടായാൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽവച്ച അതിലെ ഒരംഗത്തെ ചെയർമാനായി തെരഞ്ഞെടുക്കേണ്ടതാണ്.

(3) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും, മേൽനോട്ടത്തിനും, നിയന്ത്രണത്തിനും വിധേയമായി, വരണാധികാരി, (1)-ഉം (2)-ഉം ഉപചട്ടങ്ങൾ പ്രകാരം ചെയർമാനെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള യോഗം, 8-ാം ചട്ടപ്രകാരം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അല്ലെങ്കിൽ ചെയർമാന്റെ ആകസ്മിക ഒഴിവുണ്ടായി, കഴിയുന്നതും വേഗവും പതിനഞ്ച് ദിവസം കഴിയുന്നതിനു മുൻപും വിളിച്ചുകൂട്ടേണ്ടതാണ്.

(4) ചെയർമാന്റെ തെരഞ്ഞെടുപ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റിയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗത്തിന് സ്വയം നാമനിർദ്ദേശം സമർപ്പിക്കാവുന്നതാണ്.

(5) സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളിലേക്ക് സ്ത്രീകളല്ലാത്ത സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾക്ക് സ്ഥാനാർത്ഥികളാകുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.

11. ചെയർമാന്റെ തെരഞ്ഞെടുപ്പ് രീതി.- (1) ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും 4-ാം ചട്ടപ്രകാരമുള്ള നോട്ടീസിൽ കാണിച്ചിരിക്കുന്ന തീയതിക്കും സമയത്തിനുമുള്ളിൽ 10-ാം ചട്ടപ്രകാരമുള്ള നാമനിർദ്ദേശം വരണാധികാരിക്ക് സമർപ്പിക്കേണ്ടതാണ്.

(2) യഥാവിധി നാമനിർദ്ദേശം നൽകിയിട്ടുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ വരണാധികാരി യോഗത്തിൽ വായിച്ചറിയിക്കേണ്ടതാണ്.

(3) ചെയർമാൻ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി ഒരാൾ മാത്രമാണുള്ളതെങ്കിൽ വോട്ടെടുപ്പ് നടത്തേണ്ടതില്ലാത്തതും പ്രസ്തുത സ്ഥാനാർത്ഥി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതുമാണ്.

(4) ചെയർമാൻ സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ വരണാധികാരി യോഗത്തിൽവച്ച് വോട്ടെടുപ്പ് നടത്തേണ്ടതും വോട്ടെടുപ്പിന്, യോഗത്തിൽ ഹാജരായിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള 2-ാം നമ്പർ ഫാറത്തിലുള്ള ബാലറ്റ് പേപ്പർ നൽകേണ്ടതും ബാലറ്റ് പേപ്പറിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും പേരുകൾ ഉണ്ടായിരിക്കേണ്ടതുമാണ്.

(5) ഓരോ അംഗവും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ വോട്ടു ചെയ്യാനുള്ള പ്രത്യേക സ്ഥലത്തേക്ക് നീങ്ങേണ്ടതും ബാലറ്റ് പേപ്പറിൽ താൻ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെ 'X' എന്ന അടയാളം രേഖപ്പെടുത്തി വോട്ട് ചെയ്യേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകു വശത്ത് തന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തിയശേഷം അത് വരണാധികാരിക്ക് കാണാവുന്ന സ്ഥാനത്ത് വച്ചിട്ടുള്ള ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കേണ്ടതുമാണ്.

(6) വോട്ടെടുപ്പ് പൂർത്തിയായശേഷം വരണാധികാരി ബാലറ്റ് പെട്ടി തുറന്ന് അതിലെ ബാലറ്റ് പേപ്പർ പുറത്തെടുത്ത് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ എണ്ണേണ്ടതാണ്.

(7) ഒരു സ്ഥാനാർത്ഥിയുടെയും പേരിനു നേരെ 'X' എന്ന അടയാളം ഇല്ലാത്തതോ ഒന്നിലധികം പേരിനു നേരെ 'X' എന്ന അടയാളം ഉള്ളതോ ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് വോട്ട് ചെയ്ത അംഗത്തിന്റെ പേരും ഒപ്പും ഇല്ലാത്തതോ ആയ ബാലറ്റ് പേപ്പർ തള്ളിക്കളയേണ്ടതും തള്ളിക്കളഞ്ഞ ബാലറ്റ് പേപ്പറുകൾ പ്രത്യേകം കവറിൽ സൂക്ഷിക്കേണ്ടതുമാണ്.

(8) ഏറ്റവും കൂടുതൽ സാധുവായ വോട്ടുകൾ നേടിയ സ്ഥാനാർത്ഥി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതാണ്.

(9) ഏറ്റവും കൂടുതൽ സാധുവായ വോട്ടുകൾ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ തുല്യമായി വരുന്ന സന്ദർഭത്തിൽ യോഗത്തിൽ വച്ച് നറുക്കെടുപ്പ് നടത്തേണ്ടതും ആരുടെ പേരാണോ ആദ്യം നറുക്കെടുക്കപ്പെടുന്നത് ആ ആൾ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതുമാണ്.

36(10) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ തെരഞ്ഞെടുക്കുന്നതിന് വരണാധികാരി വിളിച്ചു കൂട്ടിയ യോഗത്തിൽ അംഗങ്ങൾ പങ്കെടുക്കാതിരിക്കുകയോ ഒരംഗവും നാമനിർദ്ദേശം സമർപ്പിക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും അക്കാര്യം, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെയും പ്രസിഡന്റിനെയും സെക്രട്ടറിയെയും രേഖാമൂലം അറിയിക്കേണ്ടതും അപ്രകാരം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അംഗം ആ സ്ഥാനം വഹിക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.

എന്നാൽ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുന്ന അംഗം ഒരു സ്ത്രീ ആയിരിക്കേണ്ടതാണ്.

12. സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കൽ- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ അതിന്റെ യോഗങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതും അദ്ദേഹത്തിന്റെ അഭാവത്തിൽ ഹാജരായ അംഗങ്ങൾ തങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുത്ത ഒരംഗം യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതുമാണ്.

(2) സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തിൽ അദ്ധ്യക്ഷനായിരിക്കുന്ന ഒരംഗത്തിന്, അങ്ങനെ അദ്ധ്യക്ഷനായിരിക്കുമ്പോൾ, ചെയർമാന്റെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതും എല്ലാ ബാദ്ധ്യതകൾക്കും അയാൾ വിധേയനായിരിക്കുന്നതുമാണ്.

(3) അദ്ധ്യക്ഷനായിരിക്കുന്ന ആൾ യോഗം നിയന്ത്രിക്കേണ്ടതും യോഗത്തിലോ യോഗം സംബന്ധിച്ചോ ഉത്ഭവിക്കുന്ന ക്രമപ്രശ്നങ്ങളും നടപടിക്രമം സംബന്ധിച്ച പ്രശ്നങ്ങളും തീർപ്പാക്കേണ്ടതുമാണ്.

13. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാന്റെയും ഉദ്യോഗകാലാവധി.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏതൊരംഗവും പഞ്ചായത്തിലെ ഒരംഗമായി തുടരുന്നിടത്തോളം കാലം, ആ സ്ഥാനം വഹിക്കേണ്ടതാണ്.

(2) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ തന്റെ സ്ഥാനം നേരത്തെ രാജിവയ്ക്കാത്ത പക്ഷം, അല്ലെങ്കിൽ 15-ാം ചട്ടപ്രകാരം സ്ഥാനമൊഴിവാക്കപ്പെടാത്തപക്ഷം, പഞ്ചായത്തിലെ ഒരംഗമായി തുടരുന്നിടത്തോളം കാലം, ആ സ്ഥാനം വഹിക്കേണ്ടതാണ്.

(3) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ, പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി തുടരുന്നിടത്തോളം കാലം ആ സ്ഥാനം വഹിക്കേണ്ടതാണ്.

14. രാജി വയ്ക്കുവാനുള്ള അധികാരം.- (1) 162-ാം വകുപ്പ് (7)-ാം ഉപവകുപ്പ് പ്രകാരം രാജി വയ്ക്കുവാനുദ്ദേശിക്കുന്ന ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എക്സ് ഒഫിഷ്യോ അംഗമല്ലാത്ത ഒരംഗമോ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ തന്റെ രാജി ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള 3-ാം നമ്പർ ഫാറത്തിൽ സെക്രട്ടറിക്ക് നൽകേണ്ടതാണ്.

(2) രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്ന ആൾ സെക്രട്ടറിയുടെ മുമ്പിൽ വച്ച് രാജിക്കത്തിൽ ഒപ്പ് രേഖപ്പെടുത്തി അത് നേരിട്ട് സെക്രട്ടറിയെ ഏൽപിക്കേണ്ടതും ഏതെങ്കിലും സാഹചര്യത്തിൽ അപ്രകാരം ചെയ്യാൻ കഴിയാത്ത സംഗതിയിൽ രാജിക്കത്ത് സംസ്ഥാന സർക്കാർ സർവ്വീസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി രജിസ്റ്റേർഡ് തപാലിൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.

(3) ക്രമപ്രകാരമുള്ള ഒരു രാജിക്കത്ത് കൈപ്പറ്റിയാലുടൻ, അത് കൈപ്പറ്റിയ സമയവും തീയതിയും കൈപ്പറ്റിയത് നേരിട്ടോ തപാൽ മാർഗ്ഗമോ എന്നും സെക്രട്ടറി അതിൽ രേഖപ്പെടുത്തി ഒപ്പുവയ്ക്കക്കേണ്ടതും ബന്ധപ്പെട്ട വ്യക്തിക്ക് ഒരു കൈപ്പറ്റ് രസീതി അതതു സംഗതിപോലെ നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതുമാണ്.

(4) രാജിക്കത്ത് സെക്രട്ടറിക്ക് ലഭിക്കുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും സെക്രട്ടറി അക്കാര്യം ഉടൻതന്നെ പ്രസിഡന്റിനെയും പഞ്ചായത്തിനെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും വരണാധികാരിയെയും അറിയിക്കേണ്ടതും പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

15. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനിൽ അവിശ്വാസം രേഖപ്പെടുത്തൽ.- (1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള 4-ാം നമ്പർ ഫാറത്തിലുള്ള ഒരു നോട്ടീസ്, അവതരിപ്പിക്കുവാനുദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പോടുകൂടി, സ്റ്റാന്റിംഗ് കമ്മിറ്റിയിലെ മൂന്നിലൊന്നിൽ കുറയാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒപ്പിട്ട്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിഡന്റിനെ സംബന്ധിച്ച അവിശ്വാസപ്രമേയം സംബന്ധിച്ച നോട്ടീസ് കൈപ്പറ്റാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് നേരിട്ട് നൽകേണ്ടതാണ്.

(2), (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ പ്രമേയം പരിഗണിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ ഒരു പ്രത്യേക യോഗം, (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ് അദ്ദേഹത്തിന് കിട്ടിയ തീയതി മുതൽ പതിനഞ്ച് പ്രവൃത്തിദിവസത്തിന് ശേഷമല്ലാത്തതും അദ്ദേഹം നിശ്ചയിക്കുന്നതുമായ സമയത്ത്, പഞ്ചായത്ത് ആഫീസിൽ വച്ച് നടത്തുന്നതിനായി വിളിച്ചുകൂട്ടേണ്ടതാണ്.

(3) (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള പ്രത്യേകയോഗം നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയവും ദിവസവും കാണിച്ചുകൊണ്ട് ഏഴ് പൂർണ്ണദിവസത്തിൽ കുറയാത്ത നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് രജിസ്റ്റേർഡ് തപാലായി അയച്ചു കൊടുക്കേണ്ടതാണ്.

(4) അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള യോഗത്തിൽ (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.

(5) അവിശ്വാസപ്രമേയം പരിഗണിക്കുന്ന യോഗം മനുഷ്യനിയന്ത്രണത്തിനതീതമായ കാരണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.

(6) അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള യോഗത്തിനാവശ്യമായ ക്വാറം ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിക്ക് 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള അംഗങ്ങളുടെ സംഖ്യയുടെ ഒന്നു പകുതിയായിരിക്കുന്നതാണ്.

(7) അദ്ധ്യക്ഷൻ, അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് വിളിച്ചുകൂട്ടിയ യോഗം ആരംഭിച്ച ഉടൻതന്നെ പ്രമേയം യോഗത്തിന്റെ മുമ്പാകെ വായിക്കേണ്ടതും അതിന്റെ ചർച്ച ആരംഭിച്ചതായി പ്രഖ്യാപിക്കേണ്ടതുമാണ്.

(8) അവിശ്വാസപ്രമേയം സംബന്ധിച്ച ചർച്ച മനുഷ്യനിയന്ത്രണത്തിനതീതമായ കാരണങ്ങളാലല്ലാതെ മാറ്റിവയ്ക്കുവാൻ പാടുള്ളതല്ല.

(9) അവിശ്വാസപ്രമേയം സംബന്ധിച്ച ചർച്ച യോഗം ആരംഭിച്ച് ഒരു മണിക്കൂർ കഴിയുമ്പോൾ, അതിനുമുമ്പ് അത് അവസാനിച്ചിട്ടില്ലെങ്കിൽ, സ്വമേധയാ അവസാനിക്കുന്നതും, അതതു സംഗതി പോലെ ചർച്ച അവസാനിക്കുമ്പോഴോ അപ്രകാരമുള്ള ഒരു മണിക്കുർ സമയം കഴിയുമ്പോഴോ പ്രമേയം വോട്ടിനിടേണ്ടതുമാണ്.

(10) അദ്ധ്യക്ഷൻ പ്രമേയത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി യോഗത്തിൽ സംസാരിക്കാൻ പാടില്ലാത്തതും അദ്ദേഹത്തിന് വോട്ടു ചെയ്യുന്നതിന് അവകാശമില്ലാത്തതുമാകുന്നു.

(11) 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് നിശ്ചയിച്ചിട്ടുള്ളത്ര അംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടുകൂടി പ്രമേയം പാസ്സാക്കുകയാണെങ്കിൽ അതിനുശേഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഉദ്യോഗം അവസാനിക്കുന്നതും അദ്ദേഹം ഉടൻതന്നെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതും (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അക്കാര്യം സർക്കാരിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും രേഖാമൂലം അറിയിക്കേണ്ടതുമാണ്.

(12) അവിശ്വാസപ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉദ്യോഗമേറ്റെടുത്ത് ആറു മാസം പൂർത്തിയാവുന്നതിനു മുമ്പ് സ്വീകരിക്കുവാൻ പാടുള്ളതല്ല.

(13) (6)-ാം ഉപചട്ടപ്രകാരമുള്ള ക്വാറമില്ലാത്തതിനാൽ യോഗം നടത്താൻ കഴിയാതെ വരികയോ, (11)-ാം ഉപചട്ടപ്രകാരമുള്ള ഭൂരിപക്ഷത്തോടുകൂടി അവിശ്വാസപ്രമേയം പാസ്സാക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം, അതതു സംഗതിപോലെ, അതേ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ പേരിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം സംബന്ധിച്ച് നോട്ടീസ്, ഇതേ സാഹചര്യത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസം പ്രകടിപ്പിക്കുന്ന നോട്ടീസ് സ്വീകരിക്കാൻ പാടില്ലാത്ത അതേ കാലയളവിൽ, സ്വീകരിക്കാൻ പാടില്ലാത്തതാണ്.

സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളുടെ നടപടിക്രമം

16. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗം.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരു പ്രാവശ്യം കാലാകാലങ്ങളിൽ ചെയർമാൻ നിശ്ചയിക്കുന്ന തീയതിയിലും സമയത്തും, പഞ്ചായത്ത് ഓഫീസിൽ യോഗം ചേരേണ്ടതാണ്.

എന്നാൽ, അടിയന്തിര സന്ദർഭങ്ങളിൽ ഒഴികെ, കമ്മിറ്റിയോഗം പൊതു ഒഴിവുദിനമോ രാവിലെ 9 മണിക്ക് മുൻപും വൈകുന്നേരം 6 മണിക്കുശേഷമുള്ള സമയത്തോ കൂടുവാൻ പാടില്ലാത്തതാണ്.

(2) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ആവശ്യാനുസരണം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിളിച്ചു കൂട്ടാവുന്നതും, സെക്രട്ടറിയോ കമ്മിറ്റിയിലെ മുന്നിൽ കുറയാത്ത അംഗങ്ങളോ ചർച്ച ചെയ്യേണ്ട വിഷയം അറിയിച്ചുകൊണ്ട് രേഖാമൂലം ആവശ്യപ്പെട്ടാൽ 48 മണിക്കുറിനുള്ളിൽ കമ്മിറ്റി യോഗം വിളിച്ചു കൂട്ടേണ്ടതുമാണ്.

(3) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, യോഗ തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം കൂടുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്ന് പൂർണ്ണ ദിവസങ്ങൾക്ക് മുൻപെങ്കിലും, അംഗങ്ങൾക്ക് നൽകേണ്ടതാണ്.

എന്നാൽ, അടിയന്തിര ഘട്ടത്തിൽ കുറഞ്ഞ സമയത്തെ നോട്ടീസ് നൽകി, ചെയർമാന്, കമ്മിറ്റിയോഗം വിളിച്ചുകൂട്ടാവുന്നതാണ്.

വിശദീകരണം.-മേൽപ്പറഞ്ഞ പൂർണ്ണ ദിവസങ്ങളിൽ പ്രഖ്യാപിത പൊതു ഒഴിവു ദിവസങ്ങൾ ഉൾപ്പെടുന്നതും നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാകുന്നു.

(4) ചെയർമാൻ, യോഗനോട്ടീസിന്റെയും അജണ്ടയുടെയും പകർപ്പ് ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

(5) ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി യോഗം കൂടുവാൻ നിശ്ചയിച്ചിട്ടുള്ള തീയതി, സമയം, യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നിവ എക്സ്-ഒഫീഷ്യോ അംഗമായ പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്.

(6) സെക്രട്ടറി, യോഗത്തിന്റെ അജണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി ആലോചിച്ച്, തയ്യാറാക്കേണ്ടതും കമ്മിറ്റിയുടെ പരിഗണന ആവശ്യമുള്ളതായി താൻ കരുതുന്ന വിഷയങ്ങളും ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതുമാണ്.

(7) സെക്രട്ടറിക്കും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതു വിഷയത്തെ സംബന്ധിച്ചും അഭിപ്രായം കുറിപ്പായി രേഖപ്പെടുത്താൻ അവകാശമുണ്ടായിരിക്കുന്നതും അപ്രകാരം രേഖപ്പെടുത്തുന്ന കുറിപ്പുകൾ ആ വിഷയം ചർച്ച ചെയ്യുമ്പോൾ കമ്മിറ്റി മുൻപാകെ സമർപ്പിക്കേണ്ടതുമാണ്.

(8) 162 എ വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട കാര്യങ്ങൾ ഒഴികെ യാതൊന്നും തന്നെ സ്റ്റാന്റിംഗ് കമ്മിറ്റി പരിഗണിക്കാൻ പാടില്ലാത്തതാണ്.

എന്നാൽ സ്റ്റാന്റിംഗ് കമ്മിറ്റിയെ ഏതെങ്കിലും കാര്യം അധികാരപ്പെടുത്തിയിട്ടുണ്ടോ എന്ന സംഗതിയിൽ സംശയമോ തർക്കമോ ഉണ്ടാവുകയാണെങ്കിൽ, സെക്രട്ടറി അത് സർക്കാരിനെ അറിയിക്കേണ്ടതും അക്കാര്യത്തിൻമേലുള്ള സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

(9) സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ക്വാറം മൂന്നായിരിക്കുന്നതും ക്വാറമില്ലാതെ കമ്മിറ്റി കൂടുവാൻ പാടില്ലാത്തതുമാണ്.

എന്നാൽ, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം നാലോ അതിൽ കുറവോ ആണെങ്കിൽ അങ്ങനെയുള്ള കമ്മിറ്റിയുടെ ക്വാറം രണ്ട് ആയിരിക്കുന്നതാണ്.

(10) സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടുപ്രകാരം തീരുമാനമെടുക്കേണ്ടതും എന്നാൽ, തുല്യ വോട്ട് വരുന്ന സന്ദർഭങ്ങളിൽ അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ട് വിനിയോഗിക്കാവുന്നതുമാണ്.

(11) സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നടപടിക്രമങ്ങൾ രേഖപ്പെടുത്താൻ ഒരു മിനിട്സ് ബുക്ക് ഉണ്ടായിരിക്കേണ്ടതും, കമ്മിറ്റിയുടെ തീരുമാനങ്ങൾ സെക്രട്ടറിയോ സെക്രട്ടറിയുടെ നിർദ്ദേശത്തിൻമേൽ 179-ാം വകുപ്പ് (11)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന എക്സ്-ഒഫീഷ്യോ സെക്രട്ടറിയോ മിനിട്സ് ബുക്കിൽ രേഖപ്പെടുത്തേണ്ടതും അദ്ധ്യക്ഷൻ അടിയിൽ ഒപ്പിടേണ്ടതുമാണ്.

(12) മിനിട്സ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം സെക്രട്ടറി ഏർപ്പെടുത്തേണ്ടതാണ്.

(13) സെക്രട്ടറി, സ്റ്റാന്റിംഗ് കമ്മിറ്റി പാസ്സാക്കുന്ന ഏതൊരു പ്രമേയവും പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ വയ്ക്കക്കേണ്ടതാണ്.

17. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രമേയം റദ്ദ് ചെയ്യുകയോ ഭേദഗതി വരുത്തുകയോ ചെയ്യൽ.- സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഏതൊരു പ്രമേയവും ഈ ആവശ്യത്തിനായി പ്രത്യേകം വിളിച്ചു കൂട്ടിയ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിലല്ലാതെയും 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള അംഗങ്ങളുടെ പകുതിയിലധികം അംഗങ്ങളുടെ പിന്തുണയോടെയുള്ള പ്രമേയം വഴിയല്ലാതെയും ഭേദഗതി ചെയ്യുവാനോ റദ്ദ് ചെയ്യാനോ പാടില്ലാത്തതാണ്. എന്നാൽ, സ്റ്റാന്റിംഗ് കമ്മിറ്റി അതിന്റെ ഒരു പ്രമേയവും അത് പാസ്സാക്കിയ തീയതി മുതൽ മൂന്നു മാസത്തിനു ശേഷം ഭേദഗതി ചെയ്യുവാനോ റദു ചെയ്യുവാനോ പാടില്ലാത്തതാണ്.

18. പൊരുത്തമില്ലാത്ത സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ.- സെക്രട്ടറി, രണ്ടോ അതിലധികമോ സ്റ്റാന്റിംഗ് കമ്മിറ്റികൾ ഒരേ വിഷയത്തിൻമേൽ പരസ്പര വിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്ന സംഗതിയിൽ ആയത് പഞ്ചായത്തിന്റെ പരിഗണനയ്ക്കു സമർപ്പിക്കേണ്ടതും അക്കാര്യത്തിൻമേലുള്ള പഞ്ചായത്തിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അപ്രകാരമുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവയ്ക്കക്കേണ്ടതുമാണ്.

19. റിക്കാർഡുകൾ മുതലായവ ആവശ്യപ്പെടുവാൻ കമ്മിറ്റിക്കുള്ള അധികാരം.- ഒരു സ്റ്റാന്റിംഗ് കമ്മിറ്റിക്ക് അതിന് ഏൽപിച്ചു കൊടുത്തിട്ടുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനായി സെക്രട്ടറിയോടോ എക്സ്-ഒഫീഷ്യോ സെക്രട്ടറിയോടോ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാരോടോ ഏതെങ്കിലും റിക്കാർഡോ, റിപ്പോർട്ടോ, റിട്ടേണോ, രേഖയോ, മറ്റു വിശദാംശങ്ങളോ ഹാജരാക്കാൻ ആവശ്യപ്പെടാവുന്നതും അതിന് യുക്തമെന്നു തോന്നുന്ന കൂടുതൽ വിശദീകരണം തേടുന്നതിനായി കമ്മിറ്റി യോഗത്തിൽ ഹാജരാകുവാൻ ആവശ്യപ്പെടാവുന്നതും അങ്ങനെ ആവശ്യപ്പെട്ടാൽ അവർ അത് പാലിക്കുവാൻ ബാദ്ധ്യസ്ഥരായിരിക്കുന്നതുമാണ്.

20. ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിഷയങ്ങളിലുള്ള നടപടിക്രമം.- സ്റ്റാന്റിംഗ് കമ്മിറ്റിയെ സംബന്ധിച്ച ഈ ചട്ടങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഏതെങ്കിലും സംഗതികളിൽ പഞ്ചായത്തിന് ആക്റ്റിലെ 256-ാം വകുപ്പിനു വിധേയമായി ബൈലാകൾ ഉണ്ടാക്കാവുന്നതാണ്.

അനുബന്ധം
ഫാറം 1
[8-ാം ചട്ടം (1)-ാം ഉപചട്ടം കാണുക]
സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ബാലറ്റ് പേപ്പർ
ക്രമനമ്പർ സ്ഥാനാർത്ഥിയുടെ പേർ സ്ഥാനാർത്ഥിക്കു നൽകുന്ന മുൻഗണന (ഒന്ന്, രണ്ട്, മൂന്ന്. എന്ന ക്രമത്തിൽ)

കുറിപ്പ്: വോട്ടു ചെയ്യുന്ന അംഗത്തിന്റെ പേരും, ഒപ്പും പുറകുവശത്ത് രേഖപ്പെടുത്തുക.

ഫാറം 2
[11-ാം ചട്ടം (1)-ാം ഉപചട്ടം കാണുക]
സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള ചെയർമാൻറെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ബാലറ്റ് പേപ്പർ
ക്രമനമ്പർ സ്ഥാനാർത്ഥിയുടെ പേർ വോട്ടടയാളം(ഒരു സ്ഥാനാർത്ഥിയുടെ പേരിനു നേരെ X എന്ന് രേഖപ്പെടുത്തുക)

കുറിപ്പ്: വോട്ടു ചെയ്യുന്ന അംഗത്തിന്റെ പേരും, ഒപ്പും പുറകുവശത്ത് രേഖപ്പെടുത്തുക.

ഫാറം 3
[14-ാം ചട്ടം (1)-ാം ഉപചട്ടം കാണുക]
രാജിക്കത്ത്

..........................................ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ.........................................സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനായ*(/അംഗമായ) ................................... എന്ന് ഞാൻ പ്രസ്തുത ചെയർമാൻ സ്ഥാനം/അംഗത്വം ഇതിനാൽ രാജിവെച്ചിരിക്കുന്നു.

സ്ഥലം:.........
തീയതി:. ഒപ്പും പേരും മേൽവിലാസവും

സാക്ഷ്യപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പും പേരും ഔദ്യോഗിക മേൽവിലാസവും (രാജിക്കത്ത് നേരിട്ട് പഞ്ചായത്ത് സെക്രട്ടറിയെ ഏൽപിക്കാൻ കഴിയാത്ത സംഗതിയിൽ മാത്രം പൂരിപ്പിക്കേണ്ടത്) .................................................
പഞ്ചായത്ത് സെക്രട്ടറി പുരിപ്പിക്കേണ്ടത്

ഈ രാജിക്കത്ത് ശ്രീ.................................................... എന്റെ മുമ്പിൽ വച്ച് ഒപ്പിട്ട്. -ാം തീയതി.മണിക്ക് എന്നെ നേരിട്ട് ഏൽപിച്ചു/ഈ രാജിക്കത്ത്.-ാം തീയതി. .മണിക്ക് രജിസ്റ്റേർഡ് തപാലിൽ എനിക്ക് ലഭിച്ചു.

സെക്രട്ടറിയുടെ ഒപ്പും തീയതിയും.

രാജിക്കത്ത് കൈപ്പറ്റിയതിനുള്ള രസീതി

(സെക്രട്ടറി പൂരിപ്പിച്ച ബന്ധപ്പെട്ട വ്യക്തിക്ക് നൽകേണ്ടത്)

..................ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തിലെ.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം *(/അംഗത്വം) രാജി വച്ചുകൊണ്ടുള്ള ശ്രീ. ..................................ന്റെ രാജി do6)00)..................-ാം തീയതി..............മണിക്ക് നേരിട്ട്/തപാൽ മാർഗ്ഗം ഞാൻ കൈപ്പറ്റിയിരിക്കുന്നു. മേൽപ്പറഞ്ഞ തീയതി മുതൽ രാജി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

സ്ഥലം.....................
തീയതി:. .ഒപ്പും പേരും
മേൽവിലാസവും

(ബാധകമല്ലാത്തത് വെട്ടിക്കളയുക)
ഫാറം 4
[15-ാം ചട്ടം (1)-ാം ഉപചട്ടം കാണുക]
അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച നോട്ടീസ്

സർ,

..................... പഞ്ചായത്തിലെ.സ്റ്റാന്റിംഗ് ചെയർമാനായ ശ്രീ.........................................ന്റെ പേരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കുവാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പ് അടക്കം ചെയ്തിട്ടുണ്ട്. സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള അംഗങ്ങളുടെ ആകെ എണ്ണം ആകുന്നു.

സ്ഥലം:........................ അംഗങ്ങളുടെ പേരും, ഒപ്പും വിലാസവും
തീയതി.

പട്ടിക I
(ചട്ടം 3 കാണുക)
ഗ്രാമ പഞ്ചായത്തിലെ/ ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണം
ചെയർമാൻ ഉൾപ്പെടെ സ്റ്റാൻറിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം
ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി വികസന സ്റ്റാൻറിംഗ് കമ്മിറ്റി ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻറിംഗ് കമ്മിറ്റി
(1) (2) (3) (4) (5)
13 3 3 3 3
14 4 3 3 3
15 4 4 3 3
16 4 4 4 3
17 4 4 4 4
18 5 4 4 4
19 5 5 4 4
20 5 5 5 4
21 5 5 5 5
22 6 5 5 5
23 6 6 5 5
പട്ടിക II
(ചട്ടം 3 കാണുക)
ജില്ലാ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണം
ചെയർമാൻ ഉൾപ്പെടെ സ്റ്റാൻറിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം
ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി വികസന സ്റ്റാൻറിംഗ് കമ്മിറ്റി പൊതുമരാമത്ത് സ്റ്റാൻിംഗ് കമ്മിറ്റി ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻറിംഗ് കമ്മിറ്റി
(1) (2) (3) (4) (5) (6)
16 3 3 3 3 3
17 4 3 3 3 3
18 4 4 3 3 3
19 4 4 4 3 3
20 4 4 4 4 3
21 4 4 4 4 4
22 5 4 4 4 4
23 5 5 4 4 4
24 5 5 5 4 4
25 5 5 5 5 4
26 5 5 5 5 5
27 6 5 5 5 5
28 6 6 5 5 5
29 6 6 6 5 5
30 6 6 6 6 5
31 6 6 6 6 6
32 6 6 6 6 6
വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 162-ാം വകുപ്പ് (7)-ാം ഉപവകുപ്പ് പ്രകാരം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എക്സ്-ഒഫിഷ്യോ അംഗമല്ലാത്ത ഒരംഗവും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനും നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ ആണ് രാജി നൽകേണ്ടത്. 162-ാം വകുപ്പ് (12)-ാം ഉപവകുപ്പ് പ്രകാരം നിർണ്ണയിക്കപ്പെട്ട വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി വേണം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം അവതരിപ്പിക്കേണ്ടത്. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാന്റെയും തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങളും ഫാറങ്ങളും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗം സംബന്ധിച്ച നടപടികളും നിർണ്ണയിക്കുവാൻ സർക്കാർ തീരുമാനിച്ചു. പ്രസ്തുത ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Ajijoseph

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ