Panchayat:Repo18/vol1-page0120

From Panchayatwiki

74. തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്ന രീതി.-

വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ബാലറ്റുവഴി നല്കപ്പെടേണ്ടതും യാതൊരു വോട്ടും പ്രതിപുരുഷൻ വഴി സ്വീകരിക്കാൻ പാടില്ലാത്തതും ആകുന്നു.

74എ. തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കൽ.-

ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് നൽകുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം സ്വീകരിക്കാവുന്നതാണ്.

വിശദീകരണം.- ഈ വകുപ്പിന്റെ ഉദ്ദേശത്തിനായി "വോട്ടിംഗ് യന്ത്രം” എന്നാൽ വോട്ടുകൾ നൽകുന്നതിനോ രേഖപ്പെടുത്തുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന ഏതൊരു ഇലക്സ്ട്രോണിക്സ് യന്ത്രമോ മറ്റേതെങ്കിലും യന്ത്രമോ എന്നർത്ഥമാകുന്നതും ഈ ആക്റ്റിൽ അല്ലെങ്കിൽ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിൽ ബാലറ്റ് പെട്ടി അല്ലെങ്കിൽ ബാലറ്റ് പേപ്പർ എന്ന ഏതൊരു പരാമർശവും, മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്യുന്നിടങ്ങളിലൊഴികെ, ഒരു വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും അങ്ങനെയുള്ള വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെടേണ്ടതുമാണ്.

75. സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനുള്ള പ്രത്യേക നടപടിക്രമം.-

സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനായി ഈ ആക്റ്റിന്റെ കീഴിൽ ചട്ടങ്ങൾമൂലം താഴെപ്പറയുന്നവയ്ക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്-

(എ) ഒരു പോളിങ്ങ് സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിനു വേണ്ടി ബാലറ്റ് പേപ്പറിനോ ബാലറ്റ് പേപ്പറുകൾക്കോ അപേക്ഷിക്കുന്ന ഏതൊരു സമ്മതിദായകനും അങ്ങനെയുള്ള പേപ്പറോ പേപ്പറുകളോ നല്കുന്നതിനു മുമ്പ് അയാളുടെ തള്ളവിരലിലോ മറ്റേതെങ്കിലും വിരലിലോ മായാത്ത മഷി കൊണ്ട് അടയാളപ്പെടുത്തുന്നതിനും;

(ബി) ഒരു പോളിങ്ങ് സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിന് ഏതെങ്കിലും ആൾ ഏതെങ്കിലും ബാലറ്റ് പേപ്പർ ആവശ്യപ്പെടുന്ന സമയത്ത് അയാളുടെ തള്ളവിരലിലോ മറ്റേതെങ്കിലും വിരലിലോ അപ്രകാരമുള്ള ഒരടയാളം ഉണ്ടായിരുന്നാൽ അയാൾക്ക് അങ്ങനെയുള്ള ബാലറ്റ് പേപ്പർ നല്കുന്നത് നിരോധിക്കുന്നതിനും.

76. വോട്ടുചെയ്യാനുള്ള അവകാശം.-

(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പു പട്ടികയിൽ തൽസമയം പേരു ചേർക്കപ്പെട്ടിട്ടില്ലാത്ത യാതൊരാൾക്കും ആ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതും, ഈ ആക്റ്റിൽ പ്രത്യക്ഷമായി വ്യവസ്ഥ ചെയ്തിരിക്കുന്നവിധമൊഴികെ, അങ്ങനെ പേർ ചേർക്കപ്പെട്ടിട്ടുള്ള ഏതൊരാൾക്കും ആ നിയോജക മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതുമാണ്.

(2) ഒരാൾ 17-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയനാണെങ്കിൽ അയാൾ യാതൊരു നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പാടുള്ളതല്ല.

(3) യാതൊരാളും ഒരു പൊതുതിരഞ്ഞെടുപ്പിൽ, ഒരേതരത്തിൽപ്പെട്ട ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ വോട്ടുചെയ്യാൻ പാടില്ലാത്തതും, ഒരാൾ അങ്ങനെയുള്ള ഒന്നിലധികം നിയോജ കമണ്ഡലങ്ങളിൽ വോട്ടു ചെയ്യുന്നുവെങ്കിൽ, അങ്ങനെയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലേയും അയാളുടെ വോട്ടുകൾ അസാധുവായിരിക്കുന്നതുമാണ്.

(4) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരേ നിയോജകമണ്ഡലത്തിൽ ആ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പു പട്ടികയിൽ തന്റെ പേർ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്തിട്ടു