Panchayat:Repo18/Law Manual Page0876

From Panchayatwiki

29[(4) കെട്ടിട ഉടമ വസ്തുനികുതി റിട്ടേൺ സമർപ്പിച്ച സംഗതിയിൽ, സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ കെട്ടിടത്തെ സംബന്ധിച്ച വിവരങ്ങൾ ആറു മാസത്തിനകം സ്ഥലത്ത് പോയി ഫാറം 6-ൽ ശേഖരിക്കേണ്ടതും, അപ്രകാരം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെക്രട്ടറി വസ്തുനികുതിനിർണ്ണയം നടത്തേണ്ടതും ആ വിവരം വസ്തുനികുതിനിർണ്ണയ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.)

30[x Xx]

31 [(6) കെട്ടിട ഉടമ വസ്തുനികുതി റിട്ടേൺ അനുവദിക്കപ്പെട്ട സമയത്തിനകം സമർപ്പിക്കാതിരുന്നാൽ, സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ 6 മാസത്തിനകം കെട്ടിടത്തെ സംബന്ധിച്ച വിവരങ്ങൾ സ്ഥലത്ത് പോയി, ഫാറം 6-ൽ ശേഖരിച്ച് നൽകുന്നതനുസരിച്ച് സെക്രട്ടറി ചട്ടങ്ങൾ പ്രകാരം കെട്ടിടത്തിന്റെ വസ്തുനികുതി നിർണ്ണയിക്കേണ്ടതും പ്രസ്തുത വിവരങ്ങൾ വസ്തുനികുതിനിർണ്ണയ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും അപ്രകാരം നികുതി നിർണ്ണയിക്കപ്പെട്ട വിവരം ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 7-ൽ കെട്ടിട ഉടമയെ അറിയിക്കേണ്ടതുമാണ്. ഇപ്രകാരം കെട്ടിടത്തെ സംബന്ധിച്ച വിവരങ്ങൾ സ്ഥലത്തുപോയി ശേഖരിച്ചതിന്റെ ചാർജ്ജായി കെട്ടിട ഉടമയിൽനിന്ന് 50 രൂപയിൽ അധികരിക്കാത്ത തുക ഡിമാന്റിൽ ഉൾപ്പെടുത്തി ഈടാക്കാവുന്നതും, ഇതിലേക്കുള്ള അറിയിപ്പ് ഫാറം 7-ൽ നൽകേണ്ടതുമാണ്.

(7) കെട്ടിട ഉടമ സമർപ്പിക്കുന്ന വസ്തു നികുതി റിട്ടേൺ സൂക്ഷ്മ പരിശോധന നടത്തി നികുതി നിർണ്ണയിക്കുവാനോ, കെട്ടിടത്തെ സംബന്ധിച്ച് സ്ഥലത്ത് പോയി അന്വേഷണം നടത്തി സെക്രട്ടറിക്ക് വിവരങ്ങൾ നൽകുവാനോ, അപ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നികുതി നിർണ്ണയിക്കുവാനോ ചുമതലപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും വസ്തു നിഷ്ഠമായും സത്യസന്ധമായും കൃത്യനിഷ്ഠയോടെയും തന്റെ ചുമതല നിർവ്വഹിക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ വീഴ്ച വരുത്തിയതുമൂലം ഗ്രാമപഞ്ചായത്തിന് ഉണ്ടായതോ ഉണ്ടാകുമായിരുന്നതോ ആയ നഷ്ടം പ്രസ്തുത ഉദ്യോഗസ്ഥനിൽ നിന്ന് ഗ്രാമപഞ്ചായത്ത് ഈടാക്കേണ്ടതുമാണ്. ഇപ്രകാരം നഷ്ടം ഈടാക്കുന്നത് പ്രസ്തുത ഉദ്യോഗസ്ഥനെതിരെ കൃത്യവിലോപത്തിന് സ്വീകരിച്ചേക്കാവുന്ന വകുപ്പുതല ശിക്ഷണ നടപടികൾക്ക് തടസ്സമായിരിക്കുന്നതല്ല.

(8) കെട്ടിടത്തെ സംബന്ധിച്ച് സ്ഥലത്ത് പോയി അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിക്കാൻ സെക്രട്ടറി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താത്ത പക്ഷം, തന്മൂലം ഉണ്ടാകാവുന്ന നഷ്ടത്തിന് സെക്രട്ടറി ഉത്തരവാദിയായിരിക്കുന്നതാണ്.

(9) വസ്തു നികുതിനിർണ്ണയത്തിന്റെ ആവശ്യത്തിലേക്കായി സെക്രട്ടറിക്കോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ 241-ാം വകുപ്പ് അനുവദിക്കുന്ന പ്രകാരം ഏതൊരു കെട്ടിടത്തിലും പ്രവേശിക്കുവാനും പരിശോധന നടത്തുവാനും അധികാരമുണ്ടായിരിക്കുന്നതാണ്.