കേരള പഞ്ചായത്ത് രാജ് (സ്ഥാനാർത്ഥികളേയും അംഗങ്ങളേയും ചില സംഗതികളിൽ

From Panchayatwiki

1995-ലെ കേരള പഞ്ചായത്ത് രാജ് (സ്ഥാനാർത്ഥികളെയും അംഗങ്ങളെയും ചിലസംഗതികളിൽ അയോഗ്യതയിൽ നിന്നും ഒഴിവാക്കൽ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1021/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 34-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ജി) എന്ന ഖണ്ഡവും 35-ാം വകുപ്പ് (എഫ്) എന്ന ഖണ്ഡവും 254-ാം വകുപ്പും മൂലം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിയാലോചിച്ച് താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-
 (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (സ്ഥാനാർത്ഥികളെയും അംഗങ്ങളെയും ചില സംഗതികളിൽ അയോഗ്യതയിൽ നിന്നും ഒഴിവാക്കൽ) ചട്ടങ്ങൾ എന്ന പേരു പറയാം. 

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ-

ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തു രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) 'അംഗം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗം എന്നർത്ഥ മാകുന്നു.

3. സ്ഥാനാർത്ഥികളെയും അംഗങ്ങളെയും ചില സംഗതികളിൽ അയോഗ്യതയിൽ നിന്നും ഒഴിവാക്കൽ.-

ഒരാൾക്കു ഓഹരിയോ താൽപര്യമോ ഉണ്ടെന്നുള്ള ഒറ്റ കാരണത്തിന്മേൽ ബന്ധപ്പെട്ട പഞ്ചായത്തുമായി ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ, ആക്ടിന്റെ 34-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ജി) എന്ന ഖണ്ഡപ്രകാരമോ 35-ാം വകുപ്പ് (എഫ്) എന്ന ഖണ്ഡപ്രകാരമോ അവകാശബന്ധമുണ്ടെന്നു താഴെ പറയുന്ന സംഗതികളിൽ കരുതപ്പെടുന്നതല്ല.

(i) ഒരു സ്ഥാവര വസ്തുവിന്റെ വിൽപ്പന, വാങ്ങൽ, പാട്ട കൈമാറ്റം അല്ലെങ്കിൽ അതു സംബന്ധിച്ച ഏതെങ്കിലും കരാറിൽ ഏർപ്പെടൽ; അല്ലെങ്കിൽ

(ii) പഞ്ചായത്തിലേക്ക് ഒരാൾ സാധാരണയായി കച്ചവടം നടത്തുന്ന ഏതെങ്കിലും സാധനത്തിന്റെയോ സാധനങ്ങളുടെയോ വിൽപ്പനയിലോ, അല്ലെങ്കിൽ പഞ്ചായത്തിൽ നിന്ന് ഏതെങ്കിലും സാധനത്തിന്റെയോ സാധനങ്ങളുടെയോ വാങ്ങലിലോ, ഇടപാടു കാലാവധിക്കുള്ളിൽ ഒരു വർഷത്തിൽ മൊത്തം ഗ്രാമപഞ്ചായത്തുമായി അയ്യായിരം രൂപയിലും, ബ്ലോക്ക് പഞ്ചായത്തുമായി ഏഴായിരം രൂപയിലും ജില്ലാ പഞ്ചായത്തുമായി പതിനായിരം രൂപയിലും കവിയാതെ മൂല്യമുള്ള കച്ചവടത്തിന്റെ സംഗതിയിൽ; അല്ലെങ്കിൽ

(iii) സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഒരു കരാറുകാരൻ എന്ന നിലയിലല്ലാതെ സമൂഹത്തിന്റെയോ സ്പോൺസറിന്റെയോ ഒരു പ്രതിനിധി എന്ന നിലയിൽ പഞ്ചായത്തിലെ ഏതെങ്കിലും സഹായകമായ പണി ഏറ്റെടുക്കൽ; അല്ലെങ്കിൽ

(iv) പഞ്ചായത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാരാവശ്യത്തിനു വാടകവ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുക്കൽ.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ