കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥൻമാരും

From Panchayatwiki

2007-ലെ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 695/2007-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 185 എ വകുപ്പ് (1)-ാം ഉപവകുപ്പിനോട് 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും 255-ാം വകുപ്പും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2007-ലെ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(എ) “ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

(ബി) "കമ്മിറ്റി' എന്നാൽ 162-ാം വകുപ്പ് പ്രകാരം ഒരു പഞ്ചായത്തിൽ രൂപീകരിച്ച ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയോ 162 ബി വകുപ്പ് പ്രകാരം രൂപീകരിച്ച സ്റ്റീയറിംഗ് കമ്മിറ്റിയോ പഞ്ചായത്തംഗങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് രൂപീകരിച്ച പഞ്ചായത്തിന്റെ മറ്റേതെങ്കിലും കമ്മിറ്റിയോ എന്നർത്ഥമാകുന്നു;

(സി) "തെരഞ്ഞെടുക്കപ്പെട്ട അധികാരി' എന്നാൽ പഞ്ചായത്ത് കമ്മിറ്റിയോ മറ്റേതെങ്കിലും കമ്മിറ്റിയോ എന്നർത്ഥമാകുന്നതും, സന്ദർഭം ആവശ്യപ്പെടുന്നതനുസരിച്ച്, തെരഞ്ഞെടുക്കപ്പെട്ട അധികാരി എന്നതിൽ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗം എന്നിവർ ഉൾപ്പെടുന്നതുമാകുന്നു;

(ഡി) "ഉദ്യോഗസ്ഥൻ' എന്നതിൽ 179-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട സെക്രട്ടറിയും, 180-ാം വകുപ്പ് (4)-ാം ഉപവകുപ്പിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻ (1960-ലെ 32) കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് സർവ്വീസിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരും ജീവനക്കാരും 176-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 181-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ജീവനക്കാരനും ഉൾപ്പെടുന്നതാണ്.

(ഇ) 'പഞ്ചായത്ത്' എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(എഫ്) 'പഞ്ചായത്ത് കമ്മിറ്റി" എന്നാൽ ഒരു പഞ്ചായത്തിലെ, എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന ഭരണ നിർവ്വഹണ കമ്മിറ്റി എന്നർത്ഥമാകുന്നു;

(ജി) "സെക്രട്ടറി' എന്നാൽ ഒരു പഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(എച്ച്) “വകുപ്പ്" എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഐ) പുല്ലിംഗ പ്രയോഗത്തിൽ ആവശ്യമുള്ളിടത്ത് സ്ത്രീലിംഗമായും കരുതേണ്ടതാണ്.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. അധികാരവിനിയോഗവും കർത്തവ്യ നിർവ്വഹണവും.- (1) ഏതൊരു തെരഞ്ഞെടുക്കപ്പെട്ട അധികാരിയും ഉദ്യോഗസ്ഥനും, ആക്റ്റ് പ്രകാരവും ചട്ടങ്ങൾ പ്രകാരവും, അതത് സംഗതി പോലെ, തെരഞ്ഞെടുക്കപ്പെട്ട അധികാരിയിൽ അഥവാ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിലും കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലും സൗഹാർദ്ദപരമായ സഹവർത്തിത്വം പുലർത്തേണ്ടതും ഇതിന് ഭംഗം വരുത്തിയേക്കാവുന്ന രീതിയിലുള്ള യാതൊരു പെരുമാറ്റവും ഇരുകൂട്ടരിൽ നിന്നും ഉണ്ടാകുവാൻ പാടില്ലാത്തതുമാകുന്നു.

(2) അധികാരങ്ങൾ വിനിയോഗിക്കുന്നതിലും കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലും തെരഞ്ഞെടുക്കപ്പെട്ട അധികാരിയും ഉദ്യോഗസ്ഥനും, അവരവരുടെ നിയമാധിഷ്ഠിത പരിധികൾ ലംഘിക്കാൻ പാടില്ലാത്തതും, നിയമങ്ങളോ ചട്ടങ്ങളോ നിയമപരമായ ഉത്തരവുകളോ നിർദ്ദേശങ്ങളോ ലംഘിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കേണ്ടതുമാണ്.

(3) നിയമാനുസൃതമായ നിർദ്ദേശങ്ങൾ, തന്റെ അധികാരപരിധിക്ക് വിധേയമായി, ഒരു ഉദ്യോഗസ്ഥന് നൽകുവാൻ ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരിക്ക് അധികാരമുണ്ടായിരിക്കുന്നതും അത് പാലിക്കുവാൻ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനായിരിക്കുന്നതുമാണ്. എന്നാൽ അപ്രകാരമുള്ള നിർദ്ദേശങ്ങൾ വാക്കാൽ നൽകുന്നപക്ഷം, അവ നടപ്പിലാക്കുന്നതിനുമുമ്പ് രേഖാമൂലം സ്ഥിരീകരിക്കേണ്ടതാണ്.

(4) ഒരു ഉദ്യോഗസ്ഥന്റെ പക്കൽ ലഭ്യമായ ഏതൊരു ഔദ്യോഗിക വിവരവും അയാളിൽ നിന്ന് ആവശ്യപ്പെടാൻ ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരിക്ക് അധികാരമുണ്ടായിരിക്കുന്നതും, അതു നൽകുവാൻ, നിയമപരമായി തടസ്സമൊന്നുമില്ലെങ്കിൽ, ആ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനായിരിക്കുന്നതുമാണ്.

(5) കർത്തവ്യ നിർവ്വഹണത്തിൽ അലസത, നിസ്സംഗത, ഉപേക്ഷ, വീഴ്ച, ഒഴിവ് കഴിവ്, നിഷ്ക്രിയത്വം, കാലതാമസം തുടങ്ങിയവ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുവാൻ പാടില്ലാത്തതും, ഇതിന്റെ ലംഘനം ചോദ്യം ചെയ്യുവാനും നിയമാനുസ്യത നടപടി സ്വീകരിക്കുവാനും തെരഞ്ഞെടുക്കപ്പെട്ട അധികാരികൾക്ക് അവകാശമുണ്ടായിരിക്കുന്നതുമാണ്.

(6) ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന സംഗതികളിൽ, തെരഞ്ഞെടുക്കപ്പെട്ട അധികാരികൾക്ക് വസ്തുതാപരവും നിയമാനുസൃതവും സത്യസന്ധവുമായ ഉപദേശം തക്കസമയത്ത് നൽകുന്നതിന് നിയമാനുസൃതമായി അധികാരമുള്ള ഉദ്യോഗസ്ഥന് അവകാശവും ബാധ്യതയും ഉണ്ടായിരിക്കുന്നതും അപ്രകാരം നൽകുന്ന ഉപദേശങ്ങൾ രേഖാമൂലം ആയിരിക്കേണ്ടതും അവയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ അർഹമായ പരിഗണന നൽകേണ്ടതുമാണ്. മതിയായ കാരണങ്ങളില്ലാതെ അപ്രകാരമുള്ള ഉപദേശം നൽകാതിരിക്കുന്നതും തെറ്റായ ഉപദേശം നൽകുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കൃത്യവിലോപമായി കണക്കാക്കപ്പെടുന്നതാണ്.

(7) ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തിൽ നടപടിക്രമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുവാനും അവരുടെ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുവാനും അവർക്ക് തൊഴിൽപരമായ അവകാശവും സ്വാതന്ത്ര്യവും ചുമതലയും ഉണ്ടായിരിക്കുന്നതും അപ്രകാരമുള്ള അവരുടെ അവകാശവും സ്വാതന്ത്ര്യവും മാനിക്കുവാനും സംരക്ഷിക്കുവാനും അവയിൽ ഇടപെടാതിരിക്കുവാനും തെരഞ്ഞെടുക്കപ്പെട്ട അധികാരികൾക്ക് ബാധ്യതയുണ്ടായിരിക്കുന്നതുമാണ്.

(8) ഉദ്യോഗസ്ഥരുടെ നിയമപരമായും സർവ്വീസ് സംബന്ധമായുമുള്ള അവകാശങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ ന്യായമായ പരിഗണനയും പരിരക്ഷയും നൽകേണ്ടതാണ്.

(9) ഉദ്യോഗസ്ഥരുടെ ചുമതലകൾ കൃത്യമായും, കാര്യക്ഷമമായും, നിർഭയമായും, അവിഹിത ഇടപെടലുകൾ കൂടാതെയും നിർവഹിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ അവരെ അനുവദിക്കേണ്ടതും അതിന് പ്രോത്സാഹിപ്പിക്കേണ്ടതുമാണ്

(10) ഒരു ഉദ്യോഗസ്ഥനിൽ സ്വതന്ത്രമായും തനിച്ചും നിർവ്വഹിക്കേണ്ടതായ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോ കർത്തവ്യങ്ങളോ ചുമതലകളോ നിക്ഷിപ്തമായിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള അധികാരങ്ങളോ, കർത്തവ്യങ്ങളോ, ചുമതലകളോ ആ ഉദ്യോഗസ്ഥൻ നിർവ്വഹിക്കുന്നതിൽ യാതൊരു തെരഞ്ഞെടുക്കപ്പെട്ട അധികാരിയും ഇടപെടുകയോ ഉദ്യോഗസ്ഥനെ സ്വാധീനിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.

4. മാന്യമായ പെരുമാറ്റം.- (1) ജനാധിപത്യ ഭരണ വ്യവസ്ഥയനുസരിച്ച് പഞ്ചായത്തിന്റെ ഭരണ നിർവ്വഹണ ചുമതലയുള്ള തെരഞ്ഞെടുക്കപ്പെട്ട അധികാരികളെ ഉദ്യോഗസ്ഥർ ബഹുമാനിക്കേണ്ടതും അതനുസരിച്ച് അവരോട് പെരുമാറേണ്ടേതുമാണ്.

(2) പഞ്ചായത്തിന്റെ ഭരണ നിർവ്വഹണ സംബന്ധമായ ആവശ്യങ്ങൾക്ക് സേവനമനുഷ്ഠിക്കുവാൻ നിയോഗിക്കപ്പെട്ടവരും അതിന് തയ്യാറായവരും എന്ന നിലയ്ക്ക് ഉദ്യോഗസ്ഥരോട് തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ മാന്യമായും മര്യാദയായും പെരുമാറേണ്ടതും അവർ നൽകുന്ന സേവനങ്ങളെ വിലമതിക്കേണ്ടതുമാണ്.

(3) തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയത്തിലും സംഭാഷണത്തിലും എല്ലായ്പ്പോഴും പരസ്പരം മാന്യത പുലർത്തേണ്ടതും പരുഷമായ ഭാഷയോ സഭ്യേതര വാക്കോ പ്രയോഗമോ ഉപയോഗിക്കാൻ പാടില്ലാത്തതുമാകുന്നു. അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും അംഗവിക്ഷേപങ്ങളും അക്രമ നടപടികളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ പാടുള്ളതല്ല.

(4) തെരഞ്ഞെടുക്കപ്പെട്ട അധികാരി ഒരു ഉദ്യോഗസ്ഥനെതിരെയും, തിരിച്ചും, മനോവ്യഥയുളവാക്കുന്ന തരത്തിൽ, ദുരാരോപണങ്ങൾ ഉന്നയിക്കുകയോ, കുറ്റപ്പെടുത്തി സംസാരിക്കുകയോ, നിന്ദിക്കുകയോ, ഇകഴ്ത്തുകയോ, അപകീർത്തിപ്പെടുത്തുകയോ ചെയ്യാൻ പാടുള്ളതല്ല. ഇരുകൂട്ടരും പരസ്പരം അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കേണ്ടതാണ്.

(5) തെരഞ്ഞെടുക്കപ്പെട്ട അധികാരി ഒരു ഉദ്യോഗസ്ഥനെതിരെയും തിരിച്ചും സ്വഭാവഹത്യക്ക് ശ്രമിക്കാൻ പാടില്ലാത്തതും അപമാനത്തിന് ഇടയാക്കുന്ന തരത്തിൽ പെരുമാറാൻ പാടില്ലാത്തതുമാകുന്നു.

5. യോഗങ്ങളിലും മറ്റും പങ്കെടുക്കൽ.- (1) പഞ്ചായത്തിന് ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട ഏതൊരു കൂടിക്കാഴ്ചക്കോ യോഗത്തിലോ ഹാജരാകുവാൻ ഒരു ഉദ്യോഗസ്ഥനോട്, പ്രസ്തുത കൂടിക്കാഴ്ചയോ യോഗമോ നടത്തുവാൻ ആധികാരികതയുള്ള തെരഞ്ഞെടുക്കപ്പെട്ട അധികാരി നിർദ്ദേശിക്കുന്നപക്ഷം, പ്രസ്തുത ഉദ്യോഗസ്ഥൻ ആ കൂടിക്കാഴ്ചയ്ക്ക് അഥവാ യോഗത്തിൽ ഹാജരാകുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും, മതിയായ കാരണങ്ങളില്ലാതെ അയാൾ കൂടിക്കാഴ്ചയ്ക്ക് അഥവാ യോഗത്തിൽ ഹാജരാകാതിരിക്കുകയും ചർച്ചകളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അത് കൃത്യനിർവഹണത്തിലെ വീഴ്ച എന്നതിന് പുറമെ തെരഞ്ഞെടുക്കപ്പെട്ട അധികാരിയോടു കാണിക്കുന്ന ബഹുമാനക്കുറവായി കണക്കാക്കപ്പെടുന്നതാണ്.

(2) ഔദ്യോഗിക യോഗങ്ങളിലും കൂടിക്കാഴ്ചകളിലും സംബന്ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും അന്തസ്സും പദവിയും അന്യോന്യം മാനിച്ചുകൊണ്ട് യോഗ നടപടികളിലും ചർച്ചകളിലും പങ്കെടുക്കേണ്ടതാണ്.

(3) ഉദ്യോഗസ്ഥർ യോഗത്തിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ചർച്ചകളുടെ മിനിട്സിൽ ഉൾപ്പെടുത്തേണ്ടതാണ്.

6. സ്വാധീനങ്ങൾക്ക് വഴങ്ങാതിരിക്കൽ.- (1) വ്യവസ്ഥകൾക്ക് എതിരോ, വ്യവസ്ഥകൾക്ക് അതീതമോ, സ്വജനപക്ഷപാതപരമോ, അഴിമതിക്ക് ഇടനൽകുന്നതോ, സത്യത്തിന് വിരുദ്ധമോ, സംശുദ്ധഭരണത്തിന്റെ താൽപ്പര്യത്തിന് നിരക്കാത്തതോ ആയ പ്രവർത്തനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട അധികാരിയോ ഉദ്യോഗസ്ഥനോ ഏർപ്പെടുവാൻ പാടില്ലാത്തതും, അതിനായി തെരഞ്ഞെടുക്കപ്പെട്ട അധികാരി ഉദ്യോഗസ്ഥനെയോ, തിരിച്ചോ, പ്രേരിപ്പിക്കുവാനോ സ്വാധീനിക്കുവാനോ നിർബന്ധിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ ഉപദ്രവിക്കുവാനോ പാടില്ലാത്തതുമാകുന്നു.

(2) ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ അനർഹമായ സാമ്പത്തിക നേട്ടം ആർക്കെങ്കിലും ഉണ്ടാക്കുന്നതിന് പഞ്ചായത്തിന്റെ സമ്പത്തോ, വിഭവങ്ങളോ, സൗകര്യങ്ങളോ ഉപയോഗിക്കുവാൻ പാടില്ലാത്തതും ഈ ആവശ്യത്തിനായി ഒരാൾ മറ്റെയാളെ സ്വാധീനിക്കുവാനോ ഉപയോഗപ്പെടുത്തുവാനോ പാടില്ലാത്തതുമാകുന്നു. അതിനു വിപരീതമായി പ്രവർത്തിക്കുന്നതിന് ശ്രമിച്ചാൽ, അതതു സംഗതിപോലെ, തെരഞ്ഞെടുക്കപ്പെട്ട അധികാരി അല്ലെങ്കിൽ ഉദ്യോഗസ്ഥൻ അതിന് വഴങ്ങാൻ പാടുള്ളതല്ല.

(3) ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ രാഷ്ട്രീയബന്ധം, അനുഭാവം, രാഷ്ട്രീയ പ്രവർത്തനരീതി തുടങ്ങിയവ ഒരു ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുവാൻ പാടില്ലാത്തതും അവ തന്റെ കൃത്യനിർവ്വഹണത്തെയും തെരഞ്ഞെടുക്കപ്പെട്ട അധികാരിയോടുള്ള പെരുമാറ്റത്തെയും സ്വാധീനിക്കുവാൻ പാടില്ലാത്തതുമാകുന്നു.

(4) തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും ജനക്ഷേമത്തിനുവേണ്ടി ഒത്തൊരുമിച്ച് പക്ഷപാതരഹിതമായി പ്രവർത്തിക്കേണ്ടതും ഒരാളോടും ജാതി, മതം, വംശം, വർണ്ണം, ലിംഗം, രാഷ്ട്രീയം, പ്രാദേശികത്വം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുവാൻ പാടില്ലാത്തതുമാകുന്നു.

7. നടപടികളുടെ ഉത്തരവാദിത്വം.- (1) തെരഞ്ഞെടുക്കപ്പെട്ട അധികാരിയോ ഉദ്യോഗസ്ഥനോ സ്വീകരിക്കുന്ന തീരുമാനത്തിനും ഏതൊരു നടപടിക്കും, അതത് സംഗതിപോലെ, തെരഞ്ഞെടുക്കപ്പെട്ട അധികാരിയോ ഉദ്യോഗസ്ഥനോ ഉത്തരവാദിയായിരിക്കുന്നതാണ്. തെറ്റായ തീരുമാനമോ നടപടിയോ മൂലം പഞ്ചായത്തിനോ മറ്റാർക്കെങ്കിലുമോ ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക്, അതത് സംഗതിപോലെ തെരഞ്ഞെടുക്കപ്പെട്ട അധികാരി, അഥവാ ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കുന്നതാണ്. തെറ്റായ തീരുമാനങ്ങൾക്കും നടപടികൾക്കും തന്മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിയായ തെരഞ്ഞെടുക്കപ്പെട്ട അധികാരി, പഞ്ചായത്ത് കമ്മിറ്റിയോ മറ്റേതെങ്കിലും കമ്മിറ്റിയോ ആയിരിക്കുന്ന സംഗതിയിൽ, ആ കമ്മിറ്റിയിലെ ഓരോ അംഗവും പ്രസ്തുത തീരുമാനങ്ങൾക്കും നടപടികൾക്കും കഷ്ടനഷ്ടങ്ങൾക്കും കൂട്ടുത്തരവാദിയായിരിക്കുന്നതാണ്.

എന്നാൽ തീരുമാനത്തിനെതിരായി വോട്ട് ചെയ്തിട്ടുള്ള അംഗവും നിയമാനുസൃതം വിയോജനക്കുറിപ്പ് നൽകിയിട്ടുള്ള അംഗവും ഉദ്യോഗസ്ഥനും തീരുമാനമെടുത്ത യോഗത്തിൽ ഹാജരില്ലാതിരുന്ന അംഗവും തെറ്റായ തീരുമാനത്തിനും നടപടികൾക്കും ഉത്തരവാദിയായിരിക്കുന്നതല്ല.

(2) പഞ്ചായത്ത് കമ്മിറ്റിക്ക് അഥവാ മറ്റേതെങ്കിലും കമ്മിറ്റിക്ക് ആവശ്യമായ ഉപദേശം നൽകാൻ ബാധ്യസ്ഥനായ ഒരു ഉദ്യോഗസ്ഥൻ മതിയായ കാരണങ്ങളില്ലാതെ അപ്രകാരം ഉപദേശം നൽകാതിരുന്നതുകൊണ്ടോ തെറ്റായ ഉപദേശം നൽകിയതുകൊണ്ടോ ഉണ്ടായ തെറ്റായ തീരുമാനങ്ങൾക്കും നടപടികൾക്കും കഷ്ടനഷ്ടങ്ങൾക്കും അംഗങ്ങൾക്ക് പുറമെ പ്രസ്തുത ഉദ്യോഗസ്ഥൻകൂടി ഉത്തരവാദിയായിരിക്കുന്നതാണ്.

(3) പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ ഒരു അഴിമതി പ്രവൃത്തി അല്ലെങ്കിൽ തെറ്റായ മറ്റേതെങ്കിലും പ്രവൃത്തി ചെയ്തതായി അവരിൽ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അയാൾക്ക് അത്, അതത് സംഗതിപോലെ, ബന്ധപ്പെട്ട അധികാരസ്ഥാനത്തെ അല്ലെങ്കിൽ മേലധികാരിയെ അറിയിക്കുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്. അപ്രകാരം അറിയിക്കുന്ന നടപടി അവർ തമ്മിലുണ്ടായിരിക്കേണ്ട മാന്യമായ പെരുമാറ്റത്തിന്റെ ലംഘനമായി കരുതാനോ തുടർന്നുള്ള പെരുമാറ്റത്തെ സ്വാധീനിക്കാനോ പാടില്ലാത്തതുമാകുന്നു.

8. പഞ്ചായത്തിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത- (1) പഞ്ചായത്തിന്റെ ഫണ്ട്, ആസ്തി, വിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും വിനിയോഗിക്കുന്നതിലും സ്വയാർജ്ജിത സമ്പത്തിന്റെ കാര്യത്തിലെന്നപോലെ തെരഞ്ഞെടുക്കപ്പെട്ട അധികാരിയും, ഉദ്യോഗസ്ഥനും ഉത്തരവാദിത്വബോധം പ്രകടിപ്പിക്കേണ്ടതും അതനുസരിച്ച് പ്രവർത്തിക്കേണ്ടതുമാണ്. (2) പഞ്ചായത്തിൽ സാമ്പത്തിക വികസനവും സാമൂഹ്യനീതിയും മുൻനിർത്തിയുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും സമ്പത്തിന്റെ വിനിയോഗത്തിന് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവർത്തിക്കേണ്ടതാണ്.

(3) പഞ്ചായത്തിൽ സൽഭരണം കാഴ്ച വയ്ക്കുന്നതിനായി നിയമവാഴ്ച, നീതി നടത്തിപ്പ്, സുതാര്യത, തുടങ്ങിയ ഉന്നത മൂല്യങ്ങളോട് ആദരവും, അച്ചടക്കം, കൃത്യനിഷ്ഠ, മാന്യമായ പെരുമാറ്റം, സത്യസന്ധത, ദേശീയബോധം, ആർജ്ജവം തുടങ്ങിയ സ്വഭാവ ഗുണങ്ങളോട് ആഭിമുഖ്യവും പ്രകടമാക്കുന്ന തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും എല്ലായ്പ്പോഴും എല്ലാവരോടും പെരുമാറേണ്ടതാണ്.

9. പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനത്തിന്മേൽ നടപടി.- (1) ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരി ഈ ചട്ടങ്ങളിൽ പരാമർശിക്കുന്ന ഏതെങ്കിലുമൊരു പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഒരു ഉദ്യോഗസ്ഥന്റെയോ, മറ്റാരുടെയെങ്കിലുമോ ഏതൊരു പരാതിയും 185 എ വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.

(2) ഒരു ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ പരാതി ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.

(3) ഓംബുഡ്സ്മാൻ മുമ്പാകെ ഒരു ഉദ്യോഗസ്ഥൻ പരാതി സമർപ്പിക്കുന്ന സംഗതിയിൽ പരാതിയുടെ പകർപ്പ് ഉദ്യോഗസ്ഥൻ തന്റെ മേലുദ്യോഗസ്ഥന് നൽകേണ്ടതാണ്.

(4) (1)-ഉം (2)-ഉം ഉപചട്ടങ്ങൾ പ്രകാരം ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതി പരിഗണിക്കുകയും പരിശോധിക്കുകയും ആവശ്യമെങ്കിൽ വിശദമായ അന്വേഷണം നടത്തുകയും ചെയ്തശേഷം അതിന്റെ റിപ്പോർട്ട് യുക്തമായ ശുപാർശയോടുകൂടി ഉചിതമായ നടപടികൾക്കായി സർക്കാരിന് അയച്ചുകൊടുക്കേണ്ടതും ഓംബുഡ്സ്മാൻ സമർപ്പിക്കുന്ന റിപ്പോർട്ട് സർക്കാർ പരിശോധിച്ചശേഷം നിയമാനുസൃതവും ഉചിതവുമായ നടപടി സ്വീകരിക്കേണ്ടതുമാണ്.

(5) ഓംബുഡ്സ്മാന്റെ അന്വേഷണത്തിൽ, ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തുന്നപക്ഷം പ്രസ്തുത ലംഘനത്തിന്റെ ഗുരു ലഘുത്വം കണക്കിലെടുത്ത്, ആയിരം രൂപ വരെ ആകാവുന്ന തുക പിഴയായി ചുമത്തുവാൻ സർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ ഓംബുഡ്സ്മാന് ശുപാർശ ചെയ്യാവുന്നതാണ്.

(6) ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന്റെ മേൽ പിഴ ചുമത്തുവാൻ ഓംബുഡ്സ്മാൻ ശുപാർശ നൽകിയിട്ടുള്ള സംഗതിയിൽ, പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട അധികാരിക്ക് അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന്, അപ്രകാരമുള്ള പിഴ ചുമത്താതിരിക്കാൻ കാരണമെന്തെങ്കിലുമുണ്ടെങ്കിൽ അത് ബോധിപ്പിക്കുവാൻ സർക്കാർ ഒരവസരം നൽകേണ്ടതും അതനുസരിച്ച് ലഭിക്കുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് കാണുന്ന പക്ഷം ഓംബുഡ്സ്മാൻ ശുപാർശ ചെയ്ത പ്രകാരമുള്ളതോ അല്ലെങ്കിൽ ആയിരം രൂപവരെ ആകാവുന്നതോ ആയ തുക പിഴയായി, അതത് സംഗതിപോലെ, തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ അല്ലെങ്കിൽ ഉദ്യോഗസ്ഥന്റെ മേൽ ചുമത്താവുന്നതും പ്രസ്തുത തുക പഞ്ചായത്ത് ഫണ്ടിലേക്ക് നൽകുവാൻ ഉത്തരവാകാവുന്നതുമാണ്. തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ കാര്യത്തിൽ അപ്രകാരം ഉത്തരവായ തുക ഫണ്ടിലേക്ക് നൽകാത്തപക്ഷം അത് പഞ്ചായത്തിന് തെരഞ്ഞെടുക്കപ്പെട്ട അധികാരി നൽകേണ്ട ഒരു കുടിശ്ശികയായി പരിഗണിക്കേണ്ടതാണ്.

(7) ഈ ചട്ടങ്ങളിൽ പരാമർശിക്കുന്ന ഏതെങ്കിലുമൊരു പെരുമാറ്റച്ചട്ടം ഒരു ഉദ്യോഗസ്ഥൻ ലംഘിച്ചതായുള്ള ഒരു പരാതി പരിശോധിച്ച്, ആവശ്യമെന്ന് കണ്ടാൽ പിഴയ്ക്ക് പകരം ആ ഉദ്യോഗസ്ഥനെതിരെ, അതത് സംഗതിപോലെ, 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥന്മാരുടെ മേൽ നിയന്ത്രണം) ചട്ടങ്ങളിലെയോ, 1960-ലെ കേരള സിവിൽ സർവ്വീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) ചട്ടങ്ങളിലെയോ ബന്ധപ്പെട്ട വ്യവസ്ഥകളനുസരിച്ച ശിക്ഷണ നടപടി സ്വീകരിക്കാൻ ഓംബുഡ്സ്മാന് ശുപാർശ ചെയ്യാവുന്നതും അതനുസരിച്ച് സർക്കാർ മേൽനടപടി സ്വീകരിക്കേണ്ടതുമാണ്.

(8) (2)-ാം ഉപചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും, ഒരു ഉദ്യോഗസ്ഥൻ ഈ ചട്ടങ്ങളിൽ പരാമർശിക്കുന്ന ഒരു പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഏതൊരു പരാതിയും, അതത് സംഗതി പോലെ, ഉദ്യോഗസ്ഥന്റെ മേലധികാരിക്ക് അഥവാ നിയമനാധികാരിക്ക് അഥവാ സർക്കാരിന് പരിഗണിക്കാവുന്നതും (7)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന പ്രസക്ത ചട്ടങ്ങളനുസരിച്ച് നടപടി സ്വീകരിക്കാവുന്നതുമാണ്.

എന്നാൽ ഒരു ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഒരു പരാതി ഓംബുഡ്സ്മാൻ മുമ്പാകെ പരിഗണനയിലിരിക്കുന്ന സംഗതിയിൽ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ ഈ ഉപചട്ടപ്രകാരം നടപടി സ്വീകരിക്കുവാൻ പാടുള്ളതല്ല.

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 185 എ വകുപ്പ് പ്രകാരം, പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും, അവർ കൈകാര്യം ചെയ്യുന്ന സംഗതികളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിലേക്കായി പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്ന ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കുവാൻ സർക്കാരിന് അധികാരം നൽകുന്നു. കൂടാതെ, ആക്റ്റ് പ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങളുടെ ലംഘനത്തിന് ആയിരം രൂപ വരെ ആകാവുന്ന തുക പിഴയായി ചുമത്തുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുവാൻ 255-ാം വകുപ്പ് സർക്കാരിന് അധികാരം നൽകുന്നതനുസരിച്ച്, പെരുമാറ്റച്ചട്ടം കർശനമായി പാലിക്കപ്പെടുവാൻ പിഴശിക്ഷ ഏർപ്പെടുത്തേണ്ടതാണെന്നും സർക്കാർ കരുതുന്നു. പ്രസ്തുത അധികാരങ്ങൾ വിനിയോഗിച്ച് ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചു. മേൽപ്പറഞ്ഞു ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ appended appended appended