കേരള പഞ്ചായത്ത് രാജ് (കരാറുകാർക്കും പാട്ടക്കാർക്കും കിഴിവ് അനുവദിക്കൽ) ചട്ടങ്ങൾ, 1998

From Panchayatwiki

1998-ലെ കേരള പഞ്ചായത്ത് രാജ് (കരാറുകാർക്കും പാട്ടക്കാർക്കും കിഴിവ് അനുവദിക്കൽ) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 466/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (കരാറുകാർക്കും പാട്ടക്കാർക്കും കിഴിവ് അനുവദിക്കൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ:-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) 'പഞ്ചായത്ത്' എന്നാൽ ആക്റ്റിലെ 4-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(സി) 'കരാറുകാരൻ/പാട്ടക്കാരൻ' എന്നാൽ പഞ്ചായത്തിന് ലഭിക്കുവാനുള്ള ഏതെങ്കിലും ഫീസ് അല്ലെങ്കിൽ പാട്ടത്തുക അല്ലെങ്കിൽ വാടക സംബന്ധിച്ച് പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള കരാറുകാരൻ/പാട്ടക്കാരൻ എന്നർത്ഥമാകുന്നു;

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം, ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങളുണ്ടായിരിക്കുന്നതാണ്.

3. കരാർ പ്രകാരം തുക ഈടാക്കൽ:-പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളിൽ നിന്നോ പാട്ടക്കാരിൽ നിന്നോ ഈടാക്കേണ്ടുന്ന റവന്യൂ വരുമാനം കരാർ വ്യവസ്ഥ കൾ കൃത്യമായി പാലിച്ചുകൊണ്ട് ഈടാക്കേണ്ടതാണ്.

4. കിഴിവനുവദിക്കൽ.-(1) സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടതു മൂലമോ, ലഹള എന്നി ങ്ങനെയുള്ള അപ്രതീക്ഷിതവും മനുഷ്യനിയന്ത്രണത്തിനതീതമായ കാരണങ്ങളാലും കരാറുണ്ടാക്കിയ കാലത്ത് പ്രതീക്ഷിക്കാതിരുന്നതുമായ കാരണങ്ങളാലും കരാറുകാരനിപാട്ടക്കാരന് കരാർ വ്യവസ്ഥ പ്രകാരമുള്ള കാര്യങ്ങൾ നടത്തുന്നതിന് തടസ്സം നേരിട്ട് നഷ്ടം ഉണ്ടായിട്ടുള്ളതായി പഞ്ചായത്തിന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ലാതെ കരാർ തുകയിൽ യാതൊരു കിഴിവും അനുവദിക്കാൻ പാടുള്ളതല്ല.

(2) കിഴിവനുവദിക്കുന്ന തുക (1)-ാം '[ഉപ] ചട്ടത്തിൽ വിവരിച്ചിട്ടുള്ള കാരണങ്ങളാൽ കരാറുകാരനോ/പാട്ടക്കാരനോ കരാർ പ്രകാരമുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിന് കരാർ കാലാവധിയിൽ എത്ര ദിവസത്തേക്കാണോ തടസ്സം സംഭവിച്ചിട്ടുള്ളത് അതിന് ആനുപാതികമായിരിക്കണം.

(3) താമസിച്ചുള്ള ഒടുക്കിന് കരാർ വ്യവസ്ഥയിൽ പിഴ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിൽ അപ്രകാരം പിഴയായി ഈടാക്കുന്ന തുക കിഴിവനുവദിക്കുന്ന തുകയിൽ ഉൾപ്പെടുത്തുവാൻ പാടുള്ളതല്ല.

(4) കരാർ വ്യവസ്ഥ പ്രകാരം തുക അടയ്ക്കുന്നതിന് തവണ അനുവദിച്ചിട്ടുണ്ടെങ്കിൽ തടസ്സം സംഭവിക്കുന്നതുവരെയുള്ള കരാറു തുക ആ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ അടച്ചു കഴിഞ്ഞിട്ടുള്ള സംഗതികളിൽ മാത്രമേ ഇപ്രകാരമുള്ള കിഴിവ് അനുവദിക്കാൻ പാടുള്ളൂ.

5. കിഴിവനുവദിക്കുന്നതിനുള്ള അപേക്ഷ:-(1) 4-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം കിഴിവിന് അർഹതയുള്ള പാട്ടക്കാരൻ/കരാറുകാരൻ അതിനുള്ള കാരണം വിശദമാക്കുന്ന ഒരു അപേക്ഷ പഞ്ചായത്തിന് സമർപ്പിക്കേണ്ടതാണ്.

(2) കിഴിവിനുള്ള അപേക്ഷയിൻമേൽ സെക്രട്ടറി ആവശ്യമായ അന്വേഷണം നടത്തി പഞ്ചായത്തിന് റിപ്പോർട്ട് നൽകേണ്ടതാണ്.

(3) (1)-ാം ഉപചട്ടപ്രകാരമുള്ള അപേക്ഷ കിട്ടിയാൽ 30 ദിവസത്തിനകം പഞ്ചായത്ത് കമ്മിറ്റി അതിൻമേൽ തീരുമാനം എടുക്കേണ്ടതാണ്.

(4) പതിനായിരം രൂപയ്ക്കു മേൽ കിഴിവനുവദിക്കുന്നതിനു മുൻപ് പഞ്ചായത്ത് സർക്കാരിന്റെ അംഗീകാരം വാങ്ങേണ്ടതാണ്.



വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) പഞ്ചായത്തിന് ലഭിക്കാനുള്ള ഏതെങ്കിലും ഫീസ് അല്ലെങ്കിൽ പാട്ടതുക അല്ലെങ്കിൽ വാടക സംബന്ധിച്ച് പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള കരാറുകാരന് / പാട്ടക്കാരന് കരാർ ഉണ്ടാക്കിയ കാലത്ത് പ്രതീക്ഷിക്കാതിരുന്ന, മനുഷ്യനിയന്ത്രണത്തിനതീതമായ ഏതെങ്കിലും കാരണങ്ങളാൽ കരാർ വ്യവസ്ഥപ്രകാരമുള്ള കാര്യങ്ങൾ നടത്തുന്നതിന് തടസ്സം നേരിട്ട് നഷ്ടം ഉണ്ടാകുന്ന സംഗതികളിൽ കരാർ തുകയിൽ കിഴിവ് അനുവദിക്കുന്നത് സംബന്ധിച്ച് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13).254-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ തീരുമാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ