കേരള പഞ്ചായത്ത് രാജ് (പൊതുകക്കൂസുകൾ, മൂത്രപ്പുരകൾ, കുളിസ്ഥലങ്ങൾ

From Panchayatwiki
Revision as of 14:22, 17 February 2018 by Jeli (talk | contribs) ('{{Panchayat:Repo18/vol1-page0598}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1998-ലെ കേരള പഞ്ചായത്ത് രാജ് (പൊതുകക്കുസുകൾ, മുത്രപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 334/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 219-ാം വകുപ്പും 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xx) ഉം (xxxiv) ഉം ഖണ്ഡങ്ങളും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1.ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പൊതുകക്കുസുകൾ, മൂത്രപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;

(സി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥം, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.

3. പൊതുകക്കുസുകൾ ഏർപ്പെടുത്തൽ.-പഞ്ചായത്ത്, യുക്തവും സൗകര്യപ്രദവുമായ സ്ഥല ങ്ങളിൽ വേണ്ടത്ര പൊതുകക്കുസുകൾ ഏർപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യേണ്ടതും അവ ദിവസവും വൃത്തിയാക്കിക്കുകയും ശരിയായ നിലയിൽ സൂക്ഷിപ്പിക്കേണ്ടതുമാണ്.

4. പൊതുകക്കുസുകൾക്ക് ലൈസൻസ് നൽകൽ.-(1) പഞ്ചായത്തിന്, പൊതു ഉപയോഗത്തിനായി കക്കൂസ് ഏർപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലയളവിലേക്കും ലൈസൻസ് നല്കാവുന്നതാണ്.

(2) യാതൊരാളും (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു ലൈസൻസ് ഇല്ലാതെ പൊതുകക്കുസ് വയ്ക്കുവാൻ പാടില്ലാത്തതാണ്.

(3) ഒരു പൊതുകക്കുസിന് ലൈസൻസ് ഉള്ള ഏതൊരാളും അത് വൃത്തിയായും ശരിയായ നിലയിലും വയ്ക്കക്കേണ്ടതാണ്.

5. ഉടമസ്ഥനോ കൈവശക്കാരനോ കക്കുസുകൾ ഏർപ്പെടുത്തൽ.-(1) പഞ്ചായത്തിന്, നോട്ടീസുമൂലം ഒരു കെട്ടിടത്തിന്റെ ഉടമസ്ഥനോടോ കൈവശക്കാരനോടോ അങ്ങനെയുള്ള കെട്ടിടത്തിലോ അതിനടുത്തോ ജോലി ചെയ്യുന്നവരോ, അല്ലെങ്കിൽ ആ കെട്ടിടത്തിൽ താമസിക്കുന്നവരോ ആയ ആളുകളുടെ ഉപയോഗത്തിനായി ആ നോട്ടീസിൽ പ്രത്യേകം പറയാവുന്ന സമയത്തിനുള്ളിൽ ഒരു കക്കുസ് ഏർപ്പെടുത്തുകയോ നിലവിലുള്ള ഏതെങ്കിലും കക്കുസ് അങ്ങനെയുള്ള നോട്ടീസിൽ അടങ്ങിയ നിർദ്ദേശങ്ങളനുസരിച്ച് വ്യത്യാസപ്പെടുത്തുകയോ അനുയോജ്യമല്ലാത്ത സ്ഥലത്ത് നിന്നും കൂടുതൽ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യുന്നതിനും അത് വൃത്തിയാക്കിയും, ശരിയായ നിലയിലും സൂക്ഷിച്ചു പോരുന്നതിനും ആവശ്യപ്പെടാവുന്നതാണ്.

(2) ആറോ അതിൽ കൂടുതലോ കുടിലുകളുടെ ഏതെങ്കിലും കൂട്ടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ അങ്ങനെയുള്ള കുടിലുകളിൽ താമസിക്കുന്നവരുടെ ഉപയോഗത്തിനായി, നോട്ടീസുമൂലം പഞ്ചായത്ത് ആവശ്യപ്പെടുന്ന വിവരണത്തോടുകൂടിയതും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതുമായ കക്കുസുകൾ നോട്ടീസിൽ നിശ്ചയിച്ചിരിക്കാവുന്ന സമയത്തിനുള്ളിൽ, ഏർപ്പെടുത്തേണ്ടതാണ്.

(3) (1)-ാം ഉപചട്ടമോ (2)-ാം ഉപചട്ടമോ അനുസരിച്ച് ചെയ്യേണ്ട ജോലി, നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ നടത്താത്തപക്ഷം, പഞ്ചായത്തിന് ഉചിതമെന്നു തോന്നുന്നതായാൽ, അങ്ങനെയുള്ള ജോലി ചെയ്യിക്കാവുന്നതും അതിലേക്ക് നേരിട്ട ചെലവുകൾ വീഴ്ച വരുത്തിയ ഉടമസ്ഥനോ കൈവശക്കാരനോ നൽകേണ്ടതും അങ്ങനെ നൽകുന്നില്ലെങ്കിൽ അത് പഞ്ചായത്തിനുള്ള നികുതി കുടിശിക എന്ന പോലെ ഈടാക്കാവുന്നതുമാണ്.

6. തൊഴിലാളികൾക്കുവേണ്ടി കക്കുസുകൾ ഏർപ്പെടുത്തൽ.-ഒൻപതിൽ കൂടുതൽ വരുന്ന, പ്രവൃത്തിക്കാരെയോ തൊഴിലാളികളെയോ മറ്റ് ആളുകളെയോ നിയോഗിക്കുന്ന ഏതൊരാളും അങ്ങനെ നിയോഗിക്കപ്പെട്ട പുരുഷൻമാരുടേയും സ്ത്രീകളുടേയും വെവ്വേറെയുള്ള ഉപയോഗത്തിനായി, പഞ്ചായത്ത് നോട്ടീസ് മൂലം ആവശ്യപ്പെടാവുന്ന വിവരണത്തിനനുസൃതവും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതുമായ കക്കുസുകൾ നോട്ടീസിൽ, നിശ്ചയിക്കാവുന്ന സമയത്തിനുള്ളിൽ ഏർപ്പെടുത്തി വച്ചുപോരേണ്ടതാണ്.

7. മാർക്കറ്റുകൾ, വണ്ടിത്താവളങ്ങൾ, കാലിത്തൊഴുത്തുകൾ, സത്രങ്ങൾ മുതലായവയ്ക്ക് കക്കുസുകൾ ഏർപ്പെടുത്തൽ.- പഞ്ചായത്തിന്, നോട്ടീസ് മൂലം മാർക്കറ്റിന്റെയോ, വണ്ടിത്താവളത്തിന്റെയോ, കാലിത്തൊഴുത്തിന്റെയോ, സത്രത്തിന്റെയോ, വിനോദസഞ്ചാര കേന്ദ്രത്തിന്റെയോ, തിയേറ്ററിന്റെയോ, റയിൽവേ സ്റ്റേഷന്റെയോ, തുറമുഖത്തിന്റെയോ, പാർക്കിന്റെയോ, പൊതുജനങ്ങൾ വന്നുചേരുന്ന മറ്റു സ്ഥലത്തിന്റെയോ ഉടമസ്ഥനോടോ, മാനേജരോടോ, പുരുഷൻമാരുടേയും സ്ത്രീകളുടേയും വെവ്വേറെയുള്ള ഉപയോഗത്തിനായി, നോട്ടീസിൽ പ്രത്യേകം പറയാവുന്ന വിവരണത്തിനനുസൃതവും അത്ര എണ്ണം വരുന്നതും ആ നിലയിലുള്ളതും ആയ കക്കൂസുകൾ അങ്ങനെയുള്ള നോട്ടീസിൽ പ്രത്യേകം പറയാവുന്ന സമയത്തിനുള്ളിൽ ഏർപ്പെടുത്തി വച്ചുപോരുവാൻ ആവശ്യപ്പെടാവുന്നതാണ്.

8. കക്കുസുകൾ കാഴ്ചയിൽനിന്ന് മറച്ചുവയ്ക്കുകയും വ്യത്തിയായി സൂക്ഷിക്കുകയും ചെയ്യണമെന്ന്.- എല്ലാ കക്കൂസുകളും അവ ഉപയോഗിക്കുന്ന ആളുകളേയും മാലിന്യവും, ആ വഴി കടന്നുപോകുന്നവരോ സമീപത്ത് താമസിക്കുന്നവരോ ആയ ആളുകൾ കാണാതിരിക്കത്തക്കവണ്ണം നിർമ്മിക്കേണ്ടതും, വൃത്തിയായും ശരിയായ നിലയിലും സൂക്ഷിക്കേണ്ടതുമാണ്.

9. പൊതുമൂത്രപ്പുരകളും പൊതുകുളിസ്ഥലങ്ങളും ഏർപ്പെടുത്തൽ.-(1) ജനസാന്ദ്രതയുള്ളതും പഞ്ചായത്തിന് യുക്തമെന്ന് തോന്നുന്നതുമായ സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ആവശ്യാർത്ഥം പൊതുമൂത്രപ്പുരകളും പൊതുകുളിസ്ഥലങ്ങളും സ്ഥാപിക്കേണ്ടതാണ്.

(2) പൊതുകുളിസ്ഥലങ്ങളും പൊതുമൂത്രപ്പുരകളും വൃത്തിയായി സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വയം സ്വീകരിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തികളേയോ സ്ഥാപനങ്ങളേയോ അങ്ങനെയുള്ള ജോലി ഏൽപ്പിക്കുകയോ ചെയ്യാവുന്നതും അതിന്റെ സംരക്ഷണ ചെലവിനായി പഞ്ചായത്ത് നിശ്ചയിക്കുന്ന വിധത്തിൽ പൊതുജനങ്ങളിൽനിന്നും ഫീസ് ഈടാക്കാവുന്നതും അത് പിരിച്ചെടുക്കാനുള്ള അവകാശം ലേലം വഴിയോ ലൈസൻസ് പ്രകാരമോ നൽകാവുന്നതുമാണ്.

എന്നാൽ പഞ്ചായത്ത് വകയായ കുളങ്ങൾ, നദികൾ, നീരുറവകൾ എന്നിവയിൽ ഏർപ്പെടുത്തിയിട്ടുള്ള പൊതുകുളിക്കടവിൽ കുളിക്കുന്നതിനായി യാതൊരുവിധ ഫീസും പൊതുജനങ്ങളിൽനിന്നും ഈടാക്കാൻ പാടില്ലാത്തതാകുന്നു.

(3) പൊതുകുളിസ്ഥലങ്ങൾക്കും മൂത്രപ്പുരകൾക്കും ആവശ്യമുള്ള ശുദ്ധജലം പഞ്ചായത്ത് ലഭ്യമാക്കേണ്ടതും മലിനജലം ഒഴുക്കി കളയുന്നതിനാവശ്യമായ ഡ്രൈനേജ് സൗകര്യം ഏർപ്പെടുത്തേണ്ടതുമാണ്.

10. ചവറും ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തക്കളും മാലിന്യവും നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് ഏർപ്പാട് ചെയ്യണമെന്ന്.-(1) ഓരോ പഞ്ചായത്തും,-

(എ) പതിവായി തെരുവുകൾ തുത്തുവാരുന്നതിനും വ്യത്തിയാക്കുന്നതിനും അവിടെ നിന്നും ചവറ് നീക്കം ചെയ്യുന്നതിനും;

(ബി) സ്വകാര്യ പരിസരങ്ങളിൽ നിന്നും മാലിന്യങ്ങളും മൃഗശവങ്ങളും ദിവസേന നീക്കം ചെയ്യുന്നതിനും;

(സി) ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനും;

(ഡി) ചവറുവീപ്പയിലും, കുപ്പത്തൊട്ടിയിലും, സ്വകാര്യ പരിസരങ്ങളിലും നിന്ന് ചവറ് ദിവസേന നീക്കം ചെയ്യുന്നതിനും മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതും, ഈ ഉദ്ദേശത്തോടുകൂടി അത്,-

(i) മാലിന്യവും, ചവറും, മൃഗശവങ്ങളും ഇടുന്നതിനുള്ള ഡിപ്പോകളും സംഭരണികളും സ്ഥലങ്ങളും;

(ii) മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള മൂടിയ, വാഹനങ്ങളും, പാത്രങ്ങളും,

(iii) ചത്തുപോയ വലിയ മൃഗങ്ങളേയും, ചവറും നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള വാഹനങ്ങളും, അല്ലെങ്കിൽ പറ്റിയ മറ്റ് മാർഗ്ഗങ്ങളും,

(iv) ഗാർഹിക ചവറും, പൊടി, ചാരം, എച്ചിലുകൾ, ചവറ്, അസഹ്യതയുണ്ടാക്കുന്ന വസ്തുക്കൾ, വ്യാവസായിക അവശിഷ്ടങ്ങൾ, സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, മൃഗശവങ്ങൾ എന്നിവ താൽക്കാലികമായി ഇടുന്നതിനുള്ള ചവറ്റുകുട്ടകളും, സംഭരണികളും, സ്ഥലങ്ങളും, ഏർപ്പെടുത്തിവയ്ക്കക്കേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഡിപ്പോകളും, സ്ഥലങ്ങളും, സംഭരണികളും, കുപ്പത്തൊട്ടികളും, വാഹനങ്ങളും, പാത്രങ്ങളും ശല്യകാരണങ്ങളായി ഭവിക്കുന്നത് തടയുന്നതിന്, മതിയായ ഏർപ്പാടുകൾ പഞ്ചായത്ത് ചെയ്യേണ്ടതാണ്.

11. ചവറും ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തുക്കളും ശേഖരിക്കുകയും നിക്ഷേപിക്കു കയും ചെയ്യുന്നതിന് ഉടമസ്ഥർക്കും താമസക്കാർക്കും ഉള്ള കർത്തവ്യം.-(1) എല്ലാ പരിസരങ്ങളുടേയും ഉടമസ്ഥർ, പഞ്ചായത്ത് നിർദ്ദേശിക്കുന്ന വലിപ്പത്തിലുള്ള ഒരു സംഭരണി, അങ്ങനെയുള്ള സ്ഥല ങ്ങളിൽനിന്നും ഉണ്ടാകുന്ന ഗാർഹിക ചവറുകളും, വ്യാവസായിക അവശിഷ്ടങ്ങളും, സ്ഥാപനങ്ങളിൽനിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിൽ, ജീർണാവശിഷ്ടം മുതലായവയും ശേഖരിക്കുന്നതിനായി ഏർപ്പാടാക്കുവാൻ ബാദ്ധ്യസ്ഥരാണ്.

(2) അങ്ങനെയുള്ള സംഭരണികൾ എല്ലാ സമയത്തും ശരിയായ നിലയിൽ വയ്ക്കേണ്ടതും, പഞ്ചായത്ത് അതതു സമയം രേഖാമൂലമുള്ള നോട്ടീസിനാൽ നിർദ്ദേശിക്കുന്നത്രയും എണ്ണം അങ്ങനെയുള്ള സ്ഥലത്ത് ഏർപ്പാടാക്കേണ്ടതുമാണ്.

(3) എല്ലാ പരിസരങ്ങളുടേയും ഉടമസ്ഥരും, താമസക്കാരും, എല്ലാ ഗാർഹിക ചവറുകളും, വ്യാവസായിക അവശിഷ്ടങ്ങളും, സ്ഥാപനങ്ങളിൽ നിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിലുകൾ, ചവറുകൾ എന്നിവ അവരവരുടെ സ്ഥലങ്ങളിൽനിന്നും ശേഖരിക്കേണ്ടതും അവ പഞ്ചായത്ത് അതത് സമയം പൊതുനോട്ടീസിനാൽ നിർദ്ദേശിക്കുന്ന സമയത്ത് പൊതുസംഭരണികളിലോ, ഡിപ്പോയിലോ അഥവാ ചവറുകൾ താല്ക്കാലികമായി നിക്ഷേപിക്കുന്നതിന് ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്തോ നിക്ഷേപിക്കുകയോ അഥവാ പഞ്ചായത്ത് ഇക്കാര്യത്തിനായി ഏർപ്പാടാക്കിയിട്ടുള്ളതോ തിരിച്ചറിഞ്ഞിട്ടുള്ളതോ ആയ ആളുകൾക്ക് കൈമാറുകയോ ചെയ്യുവാൻ ബാദ്ധ്യസ്ഥരാണ്.

12. ചവറോ മാലിന്യങ്ങളോ നീക്കം ചെയ്യുന്നതിന് ഉടമസ്ഥനുമായോ താമസക്കാരനുമായോ ഉള്ള കരാർ.-1996-ലെ കേരള പഞ്ചായത്ത് രാജ് (കരാർ) കട്ടികൂട്ടിയ എഴുത്ത് ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, പഞ്ചായത്തിന്, ഏതെങ്കിലും പരിസരങ്ങളുടെ ഉടമസ്ഥനുമായോ കൈവശക്കാരനുമായോ, അതിന് യുക്തമെന്ന് തോന്നുന്ന നിബന്ധനകളിൻമേലും വ്യവസ്ഥകളിൻമേലും, അതത് സമയം പഞ്ചായത്ത് തീരുമാനിക്കുന്ന അങ്ങനെയുള്ള നിരക്കിലുള്ള ഫീസ് അടച്ച് ആ സ്ഥലങ്ങളിൽ നിന്നുള്ള ചവറോ മാലിന്യമോ നീക്കം ചെയ്യുന്നതിന് കരാറിലേർപ്പെടാവുന്നതാണ്.

13. വീടുവീടാന്തരമുള്ള ചവറ ശേഖരണം ഏർപ്പെടുത്തൽ.- (1) പഞ്ചായത്തിന്, പഞ്ചായത്ത് പ്രദേശത്തോ അതിന്റെ ഭാഗത്തോ വീടുവീടാന്തരമുള്ള ചവറിന്റെയോ അസഹ്യതയുണ്ടാക്കുന്ന മറ്റു വസ്തുക്കളുടെയോ ശേഖരണം ഏർപ്പെടുത്താവുന്നതും അതിലേക്കായി പഞ്ചായത്ത്, അതതു സമയം, ഒരുത്തരവു മൂലം, ഏതെല്ലാം മണിക്കുറുകൾക്കിടയിൽ ഒരു വീടിന്റെയോ പരിസരങ്ങളുടെയോ ഭൂമിയുടെയോ കൈവശക്കാരൻ അയാളുടെ വീടിന്റെയോ പരിസരങ്ങളുടെയോ ഭൂമിയുടെയോ അല്ലെങ്കിൽ അയാളുടെ വീടുമായോ, പരിസരവുമായോ, ഭൂമിയുമായോ ചേർന്ന പൊതു തെരുവിലോ പഞ്ചായത്ത് പ്രത്യേകം പറഞ്ഞേക്കാവുന്നപ്രകാരം, ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ, ഈ ആവശ്യത്തിന് പഞ്ചായത്ത് നൽകുന്ന ശരിയായ സംഭരണിയിലോ, പഞ്ചായത്ത് പ്രത്യേകം പറഞ്ഞിട്ടുള്ള വലിപ്പത്തിലും മാതൃകയിലുമുള്ള സംഭരണിയിലോ, അങ്ങനെയുള്ള ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ, പഞ്ചായത്തിന്റെ ജീവനക്കാരോ ഈ ആവശ്യത്തിലേക്ക് വേണ്ടി പഞ്ചായത്ത് ടുത്തിയിട്ടുള്ള കരാറുകാരോ നീക്കം ചെയ്യുന്നതിലേക്കുവേണ്ടി, കൊണ്ടുവയ്ക്കക്കേണ്ടതാണെന്ന് പരസ്യം ചെയ്യേണ്ടതാണ്.

(2) പഞ്ചായത്ത് പ്രത്യേകം പറഞ്ഞിട്ടുള്ള സമയത്തിലല്ലാതെയും (1)-ാം ഉപചട്ടപ്രകാരം നൽകിയിട്ടുള്ളതോ നിർദ്ദേശിച്ചിട്ടുള്ളതോ ആയ സംഭരണിയിലല്ലാതെയും ഒരു പൊതുനിരത്തിൽ യാതൊരാളും ചവറുകളോ, അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ നിക്ഷേപിക്കാൻ പാടില്ലാത്തതാണ്.

14, ചവറും മറ്റു ഖരമാലിന്യങ്ങളും പഞ്ചായത്തിന്റെ സ്വത്തായിരിക്കുമെന്ന്.-പഞ്ചായത്തിന്റെ ജീവനക്കാരോ കരാറുകാരോ ശേഖരിക്കുന്ന എല്ലാ ചവറും, ഖരമാലിന്യങ്ങളും, പൊതുസംഭരണികളിലും, ഡിപ്പോകളിലും, സ്ഥലത്തും അടിഞ്ഞുകൂടിയിട്ടുള്ള മൃഗശവങ്ങളും പഞ്ചായത്തിന്റെ സ്വത്ത് ആയി രിക്കുന്നതാണ്.

15. ഖരമാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിക്കുന്നതിനുള്ള വ്യവസ്ഥകൾ.-(1) മാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിക്കുന്ന ആവശ്യത്തിലേക്കായി പഞ്ചായത്ത് പ്രദേശത്തിന്റെ ഉള്ളിലോ വെളിയിലോ ആയി ഓരോ പഞ്ചായത്തും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും വിജ്ഞാപനം ചെയ്യുകയും ചെയ്യേണ്ടതാണ്. പഞ്ചായത്തുകൾ മാസ്റ്റർപ്ലാൻ തയ്യാറാക്കുമ്പോൾ മാലിന്യ നിർമ്മാർജ്ജനത്തിനുള്ള സംവിധാനംകൂടി അതിൽ ഉൾപ്പെടുത്തേണ്ടതും ഇതിനാവശ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം സ്ഥലം വിജ്ഞാപനം ചെയ്യുമ്പോൾ ആരോഗ്യസംബന്ധവും പരിസ്ഥിതിപരവുമായ വശങ്ങൾ പഞ്ചായത്ത് പരിഗണനയിൽ എടുക്കേണ്ടതാണ്.

(3) ഖരമാലിന്യങ്ങൾ കുട്ടുവളം തയ്യാറാക്കുന്നതിനും അത് വില്പന ചെയ്ത് കൈയൊഴിക്കുന്നതിനും പര്യാപ്തമായ ഏർപ്പാടുകൾ ഓരോ പഞ്ചായത്തിനും ചെയ്യാവുന്നതാണ്.

(4) മാലിന്യങ്ങൾ കൂട്ടുവളമാക്കുന്നത് സാദ്ധ്യമല്ലായെന്നോ പ്രായോഗികമല്ലായെന്നോ കാണുന്നിടത്ത്, പ്രത്യേകം പറയുന്ന രീതിയിൽ ലാന്റ് ഫിൽ സൈറ്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ആരോഗ്യകരമായ ലാന്റ് ഫിൽ സമ്പ്രദായം പഞ്ചായത്തിന് സ്വീകരിക്കാവുന്നതാണ്.

(5) ആശുപത്രികളിലും നഴ്സസിംഗ് ഹോമുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിന്ന് പുറത്തുവിടുന്ന അണുരോഗബാധയ്ക്ക് കാരണമായ മാലിന്യങ്ങളും വ്യവസായങ്ങളിൽ നിന്നുള്ളതല്ലാത്ത ആപത്കരമായ മാലിന്യങ്ങളും, കാലാകാലങ്ങളിൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും നിബന്ധനകൾക്ക് വിധേയമായി അതത് സ്ഥാപനങ്ങൾ ഭസ്മീകരണത്തിന് വിധേയമാക്കേണ്ടതാണ്.

(6) ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ അതത് സ്ഥാപനങ്ങൾ തന്നെ പഞ്ചായത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി നിർമ്മാർജ്ജനം ചെയ്യേണ്ടതാണ്.

16. ഖരമാലിന്യങ്ങൾ സംസ്കക്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ.-ഖരമാലിന്യങ്ങളുടെ റീസൈക്കിളിംഗിന്റെയോ, ട്രീറ്റിംഗിന്റെയോ, സംസ്കരണത്തിന്റെയോ, കൈയൊഴിക്കലിന്റെയോ അഥവാ അങ്ങനെയുള്ള ഖരമാലിന്യങ്ങളെ കൂട്ടുവളമാക്കിയോ മറ്റേതെങ്കിലും സാധനമാക്കിയോ മാറ്റുന്നതിന്റെയോ ആവശ്യത്തിലേക്കായി, പഞ്ചായത്ത് പ്രദേശത്തിനുള്ളിലോ വെളിയിലോ ആയി ഏതെങ്കിലും സ്ഥാപനം നിർമ്മിക്കുകയോ, ആർജ്ജിക്കുകയോ, പ്രവർത്തിപ്പിക്കുകയോ, പരിപാലിക്കുകയോ, നടത്തുകയോ ചെയ്യാവുന്നതും അത് വാണിജ്യാടിസ്ഥാനത്തിൽ നടത്തുകയോ അങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് കരാർ കൊടുക്കുകയോ ചെയ്യാവുന്നതും ആണ്.

17. തീർത്ഥാടനസ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ, എന്നീയിടങ്ങളിൽ പൊതുജനാരോഗ്യത്തെ കണക്കിലെടുത്ത് പ്രത്യേക ഏർപ്പാടുകൾ ചെയ്യണമെന്ന്.-(1) പഞ്ചായത്തു പ്രദേശത്തിനുള്ളിലോ അതിന്റെ പരിസരങ്ങളിലോ സ്ഥിതി ചെയ്യുന്ന ക്ഷേത്രമോ, മുസ്ലീം പള്ളിയോ, ക്രിസ്തീയ ആരാധനാലയമോ, മഠങ്ങളോ അല്ലെങ്കിൽ മതപരമായ ആരാധനയ്ക്കക്കോ ബോധനത്തിനോ ഉള്ള ഏതെങ്കിലും സ്ഥലമോ, മേളകളോ ഉത്സവങ്ങളോ നടത്തുന്നതിനോ അതുപോലുള്ള മറ്റുള്ള കാര്യങ്ങൾക്കോ ഉപയോഗിക്കുന്ന ഏതെങ്കിലും സ്ഥലമോ വർഷം മുഴുവനുമോ പ്രത്യേക സന്ദർഭങ്ങളിലോ ജനക്കുട്ടത്തെ ആകർഷിക്കുകയും ചെയ്യുന്ന പക്ഷം 219-ാം വകുപ്പുപ്രകാരം പൊതുജനാരോഗ്യത്തിനോ പൊതുരക്ഷയ്ക്കോ പൊതുമലമൂത്രവിസർജ്ജന സൗകര്യത്തിനോ ആവശ്യമായ സ്ഥിരമോ താൽക്കാലികമോ ആയ ഏതെങ്കിലും പ്രത്യേക ഏർപ്പാടുകൾ പഞ്ചായത്ത് ചെയ്യുന്ന സംഗതികളിൽ അങ്ങനെയുള്ള സ്ഥലത്ത് നിയന്ത്രണാധികാരമുള്ള ട്രസ്റ്റിയോടോ വ്യക്തിയോടോ ആലോചിച്ചശേഷം പഞ്ചായത്ത് ഫണ്ടി ലേക്ക് ആവർത്തകമോ അനാവർത്തകമോ ആയി ചെയ്യേണ്ട അംശദായം എത്രയെന്ന് പഞ്ചായത്ത് ന്യായയുക്തമാംവിധം തീരുമാനിക്കേണ്ടതും അങ്ങനെയുള്ള തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കുവാൻ വിശദമായ നോട്ടീസ് മുഖേന അങ്ങനെയുള്ള ട്രസ്റ്റിയോടോ വ്യക്തിയോടോ ആവശ്യപ്പെടേണ്ടതും ആണ്.

(2) 219-ാം വകുപ്പുപ്രകാരം താൽക്കാലികമായ എന്തെങ്കിലും ഏർപ്പാടുകൾ ചെയ്തിട്ടുള്ള സംഗതിയിൽ, നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ട്രസ്റ്റിയോ, വ്യക്തിയോ, പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുള്ള തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കേണ്ടതാണ്.

(3) 219-ാം വകുപ്പുപ്രകാരം സ്ഥിരമായ എന്തെങ്കിലും ഏർപ്പാടുകൾ ചെയ്തിട്ടുള്ള സംഗതിയിൽ, അംശദായം ആവശ്യപ്പെട്ടുകൊണ്ട് അതാത് അർദ്ധ വർഷത്തേക്കുള്ള നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കേണ്ടതാണ്.

(4) തുക ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം, ആയത് ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതും, ജില്ലാ കളക്ടർ അത്, പൊതു ഭൂനികുതി കുടിശികയായിരുന്നാൽ എന്നപോലെ, ഉത്തരവാദപ്പെട്ട ട്രസ്റ്റിയിൽനിന്നോ, വ്യക്തിയിൽനിന്നോ ഈടാക്കി പഞ്ചായത്തിന് നൽകേണ്ടതാണ്.

18. ചവറും, ഖരമാലിന്യങ്ങളും, താമസ സ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ഖരമാലിന്യങ്ങളും നീക്കം ചെയ്യൽ.-(1) ചവറും, അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളും, മാലിന്യവും, വാണിജ്യവർജ്ജ്യ വസ്തുക്കളും, പ്രത്യേക മാലിന്യങ്ങളും, ആപൽക്കരമായ മാലിന്യങ്ങളും അവസ്കൃതമോ മലിനപ്പെട്ടതോ ആയ വസ്തുക്കളും വലിയ അളവിൽ അടിഞ്ഞുകൂടിയിട്ടുള്ള一

(i) ഒരു ഫാക്ടറിയോ, വർക്ക്ഷോപ്പോ അല്ലെങ്കിൽ ഏതെങ്കിലും നിർമ്മാണ പ്രക്രിയ നടക്കുന്ന സ്ഥലമോ, അഥവാ

(ii) ഒരു മാർക്കറ്റോ, വ്യാപാര പരിസരമോ, അഥവാ

(iii) ഒരു കശാപ്പുശാലയോ, അഥവാ

(iv) ഒരു ഹോട്ടലോ, ഭക്ഷണപ്പുരയോ, റസ്റ്റാറന്റോ, അഥവാ

(v) ഒരു ആശുപത്രിയോ, നേഴ്സസിംഗ് ഹോമോ, അഥവാ

(vi) ഒരു പണ്ടകശാലയോ, ഗോഡൗണോ, അഥവാ

(vii) അനേകം ആളുകൾ സങ്കേതമാക്കുന്ന ഒരു സ്ഥലമോ

ഇവയിലേതിന്റെയെങ്കിലും ഉടമസ്ഥനോടോ കൈവശക്കാരനോടോ പഞ്ചായത്തിന് ആവശ്യമെന്നു തോന്നുന്നപക്ഷം, രേഖാമൂലമുള്ള നോട്ടീസ് നൽകി, അവിടെ അടിഞ്ഞുകൂടിയിട്ടുള്ള അങ്ങനെയുള്ള വസ്തുക്കൾ ശേഖരിക്കാനും, നോട്ടീസിൽ പറഞ്ഞിട്ടുള്ള സമയത്തും രീതിയിലും മാർഗ്ഗേണയും അതിനെ ഒരു ഡിപ്പോയിലേക്കോ അല്ലെങ്കിൽ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ളതോ നിർദ്ദേശിച്ചിട്ടുള്ളതോ ആയ സ്ഥലത്തേക്കോ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതാണ്.

(2), (1)-ാം ഉപചട്ടപ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉടമസ്ഥനോ, കൈവശക്കാരനോ, വീഴ്ചവരുത്തിയാൽ, ഒരു നോട്ടീസ് കൊടുത്തതിനുശേഷം, അങ്ങനെയുള്ള പരിസരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കെട്ടിട ചവറുകൾ, അസഹ്യതയുണ്ടാക്കുന്ന വസ്തുക്കൾ, വ്യാപാരവർജ്ജ്യ വസ്തുക്കൾ, പ്രത്യേക മാലിന്യങ്ങൾ, ആപൽക്കരമായ മാലിന്യങ്ങൾ, അവസ്ക്യതമോ മലിനീകരിക്കപ്പെട്ടതോ ആയ വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ചവറുകളും പഞ്ചായത്തിന് നീക്കം ചെയ്യിക്കാവുന്നതും, അങ്ങനെ നീക്കം ചെയ്യുന്നതിനുള്ള ചെലവ് അപ്രകാരം നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് നിശ്ചയിചേ്ചക്കാവുന്നതും ഈ ഉപചട്ടപ്രകാരം നല്കിയിട്ടുള്ള നോട്ടീസിൽ പറഞ്ഞിട്ടുള്ളതും ആയ നിരക്കുകളിൽ ഉള്ള തുക പ്രസ്തുത ഉടമസ്ഥനോ കൈവശക്കാരനോ നൽകേണ്ടതും അങ്ങനെ നൽകുന്നില്ലെങ്കിൽ അത് പഞ്ചായത്തിനുള്ള നികുതി കുടിശ്ശിക എന്നപോലെ ഈടാക്കാവുന്നതുമാണ്.

എന്നാൽ അങ്ങനെയുള്ള ചെലവ് പഞ്ചായത്ത് കാലാകാലം തീരുമാനിക്കുന്ന പ്രകാരമുള്ള അങ്ങനെയുള്ള ഖരമാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനുള്ള യൂണിറ്റ് ചെലവിനേക്കാൾ (നീക്കം ചെയ്യുന്നതിനുള്ള വാഹനങ്ങളുടെയോ യാനപാത്രങ്ങളുടെയോ മാർഗ്ഗങ്ങളുടെയോ, സർവ്വീസിംഗിന്റെ ചെലവോ അതുമൂലമുള്ള മറ്റു ചാർജ്ജുകളോ ഉൾപ്പെടെയുള്ള ചെലവ്) കുറഞ്ഞ നിരക്കിലായിരിക്കാൻ പാടില്ലാത്തതാകുന്നു.

19. മൃഗശവങ്ങളും, ചവറും, മാലിന്യവും യുക്തമല്ലാത്ത രീതിയിൽ കയ്യൊഴിക്കുന്നതിനുള്ള നിരോധനം.-(1) ചവറും, ഖരമാലിന്യങ്ങളും, മൃഗശവങ്ങളും, മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനും നീക്കം ചെയ്യുന്നതിനും 10-ാം ചട്ടപ്രകാരം യഥാവിധിയായ വ്യവസ്ഥകൾ പഞ്ചായത്ത് ചെയ്തതിനുശേഷം,-

(എ) ഏതെങ്കിലും തെരുവിലോ, ഏതെങ്കിലും കെട്ടിടത്തിന്റെ വരാന്തയിലോ, ഏതെങ്കിലും തെരുവിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്തോ, ഏതെങ്കിലും പൊതുകടവിലോ, ജട്ടിയിലോ, ഇറക്കു സ്ഥലത്തോ അല്ലെങ്കിൽ ഒരു ജലമാർഗ്ഗത്തിന്റെയോ കുളത്തിന്റെയോ കരയിലോ; അഥവാ

(ബി) അത് നീക്കം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചവറു വീപ്പയിലോ ഏതെങ്കിലും വാഹനത്തിലോ; അഥവാ

(സി) ദുർഗന്ധം നശിപ്പിക്കുന്നതിനോ അണുബാധ തടയുന്നതിനോ ഒഴികെ, അങ്ങനെയുള്ള നീക്കം ചെയ്യലിന് ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും വാഹനത്തിലോ യാനപാത്രത്തിലോ യാതൊരാളും, അവ നിക്ഷേപിക്കുവാൻ പാടുള്ളതല്ല.

(2) (1)-ാം ഉപചട്ടത്തിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, യാതൊരാളും, പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ ഏതെങ്കിലും തെരുവിലോ പൊതുവായതോ സ്വകാര്യമായതോ ആയ ഭൂമിയിലോ ഏതെങ്കിലും കെട്ടിട ചവറുകൾ നിക്ഷേപിക്കുകയോ നിക്ഷേപിക്കാനിടയാക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

എന്നാൽ, പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകാതെ യാതൊരു അനുവാദവും നല്കാൻ പാടുള്ളതല്ല.

എന്നുമാത്രമല്ല, പഞ്ചായത്തിന് കാരണങ്ങൾ രേഖാമൂലം നൽകിക്കൊണ്ട് അങ്ങനെയുള്ള അനുവാദം നിഷേധിക്കാവുന്നതാണ്.

20. പരിസരങ്ങളിൽ മാലിന്യം സൂക്ഷിക്കുന്നതിനെതിരെയുള്ള നിരോധനം.-ഏതെങ്കിലും പരിസരത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ, ഇരുപത്തിനാലു മണിക്കുറിൽ കൂടുതൽ അങ്ങനെയുള്ള പരിസരങ്ങളിലോ, ഏതെങ്കിലും കെട്ടിടത്തിലോ, അതിന്റെ മേൽക്കൂരയിലോ, ഏതെങ്കിലും പുറംകെട്ടിടത്തിലോ, അതിന്റെ വക സ്ഥലത്തോ ഏതെങ്കിലും മാലിന്യം സൂക്ഷിക്കുകയോ സൂക്ഷിക്കുവാൻ അനുവദിക്കുകയോ ചെയ്യുകയോ അല്ലെങ്കിൽ അയാളുടെ പരിസരത്തുള്ള നിർമ്മാണമോ, അറ്റകുറ്റപണിയോ കല്ലുപാകലോ ഏതെങ്കിലും കക്കൂസ് ശുചിയാക്കലോ സംബ ന്ധിച്ച പഞ്ചായത്തിന്റെ ഏതെങ്കിലും ആവശ്യപ്പെടൽ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

21. മാലിന്യം ബഹിർഗമിക്കാൻ അനുവദിക്കുന്നതിന് എതിരെയുള്ള നിരോധനം,-ഏതെങ്കിലും പരിസരത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ അങ്ങനെയുള്ള പരിസരങ്ങളിൽനിന്ന് ഏതെങ്കിലും തൊട്ടിയിലോ ഓടയിലോ തൊഴുത്തിലോ നിന്നുള്ള വെള്ളമോ മറ്റേതെങ്കിലും മാലിന്യമോ ഒരു അഴുക്കുചാലിലോ അഴുക്കുതൊട്ടിയിലോ ഒഴികെ ഒരു തെരുവിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പുറത്തേക്കോ ഒഴുക്കാനോ അഥവാ ഒരു തെരുവിന്റെ ഭാഗമായ ഒരു അഴുക്കു ചാലിന്റെ വശത്തുള്ള ഭിത്തിയോ, തറയോ, പ്രസ്തുത ജലമോ മാലിന്യമോ കാരണം കുതിർന്ന് ഒഴിവാക്കാമായിരുന്ന ശല്യം ഉണ്ടാകത്തക്കവിധത്തിൽ ആ ജലമോ മാലിന്യമോ ആ പരിസരത്തിൽനിന്നും പുറത്തേക്ക് ഒഴുക്കാനോ പാടുള്ളതല്ല.

22. തോൽ നിക്ഷേപിക്കുന്നതിനെതിരെയുള്ള നിരോധനം.-യാതൊരാളും അതിലേക്കായി ഏർപ്പാട് ചെയ്തിട്ടുള്ള സ്ഥലത്തല്ലാതെ, ഏതെങ്കിലും മൃഗശവത്തിന്റെ തോലു നിക്ഷേപിക്കുകയോ ഏതെങ്കിലും മൃഗത്തിന്റെ ശവം കൈയൊഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

23. മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് മുടിയില്ലാത്ത ഏതെങ്കിലും വണ്ടി ഉപയോഗിക്കുന്നതിനുള്ള നിരോധനം.-മാലിന്യം നീക്കം ചെയ്യുന്നതിന് യാതൊരാളും അതിൽ ഉള്ള വസ്തുകൾ വെളിയിൽ പോകുന്നതിനോ അതിൽനിന്നുള്ള ദുർഗന്ധം തടയുന്നതിനോ മതിയായ മുടി ഇല്ലാത്ത ഏതെങ്കിലും വണ്ടിയോ പാത്രമോ ഉപയോഗിക്കുകയോ അഥവാ മാലിന്യം നീക്കം ചെയ്യുമ്പോൾ മനഃപൂർവ്വമായോ അലക്ഷ്യമായോ അത് പുറത്തേക്ക് ചൊരിയുകയോ, അങ്ങനെ ചൊരിയപ്പെട്ട ഏതെങ്കിലും സ്ഥലത്തുനിന്നും അതു ശ്രദ്ധാപൂർവ്വം തൂത്തുവാരി വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തുകയോ അഥവാ അടച്ചതോ തുറന്നതോ ആയ ഒരു വാഹനത്തിലായാലും അല്ലാതെയായാലും ഏതെങ്കിലും മാലിന്യം ഏതെങ്കിലും പൊതുസ്ഥലത്ത് വയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

24. ചവറോ, മാലിന്യമോ പൊതുസ്ഥലങ്ങളിൽ ഇടുന്നതിന് നിരോധനം.-ചവറോ മാലിന്യമോ മൃഗശവങ്ങളോ അവശിഷ്ടങ്ങളോ ഇടുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെടാത്ത യാതൊരു പൊതു സ്ഥലത്തും യാതൊരാളും ഏതെങ്കിലും ചവറോ മാലിന്യമോ കെട്ടിട അവശിഷ്ടങ്ങളോ ഇടാനോ ഇടുവിക്കുവാനോ പാടില്ലാത്തതാണ്.

25. പൊതുതെരുവുകൾ മുതലായവയിൽ ശല്യമുണ്ടാക്കുന്നതിനെതിരായ നിരോധനം.- യാതൊരാളും, ഏതെങ്കിലും തെരുവിലോ പൊതുസ്ഥലത്തോ പെരുവഴിയിലോ വിസർജ്ജനം ചെയ്ത് ശല്യം ഉണ്ടാക്കുകയോ തന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ആളെ അതിന് അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

26. കുറ്റക്കാരനെ, സംബന്ധിച്ച അനുമാനം.-ഏതെങ്കിലും പരിസരത്ത് അടിഞ്ഞുകൂടിയ ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ; വാണിജ്യ അവശിഷ്ടങ്ങളോ പ്രത്യേക മാലിന്യങ്ങളോ ആപൽക്കരമായ മാലിന്യങ്ങളോ അവസ്ക്യതമോ മലിനീകൃതമോ ആയ വസ്തുക്കളോ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിപരീതമായി ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുന്നതായാൽ, മറിച്ച തെളിയിക്കപ്പെടാത്തിടത്തോളം അങ്ങനെയുള്ള പരിസരത്തിന്റെ കൈവശക്കാരൻ അത്തരത്തിലുള്ള ലംഘനം നടത്തിയതായി കണക്കാക്കുന്നതാണ്.

27. അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളുടെയും മാനേജ്മെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട പഞ്ചായത്ത് ജീവനക്കാർ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മറ്റും എതിരെയുള്ള നിരോധനം.-അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളുടെയും മാനേജുമെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട ഏതെങ്കിലും പഞ്ചായത്ത് ജീവനക്കാരൻ ഏതെങ്കിലും ഗാർഹിക മാലിന്യങ്ങളോ, പൊടിയോ, ചാരമോ, വർജ്ജ്യവസ്തുക്കളോ, ചവറോ, വാണിജ്യ വർജ്ജ്യവസ്തുക്കളോ, അവസ്കൃതമോ, മലിനീകൃതമോ ആയ വസ്തുക്കളോ ഏതെങ്കിലും തെരുവിലോ ആ ആവശ്യത്തിനായി നീക്കിവച്ചതല്ലാത്ത സ്ഥലത്തോ വലിച്ചെറിയുകയോ ഇടുകയോ അഥവാ ഏതെങ്കിലും തെരുവിൽ, ഖരമാലിന്യങ്ങളോ അവസ്കൃതമോ, മലിനീകൃതമോ ആയ വസ്തുക്കളോ നീക്കം ചെയ്യുന്ന വാഹനമോ വണ്ടിയോ നിറുത്തിയിരിക്കുകയോ ഇട്ടേക്കുകയോ അല്ലെങ്കിൽ ന്യായമായി ആവശ്യമുള്ള സമയത്തിലധികം ഏതെങ്കിലും തെരുവിൽ അതു കിടക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

28. ശുചീകരണ ആവശ്യങ്ങൾക്കായി പരിസരങ്ങൾ പരിശോധിക്കാനുള്ള അധികാരം.- ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി സെക്രട്ടറിക്കോ, അദ്ദേഹമോ പഞ്ചായത്ത് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏതു സമയത്തും ഏതു പരിസരവും പരിശോധിക്കാവുന്നതാണ്.

29. ചട്ടങ്ങളിലെ വ്യവസ്ഥകളുടെ ലംഘനത്തിനുള്ള ശിക്ഷ.-ഏതെങ്കിലും ചവറോ ഖരമാലിന്യങ്ങളോ, മൃഗശവങ്ങളോ, മറ്റു മാലിന്യങ്ങളോ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ഈ ചട്ടങ്ങൾ പ്രകാരം നിരോധിച്ചിട്ടുള്ള മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുകയോ, ഈ ചട്ടപ്രകാരമോ അവ അനുസരിച്ചോ ലഭിച്ച ഏതെങ്കിലും ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കാൻ വീഴ്ചവരുത്തുകയോ, ചെയ്യുന്ന ഏതൊരാൾക്കും, ഒരു മജിസ്ട്രേറ്റു മുമ്പാകെ കുറ്റസ്ഥാപനത്തിൻമേൽ, അഞ്ഞുറു രൂപ വരെ ആകാവുന്ന പിഴശിക്ഷ നൽകാവുന്നതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ