കേരള പഞ്ചായത്ത് രാജ് (ഗ്രാമസഭയുടെ യോഗം

From Panchayatwiki
Revision as of 08:32, 17 February 2018 by Dinil (talk | contribs) ('{{Panchayat:Repo18/vol1-page0431}} {{Panchayat:Repo18/vol1-page0432}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1995-ലെ കേരള പഞ്ചായത്ത് രാജ് (ഗ്രാമസഭയുടെ യോഗം വിളിച്ചു കൂട്ടുന്നതിനും നടത്തുന്നതിനുമുള്ള നടപടി) ചട്ടങ്ങൾ

എസ്.ആർ.ഒ.നമ്പർ 321/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 3-ാം വകുപ്പ് (8)-ാം ഉപവകുപ്പും (9)-ാം ഉപവകുപ്പും പ്രസ്തുത ആക്ടിലെ 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-

(1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് (ഗ്രാമസഭയുടെ യോഗം വിളിച്ചു കൂട്ടുന്നതിനും നടത്തുന്നതിനുമുള്ള നടപടി) ചട്ടങ്ങൾ എന്നു പേരു പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാകുന്നു.

(ബി) ‘വകുപ്പ് ' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു.

(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. ഗ്രാമസഭ നിർവ്വഹിക്കേണ്ട മറ്റു ചുമതലകൾ.-
ഗ്രാമസഭ താഴെ പറയുന്ന ചുമതലകൾ കൂടി നിർവ്വഹിക്കേണ്ടതാണ്, അതായത്:-

(i) ആക്ടിന്റെ മൂന്നാം പട്ടികപ്രകാരം മറ്റു വ്യവസ്ഥകൾ പ്രകാരവും ഗ്രാമപഞ്ചായത്ത് വഹിക്കേണ്ട ചുമതലകൾ പരിപൂർണ്ണമായി നടപ്പാക്കുന്നതിന് വേണ്ട സഹായം നൽകുക.

(ii) സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും അതാതു സമയത്തുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

4. ഗ്രാമസഭയുടെ യോഗം കൂടുന്നതിനുള്ള തീയതിയും സമയവും.-

ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ബന്ധപ്പെട്ട ഗ്രാമസഭയുടെ കൺവീനറുമായി കൂടിയാലോചിച്ചു യോഗത്തിന്റെ തീയതിയും രാവിലെ 8 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയ്ക്കുള്ള ഒരു സമയവും നിശ്ചയിക്കേണ്ടതും, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി അങ്ങനെ നിശ്ചയിക്കപ്പെട്ട യോഗത്തിന്റെ സ്ഥലവും തീയതിയും സമയവും ഗ്രാമസഭ ഉൾക്കൊള്ളുന്ന പ്രദേശത്തെ ഉചിതമായ പൊതുവായ സ്ഥലങ്ങളിലും, സർക്കാർ ആഫീസുകളിലും, സ്കൂളുകളിലും, ഗ്രാമപഞ്ചായത്ത് ആഫീസിലും നോട്ടീസു പതിച്ചു പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഗ്രാമസഭയുടെ യോഗസ്ഥലവും, തീയതിയും സമയവും ഗ്രാമസഭാംഗങ്ങളെ അറിയിക്കാനും അവരെ യോഗത്തിൽ പങ്കെടുപ്പിക്കാനും ബന്ധപ്പെട്ട കൺവീനർ ശ്രമിക്കേണ്ടതാണ്.

5. യോഗത്തിൽ ചർച്ച ചെയ്യേണ്ട സംഗതികൾ.-
(1) ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി പ്രസിഡന്റുമായി ആലോചിച്ചു ഗ്രാമസഭായോഗത്തിൽ ചർച്ച ചെയ്യേണ്ട സംഗതികൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു കാര്യപരിപാടി തയ്യാറാക്കേണ്ടതും ഗ്രാമസഭയുടെ യോഗാരംഭത്തിൽ അദ്ധ്യക്ഷൻ അതു വായിച്ചു കേൾപ്പിക്കേണ്ടതും ആകുന്നു.

(2) യോഗത്തിലെ നടപടികളും അംഗങ്ങളുടെ അഭിപ്രായങ്ങളും പൊതുവായ ഐക്യരൂപേണയുള്ള ശുപാർശകളും നിർദ്ദേശങ്ങളും, പ്രസിഡന്റ് ഈ ആവശ്യത്തിലേക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ രേഖപ്പെടുത്തേണ്ടതും ഭൂരിപക്ഷാടിസ്ഥാനത്തിൽ പാസ്സാകുന്ന പ്രമേയങ്ങൾ ഗ്രാമപഞ്ചായത്തിനെ അറിയിക്കേണ്ടതും ആകുന്നു. ബ്ലോക്ക് പഞ്ചായത്തിനോടോ ജില്ലാ പഞ്ചായത്തിനോടോ ഉള്ള ഗ്രാമസഭയുടെ അത്തരം ശുപാർശകളോ നിർദ്ദേശങ്ങളോ അടങ്ങിയ പ്രമേയങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അവ കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പരിഗണനയ്ക്കായി അയച്ചു കൊടുക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ