Panchayat:Repo18/vol1-page0566

From Panchayatwiki
Revision as of 05:02, 12 February 2018 by Rajan (talk | contribs)

1997-ലെ കേരള പഞ്ചായത്ത് രാജ് (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 660/97- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 270-ഉം 271-ഉം വകുപ്പുകളോട് 254-ാം വകുപ്പ് കുട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ:- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു.

(ബി 'ഫോറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫോറം എന്നർത്ഥമാകുന്നു.

(സി) ‘രജിസ്റ്റർ' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപത്രികളേയും പാരാമെഡിക്കൽ സ്ഥാപനങ്ങളേയും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു സൂക്ഷിച്ചുപോരുന്ന ഫോറം 2 പ്രകാരമുള്ള ഒരു രജിസ്റ്റർ എന്നർത്ഥമാകുന്നു;

(ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഇ) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. ;

3. സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ:-(1) ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രദേശത്തിന്റെ അതിർത്തിക്കുള്ളിൽ ഈ ചട്ടങ്ങൾ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ഏതൊരു സ്വകാര്യ ആശുപത്രിയും, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനവും സ്ഥാപിക്കുവാൻ പാടുള്ളതല്ല.

(2) ഒരു സ്വകാര്യ ആശുപത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം 1-ൽ പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനു പതിനഞ്ചു ദിവസത്തിൽ കുറയാത്ത കാലയളവിനു മുൻപായി അതു നടത്താൻ ഉദ്ദേശിക്കുന്ന ആളോ, നടത്താൻ ചുമതലപ്പെട്ടിട്ടുള്ള ആളോ ഇരുനൂറ് രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം, സെക്രട്ടറിക്കു സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസോടുകൂടിയുള്ളതല്ലാത്ത ഏതൊരു അപേക്ഷയും സെക്രട്ടറി നിരസിക്കേണ്ടതാണ്.

(3) ഒരു സ്വകാര്യ ആശുപത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ചാൽ ഒരാഴ്ചയ്ക്കകം സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, അപേക്ഷകൻ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച സ്ഥലത്തിന്റെ ശുചിത്വം, കെട്ടിടത്തിന്റെയോ കെട്ടിടങ്ങളുടെയോ സുരക്ഷിതത്വം, അപേക്ഷയിൽ പറയുന്ന മറ്റു വിവരങ്ങളുടെ നിജസ്ഥിതി എന്നിവ സംബന്ധിച്ച അപേക്ഷയുടെ ബന്ധപ്പെട്ട ഭാഗത്ത് ഒരു അന്വേഷണ റിപ്പോർട്ട് എഴുതി തയ്യാറാക്കേണ്ടതാണ്.

(4) അപേക്ഷയിലെ വിശദാംശങ്ങളും അന്വേഷണ റിപ്പോർട്ടും പരിഗണിച്ച ശേഷം, രജിസ്ട്രേഷൻ നൽകണമോ എന്ന കാര്യത്തിൽ സെക്രട്ടറി ഒരു തീരുമാനം എടുക്കേണ്ടതാണ്.

എന്നാൽ, അപേക്ഷ തള്ളിക്കളയാൻ തീരുമാനിക്കുകയാണെങ്കിൽ, അപേക്ഷകന് അതിനുള്ള കാരണങ്ങൾ കാണിച്ചുകൊണ്ട് ഒരു നോട്ടീസ് നൽകേണ്ടതും, അതിൽ നിശ്ചയിച്ചിരിക്കുന്ന തീയതിക്കകം ലഭിക്കുന്ന നിവേദനം പരിശോധിച്ചശേഷം അന്തിമതീരുമാനം എടുക്കേണ്ടതുമാണ്.

(5) (4)-ാം ഉപചട്ടപ്രകാരമുള്ള ഏതൊരു തീരുമാനത്തിനെതിരെയും അപേക്ഷകന്, ആ ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിൽ, ഗ്രാമപഞ്ചായത്തു മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്.

(6) രജിസ്ട്രേഷൻ നൽകാൻ തീരുമാനിച്ച സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങൾ ഫോറം 2-ൽ ഉള്ള പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും, അപ്രകാരം രേഖപ്പെടുത്തിക്കഴിഞ്ഞാൽ ആ സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതുമാണ്.

(7) ഒരു സ്വകാര്യ ആശുപത്രിയോ, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതിന്റെ തെളിവായി ബന്ധപ്പെട്ട സെക്രട്ടറി അപേക്ഷകനു ഫോറം 3-ൽ ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.

(8) ഏതൊരു സ്വകാര്യ ആശുപത്രിയുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയും, നടത്തിപ്പുകാരൻ പ്രസ്തുത സ്ഥാപനത്തെ സംബന്ധിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആ സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതും സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആവശ്യപ്പെടുന്നപക്ഷം അത് പരിശോധനയ്ക്കു ഹാജരാക്കേണ്ടതും ആണ്.

(9) ഒരു സ്വകാര്യ ആശുപത്രിയുടെയോ, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയാണെങ്കിൽ, അതിന്റെ നടത്തിപ്പുകാരൻ, സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റിനുവേണ്ടി അൻപതു രൂപ ഫീസോടുകൂടി അപേക്ഷിക്കേണ്ടതും സെക്രട്ടറി, അങ്ങനെയുള്ള അപേക്ഷയിൻമേൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകേണ്ടതുമാണ്.

(10) ഒരു സ്വകാര്യ ആശുപത്രിയോ, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞാൽ പ്രസ്തുത രജിസ്ട്രേഷന് അതതു സാമ്പത്തികവർഷം അവസാനം വരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

(11) രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയുടെയോ, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ പേരുമാറ്റമോ മേൽവിലാസത്തിലുള്ള മാറ്റമോ അഥവാ സ്ഥാപനത്തിന്റെ അടച്ചുപൂട്ടലോ ഉണ്ടായാൽ, അത് ഉണ്ടായി പതിനഞ്ചു ദിവസത്തിനകം വിശദവിവരങ്ങൾ ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ സെക്രട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതും അങ്ങനെയുള്ള അറിയിപ്പു കിട്ടിയതിൻമേൽ, അദ്ദേഹത്തിന്, അതതു സംഗതിപോലെ, സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്റ്ററിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ആവശ്യമുള്ള മാറ്റം വരുത്തുകയോ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് റദ്ദാക്കുകയോ ചെയ്യേണ്ടതുമാണ്.

4. നിലവിലുള്ള സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങ ളുടേയും രജിസ്ട്രേഷൻ:-(1) ആക്റ്റ് പ്രാബല്യത്തിൽ വന്ന സമയത്ത് നിലവിലുണ്ടായിരുന്നതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായതോ അല്ലെങ്കിൽ ആക്റ്റ് നിലവിൽ വന്നതിനുശേഷം പ്രവർത്തനമാരംഭിച്ചിട്ടുള്ളതോ ആയതും, രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ ഏതൊരു സ്വകാര്യ ആശുപത്രിയുടേയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ നടത്തിപ്പുകാരൻ, ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു മൂന്നു മാസങ്ങൾക്കുള്ളിൽ അതു രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നൽകേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം ഒരു സ്വകാര്യ ആശുപത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ ഫോറം 4-ൽ ഇരുനൂറു രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം സെക്രട്ടറിക്കു നൽകേണ്ടതാണ്.

(3) സെക്രട്ടറി, (2)-ാം ഉപചട്ടപ്രകാരം ലഭിക്കുന്ന ഒരു അപേക്ഷയിൻമേൽ അന്വേഷണം നടത്തേണ്ടതും അപേക്ഷയിലെ വിവരങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യം വരുന്നപക്ഷം രജിസ്ട്രേഷൻ നൽകേണ്ടതും, 3-ാം ചട്ടത്തിലെ (6)-ഉം (7)-ഉം ഉപചട്ടങ്ങളിലെ നടപടികൾ പാലിക്കേണ്ടതു മാണ്.

[4എ. ഗ്രാമപഞ്ചായത്തിൽ ജനന മരണ രജിസ്ട്രേഷൻ ഓൺലൈനായി നിർവ്വഹിക്കുന്നതിന് സഹായകമായ കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തുന്നതിന് സ്വകാര്യ ആശുപത്രികൾക്കുള്ള ബാദ്ധ്യത.- 'ഇ ഗവേണൻസി'-ന്റെ ഭാഗമായി പഞ്ചായത്താഫീസിൽ കമ്പ്യൂട്ടർ സ്ഥാപിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകളിൽ 1969-ലെ ജനനമരണ രജിസ്ട്രേഷൻ ആക്റ്റ് (1969-ലെ 18-ാം കേന്ദ്ര ആക്റ്റ്) പ്രകാരമുള്ള ജനനമരണ രജിസ്ട്രേഷൻ ഓൺലൈനായി നിർവ്വഹിക്കുന്നതിന്, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി, ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം, ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ഏർപ്പെടുത്തുന്നതിനും മേൽപറഞ്ഞ ആക്റ്റിലെ 8(1)(ബി) വകുപ്പു പ്രകാരം സമർപ്പിക്കേണ്ട വിവരങ്ങൾ ഓൺലൈനായി ഗ്രാമപഞ്ചായത്തിന് നൽകുന്നതിനും ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപതികൾക്ക് ബാദ്ധ്യതയുണ്ടായിരിക്കുന്നതാണ്.‍‍‍]

5. രജിസ്ട്രേഷൻ പുതുക്കൽ:-(1) ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രിയുടേയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ രജിസ്ട്രേഷൻ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപായി പുതുക്കേണ്ടതും അപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷ ഫോറം 5-ൽ അൻപത് രൂപ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് സഹിതം സെക്രട്ടറിക്ക് നൽകേണ്ടതും ആണ്.

(2) (1)-ാം ഉപചട്ടപ്രകാരം രജിസ്ട്രേഷൻ പുതുക്കുന്ന സംഗതിയിൽ, അതു സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ഫോറം 3-ൽ ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്.

6. രജിസ്ട്രേഷൻ റദ്ദാക്കൽ;-(1) ഏതെങ്കിലും ഒരു സ്വകാര്യ ആശുപത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ നടത്തുന്നയാൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയതിനു അടിസ്ഥാനമായിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചിട്ടുള്ളിടത്ത് സെക്രട്ടറി, അയാൾക്കു നിവേദനം നൽകുന്നതിന് ഒരവസരം നൽകിയശേഷം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതും രജിസ്റ്ററിൽ നിന്നും ആ സ്ഥാപനത്തിന്റെ പേരു നീക്കം ചെയ്യാവുന്നതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ, ആ ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിൽ ആ സ്ഥാപനം നടത്തുന്നയാളിന് ഗ്രാമപഞ്ചായത്തു മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്.

7. വാർഷികഫീസ് പിരിക്കൽ:-(1) ഒരു സ്വകാര്യ ആശുപത്രിക്ക്, ചപ്പുചവറു നിർമ്മാർജ്ജനം, മലിനജലനിർഗമനം തുടങ്ങിയ ഏതെങ്കിലും സേവനം ഒരു ഗ്രാമപഞ്ചായത്തു നൽകുന്നുവെങ്കിൽ അതിനുള്ള ഫീസായി ആയിരം രൂപയിൽ കവിയാത്ത ഒരു തുക പ്രതിവർഷം പ്രസ്തുത സ്വകാര്യ ആശുപത്രിയിൽ നിന്ന് ഗ്രാമപഞ്ചായത്തിന് ഈടാക്കാവുന്നതാണ്.

(2) വിവിധ നിലവാരത്തിലുള്ള സ്വകാര്യ ആശുപത്രികൾക്ക് വ്യത്യസ്ത നിരക്കിലുള്ള വാർഷികഫീസ് നിശ്ചയിക്കാവുന്നതാണ്.

(3) ഈടാക്കാനുദ്ദേശിക്കുന്ന വാർഷികഫീസ് സംബന്ധിച്ച് സെക്രട്ടറി സ്വകാര്യ ആശുപത്രിയുടെ നടത്തിപ്പുകാരന് നോട്ടീസ് നൽകേണ്ടതും നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിക്കകം ലഭിക്കുന്ന നിവേദനം പരിശോധിച്ചതിനുശേഷം ഫീസ് അന്തിമമായി നിശ്ചയിക്കേണ്ടതുമാണ്.