Panchayat:Repo18/vol1-page0542

From Panchayatwiki
Revision as of 05:49, 7 February 2018 by Rajan (talk | contribs)

1996-ലെ കേരള പഞ്ചായത്ത് രാജ (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളുടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 570/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 221-ഉം 222-ഉം 223-ഉം വകുപ്പുകളോട് 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xix)-ഉം (xii)-ഉം ഖണ്ഡങ്ങൾ കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ ഉപയോഗിച്ച്, കേരള സർക്കാർ, താഴെപ്പറ യുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളുടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾ എന്നു പേരുപറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ. ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) എന്നർത്ഥമാകുന്നു.

(ബി) ‘ഫാറം‘ എന്നാൽ ഈ ചട്ടങ്ങളോട് ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;

(സി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിൻ കീഴിൽ രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.

(ഡി) 'പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു;

(ഇ) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു

(എഫ്) “വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പൊതുമാർക്കറ്റുകൾ ഏർപ്പെടുത്തൽ.- (1) പഞ്ചായത്ത്, പുതിയതായി ഒരു പൊതുമാർക്കറ്റായി ഉപയോഗിക്കുന്നതിന് സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതിനോ നിലവിലുള്ള ഏതെങ്കിലും പൊതു മാർക്കറ്റോ അതിന്റെ ഭാഗമോ അടയ്ക്കുന്നതിനോ പ്രമേയം പാസ്സാക്കുന്നതിനു മുമ്പായി ആ സംഗതിയിൽ പൊതുജനങ്ങൾക്ക് ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് മുപ്പത് ദിവസത്തിനുള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് പഞ്ചായത്ത് നോട്ടീസ് ബോർഡിലും പഞ്ചായത്തിന്റെ ഓരോ നിയോജക മണ്ഡലത്തിലും എല്ലാവർക്കും കാണത്തക്കവിധത്തിലുള്ള സ്ഥലത്തും പതിക്കേണ്ടതും അപ്രകാരം പ്രസിദ്ധീകരിച്ച വിവരം ആ പഞ്ചായത്ത് പ്രദേശത്തെ പ്രധാന ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന കൂടുതൽ പ്രചാരമുള്ള ഒരു വർത്തമാന പത്രത്തിൽ പ്രസിദ്ധീകരിക്കേണ്ടതും നിശ്ചിത കാലയളവിനുള്ളിൽ ആക്ഷേപങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതുമാകുന്നു.