Panchayat:Repo18/vol2-page0493

From Panchayatwiki
Revision as of 04:41, 3 February 2018 by Animon (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

3.4 നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിനായി ഒരു ജനന മരണ രജിസ്ട്രാർ മറ്റൊരു യൂണിറ്റിൽ ആവശ്യപ്പെട്ടാൽ പ്രസ്തുത ജനനം അല്ലെങ്കിൽ മരണം ആ യൂണിറ്റിലെ ബന്ധപ്പെട്ട രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് മറുപടി നൽകേണ്ടതാണ്. ജനന/മരണ രജിസ്ട്രേഷന് അനുമതി നൽകുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായി സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ ആവശ്യപ്പെടുന്ന സംഗതികളിലും ഇപ്രകാരം മറുപടി നൽകേണ്ടതാണ്. എന്നാൽ ഇപ്രകാരം ജനനം/മരണം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മറുപടി നൽകുന്നത് ചട്ടം 13(3) പ്രകാരമുള്ള നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ആയി പരിഗണിക്കാൻ പാടില്ലാത്തതാണ്.

3.5 നോൺ അറൈവലബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു മുമ്പ്, പ്രസ്തുത സംഭവം മറ്റൊരു രജിസ്ട്രേഷൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകാമെന്ന് സംശയം തോന്നുന്ന കേസുകളിൽ മാത്രം ബന്ധപ്പെട്ട രജിസ്ട്രാറോട് രേഖാമൂലം വിവരം ആരായേണ്ടതും അതിന് കഴിവതും വേഗം മറുപടി നൽകുന്നതിന് എല്ലാ രജിസ്ട്രാർമാരും ശ്രദ്ധിക്കേണ്ടതുമാണ്.

3.6 ജനന മരണ രജിസ്ട്രേഷനുകളുടെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മേൽപ്പറഞ്ഞ വിവരം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട www.cr.lsgkerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

3.7 ജനന മരണ രജിസ്റ്ററുകൾ കാലപ്പഴക്കം മൂലവും അല്ലാതെയും നശിച്ചു പോവുകയും തന്നിമിത്തം അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ രജിസ്ട്രേഷൻ സംബന്ധിച്ച സ്ഥാപനത്തിലോ വ്യക്തിയുടെ പക്കലോ തെളിവുകളുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ പുന:സൃഷ്ടിക്കാവുന്നതും തെളിവുകളൊന്നും ലഭ്യമല്ലാത്ത കേസുകളിൽ സംഭവം രജിസ്ട്രേഷൻ യൂണിറ്റിന്റെ അധികാര പരിധിക്കുള്ളിൽ നടന്നതാണെന്ന് ബോധ്യപ്പെട്ട ശേഷം നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്. അതോടൊപ്പം ബന്ധപ്പെട്ട വർഷത്തെ ജനന മരണ രജിസ്റ്റർ നശിച്ചുപോയതായുള്ള ഒരു സാക്ഷ്യപത്രം കൂടി പ്രസ്തുത ജനനം/മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നല്കുന്നതിനായി ആർ.ഡി.ഒ.ക്ക് നൽകേണ്ടതാണ്.

4. ഉപേക്ഷിക്കപ്പെട്ട/ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷൻ.

4.1 ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷൻ 1969-ലെ ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ 8-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ഇ) ഖണ്ഡം അനുസരിച്ച് നടത്തേണ്ടതാണ്. രജിസ്ട്രേഷൻ നടത്തുന്നതിനായി കുട്ടിയുടെ ദത്തെടുക്കൽ നടപടി വരെ കാത്തിരിക്കേണ്ടതില്ലാത്തതും യഥാസമയം ജനനം റിപ്പോർട്ടു ചെയ്യാത്ത പക്ഷം സെക്ഷൻ 23 പ്രകാരം നടപടി സ്വീകരിക്കേണ്ടതുമാണ്.

4.2 ജനന രജിസ്ട്രേഷനിൽ കുട്ടിക്ക് ഭാവിയിൽ അപമാനകരമായിത്തീരുന്ന രീതിയിൽ ജനന സ്ഥലം (അമ്മത്തൊട്ടിൽ, ഓർഫനേജ് തുടങ്ങിയവ) രേഖപ്പെടുത്താൻ പാടില്ല. ഇത്തരം കേസുകളിൽ സ്ഥലപ്പേര് മാത്രം രജിസ്ട്രേഷനിൽ ചേർത്താൽ മതിയാകുന്നതാണ്.

4.3 ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ ലഭിക്കുന്ന കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ രക്ഷിതാവായി സ്ഥാപനത്തിന്റെ പേർ റിമാർക്സ് കോളത്തിൽ രേഖപ്പെടുത്താവുന്നതാണ്. മാതാപിതാക്കളുടെ പേര്, വിലാസം എന്നീ കോളങ്ങളിൽ ഒന്നും രേഖപ്പെടുത്തേണ്ടതില്ല.

4.4 അനാഥാലയങ്ങളിലും മറ്റ് ശിശു സംരക്ഷണ ഏജൻസികളിലും കഴിയുന്നതും അല്ലാത്തതുമായ കുട്ടികളെ നിയമാനുസരണം ദത്തെടുക്കുന്ന അവസരത്തിൽ ദത്തെടുക്കുന്ന മാതാപിതാക്കളുടെ (Adoptive parents) പേർ ഉൾപ്പെടുത്തിയും ആവശ്യമെങ്കിൽ കുട്ടിയുടെ പേരിൽ മാറ്റം വരുത്തിയും സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതാണ്. ദത്തെടുക്കൽ അനുവദിക്കുന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഡോപ്റ്റീവ് പേരന്റ്സിന്റെ പേർ മാതാപിതാക്കളുടെ പേരായി ഉൾപ്പെടുത്തി നൽകേണ്ടതാണ്.

4.5 അംഗീകൃത അഡോപ്ഷൻ ഏജൻസി മുഖേന ദത്തെടുത്ത കുട്ടിയുടെ ജനനം അതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ അപേക്ഷ നൽകേണ്ടതും ദത്തെടുക്കൽ അനുവദിച്ച കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനതീയതി അംഗീകരിച്ച് ജനനം രജിസ്റ്റർ ചെയ്തു നൽകേണ്ടതുമാണ്. ഇത്തരം കേസുകളിൽ പ്രായം തെളിയിക്കുന്നതിന് ഡി.എം.ഒ.യുടെ സർട്ടിഫിക്കറ്റോ ആർ.ഡി.ഒ.യുടെ അനുവാദമോ ആവശ്യപ്പെടാൻ പാടില്ല.

4.6 ജനന രജിസ്ട്രേഷനിൽ റിമാർക്സ് കോളത്തിൽ കോടതി ഉത്തരവിന്റെ നമ്പരും തീയതിയും കോടതിയുടെ പേരും രേഖപ്പെടുത്തേണ്ടതാണ്.

4.7 2008 നവംബർ 22 നു മുമ്പ് ദത്തെടുത്ത കേസുകളിൽ ഇതുവരെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ദത്തെടുക്കൽ അനുവദിച്ച കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദത്തെടുത്ത മാതാപിതാക്കൾ നൽകുന്ന അപേക്ഷപ്രകാരം അവർ സ്ഥിര താമസമാക്കിയ സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ ജനനം രജിസ്റ്റർ ചെയ്യേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ