സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കൽ

From Panchayatwiki
Revision as of 13:19, 1 February 2018 by Arjun (talk | contribs) ('{{Panchayat:Repo18/vol1-page0106}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അദ്ധ്യായം VIII
പൊതുതിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനവും തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനുള്ള ഭരണ സംവിധാനവും

38. പഞ്ചായത്തുകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം.-

(1) നിലവിലുള്ള പഞ്ചായത്തുകളുടെ കാലാവധി തീരുന്നതിനു മുൻപ് പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിനായോ പുനർ രൂപീകരണത്തിനായോ ഒരു പൊതു തിരഞ്ഞെടുപ്പു നടത്തേണ്ടതാണ്.

(2) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി തിരഞ്ഞെടുപ്പു കമ്മീഷൻ ശുപാർശ ചെയ്യുന്ന തീയതിയിലോ തീയതികളിലോ, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ഒന്നോ അതിലധികമോ വിജ്ഞാപനം വഴി, സംസ്ഥാനത്തെ പഞ്ചായത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളോടും, ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അനുസരിച്ച് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടേണ്ടതാണ്.

39. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കൽ.-

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ, ഈ ആക്റ്റിൻ കീഴിലോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിൻ കീഴിലോ ഉള്ള, ചുമതലകൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഈ ആവശ്യത്തിലേക്കായി നൽകുന്ന സാമാന്യമോ പ്രത്യേകമോ ആയ നിർദ്ദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്കു വിധേയമായി, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ സെക്രട്ടറിക്കും നിർവ്വഹിക്കാവുന്നതാണ്:

എന്നാൽ ഇപ്രകാരം സെക്രട്ടറി എടുക്കുന്ന ഏതു തീരുമാനവും സ്വയമേവയോ, അല്ലെങ്കിൽ ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുവാൻ കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

40. ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻമാരുടെ സാമാന്യ കർത്തവ്യങ്ങൾ.-

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മേലന്വേഷണത്തിനും നിർദ്ദേശത്തിനും നിയന്ത്രണത്തിനും വിധേയമായി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ആ ജില്ലയിലെ പഞ്ചായത്തുകളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടേയും നടത്തിപ്പിനോട് ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും ഏകോപിപ്പിക്കുകയും അവയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടതാകുന്നു.

40 എ. തെരഞ്ഞെടുപ്പു നിരീക്ഷകർ-

(1) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഏതൊരു പഞ്ചായത്തിലെയും തെരഞ്ഞെടുപ്പു നിരീക്ഷിക്കുന്നതിനുവേണ്ടി ആവശ്യമായത്രയും എണ്ണം ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ സർക്കാരുമായി കൂടിയാലോചിച്ച്, നിരീക്ഷകരായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം നാമനിർദ്ദേശം ചെയ്യുന്ന നിരീക്ഷകൻ നിഷ്പക്ഷവും നീതി പൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ സഹായിക്കേണ്ടതും കമ്മീഷൻ ഭരമേൽപ്പിക്കുന്ന മറ്റു ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ