Panchayat:Repo18/vol1-page0738
(2) ഇത്തരത്തിലുള്ള രേഖാമൂലമായ അപേക്ഷ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അങ്ങനെയുള്ള അംഗീകാരമോ അനുവാദമോ നൽകണമോ വേണ്ടയോ എന്ന് ഗ്രാമപഞ്ചായത്ത് തീരുമാനിക്കുന്നില്ലെങ്കിൽ അങ്ങനെയുള്ള അംഗീകാരവും അനുമതിയും നൽകിയതായി കരുതാവുന്നതും അപേക്ഷകന് ആക്റ്റിന്റെയോ ചട്ടങ്ങളുടെയോ അതിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ബൈലോകളുടെയോ യാതൊരു വ്യവസ്ഥകളേയും ലംഘിക്കാത്ത തരത്തിൽ നിർമ്മാണം ആരംഭിക്കാവുന്നതാണ്. എന്നാൽ, ഇത്തരം ജോലിനിർവ്വഹണം കെട്ടിടനിർമ്മാണക്രമവൽക്കരണത്തിനുള്ള ഒന്നായി പരിഗണിക്കാതെ യഥാവിധി അനുമതി ലഭിച്ചതായി കണക്കാക്കേണ്ടതാകുന്നു. നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ, നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ അല്ലെങ്കിൽ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അത് ചട്ടവ്യവസ്ഥകൾക്ക് അനുസൃതവുമാണെങ്കിൽ, ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് നൽകേണ്ടതാണ്.
17. പെർമിറ്റ് കാലാവധി പുതുക്കലും നീട്ടലും.- (1) ഈ ചട്ടങ്ങൾ പ്രകാരം അനുവദിച്ചി ട്ടുള്ള വികസന പെർമിറ്റ് അല്ലെങ്കിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അത് അനുവദിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്ക് സാധുവായിരിക്കുന്നതാണ്.
(2) പെർമിറ്റ് സാധുത കാലാവധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുന്നതിന്മേൽ, സെക്രട്ടറി, ഓരോ മൂന്നുവർഷകാലം എന്ന കണക്കിന്, രണ്ടുപ്രാവശ്യം കൂടി പെർമിറ്റ് കാലാവധി നീട്ടി കൊടുക്കേണ്ടതാണ്.
(3) പെർമിറ്റിന്റെ കാലാവധി നീട്ടുന്നതിനുള്ള ഫീസ്, കാലാവധി നീട്ടുന്ന സമയം പ്രാബല്യത്തിലുള്ള വികസന പെർമിറ്റ് ഫീസിന്റെയോ, അതതുസംഗതിപോലെ, അധികതറവിസ്തീർണ്ണ അനുപാതത്തിനുള്ള (FAR ഫീസ് ഒഴികെ,) കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസിന്റെയോ പത്ത് ശത മാനമായിരിക്കുന്നതാണ്.
(4) പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം സമർപ്പിക്കുന്ന അപേക്ഷയിന്മേൽ യുക്തമെന്ന് കാണുന്ന പക്ഷം സെക്രട്ടറിക്ക് മൊത്തം സാധുത കാലയളവ്, ആദ്യമായി പെർമിറ്റ് നൽകിയ തീയതി മുതൽ ഒമ്പത് വർഷം കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായി, മൂന്ന് വർഷക്കാലയളവിലേക്ക് കൂടി പെർമിറ്റ് പുതുക്കി നൽകാവുന്നതാണ്. എന്നാൽ, ഒമ്പതു വർഷക്കാലയളവിന് ശേഷവും പെർമിറ്റ് പുതുക്കുകയോ നീട്ടുകയോ ചെയ്യേണ്ട സംഗതികളിൽ അപേക്ഷകൻ ഈ ചട്ടങ്ങളിലെ X-A അദ്ധ്യായപ്രകാരം രൂപീകരിച്ചിട്ടുള്ള കമ്മിറ്റിക്ക് രേഖാമൂലം അപേക്ഷ സമർപ്പിക്കേണ്ടതും അപേക്ഷയുടെ നിജസ്ഥിതി പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം തൃപ്തികരമെങ്കിൽ, കമ്മിറ്റിക്ക് പെർമിറ്റിന്റെ കാലാവധി നിബന്ധനകളോടെയോ അല്ലാതെയോ പുതുക്കുന്നതിനോ ദീർഘിപ്പിക്കുന്നതിനോ ശുപാർശ ചെയ്യാവുന്നതാണ്.
(5) പെർമിറ്റുകൾ പുതുക്കുന്നതിനുള്ള ഫീസ് പുതുക്കുന്ന സമയത്ത് പ്രാബല്യത്തിലുള്ള വികസന പെർമിറ്റ് ഫീസിന്റെയോ കെട്ടിടനിർമ്മാണ ഫീസിന്റെയോ അതതുസംഗതിപോലെ അമ്പത് ശതമാനമായിരിക്കുന്നതാണ്.
(6) വികസന പെർമിറ്റിന്റെയോ, കെട്ടിട നിർമ്മാണ പെർമിറ്റിന്റെയോ കാലാവധി നീട്ടുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷയിൽ, അപേക്ഷകന്റെ പേരും, മേൽവിലാസവും, പെർമിറ്റ് നമ്പറും, പെർമിറ്റ് നമ്പർ അനുവദിച്ച തീയതിയും, വികസനമോ നിർമ്മാണമോ ആരംഭിച്ചുവെങ്കിൽ അതിന്റെ ഘട്ടവും വ്യക്തമാക്കിക്കൊണ്ട് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ മഷികൊണ്ടെഴുതിയോ സമർപ്പിക്കേണ്ടതാണ്.
(7) അപേക്ഷയിൽ ആവശ്യമായത്രയും കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതും കാലാവധി നീട്ടേണ്ടതോ പുതുക്കേണ്ടതോ ആയ അസൽ പെർമിറ്റും അംഗീകൃത പ്ലാനും ഉൾപ്പെടുത്തേണ്ടതുമാണ്.
(8) പെർമിറ്റിന്റെ സാധുതാ കാലയളവിൽ തന്നെ വികസനപ്രവർത്തനങ്ങളോ, നിർമ്മാണ പ്രവർത്തനങ്ങളോ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |