പഞ്ചായത്ത് രാജ് (വസുലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ) ചട്ടങ്ങൾ, 1998

From Panchayatwiki
Revision as of 10:08, 1 February 2018 by Arjun (talk | contribs) ('{{Panchayat:Repo18/vol1-page0606}} {{Panchayat:Repo18/vol1-page0607}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1998-ലെ കേരള പഞ്ചായത്ത് രാജ് (വസുലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 421/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 244-ഉം 254-ഉം വകുപ്പുകൾ കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്ന് അർത്ഥ മാകുന്നു;

(ബി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;

(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. തുകകൾ എഴുതിത്തള്ളുന്നതിനുള്ള നടപടിക്രമങ്ങൾ.- (1) വസൂലാക്കാൻ സാധിക്കാത്തതായ തുകകളെ സംബന്ധിച്ച്, അവ വസൂലാക്കാൻ ചുമതലപ്പെട്ട ജീവനക്കാരോ അല്ലെങ്കിൽ 211-ാം വകുപ്പ് പ്രകാരം നികുതിയോ ഫീസോ പിരിച്ചെടുക്കാൻ ഏൽപ്പിക്കപ്പെട്ടിട്ടുള്ള വില്ലേജ് ആഫീസറോ, അതിനുള്ള കാരണങ്ങൾ സഹിതം സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതും സെക്രട്ടറി അത് പരിശോധിച്ച് കുടിശ്ശികക്കാരനിൽനിന്നും തുക ഈടാക്കാനുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുവെങ്കിലും അവ പരാജയപ്പെട്ടുവെന്നും കുടിശ്ശികക്കാരനിൽനിന്ന് ജപ്തി മുഖേന തുക ഈടാക്കാൻ അയാൾക്ക് വസ്തുവകകളൊന്നും ഇല്ലെന്നും സാക്ഷ്യപ്പെടുത്തുകയും അങ്ങനെയുള്ള എല്ലാ തുകകളുടേയും ഒരു ലിസ്റ്റ്, തുക എഴുതിത്തളേളണ്ടതിന്റെ കാരണങ്ങൾ കാണിച്ചു കൊണ്ടുള്ള റിപ്പോർട്ട് സഹിതം, ആറുമാസത്തിലൊരിക്കൽ തയ്യാറാക്കി പഞ്ചായത്തിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്. സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചശേഷം സ്റ്റാന്റിംഗ് കമ്മിറ്റിക്ക് തുക എഴുതിത്തള്ളാൻ പഞ്ചായത്തിനോട് ശുപാർശ ചെയ്യാവുന്നതാണ്.

(2) പഞ്ചായത്ത് കമ്മിറ്റി അങ്ങനെയുള്ള തുക എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കുമ്പോൾ കുടിശിക ഈടാക്കാൻ വേണ്ടി സാധിക്കുന്ന എല്ലാ നടപടികളും കൈക്കൊണ്ടിരുന്നുവെന്നും, അത് ഈടാക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്നും ഉള്ള കാര്യം ഉറപ്പാക്കേണ്ടതാണ്.

(3) തുക ഈടാക്കാൻ യാതൊരു വിധത്തിലും സാധിക്കുകയില്ലെന്ന് പഞ്ചായത്തിന് ബോദ്ധ്യം വന്നാൽ ഓരോ കേസിലും, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് യഥാക്രമം, ആയിരം രൂപ, രണ്ടായിരം രൂപ, അയ്യായിരം രൂപ എന്ന പരമാവധിയിൽ കവിയാത്ത തുക എഴുതിത്തള്ളാൻ തീരുമാനിക്കാവുന്നതാണ്. തുക പരമാവധിയിൽ കൂടുതലാണെങ്കിൽ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറുടെയും സർക്കാരിന്റെയും അംഗീകാരം വാങ്ങിയശേഷം പഞ്ചായത്തിന് എഴുതിത്തള്ളാവുന്നതാണ്.

(4) പഞ്ചായത്തിന് കിട്ടാനുള്ള ഏതെങ്കിലും തുക പിരിച്ചെടുക്കേണ്ടതു സർക്കാരിന്റെ ചുമതലയാണെങ്കിൽ അതു സംബന്ധമായി വസൂലാക്കാൻ സാദ്ധ്യമല്ലെന്നുള്ള കാരണത്താൽ എഴുതിത്തള്ളാനുള്ള അധികാരം സർക്കാരിന്റെ അനുവാദത്തോടുകൂടി മാത്രമേ വിനിയോഗിക്കാൻ പാടുള്ളൂ.

(5) ഒരു തുക എഴുതിത്തള്ളാൻ ഉള്ള നിർദ്ദേശം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചാൽ, സെക്രട്ടറി അതു സംബന്ധിച്ച വിവരങ്ങൾ ഈ ചട്ടങ്ങൾക്കനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയിലെ ഫോറത്തിന്റെ മാതൃകയിൽ ഉള്ള ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.

(6) നികുതിയോ, ഫീസോ, മറ്റേതെങ്കിലും തുകയോ എഴുതിത്തള്ളാനുള്ള അംഗീകാരം കിട്ടിയാൽ ഉടൻതന്നെ, സെക്രട്ടറി അതുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ബില്ലുകൾ, വാറണ്ടുകൾ, (ഫോയിലും കൗണ്ടർ ഫോയിലും അടക്കം) മുതലായ എല്ലാ രേഖകളിലും എഴുതിത്തള്ളൽ ഉത്തരവിന്റെ നമ്പരും തീയതിയും രേഖപ്പെടുത്തിയശേഷം "എഴുതിത്തള്ളി" എന്ന് മുദ്ര കുത്തേണ്ടതാണ്. ഡിമാന്റ് രജിസ്റ്ററിലും ആവശ്യമായ വിവരങ്ങൾ ചേർക്കേണ്ടതാണ്. എഴുതിത്തള്ളൽ ഉത്തരവിന്റെ ഒരു പകർപ്പ് ആഡിറ്റർക്ക് അയച്ചുകൊടുക്കേണ്ടതും ഒരു പകർപ്പ് അതത് പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ പഞ്ചായത്ത് പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും ഗ്രാമ പഞ്ചായത്ത് അവ തൊട്ടടുത്ത ഗ്രാമസഭാ യോഗത്തിൽ അറിയിക്കേണ്ടതുമാണ്.

പട്ടിക
[3-ാം ചട്ടം (5)-ാം ഉപചട്ടം കാണുക]

............................................................ഗ്രാമ പഞ്ചായത്തിലെ / ബ്ലോക്ക് പഞ്ചായത്തിലെ / ജില്ലാ പഞ്ചായത്തിലെ വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളുന്നത് രേഖപ്പെടുത്താനുള്ള രജിസ്റ്റർ

1. ആരിൽ നിന്നാണോ തുക കിട്ടാനുള്ളത്

അയാളുടെ പേരും മേൽവിലാസവും  :

2. ഡിമാന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തി

യിട്ടുള്ളത് സംബന്ധിച്ച സൂചന  :

3. കിട്ടാനുള്ള തുക എത്ര എന്നും അത്

ഏതിനത്തിൽ എന്നും  :

4. ഏത് സാമ്പത്തികവർഷം ആണ്

കുടിശ്ശികയായത് എന്ന്  :

5. ഏത് കാരണത്താലാണ് എഴുതിത്തള്ളൽ

അംഗീകരിച്ചതെന്ന്  :

6. എഴുതിത്തള്ളിയ തുക  :

7. എഴുതിത്തള്ളൽ അനുവദിച്ച ഉത്തരവിന്റെ

നമ്പരും തീയതിയും  :

8. സെക്രട്ടറിയുടെ ഒപ്പ്  :

This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ appended