Panchayat:Repo18/vol1-page0197
(6) ഏതെങ്കിലും ലഘുശിക്ഷകൾ ചുമത്തിക്കൊണ്ടുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ സർക്കാർ ഇതിലേക്കായി ചുമതലപ്പെടുത്തിയ അധികാരസ്ഥാനം (ചുവടെ 'അധികാരസ്ഥാനം’ എന്ന് പരാമർശിച്ചിരിക്കുന്നു) മുമ്പാകെ ഒരു അപ്പീൽ നൽകാവുന്നതാണ്.
(7) (6)-ാം ഉപവകുപ്പുപ്രകാരമുള്ള ഒരു അപ്പീൽ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ഫാറത്തിൽ ആയിരിക്കേണ്ടതും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന തീയതിക്കകം അങ്ങനെയുള്ള രീതിയിൽ സമർപ്പിച്ചിരിക്കേണ്ടതുമാണ്.
(8) (6)-ം ഉപവകുപ്പുപ്രകാരമുള്ള ഒരു അപ്പീൽ ലഭിച്ചതിൻമേൽ അധികാരസ്ഥാനം, അപ്പീൽ സമർപ്പിച്ച ആൾക്ക് പറയാനുള്ളതു പറയാൻ ഒരവസരം നൽകിയശേഷം, ഏതൊരു ഉത്തരവിനെതിരെയാണോ അപ്പീൽ നൽകിയിട്ടുള്ളത് ആ ഉത്തരവിനെ സ്ഥിരപ്പെടുത്തുകയോ റദ്ദാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യുകയോ, അഥവാ അതിന് യുക്തമായി തോന്നുന്ന അപ്രകാരമുള്ള മറ്റൊരു ഉത്തരവ് പാസ്സാക്കുകയോ ചെയ്യാവുന്നതുമാണ്.
(9) സർക്കാരിന് സ്വമേധയായോ അപേക്ഷ പ്രകാരമോ (8)-ാം ഉപവകുപ്പു പ്രകാരം അധികാര സ്ഥാനം പാസ്സാക്കിയ ഏതെങ്കിലും ഉത്തരവിന്റെ രേഖകൾ ആവശ്യപ്പെടാവുന്നതും അപ്രകാരമുള്ള ഉത്തരവു പുനഃപരിശോധന ചെയ്യാവുന്നതും, അതിനെ സംബന്ധിച്ച അവർക്ക് യുക്തമെന്ന് തോന്നുന്ന ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.
എന്നാൽ, പുനഃപരിശോധിക്കപ്പെടേണ്ട ഉത്തരവ് അപേക്ഷകനു കിട്ടിയ തീയതി മുതൽ മുപ്പതു ദിവസം കഴിഞ്ഞതിനുശേഷം പുനഃപരിശോധനയ്ക്കു വേണ്ടിയുള്ള യാതൊരപേക്ഷയിൻമേലും നടപടിയെടുക്കേണ്ടതില്ലാത്തതുമാകുന്നു:
എന്നുമാത്രമല്ല, സർക്കാർ, ഏതെങ്കിലും കക്ഷിയെ ബാധിക്കുന്ന ഒരു ഉത്തരവ് ആ കക്ഷിക്ക് ഒരു നിവേദനം നൽകാനുള്ള ഒരു അവസരം ലഭിച്ചിട്ടില്ലാത്തപക്ഷം, പാസ്സാക്കാൻ പാടുള്ളതല്ല:
തന്നെയുമല്ല, പുനഃപരിശോധിക്കപ്പെടേണ്ട ഉത്തരവിന്റെ തീയതിക്കുശേഷം ഒരു വർഷത്തിലധികമായിട്ടുണ്ടെങ്കിൽ സർക്കാർ സ്വമേധയാ ഒരു പുനഃപരിശോധനയും നടത്താൻ പാടുള്ളതല്ല.
വിശദീകരണം.-ഈ വകുപ്പിലും 180-ഉം 181-ഉം വകുപ്പുകളിലും 'ലഘുശിക്ഷ' എന്നതിന് 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിൽ ലഘു ശിക്ഷയ്ക്കു നൽകിയിട്ടുള്ള അതേ അർത്ഥമാകുന്നു.
(10) സെക്രട്ടറിയുടെ പേരിൽ അച്ചടക്ക നടപടികൾ എടുക്കേണ്ടിവരുമ്പോൾ പ്രസിഡന്റിനു അദ്ദേഹത്തിനെതിരെ ഒരു അന്വേഷണം നടത്താനും ഒരു വലിയ ശിക്ഷ ചുമത്തേണ്ടി വരുമ്പോൾ പഞ്ചായത്തിന്റെ അംഗീകാരത്തോടു കൂടി സെക്രട്ടറിക്കു ബാധകമാകാവുന്ന ചട്ടങ്ങളിൻ കീഴിൽ മേൽ നടപടി നടത്തുന്നതിനും സർക്കാരിനോ സെക്രട്ടറിയെ നിയമിക്കാൻ അധികാരമുള്ള അധികാരസ്ഥനോ റിപ്പോർട്ടു ചെയ്യുന്നതിനും അധികാരമുണ്ടായിരിക്കുന്നതും സർക്കാരോ അങ്ങനെയുള്ള അധികാരസ്ഥനോ അപ്രകാരമുള്ള റിപ്പോർട്ട് കിട്ടിയാലുടൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും അതിൻമേൽ എടുത്ത അന്തിമ തീരുമാനം പ്രസിഡന്റിനെ അറിയിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |