Panchayat:Repo18/vol1-page0068

From Panchayatwiki

(xviii) ‘സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;

(xix)'വീട് എന്നാൽ താമസസ്ഥലമായോ മറ്റുവിധത്തിലോ ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കൊള്ളാവുന്നതോ ആയതും പൊതു വഴിയിൽ നിന്ന് പ്രത്യേകമായ ഒരു പ്രധാനവാതിൽ ഉള്ളതുമായ ഒരു കെട്ടിടം അഥവാ കുടിൽ എന്നർത്ഥമാകുന്നതും, ഏതെങ്കിലും കടയോ, വർക്ക് ഷോപ്പോ പണ്ടകശാലയോ അഥവാ വാഹനങ്ങൾ കയറ്റി പാർക്കു ചെയ്യാനോ അല്ലെങ്കിൽ ബസ്സ്റ്റാന്റായോ ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടമോ അതിൽ ഉൾപ്പെടുന്നതുമാകുന്നു;

(xx) 'കുടിൽ' എന്നാൽ മുഖ്യമായും മരമോ ചളിയോ ഇലകളോ പുല്ലോ ഓലയോ കൊണ്ട് നിർമ്മിക്കപ്പെട്ട ഏതെങ്കിലും കെട്ടിടം എന്നർത്ഥമാകുന്നതും ഈ ആക്റ്റിന്റെ ആവശ്യത്തിനായി ഒരു കുടിൽ എന്ന് ഒരു ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചേക്കാവുന്ന ഏതു വലിപ്പത്തിലുമുള്ള ഏതൊരു താല്ക്കാലിക എടുപ്പും എന്തു സാധനം കൊണ്ടുണ്ടാക്കിയതുമായ ഏതൊരു ചെറിയ കെട്ടിടവും അതിൽ ഉൾപ്പെടുന്നതുമാകുന്നു;

(xxi) 'മദ്ധ്യതലം’ എന്നാൽ 243-ാം അനുച്ഛേദം (സി) ഖണ്ഡത്തിൻകീഴിൽ ഗവർണ്ണർ നിർദ്ദേശിക്കുന്ന ഗ്രാമതലത്തിനും ജില്ലാ തലത്തിനും ഇടയ്ക്കുള്ള തലം എന്നർത്ഥമാകുന്നു;

(xxii) "തദ്ദേശ സ്ഥാപനം’ അല്ലെങ്കിൽ 'തദ്ദേശ സ്വയംഭരണ സ്ഥാപനം’ എന്നാൽ ഈ ആക്റ്റിന്റെ 4-ാം വകുപ്പ് പ്രകാരം രൂപീകരിച്ച ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് എന്നോ അല്ലെങ്കിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ (1994-ലെ 20)ലെ 4-ാം വകുപ്പു പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;

(xxiii) 'മാർക്കറ്റ്' എന്നാൽ ധാന്യമോ പഴങ്ങളോ മലക്കറിയോ മാംസമോ മത്സ്യമോ വേഗത്തിൽ ചീത്തയാകുന്ന മറ്റു ഭക്ഷ്യവസ്തുക്കളോ വിലക്കുന്നതിനോ വാങ്ങുന്നതിനോ അഥവാ കന്നുകാലികളെയോ കോഴികളെയോ അല്ലെങ്കിൽ കാർഷികമോ വ്യാവസായികമോ ആയ ഏതെങ്കിലും ഉല്പന്നമോ, ഏതെങ്കിലും അസംസ്കൃത ഉല്പന്നമോ നിർമ്മിതോല്പന്നമോ അല്ലെങ്കിൽ ജീവിത സൗകര്യത്തിനാവശ്യമായ ഏതെങ്കിലും വസ്തുക്കളോ ചരക്കോ വിലക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി ആളുകൾ ഒത്തുകൂടുന്നതിനായി മാറ്റിവച്ചിട്ടുള്ളതോ അഥവാ സാധാരണയായോ നിയത കാലികമായോ അതിലേക്ക് ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു എന്നാൽ ഒരൊറ്റ കടയോ ആറെണ്ണത്തിൽ കവിയാത്ത ഒരു കൂട്ടം കടകളോ ഒരു മാർക്കറ്റായി കരുതപ്പെടുവാൻ പാടില്ലാത്തതാകുന്നു;

(xxiv) 'അംഗം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗം എന്നർത്ഥമാകുന്നു;

(xxv) 'പഞ്ചായത്ത്' എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(xxvi) 'പഞ്ചായത്ത് പ്രദേശം’ എന്നാൽ ഒരു പഞ്ചായത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ വരുന്ന ഭൂപ്രദേശം എന്നർത്ഥമാകുന്നു;

(xxvii) 'രാഷ്ട്രീയകക്ഷി' എന്നാൽ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റ് (1951-ലെ 43-ാം കേന്ദ്ര ആക്റ്റ്) 29എ വകുപ്പിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയകക്ഷി എന്ന് അർത്ഥമാകുന്നു;

(xxviii) 'പോളിംഗ് സ്റ്റേഷൻ' എന്നാൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനായി നിശ്ചയിക്കപ്പെട്ട ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു;

(xxix) 'ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാകുന്നു;

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ