Panchayat:Repo18/vol1-page0746
(8) ഓരോ ഉടമസ്ഥനും സുരക്ഷാ മുൻകരുതലുകൾ അല്ലെങ്കിൽ പരിരക്ഷാ സംവിധാനങ്ങളോ സംരക്ഷണവസ്തുക്കളോ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുകയും അത് മൂലം ഏതെങ്കിലും വ്യക്തിക്കോ വസ്തുവിനോ ഉണ്ടാകുന്ന ഹാനിക്ക് അല്ലെങ്കിൽ നഷ്ടത്തിന് പ്രസ്തുത ഉടമസ്ഥൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.
23. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും,-(1) പെർമിറ്റ് നൽകുന്നതിനും, പ്ലാൻ/വിശദാംശങ്ങൾ അംഗീകരിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പെർമിറ്റ് നൽകുമ്പോഴും, പ്ലാനുകൾ/വിശദാംശങ്ങൾ അംഗീകരിക്കുമ്പോഴും നിലവിലുള്ള എല്ലാ ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും അവ വിധേയമാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ, അവർ ഈ ചട്ടങ്ങളിലെ ആവശ്യകതകൾക്ക് അനുസൃതമായിട്ടാണ് ജോലികൾ നിർവ്വഹിച്ചിട്ടുള്ളത് എന്ന് കൂടി ഉറപ്പു വരുത്തേണ്ടതാണ്. ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ടുള്ള ഏതൊരു അംഗീകാരത്തിനും തുടർന്നുള്ള നിർമ്മാണങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിത്തീരുന്നതാണ്.
24. പ്ലോട്ടുകളുടെ കൈമാറ്റത്തെക്കുറിച്ച് അറിയിക്കണമെന്ന്- (1) വികസന പെർമിറ്റോ കെട്ടിടനിർമ്മാണ പെർമിറ്റോ കൈവശമുള്ള ഓരോ വ്യക്തിയും പെർമിറ്റിൽ ഉൾപ്പെട്ട ഏതെങ്കിലും വസ്തു മുഴുവനുമായോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗത്തിന്റെയോ നിർമ്മാണം പൂർത്തിയാക്കി വികസന അല്ലെങ്കിൽ കൈവശ സർട്ടിഫിക്കറ്റ് നേടാതെയുള്ള കൈമാറ്റം (പെർമിറ്റ് കൈമാറാനുള്ള ഉദ്ദേശം) കൈമാറിക്കിട്ടുന്നയാളുടെ പേരും മേൽവിലാസവും ചേർത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.
(2) കൈമാറ്റം ചെയ്യുന്ന വ്യക്തിയിൽ നിന്നോ വികസന പെർമിറ്റോ കെട്ടിടനിർമ്മാണ പെർമിറ്റോ ഏതെങ്കിലും വസ്തുവിനോട് കൂടെ കൈമാറ്റം ചെയ്തു കിട്ടിയ വ്യക്തി, നിർമ്മാണം ആരംഭിക്കുന്നതിന് അല്ലെങ്കിൽ തുടരുന്നതിന് മുമ്പ് സെക്രട്ടറിയിൽ നിന്ന് ലിഖിതമായ പെർമിറ്റ് നേടിയിരിക്കേണ്ടതാണ്.
(3) നിർമ്മാണം ആരംഭിക്കുന്നതിനോ അല്ലെങ്കിൽ തുടരുന്നതിനോ വേണ്ടിയുള്ള അപേക്ഷ വെള്ളക്കടലാസിൽ ആവശ്യമായ കോർട്ട് ഫീസ് സ്റ്റാമ്പുകളൊട്ടിച്ച് ഉടമസ്ഥാവകാശ പ്രമാണവും കൈവശാവകാശ സർട്ടിഫിക്കറ്റും 25 രൂപ ഫീസും ചേർത്തു സമർപ്പിക്കേണ്ടതാണ്.
(4) കൈമാറ്റം നിർമ്മാണത്തെയോ വികസനത്തെയോ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് സെക്രട്ടറിക്ക് ബോധ്യമായാൽ അപേക്ഷ ലഭിച്ച് 15 ദിവസങ്ങൾക്കുള്ളിൽ നിർമ്മാണം ആരംഭിക്കാനോ തുടരാനോ അനുവദിക്കുന്ന പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിന് രേഖാമൂലമുള്ള അനുമതി നൽകേണ്ടതാണ്.
25. പൂർത്തീകരണ സർട്ടിഫിക്കറ്റും, വികസന സർട്ടിഫിക്കറ്റും, കൈവശാവകാശ സർട്ടിഫിക്കറ്റും.-(1) ഓരോ ഉടമസ്ഥനും അയാൾക്ക് അനുവദിച്ചിട്ടുള്ള പെർമിറ്റ് പ്രകാരമുള്ള ഭൂവികസനമോ പുനർഭൂവികസനമോ അല്ലെങ്കിൽ കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ അല്ലെങ്കിൽ കൂട്ടിചേർക്കലോ മാറ്റം വരുത്തലോ പൂർത്തിയാക്കുമ്പോൾ അനുബന്ധം E-യിലെ ഫോറത്തിൽ സാക്ഷ്യപ്പെടുത്തി ഒപ്പിട്ട ഒരു പൂർത്തീകരണ സർട്ടിഫിക്കറ്റ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
എന്നാൽ, മൊത്തം 150 ചതുരശ്രമീറ്ററിൽ കവിയാത്ത തറവിസ്തീർണ്ണവും രണ്ട് നിലകളുമുള്ള ഏക പാർപ്പിട യൂണിറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ അനുബന്ധം F-ലേതു പോലെ ഉടമസ്ഥനും, രജിസ്റ്റർ ചെയ്ത ആർക്കിടെക്സ്റ്റോ, എഞ്ചിനീയറോ അല്ലെങ്കിൽ സൂപ്പർവൈസറോ സാക്ഷ്യപ്പെടുത്തി ഒപ്പിടേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |