Panchayat:Repo18/vol1-page0203
(xii) തൊട്ടടുത്ത മാസത്തിലെ പത്താം തീയതിക്കുമുൻപോ, അല്ലെങ്കിൽ തൊട്ടടുത്ത മാസത്തിലെ ആദ്യത്തെ യോഗത്തിലോ, പഞ്ചായത്തിന്റെ മാസആക്കൗണ്ടുകൾ ധനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി മുൻപാകെ വയ്ക്കക്കേണ്ടതാണ്;
(xiii) വാർഷിക അക്കൗണ്ടും തൊട്ടുമുമ്പത്തെ സാമ്പത്തികവർഷത്തിലെ ഡി. സി. ബി. സ്റ്റേറ്റുമെന്റും തയ്യാറാക്കേണ്ടതും, അടുത്ത സാമ്പത്തിക വർഷം ജൂൺ മുപ്പതാം തീയതിക്കു മുമ്പായി പഞ്ചായത്ത് മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്;
(xiv) സർക്കാരോ ഏതെങ്കിലും ആഡിറ്റ് അധികാരിയോ ആവശ്യപ്പെടുമ്പോൾ റിട്ടേണുകളും അക്കൗണ്ടുകളും സ്റ്റേറ്റുമെന്റും മറ്റു വിവരങ്ങളും നൽകേണ്ടതാണ്;
(xv) പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ പരിശോധിക്കുകയോ പരിശോധിപ്പിക്കുകയോ ചെയ്യേണ്ടതാണ്;
(xvi) പഞ്ചായത്തിന്റേയും സ്റ്റാൻഡിംഗ് കമ്മിറ്റികളുടേയും നിർവ്വഹണകമ്മിറ്റികളുടേയും അതുപോലെയുള്ള മറ്റു കമ്മിറ്റികളുടേയും ഗ്രാമസഭയുടേയും റിക്കാർഡുകൾ സൂക്ഷിക്കേണ്ടതാണ്;
(xvii) വാർഷിക പദ്ധതികളും പഞ്ചവൽസര പദ്ധതികളും തയ്യാറാക്കുന്നത് സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽതന്നെ ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് അത് അംഗീകരിക്കത്തക്കവിധത്തിൽ സമന്വയിപ്പിക്കേണ്ടതാണ്;
(xvi) പദ്ധതിക്കുവേണ്ട ഫണ്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുകയും സർക്കാർ ഉത്തരവനുസരിച്ചുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് അതിന് നൽകേണ്ടതുമാണ്;
183. സെക്രട്ടറിയുടെ കർത്തവ്യങ്ങൾ ചില സംഗതികളിൽ മറ്റ് ഉദ്യോഗസ്ഥൻമാർ നിർവ്വഹിക്കൽ-സർക്കാരിനോ അവർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരസ്ഥനോ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് മൂലം, പഞ്ചായത്തിൽ ജോലിചെയ്യുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ സെക്രട്ടറിയുടെ അസാന്നിദ്ധ്യത്തിൽ അയാളുടെ എല്ലാമോ ഏതെങ്കിലുമോ കർത്തവ്യങ്ങൾ നിർവ്വഹിക്കാൻ അധികാരപ്പെടുത്താവുന്നതാണ്.
184. സെക്രട്ടറിയുടെ ചുമതലകൾ ഏല്പിച്ചുകൊടുക്കൽ-സെക്രട്ടറിക്ക് പ്രസിഡന്റിന്റെ അനുമതിയോടെ, താൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, രേഖാമൂലമുള്ള ഉത്തരവുമൂലം തന്റെ ഏതെങ്കിലും ചുമതലകൾ പഞ്ചായത്തിലെ ഏത് ഉദ്യോഗസ്ഥനും ഏൽപ്പിച്ച് കൊടുക്കാവുന്നതാണ്.
185. കത്തിടപാട് നടത്തേണ്ട മാർഗ്ഗം.-(1) പ്രസിഡന്റിന് പഞ്ചായത്തിലെ എല്ലാ റിക്കാർഡുകളും നോക്കുവാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.
(2) സെക്രട്ടറിയിൽ നിന്നും സർക്കാരിലേക്കും സർക്കാരിലെ ജില്ലാതല പദവിയിൽ കുറയാത്ത പദവിയിലുള്ള മറ്റ് അധികാര സ്ഥാനങ്ങളിലേക്കും മറിച്ചും ഉള്ള എല്ലാ ഔദ്യോഗിക കത്തിടപാടുകളും പ്രസിഡന്റ് മുഖേന നടത്തേണ്ടതാണ്. എന്നാൽ, പ്രസിഡന്റ് ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉള്ള ഉത്തരവുമൂലം സെക്രട്ടറിയെ അധികാരപ്പെടുത്തിയതൊഴികെ സർക്കാരിലേക്കോ മറ്റ് അധികാര സ്ഥാനങ്ങളിലേക്കോ അയയ്ക്കുന്ന എല്ലാ കത്തുകൾക്കും പ്രസിഡന്റിന്റെ അംഗീകാരമോ അദ്ദേഹത്തിന്റെ കയ്യൊപ്പോ ഉണ്ടായിരിക്കേണ്ടതാണ്.
എന്നുമാത്രമല്ല, ഈ ആക്റ്റിലേയോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾക്കു വിരുദ്ധമായി പഞ്ചായത്ത് പാസ്സാക്കിയ പ്രമേയത്തെ സംബന്ധിച്ചും സർക്കാർ ആവശ്യപ്പെടുന്ന ഏതെങ്കിലും വിവരമോ സ്റ്റേറ്റുമെന്റോ റിക്കാർഡോ നൽകുന്നതിലേക്കും സെക്രട്ടറിക്ക സർക്കാരുമായി നേരിട്ട് കത്തിടപാടുകൾ നടത്താവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |