Panchayat:Repo18/vol1-page0713
(ak) ‘വ്യവസായശാല' എന്നാൽ 1948-ലെ ഫാക്ടറി നിയമത്തിലെ നിർവ്വചനപ്രകാരവും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ വരുന്നതും ആയ സംഗതികൾക്കുവേണ്ടി ഉപയോഗിക്കുന്നതോ, ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതോ ആയ കെട്ടിടപരിസരങ്ങൾ അടക്കമുള്ള കെട്ടിടവും അതിന്റെ പരിധിയിലുള്ള സ്ഥലവും എന്നർത്ഥമാകുന്നു;
(al) 'കുടുംബം' എന്നാൽ സാധാരണയായി രക്തബന്ധത്താലോ വിവാഹബന്ധത്താലോ ഏക കുടുംബഘടകമായി പൊതു അടുക്കളക്രമീകരണങ്ങളോടെ ഒരുമിച്ച് ജീവിക്കുന്ന വ്യക്തികളുടെ കൂട്ടമെന്നർത്ഥമാകുന്നു. കുടുംബം എന്നയർത്ഥത്തിൽ ആചാരാനുസാരമായി താമസക്കാരായ വീട്ടുജോലിക്കാരെയും പരിഗണിക്കേണ്ടതാണ്.
(am) 'തറ' എന്നാൽ ഒരാൾക്ക് സാധാരണഗതിയിൽ കെട്ടിട നിലയ്ക്കുള്ളിൽ നടക്കാവുന്ന കീഴ്പ്രതലം എന്നർത്ഥമാകുന്നു. തറ എന്ന പൊതു പദം മറ്റു രീതിയിൽ വ്യക്തമായി പ്രസ്താവിക്കുന്നില്ലെങ്കിൽ മെസാനിൻ നില എന്ന് സൂചിപ്പിക്കാവുന്നതല്ല;
കുറിപ്പ്:- നിലയുടെ സംഖ്യാനുക്രമം അതിന്റെ പ്രവേശനതലവുമായി ബന്ധപ്പെടുത്തിയാണ് നിർണ്ണയിക്കേണ്ടത്. ഭൂമിയോട് ചേർന്നുള്ള നിരത്തിൽ നിന്നോ തെരുവിൽ നിന്നോ നേരിട്ട് പ്രവേശിക്കാവുന്നതും നിലംനിരപ്പിലോ അല്ലെങ്കിൽ പൂർണ്ണമായും അതിന് മുകളിലോ ആയിട്ടുള്ളതും കെട്ടിടത്തിന്റെ ഏറ്റവും താഴത്തായി വരുന്ന നിലയെ ഭൂനിരപ്പ് നിലയെന്നും അതിന് മുകളിലായി വരുന്ന നിലകളെ അവയുടെ ക്രമമനുസരിച്ച് ഒന്നാംനില, രണ്ടാം നില, മൂന്നാം നില എന്നിങ്ങനെ ഉയരങ്ങളിലേക്ക് സംഖ്യകൾ വർദ്ധിപ്പിച്ച് വിളിക്കേണ്ടതാണ്.
(an) 'തറവിസ്തീർണ്ണം' എന്നാൽ കെട്ടിടത്തിന്റെ ഏതൊരു നിലയിലുമുള്ള തറ നിരപ്പു നിർമ്മിതിയുടെ വിസ്തീർണ്ണം എന്നർത്ഥമാകുന്നു.
(ao) 'തറവിസ്തീർണ്ണാനുപാതം' എന്നാൽ എല്ലാ നിലകളിലും കൂടിയുള്ള ആകെ തറ വിസ്തീർണത്തെ പ്ലോട്ടിന്റെ വിസ്തീർണ്ണം കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യ എന്നർത്ഥമാകുന്നു;
(ap) 'പുകക്കുഴൽ' എന്നാൽ ഏതെങ്കിലും താപോല്പാദന ഉപകരണമോ സാമഗ്രിയോ ഖര ദ്രാവക വാതക ഇന്ധനങ്ങളുമായി പ്രവർത്തനത്താൽ ഉണ്ടാകുന്ന ഏതെങ്കിലും രാസസംയോജക ഉല്പന്നങ്ങൾ അന്തരീക്ഷത്തിലേക്ക് കടത്തിവിടുന്നതിനായി അടച്ചു കെട്ടി സ്ഥാപിക്കുന്ന സ്ഥലം എന്നർത്ഥമാകുന്നു;
(aq) 'മുൻവശം' എന്നാൽ പ്ലോട്ടിന്റെ തെരുവിനോട് ചേർന്നുള്ള വശം അല്ലെങ്കിൽ വശത്തിന്റെ ഒരു ഭാഗം എന്നർത്ഥമാകുന്നു;
(ar) 'ഉമ്മറം' എന്നാൽ ഒരു കെട്ടിടത്തിന്റെ മുൻവശത്ത് (പ്രധാന കവാട വശത്ത്) ഉടനീളം വ്യാപിച്ചു കിടക്കുന്നതും പ്ലോട്ടിന്റെ ഭാഗമായിരിക്കുന്നതുമായ തുറസ്സായ സ്ഥലം എന്നർത്ഥ മാകുന്നു;
കുറിപ്പ്- കെട്ടിടത്തിലേക്ക് ഒന്നിലധികം പ്രവേശന കവാടങ്ങളുണ്ടെങ്കിൽ ഭൂനിരപ്പ് നിലയുടെ പ്രധാനഭാഗത്തേക്ക് പ്രവേശനം നൽകുന്ന കവാടത്തെ പ്രധാന കവാടമായി പരിഗണിക്കേണ്ടതാണ്.
(as) 'ഇരിപ്പിടത്തട്ട്' എന്നാൽ അധിക തറവിസ്തീർണ്ണമോ ഇരിപ്പിട സൗകര്യമോ വ്യവസ്ഥ ചെയ്യുന്നതും, ഒരു ഓഡിറ്റോറിയത്തിന്റെയോ ഹാളിന്റെയോ ചുമരിൽ നിന്നും തള്ളിനിൽക്കുന്നതുമായ ഒരു ഇടനിലയോ, പ്ലാറ്റ്ഫോറമോ എന്നർത്ഥമാകുന്നു.
(at) 'ഗ്യാരേജ്' എന്നാൽ യന്ത്രത്താൽ ചലിക്കുന്ന ഏതെങ്കിലും വാഹനം ശേഖരിച്ചു വയ്ക്കുവാനോ, സംരക്ഷിക്കുവാനോ, കേടുപാടുകൾ തീർക്കുവാനോ ഉപയോഗിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം എന്നർത്ഥമാകുന്നു.
(au) 'ഭൂനിരപ്പ് നില' എന്നാൽ കെട്ടിടത്തിന്റെ ഏറ്റവും താഴത്തുള്ളതും സമീപസ്ഥലത്ത് നിന്ന് അല്ലെങ്കിൽ തെരുവിൽനിന്ന് പ്രവേശനമുള്ള നില എന്നർത്ഥമാകുന്നു;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |