Panchayat:Repo18/vol1-page0189
169. പൊതു റോഡുകൾ ഗ്രാമ പഞ്ചായത്തുകളിൽ നിക്ഷിപ്തമാക്കൽ.- (1) 1957-ലെ കേരള ഭൂസംരക്ഷണ ആക്റ്റി (1958-ലെ 8)ലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാർ ദേശീയ പാതയോ സംസ്ഥാന പാതയോ മേജർ ജില്ലാ റോഡോ ആയി തരംതിരിച്ചിട്ടുള്ള റോഡുകൾ ഒഴികെ ഒരു പഞ്ചായത്തിന്റെ പ്രദേശത്തിനുള്ളിലുള്ള എല്ലാ പൊതുവഴികളും പാലങ്ങളും കലുങ്കുകളും കിടങ്ങുകളും അണകളും അവയ്ക്കു മുകളിലോ, വശങ്ങളിലോ ഉള്ള വേലികളും സംരക്ഷണ സംവിധാനവും അവയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തില്ലാത്ത, എല്ലാ ഭൂമിയും സഹിതം, പഞ്ചായത്തുകൾക്ക്, അതായത്:-
(എ) ജില്ലാ പഞ്ചായത്തുകൾക്ക് : ഒന്നിൽ കൂടുതൽബ്ലോക്ക്പഞ്ചായത്തിന്റെ
ഭൂപ്രദേശത്തിനുള്ളിലുള്ള മേജർജില്ലാറോഡല്ലാത്ത എല്ലാ ജില്ലാറോഡുകളും;
(ബി) ബ്ലോക്ക് പഞ്ചായത്തുകൾക്ക് : ബ്ലോക്ക് പഞ്ചായത്തിന്റെ ഉള്ളിലുള്ളതും ഒന്നിൽ കൂടുതൽ ഗ്രാമ പഞ്ചായത്തിന്റ ഭൂപ്രദേശത്തിനുള്ളിലുള്ള മേജർ ജില്ലാ റോഡല്ലാത്ത ജില്ലാ റോഡുകളും വില്ലേജ് റോഡുകളും;
(സി) ഗ്രാമ പഞ്ചായത്തുകൾക്ക് : ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലുള്ള മറ്റ് വില്ലേജ് റോഡുകളും പാതകളും വഴികളും,
അവയോട് ചേർന്നുള്ള എല്ലാ നടപ്പാതകളും കല്ലും മറ്റു സാധനങ്ങളും അവിടെ സ്ഥാപിച്ചിട്ടുള്ള മറ്റെല്ലാ സാധന സാമഗ്രികളും അപ്രകാരമുള്ള റോഡുകളിലോ അതിനോടു ചേർന്നോ അതിൻകീഴിലോ നിർമ്മിച്ചിട്ടുള്ള എല്ലാ അഴുക്കു ചാലുകളും കലുങ്കുകളും അവയോട് ചേർന്നുള്ള എല്ലാ പണികളും സാധനസാമഗ്രികളും പൂർണ്ണമായും കൈമാറ്റം ചെയ്തതായും അവയിൽ നിക്ഷിപ്തമായതായും കണക്കാക്കാവുന്നതാണ്.]
(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, (1)-ാം ഉപവകുപ്പോ [(4)-ാം ഉപവകുപ്പോ)] പ്രകാരം [പഞ്ചായത്തിലേക്ക്] നിക്ഷിപ്തമായ പൊതുവഴികളേയും മറ്റു വസ്തതു വകകളെയും മറ്റു സാധന സാമഗ്രികളെയും സംബന്ധിച്ച സർക്കാരിന്റെ സർവ്വവിധ അവകാശങ്ങളും ബാദ്ധ്യതകളും അപ്രകാരം നിക്ഷിപ്തമായ തീയതി മുതൽ [പഞ്ചായത്തിന്റെ] അവകാശങ്ങളും ബാദ്ധ്യതകളും ആയിരിക്കുന്നതാണ്.
(3) (1)-ാം ഉപവകുപ്പിലോ (2)-ാം ഉപവകുപ്പിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന് ഏതൊരു സമയത്തും ഗസറ്റ് വിജ്ഞാപനം വഴി, അപ്രകാരമുള്ള പൊതുവഴിയോ അഴുക്ക ചാലോ ഓടയോ ഡ്രയിനേജ് പണിയോ ടണലോ കലുങ്കോ ഈ ആക്റ്റിന്റെ പ്രവർത്തന പരിധിയിൽനിന്നും ഒഴിവാക്കാവുന്നതും, അതുപോലെതന്നെ അപ്രകാരമുള്ള ഒരു വിജ്ഞാപനം ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതും അതിനെത്തുടർന്ന് അവ സർക്കാരിലേക്ക് പുനർ നിക്ഷിപ്തമാകുന്നതുമാണ്.
എന്നാൽ, അപ്രകാരമുള്ള ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുൻപായി, സർക്കാർ ബന്ധപ്പെട്ട് [പഞ്ചായത്തുമായി] ആലോചിക്കേണ്ടതും, ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക് അർഹമായ പരിഗണന നൽകേണ്ടതുമാണ്.
(4) സർക്കാരിന്, ഗസറ്റുവിജ്ഞാപനം വഴി ഗ്രാമപഞ്ചായത്തിലുള്ള ഏത് പൊതുവഴിയും അല്ലെങ്കിൽ ഏതൊരു വിഭാഗം പൊതുവഴികളും ഗ്രാമ പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യാനും നിക്ഷിപ്തമാക്കാനും ഉത്തരവ് പുറപ്പെടുവിക്കാവുന്നതും, അതോടെ, അപ്രകാരം കൈമാറ്റം ചെയ്യപ്പെട്ട വഴിയോ അല്ലെങ്കിൽ വഴികളോ, (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, എന്നാൽ ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്ക് വിധേയമായും, അപ്രകാരമുള്ള ഗ്രാമപഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും നിക്ഷിപ്തമാവുകയും ചെയ്യുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |