Panchayat:Repo18/vol1-page1053
പീഠിക.- സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വൻതോതിൽ പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും;
നെൽവയലുകൾ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള യാതൊരു നിയമങ്ങളും നിലവിൽ ഇല്ലാത്തതിനാലും;
സംസ്ഥാനത്തെ കാർഷികവളർച്ച പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുകയും അവ പരിവർത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യേണ്ടത്, പൊതുതാൽപ്പര്യാർത്ഥം, യുക്തമായിരിക്കുമെന്ന് സർക്കാരിന് ബോധ്യം വന്നതിനാലും;
ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിയൊമ്പതാം സംവത്സരത്തിൽ താഴെപ്പറയുംപ്രകാരം നിയമമുണ്ടാക്കുന്നു:-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ആക്റ്റിന് 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ് എന്ന് പേര് പറയാം.
- (2) ഇതിന് കേരള സംസ്ഥാനം മുഴുവനും വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
- (3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (i) “വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം” എന്നാൽവിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവം, സ്ഥിരമായും സാധാരണ മാർഗ്ഗങ്ങളിലൂടെ പൂർവ്വസ്ഥിതിയിലാക്കുവാൻ സാദ്ധ്യമല്ലാത്തതുമായ വിധത്തിൽ വ്യതിയാനം വരുത്തുന്നതോ വ്യതിയാനം വരുത്തിയിട്ടുള്ളതോആയ പ്രവൃത്തിയോതുടർപ്രവൃത്തികളോ എന്നർത്ഥമാകുന്നു;
- (iഎ) "കളക്ടർ" എന്നാൽ ജില്ലയുടെ കളക്ടർ എന്നർത്ഥമാകുന്നതും അതിൽ കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിന് സർക്കാർ നിയമിച്ചിട്ടുള്ളതോ അധികാരപ്പെടുത്തിയിട്ടുള്ളതോ ആയ മറ്റേതെങ്കിലും ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നതുമാകുന്നു;
- (ii) "സമിതി" എന്നാൽ 5-ാം വകുപ്പു പ്രകാരം രൂപീകരിക്കുന്ന പ്രാദേശികതല നിരീക്ഷണ സമിതി എന്നർത്ഥമാകുന്നു;
- (iii) "പരിവർത്തനപ്പെടുത്തൽ" എന്നാൽ നെൽകൃഷി ചെയ്തുകൊണ്ടിരുന്ന ഒരു സ്ഥലം അതിന്റെ അനുബന്ധനിർമ്മിതികളായ ജലനിർഗ്ഗമന ചാലുകളും, കുളങ്ങളും, കൈത്തോടുകളും, ചിറകളും വരമ്പുകളും, മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്ന അവസ്ഥ എന്നർത്ഥമാകുന്നു;
- (iv) "ജില്ല" എന്നാൽ ഒരു റവന്യൂ ജില്ല എന്നർത്ഥമാകുന്നു;
- (v) "ജില്ലാതല അധികൃതസമിതി" എന്നാൽ 9-ാം വകുപ്പുപ്രകാരം രൂപീകരിക്കുന്ന ജില്ലാതല അധികൃത സമിതി എന്നർത്ഥമാകുന്നു;
- (vi) "ജലനിർഗ്ഗമന ചാല്" എന്നാൽ നെൽവയലിലേക്കും അല്ലെങ്കിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലേക്കും അതിൽ നിന്ന് പുറത്തേക്കും ജലം ഒഴുക്കിവിടുന്നതിനുള്ള ചാല് എന്നർത്ഥമാകുന്നു;
- (viഎ) “ന്യായ വില” എന്നാൽ, 1959 -ലെ കേരള മുദ്രപ്പത്ര ആക്ടിന്റെ (1959-ലെ 17) 28എ വകുപ്പ് പ്രകാരം നിശ്ചയിച്ചിട്ടുള്ള, ഭൂമിയുടെ ന്യായവില എന്നും അല്ലെങ്കിൽ ഭൂമിയുടെ ന്യായവില നിശ്ചയിച്ചിട്ടില്ലാത്തിടത്ത്, സമാനമായതും സമാനമായി സ്ഥിതിചെയ്യുന്നതുമായ ഭൂമിയുടെ ന്യായവില എന്നും അർത്ഥമാകുന്നു;
- (viബി) “ഫണ്ട്” എന്നാൽ 27ഡി വകുപ്പ് പ്രകാരം രൂപികരിക്കുന്ന കാർഷിക അഭിവൃദ്ധി ഫണ്ട് എന്നർത്ഥമാകുന്നു;
- (vii) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു.