Panchayat:Repo18/vol1-page0077
5. പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും.- (1) ഓരോ പഞ്ചായത്തും 4-ാം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും ഉണ്ടായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റേതെങ്കിലും നിയമത്താലോ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിയന്ത്രണങ്ങൾക്കോ മാറ്റം വരുത്തലുകൾക്കോ വിധേയമായി, അതിന്റെ ഏകാംഗീകൃത നാമത്തിൽ വ്യവഹരിക്കുകയോ വ്യവഹരിക്കപ്പെടുകയോ ചെയ്യുന്നതിനും ജംഗമമോ സ്ഥാവരമോ ആയ വസ്തുവകകൾ ആർജ്ജിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കരാറുകളിൽ ഏർപ്പെടുന്നതിനും, അത് ഏതുദ്ദേശത്തിലേക്കാണോ രൂപീകരിച്ചിട്ടുള്ളത് ആ ഉദ്ദേശങ്ങൾക്ക് ആവശ്യവും ഉചിതവും യുക്തവും ആയ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുള്ള ക്ഷമത അതിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.
(2) ഒരു ജില്ലാ പഞ്ചായത്തോ ഒരു ബ്ലോക്ക് പഞ്ചായത്തോ ഒരു ഗ്രാമ പഞ്ചായത്തോ, ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അഥവാ തൽസമയം നിലവിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിനാലോ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിക്കുകയും ചെയ്യേണ്ടതും അപ്രകാരമുള്ള ഉത്തരവാദിത്വങ്ങളും അധികാര ശക്തികളും അതിന് ഉണ്ടായിരിക്കുന്നതുമാണ്.
6. പഞ്ചായത്തുകളുടെ അംഗസംഖ്യ.- (1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യ പരിഗണിച്ചുകൊണ്ട് (3)-ാം ഉപവകുപ്പിൽ വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള തോതനുസരിച്ച്, സർക്കാർ വിജ്ഞാപനം ചെയ്യേണ്ടതാണ്.
(2) സർക്കാരിന്, ഓരോ കാനേഷുമാരി അനുസരിച്ച് പ്രസക്ത കണക്കുകൾ പ്രസിദ്ധപ്പെടുത്തിയ ശേഷം, (3)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള തോതിനു വിധേയമായി, (1)-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്ത ഒരു പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്താവുന്നതാണ്.
(3) (1)-ാം ഉപവകുപ്പ് പ്രകാരമോ (2)-ാം ഉപവകുപ്പ് പ്രകാരമോ വിജ്ഞാപനം ചെയ്യുന്ന സ്ഥാനങ്ങളുടെ എണ്ണം,-
(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ (പതിമൂന്നിൽ കുറയാനോ ഇരുപത്തി മൂന്നിൽ കവിയാനോ;
(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ പതിമൂന്നിൽ കുറയാനോ ഇരുപത്തി മൂന്നിൽ കവിയാനോ;
(സി) ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ പതിനാറിൽ കുറയാനോ മുപ്പത്തിരണ്ടിൽ കവിയാനോ പാടുള്ളതല്ല;
എന്നാൽ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യയും അപ്രകാരമുള്ള പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം പ്രായോഗികമാകുന്നിടത്തോളം സംസ്ഥാനത്തൊട്ടാകെ ഒന്നു തന്നെയായിരിക്കേണ്ടതാണ്.
(4) ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |