Panchayat:Repo18/vol1-page0178
അദ്ധ്യായം XV
പഞ്ചായത്തുകളുടെ യോഗങ്ങളും അധികാരങ്ങളും
ചുമതലകളും കർത്തവ്യങ്ങളും സ്വത്തുക്കളും
161. പഞ്ചായത്തുകളുടെ യോഗങ്ങൾ.-(1) ഏതു തലത്തിൽപെട്ട ഒരു പഞ്ചായത്തിന്റെ യോഗവും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള ഇടവേളകളിൽ നടത്തേണ്ടതാണ്:
എന്നാൽ രണ്ട് യോഗങ്ങൾ തമ്മിലുള്ള ഇടവേള ഒരു മാസത്തിൽ കൂടുതലാകാൻ പാടില്ലാത്തതാകുന്നു.
(1എ) 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്ത അംഗ സംഖ്യയുടെ മൂന്നിൽ ഒന്നിൽ കുറയാത്ത എണ്ണം വരുന്ന അംഗങ്ങൾ ഏതാവശ്യത്തിനാണോ യോഗം കുടേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ട് രേഖാമൂലം ഒരു നോട്ടീസ് പ്രസിഡന്റിന് നൽകുകയാണെങ്കിൽ അക്കാര്യം പരിഗണിക്കുന്നതിനായി പഞ്ചായത്തിന്റെ ഒരു പ്രത്യേകയോഗം അദ്ദേഹം വിളിച്ചു കുട്ടേണ്ടതാണ്.
(2) പഞ്ചായത്തിന്റെ ഏതൊരു യോഗത്തിലും അതിന്റെ പ്രസിഡന്റോ, അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ടുപേരുടേയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിനായി തിരഞ്ഞെടുത്ത ഒരംഗമോ, ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
(3) ആദ്ധ്യക്ഷം വഹിക്കുന്ന ആൾ യോഗത്തിന്റെ സമാധാനം പരിപാലിക്കുകയും യോഗങ്ങളിലോ യോഗങ്ങളെ സംബന്ധിച്ചോ ഉണ്ടാകുന്ന എല്ലാ ക്രമപ്രശ്നങ്ങളും തീർപ്പുകൽപ്പിക്കുകയും ചെയ്യേണ്ടതാണ്. യാതൊരു ക്രമപ്രശ്നത്തേയുംപറ്റി ചർച്ചചെയ്യാൻ പാടില്ലാത്തതും, ഏതെങ്കിലും ക്രമപ്രശ്നം സംബന്ധിച്ച ആദ്ധ്യക്ഷം വഹിക്കുന്ന ആളിന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |