Panchayat:Repo18/vol1-page0737
(iii) ഈ നിയമം പ്രകാരം അല്ലെങ്കിൽ ഈ ചട്ടങ്ങളോ അല്ലെങ്കിൽ നിയമത്തിന്റെ കീഴിലുള്ള ബൈലോകളോ പ്രകാരം ആവശ്യപ്പെട്ടിരിക്കുന്ന ഏതെങ്കിലും രേഖകളിൽ രജിസ്റ്റർ ചെയ്ത ഒരു ആർക്കിടെക്സ്റ്റോ, ബിൽഡിംഗ് ഡിസൈനറോ, എഞ്ചിനീയറോ, ടൗൺ പ്ലാനറോ, സൂപ്പർവൈസറോ, ഉടമസ്ഥനോ, അപേക്ഷകനോ ഒപ്പു വച്ചിട്ടില്ലെങ്കിൽ;
(iv) ഈ ചട്ടങ്ങൾ പ്രകാരമോ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ബൈലോകൾ പ്രകാരമോ സെക്രട്ടറി ആവശ്യപ്പെടുന്ന ഏതെങ്കിലും വിവരമോ അല്ലെങ്കിൽ പ്രമാണങ്ങളോ അല്ലെങ്കിൽ സാക്ഷ്യപത്രങ്ങളോ യഥാവിധി നൽകിയിട്ടില്ലെങ്കിൽ,
(v) കെട്ടിടനിർമ്മാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സൈറ്റിലെ ഭൂമിയോ അതിന്റെ ഭാഗമോ ഭാഗങ്ങളോ ഉപയോഗിക്കുമ്പോഴോ വിൽക്കുമ്പോഴോ അല്ലെങ്കിൽ പണയത്തിന് കൊടുക്കുമ്പോഴോ അല്ലെങ്കിൽ മറ്റു തരത്തിൽ കൈയൊഴിയുമ്പോഴോ, ഭൂവുടമ നിലവിലുള്ള പൊതുവായതോ, സ്വകാര്യമായതോ ആയ തെരുവുമായി ബന്ധമുള്ള സൈറ്റിലേക്കോ, സൈറ്റുകളിലേക്കോ പ്രവേശനം അനുവദിക്കുന്ന തരത്തിൽ തെരുവോ, റോഡോ, റോഡുകളോ ഒരുക്കുകയോ, രേഖപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ;
എന്നാൽ, സൈറ്റ് സ്ഥിതിചെയ്യുന്നത് പൊതുവായതോ സ്വകാര്യമോ ആയ ഏതെങ്കിലുമൊരു തെരുവിനോട് ചേർന്നാണെങ്കിൽ അത്തരം തെരുവോ റോഡോ ഒരുക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതില്ല.
(vi) നിർദ്ദിഷ്ട നിർമ്മാണം സർക്കാർ അല്ലെങ്കിൽ പഞ്ചായത്ത് വക ഭൂമിയിൻമേലുള്ള കയ്യേറ്റമാകുമ്പോൾ;
(vii) നിർദ്ദിഷ്ട ഭൂമി സർക്കാരിന്റെ ഭൂമി വീണ്ടെടുക്കൽ നടപടികളിൽ ഉൾപ്പെട്ടതാണെങ്കിൽ;
(viii) സെക്രട്ടറിയുടെ അറിയിപ്പു പ്രകാരം ഈ ചട്ടങ്ങൾക്കു കീഴിൽ ഒടുക്കേണ്ടതായ വികസന പെർമിറ്റിനും കെട്ടിട പെർമിറ്റിനുമുള്ള ഫീസ് ഒടുക്കാതിരുന്നാൽ.
14. അംഗീകാരമോ നിരാകരിക്കലോ അറിയിക്കേണ്ട കാലയളവ്.- സൈറ്റ് പ്ലാനിന്റെ അംഗീകാരത്തിനായുള്ള അപേക്ഷയോ അല്ലെങ്കിൽ ഈ ചട്ടങ്ങൾ പ്രകാരമോ ആക്റ്റിന്റെ കീഴിലുള്ള ബൈലോകൾ പ്രകാരമോ ആവശ്യപ്പെടുന്ന ഏതെങ്കിലും വിവരങ്ങൾ ലഭിച്ച തീയതി മുതൽ മുപ്പതു ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി രേഖാമൂലമായ ഉത്തരവിൽ സൈറ്റ് പ്ലാൻ അംഗീകരിക്കുകയോ അല്ലെങ്കിൽ 13-ാം ചട്ടത്തിൽ സൂചിപ്പിച്ചിട്ടുള്ള ഏതെങ്കിലും കാരണങ്ങളാൽ നിരാകരിക്കുകയോ ചെയ്യേണ്ടതും പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.
15. നിർമ്മാണം നടത്തുന്നതിനുള്ള അനുവാദം സെക്രട്ടറി നൽകുകയോ നിരസിക്കുകയോ ചെയ്യേണ്ട കാലയളവ്.- നിർമ്മാണം നടത്തുന്നതിനുള്ള അനുമതിക്കായുള്ള അപേക്ഷയോ അല്ലെങ്കിൽ ഈ ചട്ടങ്ങൾ പ്രകാരമോ ആക്റ്റിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ബൈലോകൾ പ്രകാരമോ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളോ പ്രമാണങ്ങളോ അല്ലെങ്കിൽ അധിക വിവരങ്ങളോ, അധികപ്രമാണങ്ങളോ ലഭിച്ച തീയതി മുതൽ മുപ്പത് ദിവസത്തിനകം രേഖാമൂലമായ ഉത്തരവ് വഴി സെക്രട്ടറി അനുമതി നൽകുകയോ അല്ലെങ്കിൽ 13-ാം ചട്ടത്തിൽ സൂചിപ്പിച്ചിട്ടുള്ള കാരണങ്ങളാൽ നിരസിക്കുകയോ ചെയ്യേണ്ടതും ആ വിവരം അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.
എന്നാൽ, 14-ാം ചട്ടപ്രകാരം സൈറ്റ് പ്ലാൻ അംഗീകരിക്കുന്നതുവരെ മേൽപ്പറഞ്ഞ മുപ്പത് ദിവസം കണക്കാക്കിത്തുടങ്ങുവാൻ പാടില്ലാത്തതാകുന്നു.
16. പെർമിറ്റ് അംഗീകാരത്തിന് അല്ലെങ്കിൽ നിരസനത്തിന് സെക്രട്ടറി കാലതാമസം വരുത്തുന്ന സംഗതിയിൽ ഗ്രാമപഞ്ചായത്തിലേക്ക് റഫർ ചെയ്യൽ.- (1) അപേക്ഷ ലഭിച്ച് മുപ്പത് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി ഒരു കെട്ടിടനിർമ്മാണ സൈറ്റ് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ അല്ലെങ്കിൽ നിർമ്മാണ നിർവ്വഹണത്തിന് അനുമതി നൽകുകയോ അത് നിരസിക്കാതിരിക്കുകയോ ചെയ്താൽ അപേക്ഷകന്റെ രേഖാമൂലമായ അഭ്യർത്ഥനയിൽ പഞ്ചായത്തിന് അത്തരം അംഗീകാരം നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ബാധ്യതയുണ്ടായിരിക്കുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |