Panchayat:Repo18/vol1-page0720
(dh) ‘വാട്ടർ ക്ലോസ്റ്റ്' എന്നാൽ പെട്ടെന്നും സമൃദ്ധമായും പ്രവഹിക്കുന്ന ജലം കൊണ്ട് ശുചിയാക്കാൻ ക്രമീകരിച്ചിട്ടുള്ളതും കുളിമുറിയുൾപ്പെടാത്തതുമായ ഒരു കക്കൂസ് എന്നർത്ഥമാകുന്നു.
(di) 'ജലപ്രവാഹം' എന്നാൽ പ്രകൃതിദത്തമോ അല്ലെങ്കിൽ കൃതിമമോ ആയ ജലനിർഗമന സംവിധാനത്തിനുള്ള കൈത്തോടോ, നദിയോ, അരുവിയോ എന്നർത്ഥമാകുന്നു.
(dia) 'റോഡിന്റെ വീതി' എന്നാൽ മീഡിയനുകൾ, സർവ്വീസ് റോഡുകൾ, ഫ്ളൈ ഓവറുകൾ ഉൾപ്പെടെ സഞ്ചരിക്കുവാനുള്ള അവകാശം എന്നർത്ഥമാകുന്നു;
(dj) ‘അങ്കണം' എന്നാൽ ഈ ചട്ടങ്ങൾ പ്രകാരം ഒരു കെട്ടിടവുമായി ബന്ധപ്പെട്ട പ്രത്യേക അനുവാദം നൽകിയിട്ടുള്ള നിർമ്മാണങ്ങൾ കയ്യടക്കിയതൊഴിച്ച് കൈവശപ്പെടുത്താത്തതും തടസമില്ലാത്തതും പ്ലോട്ടിന്റെ അതിർത്തി രേഖകൾക്കും കെട്ടിടത്തിനും ഇടയ്ക്ക് ഭൂനിരപ്പിലുള്ള തുറന്ന സ്ഥലം എന്നർത്ഥമാകുന്നു. അടച്ചുകെട്ടിയ പൂമുഖത്തോട് കൂടിയ കെട്ടിടത്തിന്റെ ഏറ്റവും അടുത്ത ബിന്ദുവിൽ നിന്ന് മുൻഭാഗത്തും പിൻഭാഗത്തും പ്ലോട്ട് അതിർത്തിയായ പാർശ്വാങ്കണങ്ങൾക്കും ഇടയിലുള്ള ഏറ്റവും ചുരുങ്ങിയ അകലമാണ് എല്ലാ അങ്കണങ്ങൾക്കും അളവായിരിക്കുന്നത്. ഒരു അങ്കണത്തിന്റെ എല്ലാ ഭാഗത്ത് നിന്നും അതേ അങ്കണത്തിലേക്ക് പ്രവേശനമുണ്ടായിരിക്കേണ്ടതാണ്;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ 1994-ലെ കേരള പഞ്ചായത്ത് ആക്റ്റിൽ (1994-ലെ 13) നിർവചിച്ചതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആ ആക്റ്റിൽ നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
കുറിപ്പ്
Rule 2(e):- പരസ്യ സംജ്ഞയും ഹോർഡിംഗുകളെയും തുല്യമായി ഗണിക്കാനാവില്ല. പരസ്യ സംജ്ഞ എന്നാൽ ഒരു വ്യക്തിയേയോ വ്യാപാര സംഘത്തെയോ സമൂഹത്തേയോ സ്ഥാപനത്തേയോ അല്ലെങ്കിൽ ഒരു ഉൽപ്പന്നത്തേയോ പരസ്യപ്പെടുത്തുന്നതിനായി പ്രസ്തുത പരിസരത്ത് സ്വതന്ത്രമായോ അല്ലെങ്കിൽ കെട്ടിടത്തിനോടോ അല്ലെങ്കിൽ മറ്റു നിർമ്മാണങ്ങളോടോ ബന്ധിപ്പിച്ചോ താങ്ങിയോ തിരിച്ചറിയുകയെന്ന ഉദ്ദേശ്യത്തോടെ പ്രദർശിപ്പിച്ചിട്ടുള്ള ഏതെങ്കിലും അടയാളം എന്നർത്ഥമാകുന്നു. Rule 2 ഒരു സ്വകാര്യഭൂമിയിൽ സ്ഥാപിക്കുന്ന ഹോർഡിംഗും കെട്ടിടചട്ടത്തിന് കീഴിലുള്ള കെട്ടിടത്തിന്റെ നിർവ്വചനത്തിൽ വരുന്നതോടെ അനുവാദമില്ലാതെ നിർമ്മിച്ച നിർമ്മാണങ്ങൾ നീക്കാനുള്ള അവകാശം കോർപ്പറേഷനുണ്ട്. ഹോർഡിങ്ങ് നിർമ്മിക്കുന്നതിന് മുമ്പ് കോർപ്പറേഷന്റെ അനുമതി തേടേണ്ടതുണ്ട്. ഇപ്പോൾ വ്യാപാരം നടത്തുന്ന ഓരോ പരസ്യദാതാവും ഇതിനുശേഷം ഹോർഡിങ്ങുകൾ സ്ഥാപിക്കാനുദ്ദേശിക്കുന്നവരും ഹോർഡിങ്ങുകളും പരസ്യ ബോർഡുകളും കെട്ടിടത്തിന്റെ നിർവ്വചനത്തിൽ വരുന്നുവെന്നും അതിനാൽ അത് സംബന്ധിച്ച നിർദ്ദേശങ്ങൾ കോർപ്പറേഷന്റെ അധികാര പരിധിയിലും അധികാരത്തിലും പെടുന്നതിനാൽ ഹോർഡിങ്ങുകളും മറ്റും സ്ഥാപിക്കാൻ അനുമതി തേടേണ്ടതുണ്ട്. Vimal Arackal v. Corporation of Cochin – 2004 (3) KLT 413. (2002 (2) KLT 625, 2002 (2) KL76 & 1974 KLT 246 Refered to
3. ബാധകമാക്കൽ- ഈ ചട്ടങ്ങൾ,-
(i) താഴെ വിശദീകരിക്കും പ്രകാരം ഏതെങ്കിലും പൊതുവായതോ അല്ലെങ്കിൽ സ്വകാര്യ കെട്ടിടത്തിനോ ബാധകമാണ്, അതായത്.-
(a) പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തെ സംബന്ധിച്ച് അതിന്റെ രൂപകല്പനയ്ക്കും നിർമ്മാണത്തിനും;
(b) കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മാറ്റം വരുത്തിയിടത്ത് മാറ്റം വന്ന കെട്ടിട ഭാഗത്തിന്;
(c) കെട്ടിടത്തിന്റെ കൈവശാവകാശത്തിനോ ഉപയോഗത്തിനോ മാറ്റം വരുമ്പോൾ മാറ്റം ബാധിക്കുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങൾക്കും;
(d) കെട്ടിടത്തിനോടുള്ള കൂട്ടിച്ചേർക്കലോ വിപുലീകരണമോ നടത്തുന്ന സംഗതിയിൽ അത്തരം കൂട്ടിച്ചേർക്കലിനും വിപുലീകരണത്തിനും മാത്രം ഈ ചട്ടങ്ങൾ ബാധകമാകുന്നതാണ്;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |