Panchayat:Repo18/vol1-page0718
(ci) ‘സർവ്വീസ് സ്റ്റേഷൻ' എന്നാൽ മോട്ടോർ വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താത്ത, മോട്ടോർ വാഹനങ്ങൾ കഴുകുകയും വൃത്തിയാക്കുകയും അവയ്ക്ക് എണ്ണ ഇടുകയും മാത്രം ചെയ്യുന്ന ഒരു സ്ഥലം എന്നർത്ഥമാകുന്നു;
(cj) 'പിൻമാറ്റ രേഖ' എന്നാൽ ഒരു തെരുവിന്റെ വശത്തുനിന്ന് ആ തെരുവിന്റെ മദ്ധ്യരേഖയെ സംബന്ധിച്ച് വരയ്ക്കുന്നതും യാതൊന്നും നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതുമായ ഒരു നിശ്ചിത കെട്ടിടരേഖ എന്നർത്ഥമാകുന്നു;
(ck) 'അഴുക്ക്ചാൽ' എന്നാൽ ഖരം അല്ലെങ്കിൽ ദ്രാവക മാലിന്യവസ്തുക്കൾ ഓടയിലേക്ക് ഒഴുക്കുന്നതിനായി ഉപയോഗിക്കുന്നതോ അല്ലെങ്കിൽ ഉപയോഗിക്കാനായി നിർമ്മിച്ച ബാഹ്യമോ അല്ലാത്തതോ ആയ ചാൽ എന്നർത്ഥമാകുന്നു;
(cl) 'വാണിഭശാല / കട' എന്നാൽ ഗാർഹികവും കുടുംബപരവും വ്യക്തിപരവുമായ ഉപയോഗത്തിനും ഉപഭോഗത്തിനും ഭക്ഷണത്തിനും ആവശ്യമായ വസ്തുക്കൾ വിൽക്കുന്നതിനോടൊപ്പം ഏത് ഇനം വസ്തുക്കളും സാധാരണയായി വിൽക്കുന്ന സ്ഥലമെന്നർത്ഥമാകുന്നു. എന്നാൽ ഇതിൽ ഒരു 'വർക്ക്ഷോപ്പ്' ഉൾപ്പെടുന്നതല്ല;
(cm) 'പാർശ്വാങ്കണം' എന്നാൽ കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തിനും പ്ലോട്ട് അതിർത്തിക്കുമിടയിൽ വിലങ്ങനെ വ്യാപിച്ചു കിടക്കുന്നതും മുറ്റത്തിന്റെ ഉപയോഗയോഗ്യമായ അല്ലെങ്കിൽ മുൻപിൻഭാഗങ്ങൾ അല്ലാത്ത വശങ്ങളെ അഭിമുഖീകരിക്കുന്നതും പ്ലോട്ടിന്റെ ഭാഗവുമായ തുറസ്സായ സ്ഥലം എന്നർത്ഥമാകുന്നു;
(cn) ‘സൈറ്റ്' എന്നാൽ ഒരു പ്ലോട്ടും അതിന്റെ ചുറ്റുമുള്ള പരിസരപ്രദേശങ്ങളും എന്നർത്ഥമാകുന്നു;
(co) ‘കോണിപ്പടി ആവരണം' എന്നാൽ കോണിപ്പടിയുടെ ആവശ്യത്തിനു മാത്രമായുള്ളതും, മനുഷ്യവാസത്തിനല്ലാത്ത, മേൽക്കൂരയോട് കൂടി അടച്ചുകെട്ടുള്ള കാലാവസ്ഥ സംരക്ഷണ വലയത്തോടുകൂടിയതുമായ ക്യാബിൻ പോലെയുള്ള നിർമ്മാണം എന്നർത്ഥമാകുന്നു. ഇതിന് കോണിപ്പടി ക്യാബിനെന്നോ, കോണിപ്പടി മുറിയെന്നോ വിളിക്കാവുന്നതാണ്.
(cp) ‘വിൽപനശാല' എന്നാൽ മുഖ്യമായും സാധനങ്ങളുടെ പ്രദർശനത്തിനും വില്പനയ്ക്കുമായി ഉപയോഗിക്കുന്ന കുടിൽ അല്ലാത്ത താൽക്കാലിക നിർമ്മാണം എന്നർത്ഥമാകുന്നു;
(cq) 'നില' എന്നാൽ ഏതെങ്കിലും നിലയുടെ പ്രതലത്തിനും അതിന് തൊട്ടുമുകളിലുള്ള നിലയുടെ പ്രതലത്തിനും ഇടയ്ക്ക് ഉൾപ്പെട്ടിട്ടുള്ള കെട്ടിടഭാഗം അല്ലെങ്കിൽ മുകൾ നിലയില്ലെങ്കിൽ ഏതെങ്കിലും നിലയ്ക്കും അതിനു മുകളിലുള്ള മേൽക്കൂരയ്ക്കുമിടയിലുള്ള സ്ഥലം എന്നർത്ഥമാകുന്നു;
(cr) ‘തെരുവ്' എന്നാൽ ഒന്നിലധികമായുള്ള കെട്ടിടത്തിനോ, പ്ലോട്ടിനോ പ്രവേശനം നൽകുന്നതും റോഡിന് പര്യായമായി കാണാവുന്നതുമായ സ്വകാര്യതെരുവ് അല്ലെങ്കിൽ പൊതു തെരുവ് എന്നർത്ഥമാകുന്നു;
(cs) ‘തെരുവ് രേഖ' എന്നാൽ തെരുവിന്റെ പാർശ്വപരിധികൾ നിർവ്വചിക്കുന്ന രേഖ എന്നർത്ഥമാകുന്നു;
(ct) ‘തെരുവ് നിരപ്പ്' എന്നാൽ തെരുവിന്റെ കേന്ദ്രരേഖയിലുള്ള നിരപ്പ് എന്നർത്ഥമാകുന്നു;
(cu) ‘നിർമ്മാണം' എന്നാൽ ഒരു നിശ്ചിത രീതിയിൽ ഭാഗങ്ങൾ ഒരുമിച്ച് ചേർത്ത് ക്രമീകരിച്ചതോ അല്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ചതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കെട്ടിടമോ അല്ലെങ്കിൽ ഏതെങ്കിലും ഭാഗം അല്ലെങ്കിൽ പണിയിച്ചിട്ടുള്ളതോ നിർദ്ദേശിച്ചതോ ആയ എന്തെങ്കിലും ഒരു ഘടനയോ എന്നർത്ഥമാകുന്നു. നിർമ്മാണം എന്നാൽ കെട്ടിടം എന്നർത്ഥവും ഉൾപ്പെടുന്നതാണ്.