Panchayat:Repo18/vol1-page0710
(d) "നിയമം' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം (1994-ലെ 13) എന്നർത്ഥമാകുന്നു;
(e) 'പരസ്യ അടയാളം’ എന്നാൽ ഒരു വ്യക്തിയേയോ, സമൂഹത്തേയോ സ്ഥാപനത്തേയോ അല്ലെങ്കിൽ ഒരു ഉൽപ്പന്നത്തേയോ പരസ്യപ്പെടുത്തുന്നതിനായി പ്രസ്തുത പരിസരത്ത് സ്വതന്ത്രമായോ അല്ലെങ്കിൽ കെട്ടിടത്തിനോടോ അല്ലെങ്കിൽ മറ്റു നിർമ്മാണങ്ങളോടോ ബന്ധിപ്പിച്ചോ താങ്ങിയോ തിരിച്ചറിയുകയെന്ന ഉദ്ദേശ്യത്തോടെ പ്രദർശിപ്പിച്ചിട്ടുള്ള ഏതെങ്കിലും അടയാളം എന്നർത്ഥമാകുന്നു;
(f) 'മാറ്റം വരുത്തൽ’ എന്നാൽ കെട്ടിടത്തിന്റെ വിസ്തീർണ്ണമോ, ഉയരമോ വർദ്ധിപ്പിക്കുക, നിലയോ, നിലകളോ നിലവിലുള്ള ഏതെങ്കിലും നിലയുടെ ഉയരത്തിനുള്ളിലുള്ള മെസ്സാനിൻ നിലയോ വർദ്ധിപ്പിക്കുക, നിലവിലുള്ള നിലകളിൽ മാറ്റം വരുത്തുക, മേൽക്കൂര കോൺക്രീറ്റ് സ്ലാബായി മാറ്റുക, നിലവിലുള്ള ഭിത്തികൾ പുനർനിർമ്മിക്കുക, ഘടനാപരമായ മാറ്റം വരത്തക്ക വിധത്തിൽ കോൺക്രീറ്റ് തൂണുകളും ഉത്തരങ്ങളും നിർമ്മിക്കുക, ഈ ചട്ടങ്ങൾക്ക് കീഴിലുള്ള കൈവശാവകാശഗണത്തിൽ നിലവിലുള്ള മുറികൾ വീണ്ടും വിഭജിക്കുന്നതിനായി ഇടച്ചുമരുകൾ നിർമ്മിക്കുക, കെട്ടിടത്തിലേക്കുള്ള ഏതെങ്കിലും ആഗമനനിർഗമന മാർഗങ്ങൾ അടക്കുക, എന്നിവ പോലുള്ള ഘടനാപരമായ മാറ്റം എന്നർത്ഥമാകുന്നു.
(g) 'അപ്പാർട്ട്മെന്റ്' എന്നാൽ ഒരു പൊതു നിരത്തിലേക്കോ, തെരുവിലേക്കോ ഹൈവേയിലേക്കോ, അല്ലെങ്കിൽ അങ്ങനെയുള്ള നിരത്തിലേക്കോ, തെരുവിലേക്കോ, ഹൈവേയിലേക്കോ നയിക്കുന്ന ഒരു പൊതുവായ പ്രദേശത്തേക്കോ നേരിട്ടുള്ള ഒരു നിർഗമന മാർഗത്തോടുകൂടിയതും, പാർപ്പിടാവശ്യത്തിന് ഉദ്ദേശിച്ചുകൊണ്ടുള്ളതുമായ ഒരു കെട്ടിടത്തിലോ അതിന്റെ ഭാഗങ്ങളിലോ സ്ഥിതി ചെയ്യുന്ന ഒന്നോ അതിൽ കൂടുതലോ മുറികളോ അടച്ചുകെട്ടുള്ള സ്ഥലങ്ങളോ ഉൾപ്പെടുന്ന ഏതു തരത്തിലുമുള്ള സ്വതന്ത്രമായ ഉപയോഗത്തിന് ഉദ്ദേശിക്കുന്ന ഒരു കെട്ടിടത്തിന്റെ ഭാഗം എന്നാകുന്നു. ഈ വാക്കിന് പാർപ്പിടാവശ്യത്തിന് ഉപയോഗിക്കുന്ന ഫ്ളാറ്റുകൾ എന്ന പദവുമായി സമാനർത്ഥമാണുള്ളത്;
(h) 'അനുബന്ധം' എന്നാൽ ഈ ചട്ടങ്ങളുടെ അനുബന്ധം എന്നർത്ഥമാകുന്നു;
(i) 'അംഗീകൃത പ്ലാൻ' എന്നാൽ ഈ ചട്ടങ്ങൾക്കുകീഴിൽ ഡവലപ്മെന്റ് പെർമിറ്റോ കെട്ടിട നിർമ്മാണ പെർമിറ്റോ ലഭിക്കുന്നതിനുവേണ്ടി സെക്രട്ടറി യഥാവിധി അംഗീകരിച്ച ഡ്രോയിംഗിന്റെയും സ്റ്റേറ്റുമെന്റുകളുടെയും കൂട്ടം എന്നർത്ഥമാകുന്നു.
(j) 'ബാൽക്കണി' എന്നാൽ ഒരു നടവഴിയായോ ഇരിക്കുവാനുള്ള ഒരു തുറസ്സിടമായോ ഉപകരിക്കുന്നതും കൈവരി അല്ലെങ്കിൽ അരമതിൽ കൈവരിയോടുകൂടിയ സമനിരയായ തള്ളി നിൽക്കുന്ന ഒരു നിർമ്മാണം എന്നർത്ഥമാകുന്നു.
(k) 'അടിത്തറനില’ എന്നാൽ ഒരു കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നിലയുടെ താഴെയോ, അല്ലെങ്കിൽ ഭാഗികമായി താഴെയുള്ള ഏറ്റവും താഴത്തെനിലയോ എന്നർത്ഥമാകുന്നു. ഈ വാക്ക് നിലവറയുടെ പര്യായമാണ്;
(l) ‘കുളിമുറി' എന്നാൽ കുളിക്കുന്നതിനു വേണ്ടി ഉള്ള ഒരു മുറിയോ അല്ലെങ്കിൽ കുളിയറ എന്നർത്ഥമാകുന്നു;
(m) 'കെട്ടിടം' എന്നാൽ മനുഷ്യവാസത്തിന് വേണ്ടിയോ, അല്ലാതെയോ, ഏതെങ്കിലും ഉദ്ദേശത്തിന് ഏതെങ്കിലും വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഏതൊരു പണിപ്പാടും അതിന്റെ ഓരോ ഭാഗവും എന്നർത്ഥമാകുന്നതും, ഫൗണ്ടേഷനുകൾ, അടിത്തറകൾ, ഭിത്തികൾ, നിലകൾ, മേൽക്കൂരകൾ, ചിമ്മിനികൾ, പ്ലംബിംഗും കെട്ടിട സർവ്വീസുകളും, വരാന്ത, ബാൽക്കണി, കോർണിസ് അല്ലെങ്കിൽ തള്ളിനിൽക്കുന്ന നിർമ്മാണങ്ങൾ, കെട്ടിടത്തിന്റെ ഭാഗവും, അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എന്തെങ്കിലും, ഏതെങ്കിലും ഭൂമിയെയോ, അല്ലെങ്കിൽ സ്ഥലത്തെയോ മറയ്ക്കുന്നതോ മറയ്ക്കാൻ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും ഭിത്തി, അടയാളം, അതിന്റെ പരസ്യപണിപ്പാടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നതുമാകുന്നു;