Panchayat:Repo18/vol1-page0709
കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ, 2011*
S.R.O. No. 127/2011 - 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം (1994-ലെ 13), 235A, 235B, 235F, 235P, 235W എന്നീ വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടും 2007 ജൂൺ 6-ാം തീയതി G.O. (Ms) No. 150/2007/LSGD എന്ന നമ്പറായി പുറപ്പെടുവിച്ചതും, 2007 ജൂൺ 6-ാം തീയതിയിലെ 1045-നമ്പർ കേരള അസാധാ രണ ഗസറ്റിൽ S.R.O. No. 495/2007 ആയി പ്രസിദ്ധീകരിച്ചതുമായ വിജ്ഞാപനം അതിലംഘിച്ചു കൊണ്ടും, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്:-
അദ്ധ്യായം 1
നിർവ്വചനങ്ങൾ
1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ബാധകമായിരിക്കും.
(3) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
കുറിപ്പ്
പഞ്ചായത്തുകൾക്കു മാത്രമായിട്ടുള്ള ഒരു കെട്ടിട നിർമ്മാണ ചട്ടം ഇപ്പോൾ നിലവിൽ ഇല്ല. ആയതിനാൽ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 274(1)-ാം വകുപ്പ് പ്രകാരവും അതിനു മുമ്പ് ഈ വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും അതിലംഘിച്ചുകൊണ്ടും, സർക്കാർ 6-6-2007-ലെ G.O.(MS) No. 150/2007/LSGD എന്ന വിജ്ഞാപനം വഴി 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങളും കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 1994-ലെ ഉചിതമായ വകുപ്പുകളും കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 235A വകുപ്പ് പ്രകാരം, സൈറ്റ്, കെട്ടിടം, മറ്റ് നിർമ്മാണങ്ങൾ എന്നിവയെ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നു. സർക്കാർ ഇപ്പോൾ ഗ്രാമപഞ്ചായത്തുകളിലേക്ക് മാത്രമായി ചട്ടങ്ങൾ ഉണ്ടാക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വിജ്ഞാപനം മേൽപറഞ്ഞ ഉദ്ദേശം നിറവേറ്റുവാനുള്ളതാകുന്നു.
2. നിർവ്വചനങ്ങൾ- (1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(a) 'പ്രവേശനമാർഗ്ഗം' എന്നാൽ ഒരു സ്ഥലത്തേക്കോ, കെട്ടിടത്തിലേക്കോ ഉള്ള മാർഗ്ഗം എന്നർത്ഥമാകുന്നു;
(b) 'അനുബന്ധ കെട്ടിടം' എന്നാൽ ഒന്നോ അതിലധികമോ അനുബന്ധ ഉപയോഗങ്ങൾ ഉൾക്കൊള്ളുന്നതും ഒരു സ്ഥലത്തെ കെട്ടിടത്തിനോട് കൂട്ടിചേർത്തിട്ടുള്ളതോ വേർപെടുത്തിയിട്ടുള്ളതോ ആയ കെട്ടിടം എന്നർത്ഥമാകുന്നു;
(c) 'അനുബന്ധ ഉപയോഗം’ എന്നാൽ ഒരു കെട്ടിടത്തിന്റെയും അതിനുചുറ്റുമുള്ള സ്ഥലത്തിന്റെയും പ്രധാന ഉപയോഗത്തിന് കീഴായുള്ളതും കീഴ് വഴക്കമനുസരിച്ച പ്രധാന ഉപയോഗത്തിനെ ആശ്രയിച്ചു നിൽക്കുന്നതുമായ ഏതെങ്കിലും ഉപയോഗം എന്നർത്ഥമാകുന്നു;