Panchayat:Repo18/vol1-page0263
233. ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനു വാദം.-(1) യാതൊരാളും, ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയും, ആ അനുമതിയിൽ നിർദ്ദേശിച്ചിട്ടുള്ള ഉപാധികൾക്കനുസൃതമായിട്ടല്ലാതെയും,-
(എ) ആവിശക്തിയോ, ജലശക്തിയോ മറ്റു യാന്ത്രിക ശക്തിയോ വൈദ്യുത ശക്തിയോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയോ, വർക്ക്ഷാപ്പോ, പണിസ്ഥലമോ നിർമ്മിക്കുകയോ സ്ഥാപിക്കുകയോ,
(ബി) മേൽപ്പറഞ്ഞപ്രകാരമുള്ള ഏതെങ്കിലും ശക്തികൊണ്ട് ഓടുന്നതും, ഈ ആക്റ്റി ലേയോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലേയോ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ട യന്ത്രമോ, നിർമ്മാണയന്ത്രമോ അല്ലാത്തതുമായ ഏതെങ്കിലും യന്ത്രമോ നിർമ്മാണയന്ത്രമോ ഏതെങ്കിലും പരിസരങ്ങളിൽ സ്ഥാപിക്കുകയോ;
ചെയ്യാൻ പാടില്ലാത്തതാകുന്നു.
(2) (1)-ാം ഉപവകുപ്പ് പ്രകാരം അനുവാദത്തിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട ഫാറത്തിലും മറ്റ് വിശദാംശങ്ങളോടുകൂടിയും സെക്രട്ടറിയെ അല്ലെങ്കിൽ സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനെ സംബോധന ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.
(2എ) അപേക്ഷ, അനുബന്ധ രേഖകൾ സഹിതം ലഭിച്ചാൽ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, അപേക്ഷകന് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഫാറത്തിൽ കൈപ്പറ്റു രസീതു നൽകേണ്ടതും, അപേക്ഷയും എല്ലാ അനുബന്ധ രേഖകളും പ്രസ്തുത സ്ഥലത്തുവച്ചുതന്നെ പരിശോധിക്കേണ്ടതും ആവശ്യമായ അനുബന്ധ രേഖകൾ, ഏതെങ്കിലും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ല എന്ന് കാണുന്ന പക്ഷം, സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ സമർപ്പിക്കാൻ വിട്ടു പോയ രേഖകളുടെ പട്ടിക, ഉടൻ തന്നെ രേഖാ മൂലം അപേക്ഷകനെ അറിയിക്കേണ്ടതും, അപ്രകാരമുള്ള രേഖകൾ എത്രയും വേഗം, എന്നാൽ അപേക്ഷ ലഭിച്ച തീയതി മുതൽ അഞ്ചു ദിവസം കഴിയുന്നതിനു മുൻപായി സമർപ്പിക്കുവാൻ അപേക്ഷകനെ അനുവദിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |