Panchayat:Repo18/vol1-page0086

From Panchayatwiki

(2) തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി, നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിലേക്കും പുതുക്കുന്നതിലേക്കും വേണ്ടി അനുയോജ്യരായ എയിഡഡ് സ്കൂൾ ഉൾപ്പെടെയുള്ള സ്കൂൾ അദ്ധ്യാപകരെയോ, സർക്കാർ ജീവനക്കാരെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയോ നിയോഗിക്കാവുന്നതാണ്.

15. അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ.-(1) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ അയാളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിൽകൂടുതലോ ആളുകളെ അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻമാരായി സ്ഥാനനിർദ്ദേശം ചെയ്യാവുന്നതാണ്:

എന്നാൽ, അങ്ങനെയുള്ള ഓരോ ആളും സർക്കാരിലേയോ ഒരു പഞ്ചായത്തിലേയോ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.

(2) ഏതൊരു അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനും, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിന് വിധേയമായി, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ എല്ലാ ചുമതലകളുമോ അവയിൽ ഏതെങ്കിലുമോ നിർവ്വഹിക്കാൻ ക്ഷമത ഉണ്ടായിരിക്കുന്നതാണ്.

അദ്ധ്യായം VI

വോട്ടർ പട്ടിക തയ്യാറാക്കൽ

16. ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള വോട്ടർ പട്ടിക.-(1) ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ നിയോജകമണ്ഡലത്തിനും ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി ഒരു വോട്ടർ പട്ടിക തയ്യാറാക്കേണ്ടതാണ്.

(2) കരട് വോട്ടർപട്ടിക അതതു പഞ്ചായത്ത് ആഫീസിലും വില്ലേജ് ആഫീസിലും ബ്ലോക്ക് ആസ്ഥാനത്തും താലൂക്കാഫീസിലും പ്രസിദ്ധീകരിച്ച് വോട്ടർമാർക്ക് പരിശോധനയ്ക്ക് സൗകര്യം നൽകേണ്ടതും, ആക്ഷേപങ്ങളിലും അപേക്ഷകളിലും തീരുമാനമെടുത്ത ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.

(3) ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും നിയോജകമണ്ഡലങ്ങൾക്കുവേണ്ടിയുള്ള വോട്ടർപട്ടിക, അതതു സംഗതി പോലെ, ബ്ലോക്ക് പഞ്ചായത്തിലേയോ ജില്ലാ പഞ്ചായത്തിലേയോ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വോട്ടർ പട്ടികകൾ ഉൾക്കൊണ്ടതായിരിക്കുന്നതും അങ്ങനെയുള്ള നിയോജക മണ്ഡലങ്ങൾക്ക് പ്രത്യേക വോട്ടർ പട്ടിക തയ്യാറാക്കുകയോ പുതുക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്തതുമാകുന്നു.

17. വോട്ടർ പട്ടികയിലെ രജിസ്ട്രേഷനുള്ള അയോഗ്യതകൾ.-(1) ഒരാൾ ഒരു വോട്ടർ പട്ടികയിലെ രജിസ്ട്രേഷന്, അയാൾ-

(എ) ഭാരത പൗരൻ അല്ലെങ്കിലോ; അല്ലെങ്കിൽ

(ബി) സ്ഥിരബുദ്ധിയില്ലാത്ത ആളായിരിക്കുകയും അങ്ങനെയുള്ളവനാണെന്ന് ക്ഷമതയുള്ള ഒരു കോടതിയാൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നവനും ആണെങ്കിലോ; അല്ലെങ്കിൽ

(സി) തിരഞ്ഞെടുപ്പുകളോടനുബന്ധിച്ചുള്ള അഴിമതി പ്രവൃത്തികളും മറ്റ് കുറ്റകൃത്യങ്ങളും സംബന്ധിച്ച ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വോട്ടു രേഖപ്പെടുത്തുന്നതിൽനിന്നും തൽസമയം അയോഗ്യനാക്കപ്പെട്ടിരിക്കുന്നു എങ്കിലോ;

അയോഗ്യനായിരിക്കുന്നതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Manoj

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ