Panchayat:Repo18/vol1-page0734
എന്നുമാത്രമല്ല. ഇനം (x)-നു കീഴിലെ നിർമ്മാണങ്ങളുടെ സംഗതിയിൽ, മേൽപ്പറഞ്ഞ അറിയിപ്പിനൊപ്പം നിർദ്ദിഷ്ട നിർമ്മാണങ്ങളുടെ എല്ലാ സ്ഥാനങ്ങളും കാണിച്ചുകൊണ്ട് നിലവിലുള്ള കെട്ടിടത്തിന്റെ നിർമ്മാണങ്ങൾ നടക്കുന്നതിന് മുമ്പുള്ള ഫോട്ടോകളും കൂടി സെക്രട്ടറിക്ക് നൽകേ ണ്ടതാണ്;
എന്നുമാത്രമല്ല, ഇനം (x) -നു കീഴിലെ നിർമ്മാണങ്ങളുടെ സംഗതി, നിർമ്മാണങ്ങൾ നടത്തിയ സ്ഥാനങ്ങൾ കാണിച്ചുകൊണ്ട് നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ ഫോട്ടോകൾ, പണി പൂർത്തിയായി പത്ത് ദിവസത്തിനകം സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
എന്നുമാത്രമല്ല, (xi)-ാം ഇനപ്രകാരമുള്ള കെട്ടിടത്തിന്റെ സ്ഥാനമാറ്റം പൂർത്തീകരണപ്ലാനിൽ സംയോജിപ്പിക്കേണ്ടതാണ്.
11. സൈറ്റുകളുടെയും പ്ലാനുകളുടെയും അംഗീകാരവും പെർമിറ്റ് നൽകലും.-(1) സെക്രട്ടറി നേരിട്ട് സൈറ്റ് പരിശോധിക്കുകയും പ്ലാനും പ്രമാണങ്ങളും തിട്ടപ്പെടുത്തുകയും സൈറ്റ് പ്ലാനും ഡ്രോയിംഗും നിർമ്മാണ വിവരണങ്ങളും സൈറ്റിന്റെ ഉടമസ്ഥാവകാശവും, ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് അല്ലെങ്കിൽ ഈ നിയമത്തിന്റെയോ മറ്റേതെങ്കിലും നിയമത്തിന്റെയോ അതിനു കീഴിലുണ്ടാക്കിയിട്ടുള്ള ബൈലോയ്ക്ക് അനുരൂപമാണെന്ന് ഉത്തമവിശ്വാസത്തിൽ ബോധ്യപ്പെടുന്ന പക്ഷം സൈറ്റും സൈറ്റ്പ്ലാനും അംഗീകരിക്കേണ്ടതാണ്.
(2) സൈറ്റും സൈറ്റ്പ്ലാനുകളും അംഗീകരിച്ചതിനുശേഷം സെക്രട്ടറി, കെട്ടിട നിർമ്മാണപ്ലാനും, കെട്ടിടത്തിന്റെ എലിവേഷനും, സെക്ഷനുകളും, പണിയുടെ വിവരണങ്ങളും എന്നിവ സൈറ്റിനും സൈറ്റ് പ്ലാനിനും അനുരൂപമാണോയെന്നും ഈ ആക്ടിന് കീഴിലുള്ള ചട്ടങ്ങൾക്കും ബൈലോയ്ക്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും നിയമങ്ങൾക്കോ അനുസൃതമാണോയെന്ന് പരിശോധിച്ച് പ്ലാൻ അംഗീകരിക്കുകയും നിർമ്മാണ നിർവ്വഹണത്തിനുള്ള പെർമിറ്റ് നൽകുകയും ചെയ്യേണ്ടതാണ്.
(3) സൈറ്റുകളുടെയും പ്ലാനുകളുടെയും അംഗീകാരം അപേക്ഷകനെ രേഖാമൂലം അറിയിക്കുകയും II-ആം പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള നിരക്കിൽ പെർമിറ്റ് ഫീസ് ഒടുക്കുകയും പരിഷ്ക്കരിച്ചതോ ഭേദഗതി വരുത്തിയതോ ആയ പ്ലാനുകൾ ഭേദഗതിയോടുകൂടിയോ ഉപാധികളോടു കൂടിയോ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അതും സമർപ്പിക്കുമ്പോൾ അനുബന്ധം C-യിലുള്ളതു പോലെ പെർമിറ്റ് നൽകേണ്ടതാണ്.
(4) സൈറ്റ് പരിശോധിക്കുകയും പ്ലാനുകളും പ്രമാണങ്ങളും തിട്ടപ്പെടുത്തുകയും ചെയ്തതിനുശേഷം അംഗീകാരം നിരസിക്കാനാണ് സെക്രട്ടറി തീരുമാനിക്കുന്നതെങ്കിൽ ആ വിവരം കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതാണ്.
(5) ഈ ചട്ടങ്ങൾ പ്രകാരം ഒരു തീരുമാനം കൈക്കൊള്ളുന്നതിന് ഏതെങ്കിലും പ്ലാനിനോ ഡ്രോയിംഗിനോ നിർമ്മാണവിവരണങ്ങൾക്കോ ഭേദഗതി ആവശ്യമുണ്ടെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലും കൂടുതൽ പ്രമാണങ്ങളോ, വിവരണങ്ങളോ അല്ലെങ്കിൽ പുതിയ പ്ലാനോ ആവശ്യമുണ്ടെങ്കിൽ സെക്രട്ടറി അപേക്ഷയോ പ്ലാനോ രേഖയോ വിവരമോ ലഭിച്ച തീയതി മുതൽ പത്തു ദിവസത്തിനുള്ളിൽ അപേക്ഷകനെ പ്രസ്തുത വിവരം രേഖാമൂലം അറിയിക്കേണ്ടതാണ്.
12, 1.5 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള ഉത്ഖനനം ഉൾക്കൊള്ളുന്ന സൈറ്റുകളുടെയും പ്ലാനുകളുടെയും അംഗീകാരവും പെർമിറ്റ് അനുവദിക്കലും.- (1) 1.5 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള ഏതെങ്കിലും ഭൂമിയിൽ മണ്ണ് ഖനനം ഉൾപ്പെടുന്ന നിർമ്മാണങ്ങളുടെ/ ഭൂമി വികസനങ്ങളുടെ സംഗതിയിൽ ഖനനത്തിന്റെ ആഴം പ്ലോട്ടിന്റെ അതിർത്തിയിൽ നിന്നുമുള്ള അത്തരം ഖനനം നടക്കുന്ന സ്ഥലം വരെയുള്ള സമാന്തരയകലത്തിനേക്കാൾ കൂടുതലാണെങ്കിൽ താഴെപ്പറയുന്ന വ്യവസ്ഥകൾ ബാധകമാക്കേണ്ടതാണ്:
എന്നാൽ കിണറുകൾ, സെപ്റ്റിക്ക് ടാങ്കുകൾ, റീചാർജ്ജ് പിറ്റുകൾ, ഓവുചാൽ നിർമ്മാണങ്ങൾ, ചുറ്റുമതിലുകൾ അതുപോലുള്ള ഘടനകളുടെ നിർമ്മാണം നടത്തുന്നതിനായുള്ള ഉത്ഖനനങ്ങളുടെ സംഗതിയിൽ താഴെപറയുന്ന വ്യവസ്ഥകൾ നിർബന്ധമില്ലാത്തതാണ്.