Panchayat:Repo18/vol1-page0159

From Panchayatwiki

(എ) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് ഏതെങ്കിലും ആൾക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ള പ്രശ്നം പരിഗണിക്കുവാനോ അല്ലെങ്കിൽ ന്യായനിർണ്ണയം ചെയ്യുവാനോ, അല്ലെങ്കിൽ

(ബി) ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസറോ അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലോ എടുത്ത എന്തെങ്കിലും നടപടിയുടേയോ അല്ലെങ്കിൽ ഈ ആക്റ്റുപ്രകാരം അങ്ങനെയുള്ള പട്ടിക പുതുക്കുന്നതിന് നിയമിതനായ ഏതെങ്കിലും ആൾ നൽകിയ തീരുമാനത്തിന്റേയോ നിയമ സാധുതാ പ്രശ്നം കൈകാര്യം ചെയ്യുന്നതിനോ; അല്ലെങ്കിൽ

(സി) വരണാധികാരിയോ, അല്ലെങ്കിൽ ഈ ആക്റ്റ് പ്രകാരം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമിതനായ മറ്റേതെങ്കിലും ആൾ എടുത്ത നടപടിയുടെയോ അല്ലെങ്കിൽ നൽകിയ തീരുമാനത്തിന്റെയോ നിയമ സാധുതാപ്രശ്നം കൈകാര്യം ചെയ്യുന്നതിനോ; അധികാരിത ഉണ്ടായിരിക്കുന്നതല്ല.

148. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ.- വോട്ടർപട്ടിക തയ്യാറാക്കൽ ഉൾപ്പെടെയുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നേരിടുന്നതിനുള്ള ഫണ്ടുകൾ തുടക്കത്തിൽ സർക്കാർ നൽകേണ്ടതും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള രീതിയിൽ അങ്ങനെയുള്ള ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് സർക്കാരിന് തിരിച്ചുനല്കേണ്ടതുമാണ്. എന്നാൽ, വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പുകൾ ഒരേ സമയത്ത് നടത്തുന്നപക്ഷം, അങ്ങനെയുള്ള പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ആകെ ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് ആനുപാതികമായി മാത്രം ഈടാക്കുന്നതാണ്.

149. അംഗങ്ങളുടെ ഉദ്യോഗകാലാവധി.-(1) ഒരു ഗ്രാമപഞ്ചായത്തിലേയോ, ഒരു ബ്ലോക്ക് പഞ്ചായത്തിലേയോ അല്ലെങ്കിൽ ഒരു ജില്ലാ പഞ്ചായത്തിലേയോ അംഗങ്ങളുടെ ഉദ്യോഗകാലാവധി ആ പഞ്ചായത്തിന്റെ ആദ്യ യോഗം ചേരുന്നതിനു നിശ്ചയിച്ച തീയതി മുതൽ അഞ്ചു വർഷം ആയിരിക്കുന്നതാണ്.

(2) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന സാധാരണ ഒഴിവുകൾ, ആ ഒഴിവുകൾ ഉണ്ടാകുന്നതിനുമുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ, സർക്കാർ യുക്തമെന്ന് കരുതുന്ന അങ്ങനെയുള്ള തീയതിയിലോ തീയതികളിലോ നടത്തുവാൻ നിശ്ചയിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതാണ്. എന്നാൽ സന്ദർഭം ആവശ്യപ്പെടുന്നപക്ഷം വിവിധ തലങ്ങളിലെ പഞ്ചായത്തുകളിലേക്ക് ഒരേസമയം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് സാദ്ധ്യമാകുന്നതിന്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നതനുസരിച്ച്, ഒഴിവുകളുണ്ടാകുന്നതിനുമുൻപുള്ള ആറുമാസത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

(3) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനത്തിലുണ്ടാകുന്ന ആകസ്മിക ഒഴിവ്, ആ ഒഴിവ് ഉണ്ടായതിനുശേഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പു മുഖേന നികത്തേണ്ടതാണ്.

(4) കാലാവധി അവസാനിച്ച് സാധാരണ വിരമിക്കുവാനുള്ള തീയതിക്ക് ആറു മാസത്തിനുള്ളിലുണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്തുവാൻ പാടുള്ളതല്ല.