Panchayat:Repo18/vol1-page0720
(dh) ‘വാട്ടർ ക്ലോസ്റ്റ്' എന്നാൽ പെട്ടെന്നും സമൃദ്ധമായും പ്രവഹിക്കുന്ന ജലം കൊണ്ട് ശുചിയാക്കാൻ ക്രമീകരിച്ചിട്ടുള്ളതും കുളിമുറിയുൾപ്പെടാത്തതുമായ ഒരു കക്കൂസ് എന്നർത്ഥമാകുന്നു.
(di) 'ജലപ്രവാഹം' എന്നാൽ പ്രകൃതിദത്തമോ അല്ലെങ്കിൽ കൃതിമമോ ആയ ജലനിർഗമന സംവിധാനത്തിനുള്ള കൈത്തോടോ, നദിയോ, അരുവിയോ എന്നർത്ഥമാകുന്നു.
(dia) 'റോഡിന്റെ വീതി' എന്നാൽ മീഡിയനുകൾ, സർവ്വീസ് റോഡുകൾ, ഫ്ളൈ ഓവറുകൾ ഉൾപ്പെടെ സഞ്ചരിക്കുവാനുള്ള അവകാശം എന്നർത്ഥമാകുന്നു;
(dj) ‘അങ്കണം' എന്നാൽ ഈ ചട്ടങ്ങൾ പ്രകാരം ഒരു കെട്ടിടവുമായി ബന്ധപ്പെട്ട പ്രത്യേക അനുവാദം നൽകിയിട്ടുള്ള നിർമ്മാണങ്ങൾ കയ്യടക്കിയതൊഴിച്ച് കൈവശപ്പെടുത്താത്തതും തടസമില്ലാത്തതും പ്ലോട്ടിന്റെ അതിർത്തി രേഖകൾക്കും കെട്ടിടത്തിനും ഇടയ്ക്ക് ഭൂനിരപ്പിലുള്ള തുറന്ന സ്ഥലം എന്നർത്ഥമാകുന്നു. അടച്ചുകെട്ടിയ പൂമുഖത്തോട് കൂടിയ കെട്ടിടത്തിന്റെ ഏറ്റവും അടുത്ത ബിന്ദുവിൽ നിന്ന് മുൻഭാഗത്തും പിൻഭാഗത്തും പ്ലോട്ട് അതിർത്തിയായ പാർശ്വാങ്കണങ്ങൾക്കും ഇടയിലുള്ള ഏറ്റവും ചുരുങ്ങിയ അകലമാണ് എല്ലാ അങ്കണങ്ങൾക്കും അളവായിരിക്കുന്നത്. ഒരു അങ്കണത്തിന്റെ എല്ലാ ഭാഗത്ത് നിന്നും അതേ അങ്കണത്തിലേക്ക് പ്രവേശനമുണ്ടായിരിക്കേണ്ടതാണ്;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ 1994-ലെ കേരള പഞ്ചായത്ത് ആക്റ്റിൽ (1994-ലെ 13) നിർവചിച്ചതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആ ആക്റ്റിൽ നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
3. ബാധകമാക്കൽ- ഈ ചട്ടങ്ങൾ,-
(i) താഴെ വിശദീകരിക്കും പ്രകാരം ഏതെങ്കിലും പൊതുവായതോ അല്ലെങ്കിൽ സ്വകാര്യ കെട്ടിടത്തിനോ ബാധകമാണ്, അതായത്.-
(a) പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തെ സംബന്ധിച്ച് അതിന്റെ രൂപകല്പനയ്ക്കും നിർമ്മാണത്തിനും;
(b) കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മാറ്റം വരുത്തിയിടത്ത് മാറ്റം വന്ന കെട്ടിട ഭാഗത്തിന്;
(c) കെട്ടിടത്തിന്റെ കൈവശാവകാശത്തിനോ ഉപയോഗത്തിനോ മാറ്റം വരുമ്പോൾ മാറ്റം ബാധിക്കുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങൾക്കും;
(d) കെട്ടിടത്തിനോടുള്ള കൂട്ടിച്ചേർക്കലോ വിപുലീകരണമോ നടത്തുന്ന സംഗതിയിൽ അത്തരം കൂട്ടിച്ചേർക്കലിനും വിപുലീകരണത്തിനും മാത്രം ഈ ചട്ടങ്ങൾ ബാധകമാകുന്നതാണ്;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |