Panchayat:Repo18/vol1-page0465
22. സ്വകാര്യ വണ്ടിത്താവളങ്ങൾക്ക് ലൈസൻസിനുവേണ്ടിയോ ലൈസൻസു പുതുക്കുന്നതിനു വേണ്ടിയോ ഉള്ള അപേക്ഷ.- (1) ഒരു സ്വകാര്യ വണ്ടിത്താവളം തുറക്കാനോ ലൈസൻസു പുതുക്കാനോ വേണ്ടിയുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു നൽകേണ്ടതാണ്. അങ്ങനെയുള്ള അപേക്ഷയിൽ-
(i) സ്ഥലപ്പേര്, സർവ്വേ നമ്പർ, പുതിയ വണ്ടിത്താവളങ്ങൾ സ്ഥാപിക്കാനോ നിലവിലുള്ളത് തുടർന്നുകൊണ്ടുപോകുവാനോ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അതിരുകൾ മുതലായ വിവരങ്ങൾ;
(ii) നിലവിലുള്ള വണ്ടിത്താവളങ്ങൾ-ഏറ്റവും അടുത്തുള്ളത് എവിടെയാണോ ആ സ്ഥലത്തിന്റെ പേര്;
(iii) രണ്ടിനുമിടയ്ക്കുള്ള ദൂരം;
(iv) അപേക്ഷകന്റെ പേർ, വയസ്, ജോലിയും താമസ സ്ഥലവും;
(V) ആ സ്ഥലത്തിന്മേൽ അപേക്ഷകനുള്ള അധികാരത്തിന്റെ സ്വഭാവവും പരിധിയും;
(vi) നിലവിലുള്ള വണ്ടിത്താവളത്തിന്റെ സംഗതിയിൽ, ആ സ്ഥലം എത്ര നാളായി വണ്ടിത്താവളമായി നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നു; എന്നീ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.
(2) വണ്ടിത്താവളത്തോട് അനുബന്ധിച്ച് കന്നുകാലിത്താവളങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംഗതിയിൽ സ്ഥലത്തിന്റെ അതിരും, എടുപ്പുകളും, പ്രവേശന കവാടങ്ങളും വഴികളും, ഗേറ്റുകളും, ഡ്രെയിനേജുകളും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതോ നിലവിലുള്ളതോ ആയ കക്കുസുകളുടേയും മുത്രപ്പുരകൾക്കുള്ള സ്ഥാനം മുതലായവയുടെ സ്കെച്ച് അപേക്ഷയോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.
(3) അപേക്ഷകനോ അപേക്ഷകരോ പുതിയ വണ്ടിത്താവളം തുറക്കാനുള്ള ലൈസൻസിനു വേണ്ടിയുള്ള അപേക്ഷയോടൊപ്പം വണ്ടിത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച വിജ്ഞാപനത്തിന്റെ പ്രസിദ്ധീകരണ ചാർജ്ജിന്റെ ചെലവിലേക്കായി സെക്രട്ടറി ആവശ്യപ്പെടുന്ന തുക നിക്ഷേപിക്കേണ്ടതും അങ്ങനെയുള്ള നിക്ഷേപങ്ങളോടു കൂടിയല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ലാത്തതുമാണ്.
23. ലൈസൻസിനു വേണ്ടിയുള്ള അപേക്ഷകളിൻമേൽ ഗ്രാമപഞ്ചായത്ത് തീരുമാനമെടുക്കേണ്ടതാണെന്ന്.- സ്വകാര്യ വണ്ടിത്താവളങ്ങൾ തുറക്കാനുള്ള ലൈസൻസിനുവേണ്ടിയുള്ള എല്ലാ അപേക്ഷകളിൻമേലും ഗ്രാമപഞ്ചായത്ത് തീരുമാനമെടുക്കേണ്ടതാണ്;
എന്നാൽ, മോട്ടോർ വാഹനങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്വകാര്യ വണ്ടിത്താവളം തുറക്കാൻ അനുവാദം കൊടുക്കുന്നതിനുമുമ്പ് ഗ്രാമ പഞ്ചായത്ത് റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതാണ്. ഈ ചട്ടത്തോടനുബന്ധിച്ചുള്ള ഫോറത്തിൽ ആയിരിക്കണം. ലൈസൻസ് നൽകേണ്ടത്.
24. സാമ്പത്തിക വർഷാവസാനം ലൈസൻസ് കാലഹരണപ്പെടുമെന്ന്.- ഈ ചട്ടപ്രകാരം നൽകിയിട്ടുള്ള ഓരോ ലൈസൻസും ഏതു സാമ്പത്തിക വർഷത്തിലേക്ക് വേണ്ടിയാണോ നൽകപ്പെട്ടിട്ടുള്ളത്, ആ സാമ്പത്തിക വർഷാവസാനം, കാലഹരണപ്പെടുന്നതാണ്.
25. ലൈസൻസ് ഫീസുകൾ.- (1) ഒരു പുതിയ ലൈസൻസ് അനുവദിക്കാനുള്ള ഫീസ് ആക്ടിലെ 228-ാം വകുപ്പ് (5)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന ഏറ്റവും കൂടിയ തുകയ്ക്ക് വിധേയമായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്.
(2) ലൈസൻസു പുതുക്കുന്നതിനുള്ള ഫീസ് ആദ്യ ലൈസൻസിനു വേണ്ടിയുള്ള തുക തന്നെയായിരിക്കേണ്ടതാണ്.
26. സെക്രട്ടറിയുടെ ഉത്തരവുകൾ ലൈസൻസുള്ളാൾ പാലിക്കണമെന്ന്.- ഒരുസ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുള്ളയാൾ സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തിയ ആളോ ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടുകൂടി രേഖാമൂലം നൽകുന്ന എല്ലാ ഉത്തരവുകളും പാലിക്കേണ്ടതാണ്.