Panchayat:Repo18/vol1-page0449

From Panchayatwiki

9. ജോയിന്റ് കമ്മിറ്റിയുടെ അധികാരങ്ങൾ.-(1) ഏതു ആവശ്യത്തിലേക്കു വേണ്ടിയാണോ ജോയിന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത് അതു സംബന്ധിച്ചു അന്വേഷണം നടത്താനും വിവരങ്ങൾ ശേഖരിക്കാനും തീരുമാനങ്ങൾ എടുക്കാനും അതിനു അധികാരം ഉണ്ടായിരിക്കുന്നതാണ്.

(2) ജോയിന്റ് കമ്മിറ്റിക്ക് ഏതൊരു സമയത്തും ബന്ധപ്പെട്ട പഞ്ചായത്തുകളോട് അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെടാവുന്നതാണ്.

10. ജോയിന്റ് കമ്മിറ്റിയുടെ യോഗനടപടികമം.- (1) ജോയിന്റ് കമ്മിറ്റിയുടെ യോഗം കൂടുന്ന തീയതി, സമയം, സ്ഥലം, യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നിവയടങ്ങുന്ന നോട്ടീസ് യോഗ തീയതിക്കു അഞ്ചു പൂർണ്ണ ദിവസങ്ങൾക്കു മുമ്പ് എങ്കിലും ചെയർമാൻ അതിലെ അംഗങ്ങളെ അറിയിച്ചിരിക്കേണ്ടതാണ്.

(2) ജോയിന്റ് കമ്മിറ്റിയുടെ യോഗം ഏതു പഞ്ചായത്തു ആഫീസിൽ വച്ചാണോ കൂടുന്നത് ആ പഞ്ചായത്തിന്റെ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ യോഗത്തിന്റെ നടപടികൾ രേഖപ്പെടുത്തേണ്ടതും പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും അതിൽ ഒപ്പിട്ടിരിക്കേണ്ടതുമാണ്.

(3) ജോയിന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്ന വിഷയങ്ങളിൽ യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷവോട്ട് പ്രകാരം തീരുമാനമെടുക്കേണ്ടതും എന്നാൽ തുല്യവോട്ട് വരുന്ന സന്ദർഭങ്ങളിൽ കമ്മിറ്റിയുടെ ചെയർമാന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതുമാണ്.

(4) ജോയിന്റ് കമ്മിറ്റിയുടെ യോഗങ്ങളിൽ അതിന്റെ ചെയർമാൻ അദ്ധ്യക്ഷത വഹിക്കേണ്ടതും ചെയർമാന്റെ അസാന്നിദ്ധ്യത്തിൽ ഹാജരായിട്ടുള്ള അംഗങ്ങൾ തങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരംഗം അദ്ധ്യക്ഷനായിരിക്കേണ്ടതുമാണ്.

(5) ജോയിന്റ് കമ്മിറ്റി യോഗത്തിന്റെ കോറം അതിന്റെ അംഗ സംഖ്യയുടെ മൂന്നിൽ രണ്ടു ആയിരിക്കുന്നതാണ്.

(6) ജോയിന്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട പഞ്ചായത്തുകളെ അറിയിച്ചിരിക്കേണ്ടതാണ്.

11. ജോയിന്റ് കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കൽ.- (1) ജോയിന്റ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ ബാദ്ധ്യസ്ഥരാണ്:

എന്നാൽ അത്തരം തീരുമാനങ്ങൾ ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അധികാരപരിധി കവിഞ്ഞുള്ളതാകാൻ പാടില്ലാത്തതാണ്.

(2) ഏതെങ്കിലും തർക്കം പരിഹരിക്കുന്നതിനായി ജോയിന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ള സംഗതികളിൽ, ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് ജോയിന്റ് കമ്മിറ്റിയുടെ തീരുമാനം സ്വീകാര്യമല്ലായെങ്കിൽ, അത്തരം തീരുമാനങ്ങൾ നടപ്പാക്കേണ്ടതില്ല.

12. ജോയിന്റ് കമ്മിറ്റി പിരിച്ചുവിടൽ- ഏതു ആവശ്യത്തിനു വേണ്ടിയാണോ ജോയിന്റ് കമ്മിറ്റി രൂപീകരിച്ചതു ആ ആവശ്യം നിറവേറ്റപ്പെട്ടു കഴിഞ്ഞാൽ ഉടനെ ചെയർമാൻ ആ കമ്മിറ്റി പിരിച്ചു വിടേണ്ടതാണ്.

13. അഭിപ്രായ ഭിന്നതകൾ ഒത്തുതീർപ്പാക്കൽ.- ഈ ചട്ടങ്ങൾ പ്രകാരം ഉള്ള ഒരു ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണത്തേയോ പ്രവർത്തനത്തേയോ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുന്നതിനേയോ സംബന്ധിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകൾ തമ്മിൽ ഏതെങ്കിലും തർക്കമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകുന്ന സംഗതിയിൽ, 282-ാം വകുപ്പു പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.