Panchayat:Repo18/vol1-page0667

From Panchayatwiki

2001-ലെ കേരള പഞ്ചായത്ത് രാജ് (അടിസ്ഥാന നികുതിയിൽനിന്നുള്ള ഗ്രാന്റ്) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 473/2001.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 202-ാം വകുപ്പ് 254-ാം വകുപ്പുമായി കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2001-ലെ കേരള പഞ്ചായത്ത് രാജ് (അടിസ്ഥാന നികുതിയിൽനിന്നുള്ള ഗ്രാന്റ്) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു.

(ബി) "അടിസ്ഥാന നികുതി'എന്നാൽ കേരള ഭൂനികുതി ആക്റ്റ് (1961-ലെ 13) പ്രകാരം സംസ്ഥാന സർക്കാർ പിരിച്ചെടുക്കുന്ന ഭൂനികുതി എന്നർത്ഥമാകുന്നു.

(സി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. കേരള ഭൂനികുതി ആക്റ്റിലെ വ്യവസ്ഥകൾ അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റിന് ബാധകമാണെന്ന്.- 202-ാം വകുപ്പ് പ്രകാരം അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റ് പഞ്ചായത്തുകൾക്ക് നൽകുന്ന കാര്യത്തിൽ ആവശ്യമുള്ളിടത്തെല്ലാം 1961-ലെ കേരള ഭൂനികുതി ആക്റ്റിലെയും (1961-ലെ 13) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ ബാധകമായിരിക്കുന്നതാണ്.

4. അടിസ്ഥാനനികുതി സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കലും ക്രോഡീകരിക്കലും.- (1) ഒരു റവന്യൂ വില്ലേജ് പ്രദേശത്തുനിന്ന് പിരിച്ചെടുക്കുന്ന അടിസ്ഥാനനികുതി സംബന്ധിച്ച കണക്കുകൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ സൂക്ഷിച്ചുപോരേണ്ടതും ഒരു സാമ്പത്തികവർഷം അപ്രകാരം ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്ന് പിരിച്ചെടുത്ത നികുതി തുക എത്രയെന്ന് സാമ്പത്തികവർഷം അവസാനിച്ച ഒരു മാസത്തിനകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്.

(2) ഇപ്രകാരം ഒരു ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളെ സംബന്ധിച്ച കണക്കുകൾ ഓരോ സാമ്പത്തികവർഷവും ജില്ലാകളക്ടർ ക്രോഡീകരിക്കേണ്ടതാണ്.

(3) ഓരോ സാമ്പത്തികവർഷവും അവസാനിച്ച് രണ്ട് മാസത്തിനകം ഓരോ ജില്ലയെയും സംബന്ധിച്ച കണക്കുകൾ ജില്ലാ കളക്ടർ അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് പഞ്ചായത്തുകൾക്ക് അനുവദിക്കുവാൻ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതാണ്.

(4) കണക്കുകൾ സൂക്ഷിച്ചുപോരേണ്ട രീതിയെക്കുറിച്ചും ക്രോഡീകരിച്ച കണക്കുകൾ അയയ്ക്കുന്ന രീതിയെക്കുറിച്ചും അതതു ജില്ലാകളക്ടർ വില്ലേജ് ഓഫീസർമാർക്കും അടിസ്ഥാന നികുതി പിരിവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും നിർവ്വാഹക നിർദ്ദേശങ്ങൾ നൽകേണ്ടതാണ്.

5. അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് പഞ്ചായത്തുകൾക്ക് അനുവദിക്കൽ.-(1) ഓരോ സാമ്പത്തിക വർഷവും ഓരോ ഗ്രാമപഞ്ചായത്തു പ്രദേശത്തുനിന്നും അടിസ്ഥാനനികുതിയായി ആകെ പിരിച്ചെടുത്ത തുകയിൽനിന്നും അതിന്റെ മൂന്നു ശതമാനം തുക പിരിവു ചെലവായി കണക്കാക്കി ബാക്കിക്ക് തുല്യമായ തുക തൊട്ടടുത്ത വർഷം അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് ആയി താഴെപ്പറയുന്ന പ്രകാരം ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അനുവദിച്ചു നൽകേണ്ടതാണ്. അതായത്:-

(എ.) ഒരു ഗ്രാമപഞ്ചായത്തിൽനിന്നുള്ള തുകയുടെ എട്ടിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക അതത് ഗ്രാമപഞ്ചായത്തിന്,

(ബി) ഒരു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള മൊത്തം തുകയുടെ അഞ്ചിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക അതത് ജില്ലാ പഞ്ചായത്തിന്,

(സി) ഒരു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള മൊത്തം തുകയുടെ പത്തിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ജനസംഖ്യയുടെ അനുപാതത്തിൽ, ബ്ലോക്ക് പഞ്ചായത്തുകൾക്ക്,

(ഡി) സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള മൊത്തം തുകയുടെ എട്ടിൽ ഒന്നിനു സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക, സർക്കാർ നിശ്ചയിച്ച അനുപാതത്തിൽ, ഗ്രാമപഞ്ചായത്തുകളുടെ വിസ്തീർണ്ണം, ജനസംഖ്യ, ലഭ്യമായ ധനാഗമമാർഗ്ഗങ്ങൾ, വികസന ആവശ്യങ്ങൾ, ഭരണച്ചെലവ് എന്നിവ പരിഗണിച്ച് അർഹമെന്ന് കാണുന്ന ഗ്രാമപഞ്ചായത്തുകൾക്ക്.

(2) (1)-ാം ഉപചട്ടപ്രകാരം അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാപഞ്ചായത്തുകൾക്കും അനുവദിച്ചു നൽകുമ്പോൾ ഇക്കാര്യത്തിൽ ധനകാര്യ കമ്മീഷൻ എന്തെങ്കിലും ശുപാർശകൾ സർക്കാരിന് നൽകിയിട്ടുണ്ടെങ്കിൽ അവ കൂടി പരിഗണിക്കേണ്ടതാണ്.

(3) അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് പഞ്ചായത്തുകൾക്ക് അനുവദിക്കുവാൻ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ, അപ്രകാരം ഓരോ പഞ്ചായത്തിനും അനുവദിച്ച ഗ്രാന്റ് സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട ജില്ലാ ട്രഷറി ഓഫീസർക്ക് നൽകേണ്ടതും അപ്രകാരമുള്ള അറിയിപ്പ് ലഭിച്ചാലുടൻ ജില്ലാ ട്രഷറി ഓഫീസർ, ഓരോ പഞ്ചായത്തിനും അനുവദിച്ചിട്ടുള്ള വിഹിതം അതതു പഞ്ചായത്തിന്റെ വ്യക്തിഗത അക്കൗണ്ടിൽ വരവ് വയ്ക്കേണ്ടതുമാണ്.

(4) അടിസ്ഥാനനികുതിയിൽനിന്നും ഈ ചട്ടപ്രകാരം അനുവദിക്കുന്ന ഏതൊരു ഗ്രാന്റും സർക്കാർ നിശ്ചയിക്കുന്ന ഫോർമുല അനുസരിച്ച് ആയിരിക്കേണ്ടതാണ്.

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല; എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചുകൊ ണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 202-ാം വകുപ്പും 254 (2) XXXVIII-ാം വകുപ്പും പ്രകാരം അടിസ്ഥാനനികുതിയിൽനിന്നും പിരിച്ചെടുത്ത സംഖ്യ സംസ്ഥാനത്തെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾക്ക് വീതിച്ചു നൽകുന്നതിന് സർക്കാരിന് അധികാരം നൽകുന്നു. ഇതു സംബന്ധിച്ച ചട്ടങ്ങളുണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Ajijoseph

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ