Panchayat:Repo18/vol1-page0739

From Panchayatwiki

കുറിപ്പ്:- ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അനുവദിച്ച പെർമിറ്റിൽ നിഷ്ക്കർഷിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ ഏതെങ്കിലും നിർമ്മാണം ആരംഭിക്കാതിരിക്കുന്നത് പെർമിറ്റിന്റെ പുതുക്കലിനോ നീട്ടലിനോ ഒരു തടസ്സമായി പരിഗണിക്കാവുന്നതല്ല.

(9) ചട്ടത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഒഴിവാക്കിക്കൊണ്ട് കളക്ടറുടെയോ സർക്കാരിന്റെയോ ഉത്തരവു പ്രകാരമുള്ള പെർമിറ്റുകളടക്കം, കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം അല്ലെങ്കിൽ 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുമ്പോ പിമ്പോ നൽകിയിട്ടുള്ള ഒരു വികസനപെർമിറ്റോ അല്ലെങ്കിൽ കെട്ടിട നിർമ്മാണ പെർമിറ്റോ ഈ ചട്ടങ്ങൾ പ്രകാരം നൽകിയ ഒരു പെർമിറ്റായി കരുതി ശരിയായ അപേക്ഷയിന്മേൽ സമാന ഉപാധികളിലും സമാന കാലാവധിക്കും നീട്ടിക്കൊടുക്കുകയോ പുതുക്കി നൽകുകയോ ചെയ്യേണ്ടതാണ്.

(10) 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നൽകിയ ഒരു പെർമിറ്റിലെ വ്യവസ്ഥ പ്രകാരമുള്ള സാധുതാകാലാവധി മുകളിലെ (1)-ാം ഉപചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ പെർമിറ്റിന്റെ കാലാവധി നീട്ടലോ പുതുക്കലോ അനുവദിക്കേണ്ടത് പെർമിറ്റിന്റെ ആകെ സാധുതാകാലാവധി ഒമ്പത് വർഷത്തിൽ കവിയാത്ത തരത്തിലായിരിക്കണം.

(11) ഒരു വികസന പെർമിറ്റിന്റെയോ അല്ലെങ്കിൽ കെട്ടിട നിർമ്മാണ പെർമിറ്റിന്റെയോ കാലാവധി നീട്ടുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷ, പെർമിറ്റിന്റെ യഥാർത്ഥ ഉടമയോ അല്ലെങ്കിൽ സൈറ്റിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്ന നിയമപ്രകാരമുള്ള പിന്തുടർച്ചാ അവകാശിയോ അല്ലെങ്കിൽ നിയമാനുസൃതം അധികാരപ്പെടുത്തിയ പ്രതിനിധിയോ അല്ലെങ്കിൽ യഥാർത്ഥ ഉടമ പ്ലോട്ട് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ കൈമാറിക്കിട്ടിയ ആളോ അല്ലെങ്കിൽ നിയമാനുസൃതമുള്ള അയാളുടെ പ്രതിനിധിയോ ഒപ്പുവച്ച് സമർപ്പിക്കേണ്ടതാണ്;

എന്നാൽ, ബന്ധപ്പെട്ട പ്ലോട്ടോ, പ്ലോട്ടിന്റെ ഒരു ഭാഗമോ ആണ് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ, പെർമിറ്റ് പുതുക്കുന്നതിനോ കാലാവധി നീട്ടുന്നതിനോ ഉള്ള അപേക്ഷ ചട്ടം 24-ലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കപ്പെടുന്നത് വരെ സ്വീകരിക്കാനോ നടപടി എടുക്കാനോ പാടില്ലാത്തതാകുന്നു.

18. പെർമിറ്റ് തടഞ്ഞുവെക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നത്.- പെർമിറ്റ് അനുവദിച്ചതിൽ തെറ്റുപറ്റിയെന്നോ, അല്ലെങ്കിൽ അതിൽ പ്രത്യക്ഷമായ പിശക് കടന്നുകൂടിയെന്നോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട നിയമമോ വസ്തുതയോ മൂലമാണ് പെർമിറ്റ് നൽകിയതെന്നോ അല്ലെങ്കിൽ നിർമ്മാണം തുടർന്നാൽ ജീവനോ, സ്വത്തിനോ ഭീഷണിയാകുമെന്നോ തൃപ്തികരമായി ബോധ്യപ്പെടുന്ന പക്ഷം സെക്രട്ടറിക്ക് ഈ ചട്ടം പ്രകാരം അനുവദിച്ച ഏതൊരു പെർമിറ്റും തടഞ്ഞുവെക്കുകയോ, നീട്ടിവെയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്.

എന്നാൽ പെർമിറ്റ് റദ്ദാക്കുന്നതിന് മുമ്പ് പെർമിറ്റ് ഉടമയ്ക്ക് 7 ദിവസത്തെ നോട്ടീസും വിശദീകരണത്തിന് മതിയായ അവസരം അനുവദിക്കേണ്ടതും ആ വിശദീകരണം സെക്രട്ടറി യഥാവിധി പരിഗണിക്കേണ്ടതുമാണ്.


This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ