Panchayat:Repo18/vol1-page0187

From Panchayatwiki

(3)ഗ്രാമപഞ്ചായത്തിന് തൊഴിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും വികസന പ്രവർത്തനങ്ങൾ നടത്തുവാനും ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മാൻപവർ ബാങ്കുകൾ ആരംഭിക്കുവാനും ഉള്ള അധികാരം ഉണ്ടായിരിക്കുന്നതുമാണ്.

വിശദീകരണം.-മാൻപവർ ബാങ്കുകൾ എന്നാൽ ആവശ്യപ്പെടുന്നതനുസരിച്ച സേവനം നൽകുന്നതിന് സന്നദ്ധരായ പരിശീലനം നേടിയതും അല്ലാത്തതുമായ ആളുകളുടെ അറിയപ്പെടുന്ന വിവരങ്ങൾ അടങ്ങിയ ബാങ്ക് എന്നർത്ഥമാകുന്നതും ഇതിലേക്ക് ഗ്രാമപഞ്ചായത്ത് ഒരു രജിസ്റ്റർവച്ചുപോരേണ്ടതും അതിൽ നിർണ്ണയിക്കപ്പെട്ട മറ്റ് വിവരങ്ങൾ അടങ്ങിയിരിക്കുന്നതുമാണ്.

(4) സർക്കാരും ജില്ലാപഞ്ചായത്തും ബ്ലോക്കു പഞ്ചായത്തും, വിഭവങ്ങളുടെ ലഭ്യതയ്ക്കു വിധേയമായി, ഗ്രാമപഞ്ചായത്തുകൾക്ക് അവയുടെ ചുമതലകൾ നിർവ്വഹിക്കുന്നതിന് സാധ്യമാക്കുന്ന തിലേക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവും മറ്റുതരത്തിലുള്ളതുമായ സഹായങ്ങൾ നൽകേണ്ടതാണ്.

(5) മൂന്നാം പട്ടികയിൽ അക്കമിട്ടു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ സഹായ ഗ്രാന്റുകളും സബ്സിഡികളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുവഴി വിതരണം ചെയ്യേണ്ടതാണ്.

(6) സർക്കാർ, ഈ ആക്ടിന്റെ പ്രാരംഭത്തിനുശേഷം കഴിയുന്നത്ര വേഗം മൂന്നാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന സംഗതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പദ്ധതികളും കെട്ടിടങ്ങളും മറ്റു വസ്തുവകകളും സ്വത്തുക്കളും ബാദ്ധ്യതകളും എല്ലാംതന്നെ ഗ്രാമപഞ്ചായത്തുകളിലേക്ക് കൈമാറ്റം ചെയ്യേണ്ടതും അപ്രകാരം കൈമാറുന്ന ഓരോ സ്ഥാപനവും ആ ഗ്രാമപഞ്ചായത്തിന്റെ പേരിലുള്ള സ്ഥാപനമായിരിക്കുന്നതും ആ പേരിനാൽ അത് അറിയപ്പെടുന്നതുമാണ്.

(7) ഗ്രാമപഞ്ചായത്ത്, അതിന് കൈമാറുന്ന സ്ഥാപനങ്ങളും പദ്ധതികളും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും വിധേയമായും സംസ്ഥാന ദേശീയനയങ്ങൾക്ക് അനുസരണമായും ഭരണം നടത്തേണ്ടതാണ്.

(8) ഗ്രാമപഞ്ചായത്തിന് കൈമാറുന്ന വസ്തുവകകൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ കടപ്പെടുത്താനോ അതിന് അധികാരമുണ്ടായിരിക്കുന്നതല്ല.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ