Panchayat:Repo18/vol1-page0237
211. പഞ്ചായത്തുകൾക്ക് കിട്ടേണ്ട നികുതികളും ഫീസും പിരിച്ചെടുക്കാൻ വില്ലേജ് ആഫീസറോട് ആവശ്യപ്പെടാനുള്ള അധികാരം.
നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, സെക്രട്ടറിക്ക് പഞ്ചായത്തു പ്രദേശത്തോ, അതിന്റെ ഏതെങ്കിലും ഭാഗത്തോ അധികാരമുളള വില്ലേജ് ആഫീസറോട്, പഞ്ചായത്തിന് ചെല്ലേണ്ട ഏതെങ്കിലും നികുതിയോ, ഉപനികുതിയോ, സർച്ചാർജോ, ഫീസോ സർക്കാർ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുമൂലം നിശ്ചയിക്കാവുന്ന നിബന്ധനകളിൻമേൽ പിരിച്ചെടുക്കുന്നതിന് ആവശ്യപ്പെടാൻ അധികാരമുണ്ടായിരിക്കുന്നതാണ്.
212. പഞ്ചായത്ത് ഫണ്ട്.
(1) ഈ വകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഓരോ പഞ്ചായത്തും ഒരു ഫണ്ട് രൂപീകരിക്കേണ്ടതാണ്.
(2) (എ) ബ്ലോക്ക് പഞ്ചായത്തിനോ ജില്ലാ പഞ്ചായത്തിനോ സർക്കാരിനോ വേണ്ടി സ്വീകരിക്കുന്ന പണം ഒഴികെ ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്ന എല്ലാ പണവും ചേർത്ത് 'ഗ്രാമപഞ്ചായത്ത് ഫണ്ട്’ എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും അത് ഈ ആക്ടിലെയും അതിൻകീഴിലുണ്ടാക്കുന്ന ചട്ടങ്ങളുടെയും വ്യവസ്ഥകൾക്കനുസൃതമായി വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാകുന്നു;
എന്നാൽ ഈ ആക്റ്റ് പ്രകാരം ചുമത്തിയ ഏതെങ്കിലും നികുതിയിൽ നിന്നോ സർച്ചാർജ്ജിൽ നിന്നോ കിട്ടുന്ന സംഖ്യ ഏതെങ്കിലും പ്രത്യേക പൊതു നൻമയ്ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിലേക്ക് നീക്കിവയ്ക്കണമെന്ന് നിർദ്ദേശിക്കുവാൻ, നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. അപ്രകാരമുള്ള ഓരോ നികുതിയിലും അല്ലെങ്കിൽ അധികനികുതിയിലും നിന്നുള്ള വരുമാനവും അതിൽനിന്നുള്ള ചെലവും കാണിക്കുന്ന ഒരു പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതാകുന്നു.
(ബി) ഗ്രാമപഞ്ചായത്ത് ഫണ്ട് താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്, അതായത്:-
(i) ഈ ആക്ട് പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ ചുമത്തപ്പെട്ട നികുതികൾ, ഡ്യൂട്ടികൾ, കരങ്ങൾ, സർച്ചാർജ് എന്നിവയും വസ്തുവകകളിൽനിന്നും സംരംഭങ്ങളിൽനിന്നും ലഭിക്കുന്ന പാട്ടം, വാടക, മറ്റ് വരവുകൾ എന്നിവയും ലൈസൻസുകൾക്കും അനുവാദങ്ങൾക്കും വേണ്ടിയുള്ള ഫീസും പിഴകളും, ഗ്രാമപഞ്ചായത്തിന്റെ ഭരണത്തിലുള്ള ദാനസ്വത്തുക്കളിലും ട്രസ്സുകളിലും നിന്നുള്ള ആദായവും ആരും അവകാശപ്പെടാതെയുള്ള നിക്ഷേപങ്ങളും കണ്ടുകെട്ടിയ മറ്റ് വകകളും പുറംപോക്കുകൾ, മീൻപിടുത്ത സ്ഥലങ്ങൾ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിൽ നിന്നുള്ള ആദായവും ഉൾപ്പെടെയുള്ള ഗ്രാമ പഞ്ചായത്തിന്റെ തനതായ വരുമാനവും കൂടാതെ, സർക്കാർ പിരിച്ചെടുത്ത നികുതികളുടെ വിഹിതമായി ഗ്രാമപഞ്ചായത്തിന്റെ പേരിലേക്ക് മാറ്റിയ തുകകളും സർക്കാർ നൽകിയ ഗ്രാന്റുകളും;