Panchayat:Repo18/vol1-page0160
(4എ) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനത്തിലുണ്ടാകുന്ന ആകസ്മിക ഒഴിവ് ആ ഒഴിവ് ഉണ്ടായി ഏഴു ദിവസത്തിനകം ബന്ധപ്പെട്ട സെക്രട്ടറി നേരിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതും പ്രസ്തുത സമയത്തിനുള്ളിൽ ഒഴിവ് കമ്മീഷനെ അറിയിക്കുന്നതിൽ ന്യായമായ കാരണം കൂടാതെ വീഴ്ച വരുത്തുന്ന സെക്രട്ടറി ആയിരം രൂപയോളം ആകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതും ഇതിലേക്ക് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടായിരിക്കുന്നതുമാകുന്നു.
(5) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗം ഉടൻതന്നെ ഉദ്യോഗത്തിൽ പ്രവേശിക്കേണ്ടതും, എന്നാൽ, ഏത് അംഗത്തിന്റെ സ്ഥാനത്തിലേയ്ക്കാണോ താൻ തിരഞ്ഞെടുക്കപ്പെട്ടത് ആ അംഗത്തിന് ഒഴിവ് ഉണ്ടായില്ലായിരുന്നുവെങ്കിൽ വഹിക്കുവാൻ അവകാശമുണ്ടാകുമായിരുന്നത്ര കാലയളവിലേക്ക് മാത്രം അയാൾ ഉദ്യോഗം വഹിക്കേണ്ടതും ആകുന്നു.
150. പ്രത്യേക തിരഞ്ഞെടുപ്പുകൾ.- .
ഒരു പൊതു തിരഞ്ഞെടുപ്പിലോ ഒരു ഉപതിരഞ്ഞെടുപ്പിലോ ഒഴിവ് നികത്തുവാൻ ആരും തിരഞ്ഞെടുക്കപ്പെടാത്തപക്ഷം പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ, അതതു സംഗതിപോലെ, കഴിഞ്ഞ മൂന്ന് മാസത്തിനകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള തീയതിയിൽ അങ്ങനെയുള്ള ഒഴിവിലേക്കായി ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
151.ഒരു പഞ്ചായത്ത് രൂപീകരിക്കാൻ പരാജയപ്പെടുമ്പോൾ സ്പെഷ്യൽ ഓഫീസറെയോ ഭരണ നിർവ്വഹണ കമ്മിറ്റിയെയോ നിയമിക്കൽ.-
(1) ഭൂരിപക്ഷം അംഗങ്ങൾ യഥാവിധി തിരഞ്ഞെടുക്കപ്പെടുമ്പോൾ മാത്രമേ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടതായി കരുതാൻ പാടുള്ളൂ.
(2) ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുകയും ഒരു പുതിയ പഞ്ചായത്ത് രൂപീകരിക്കാതിരിക്കുകയും ചെയ്യുന്ന സംഗതിയിലോ അല്ലെങ്കിൽ 193-ാം വകുപ്പുപ്രകാരം ഒരു പഞ്ചായത്ത് പിരിച്ചുവിടപ്പെട്ട സംഗതിയിലോ സർക്കാരിന് പഞ്ചായത്തിന്റെ ഭരണ നിർവ്വഹണത്തിനു വേണ്ടി ഗസറ്റ് വിജ്ഞാപനത്തിലൂടെ ഒരു സ്പെഷ്യൽ ആഫീസറേയോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരായ മൂന്നിൽ കുറയാത്ത അംഗങ്ങളുള്ള ഒരു ഭരണ നിർവ്വഹണ കമ്മിറ്റിയേയോ നിയമിക്കേണ്ടതാണ്.