Panchayat:Repo18/vol1-page0147
വിശദീകരണം 1.- ഈ വകുപ്പിൽ ഏജന്റ് എന്ന പദത്തിൽ, തിരഞ്ഞെടുപ്പ് ഏജന്റും പോളിംഗ് ഏജന്റും സ്ഥാനാർത്ഥിയുടെ സമ്മതത്തോടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ഏജന്റായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ആളും ഉൾപ്പെടുന്നതാണ്.
വിശദീകരണം 2.-(8)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്, ഒരാൾ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിക്കുന്നുവെങ്കിൽ അയാൾ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സാദ്ധ്യത പുരോഗമിപ്പിക്കുന്നതിൽ സഹായിക്കുന്നതായി കരുതേണ്ടതാണ്.
വിശദീകരണം 3.- മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും (8)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാരിന്റേയോ ഒരു പഞ്ചായത്തിന്റേയോ സർവ്വീസിലുള്ള ഒരാളുടെ നിയമനമോ രാജിയോ സർവ്വീസ് അവസാനിപ്പിക്കലോ ഡിസ്മിസ്ലോ സർവ്വീസിൽ നിന്നും നീക്കം ചെയ്യലോ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്-
(i) അങ്ങനെയുള്ള നിയമനത്തിന്റേയും രാജിയുടേയും സർവ്വീസ് അവസാനിപ്പിക്കലിന്റേയും ഡിസ്മിസലിന്റേയും അല്ലെങ്കിൽ സർവ്വീസിൽനിന്ന് നീക്കം ചെയ്യലിന്റേയും.
(ii) അതതു സംഗതിപോലെ അങ്ങനെയുള്ള നിയമനമോ രാജിയോ സർവ്വീസ് അവസാനിപ്പിക്കലോ ഡിസ്മിസലോ സർവ്വീസിൽ നിന്നും നീക്കം ചെയ്യലോ പ്രാബല്യത്തിൽ വരുന്ന തീയതി അങ്ങനെയുള്ള പ്രസിദ്ധീകരണത്തിൽ പ്രസ്താവിക്കുന്നിടത്ത്, അങ്ങനെയുള്ള ആൾ അങ്ങനെയുള്ള തീയതി മുതൽക്കുള്ള പ്രാബല്യത്തോടുകൂടി നിയമിക്കപ്പെട്ടു എന്നോ, അല്ലെങ്കിൽ രാജിയുടേയോ സർവ്വീസ് അവസാനിപ്പിക്കലിന്റേയോ ഡിസ്മിസലിന്റേയോ സർവ്വീസിൽ നിന്ന് നീക്കം ചെയ്യലിന്റേയോ സംഗതിയിൽ, അങ്ങനെയുള്ള ആൾ സർവ്വീസിൽ ഇല്ലാതായിത്തീർന്നു എന്നോ ഉള്ളതിന്റേയും നിർണ്ണായക തെളിവായിരിക്കുന്നതാണ്.
വിശദീകരണം 4.- (9)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്കായി ‘ബുത്ത് പിടിച്ചെടുക്കൽ' എന്നതിന് 137-ാം വകുപ്പിൽ ആ പദത്തിന് ഉള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
121. തിരഞ്ഞെടുപ്പു സംബന്ധിച്ച് വർഗ്ഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നത്.-
മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി ഈ ആക്റ്റിൻകീഴിലുള്ള ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച്, ഇൻഡ്യൻ പൗരൻമാരുടെ വിവിധ വർഗ്ഗങ്ങൾ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു വർഷത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ പതിനായിരം രൂപയോളമാകാവുന്ന പിഴ ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
122. തിരഞ്ഞെടുപ്പു ദിവസവും അതിനു തൊട്ടുമുമ്പുള്ള ദിവസവും പൊതുയോഗങ്ങൾ നിരോധിക്കുന്നത്.-
(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന നാൽപ്പെത്തെട്ടു മണിക്കുർ കാലയളവിനുള്ളിൽ യാതൊരാളും ആ നിയോജകമണ്ഡലത്തിനുള്ളിൽ ഏതെങ്കിലും പൊതുയോഗം വിളിച്ചുകൂട്ടുകയോ, നടത്തുകയോ അല്ലെങ്കിൽ അതിൽ സന്നിഹിതനാകുകയോ ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ അല്ലെങ്കിൽ ആയിരം രൂപവരെ ആകാവുന്ന പിഴശിക്ഷയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
123. തിരഞ്ഞെടുപ്പു യോഗങ്ങളിൽ കലക്കമുണ്ടാക്കുന്നത്.-
(1) ഈ വകുപ്പ് ബാധകമാകുന്ന ഒരു പൊതുയോഗത്തിൽ ഏതു കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടിയാണോ ആ യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത് ആ കാര്യങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി ക്രമരഹിതമായി പ്രവർത്തിക്കുകയോ പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ ആയിരം രൂപവരെ ആകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.