Panchayat:Repo18/vol1-page0488
(vi) കരാറിലെ വ്യവസ്ഥകൾ പ്രകാരം കരാറുകാരൻ നിശ്ചിത കാലയളവിനുള്ളിൽ ജോലി പൂർത്തിയാക്കാതിരിക്കുകയോ ചെയ്ത ജോലി കരാറിലെ വ്യവസ്ഥകൾ പാലിക്കാതെയുള്ളതാണെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്നുവെങ്കിലോ ആ വിവരം പ്രസിഡന്റിനെ അറിയിക്കേണ്ടതും പ്രസിഡന്റ് ആ വിവരം കമ്മിറ്റിയിൽ ചർച്ചയ്ക്ക് വയ്ക്കേണ്ടതും കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പ്രസിഡന്റ് അനന്തര നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
4. കരാറുകൾ റദ്ദാക്കുന്നതിന് പഞ്ചായത്തിനുള്ള അധികാരം.- കരാറുകാരൻ കരാർ ഉടമ്പ ടിയുടെ വ്യവസ്ഥകൾക്ക് വിപരീതമായി പ്രവർത്തിക്കുകയാണെങ്കിൽ കരാറുകാരന് നോട്ടീസ് നൽകി യതിനുശേഷം കരാർ റദ്ദാക്കാനുള്ള അധികാരം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതും അതു മൂലം പഞ്ചായത്തിന് നേരിട്ടേക്കാവുന്ന നഷ്ടം കരാറുകാരനിൽ നിന്നും ഈടാക്കുവാനുള്ള നടപടി കൾ പ്രസിഡന്റ് സ്വീകരിക്കേണ്ടതും ഇക്കാര്യത്തിൽ പ്രസിഡന്റിന് പൂർണ്ണ ഉത്തരവാദിത്വം ഉണ്ടാ യിരിക്കുന്നതും ആണ്.
5. കരാർ ചെലവിൽ വർദ്ധന വരുമ്പോൾ അനുബന്ധ കരാറുടമ്പടി ഒപ്പ് വയ്ക്കണമെന്ന്.- ആദ്യത്തെ കരാറിലെ ചെലവിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ വർദ്ധന വരത്തക്കവിധം കരാറിൽ വരുത്തുന്ന ഏതൊരു മാറ്റത്തിനും അനുബന്ധമായ കരാർ ഉടമ്പടി ഒപ്പു വയ്ക്കക്കേണ്ടതും അങ്ങ നെയുള്ള അനുബന്ധ കരാറിന്റെ കാര്യത്തിൽ മേൽ കാണിച്ച് 3-ാം ചട്ടത്തിലേയും 4-ാം ചട്ടത്തിലേയും വ്യവസ്ഥകൾ പാലിക്കേണ്ടതുമാണ്.
6. കരാറുകൾ ചെയ്യുന്ന രീതി.-(1) പഞ്ചായത്തിനുവേണ്ടി സെക്രട്ടറി ചെയ്യുന്ന ഏതൊരു കരാറും അദ്ദേഹത്തിനുവേണ്ടി ചെയ്തിരുന്നുവെങ്കിൽ അദ്ദേഹത്തിന് ബാധകമാകുന്ന അതേ വിധത്തിലും രീതിയിലും ചെയ്യേണ്ടതാണ്.
(2) എല്ലാ കരാറിലും പഞ്ചായത്തിന്റെ പൊതുമുദ്ര വെയ്ക്കേണ്ടതാണ്.
(3) ഏതെങ്കിലും പണിയുടെ നിർവ്വഹണത്തിനോ, സാധനങ്ങൾ സംഭരിച്ചുകൊടുക്കുന്നതിനോ, സേവനം ലഭ്യമാക്കുന്നതിനോ ഉള്ള സംഗതിയിൽ ആയിരം (1000) രൂപയിൽ കവിയുന്ന ചെലവ വരുകയാണെങ്കിൽ അതിനുവേണ്ടിയുള്ള കരാറുകൾ രേഖാമൂലമായിരിക്കേണ്ടതും ആ കരാറിൽ ചെയ്യേണ്ട ജോലിയുടെ വിശദവിവരം, ലഭ്യമാക്കുന്ന സാധനങ്ങളുടെ വിവരം, ഗുണനിലവാരം, സേവനം ഏത് പ്രകാരത്തിലും ഏത് കാലയളവിൽ വരെയും ആയിരിക്കണമെന്ന വിവരം, ജോലി പൂർത്തീകരിക്കേണ്ട തീയതി, സാധനങ്ങൾ ലഭ്യമാക്കേണ്ട അവസാന തീയതി, എന്നിവ, അതത് സംഗതി പോലെ, വ്യക്തമായി പറഞ്ഞിരിക്കേണ്ടതാണ്.
(4) പഞ്ചായത്തിന്റെ പൊതുമുദ്ര സെക്രട്ടറി സൂക്ഷിച്ചിരിക്കേണ്ടതും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലല്ലാതെ യാതൊരു കരാറിലോ മറ്റ് കരണത്തിലോ പതിക്കാൻ പാടില്ലാത്തതുമാകുന്നു.
(5) ഈ ചട്ടത്തിലെ വ്യവസ്ഥ പ്രകാരമല്ലാതെ ഏർപ്പെടുന്ന യാതൊരു കരാറും പഞ്ചായത്തിന് ബാധകമായിരിക്കുന്നതല്ല.
7. ചില അപാകതകളിൽ നിന്നുള്ള ഒഴിവാക്കൽ- യൂണിറ്റ് നിരക്കിൽ പണി ചെയ്യുന്നതി നുള്ള കരാറിന്റെ കാര്യത്തിൽ യൂണിറ്റുകൾ കൃത്യമായി തിട്ടപ്പെടുത്തുവാൻ സാധിക്കാതെ വരികയാണെങ്കിൽ ആ പണി കാലക്രമേണ സാമ്പത്തികമായി പരിധി കവിഞ്ഞുപോയി എന്ന കാരണം കൊണ്ടുമാത്രം മുകളിൽ പറഞ്ഞ ചട്ടങ്ങളുടെ ലംഘനം ആയി എന്നു കരുതുവാൻ പാടുള്ളതല്ല.
8. കരാറുകൾക്കുവേണ്ടി സെക്യൂരിറ്റി നൽകൽ.- ദർഘാസ് സ്വീകരിച്ചതിനുശേഷം അത് പ്രകാരം ഒപ്പ് വയ്ക്കക്കേണ്ട കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനുവേണ്ടി സെക്രട്ടറി, പ്രസിഡന്റിന്റെ രേഖാമൂലമായ അനുവാദത്തോടുകൂടി, മതിയായ സെക്യൂരിറ്റി കരാറിലെ വ്യവസ്ഥ കൾ പ്രകാരം കരാറുകാരനിൽ നിന്നും പണി തുടങ്ങുന്നതിന് മുമ്പായും സാധനങ്ങൾ ലഭ്യമാക്കുന്നതിനു മുമ്പായും സേവനം ലഭ്യമാക്കുന്നതിന് മുമ്പായും, അതത് സംഗതിപോലെ, വാങ്ങിക്കേണ്ടതാണ്. ഈ വ്യവസ്ഥ പാലിക്കാതെ വരുകയും അതുമൂലം പഞ്ചായത്തിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയും ചെയ്താൽ ആ നഷ്ടം പ്രസിഡന്റിൽ നിന്നും സെക്രട്ടറിയിൽ നിന്നും തുല്യമായി ഈടാക്കേണ്ടതാണ്.