Panchayat:Repo18/vol1-page1036

From Panchayatwiki
കേരളഹൈക്കോടതി (വിവരാവകാശം) ചട്ടങ്ങൾ, 2006

വിവരാവകാശ ആക്ട്, 2005-ലെ 28-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രദാനം ചെയ്യുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള ഹൈക്കോടതി താഴെപ്പറയുന്ന ചട്ടങ്ങൾ ഇതിനാൽ നിർമ്മിക്കുന്നു:-

1. ഈ ചട്ടങ്ങൾക്ക് കേരള ഹൈക്കോടതി (വിവരാവകാശം) ചട്ടങ്ങൾ, 2006 എന്നു പേർ പറ യാവുന്നതാണ്.

2. ഇവ കേരള ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

3. (I) ഈ ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്തപക്ഷം.-

(a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട് 2005 (2005-ലെ 22) എന്നർത്ഥമാകുന്നു;
(b) "അപ്പലേറ്റ് അതോറിറ്റി" എന്നാൽ, കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അങ്ങനെ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
(c) "പബ്ലിക് ഇൻഫർമേഷൻ ഓഫീസർ" എന്നാൽ, ചീഫ് ജസ്റ്റിസിന്റെ ഉത്തരവുകളനുസരിച്ച് ഹൈക്കോടതി അങ്ങനെ വിജ്ഞാപനം ചെയ്ത പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നു;
(d) "ഫോറം" എന്നാൽ, ഈ ചട്ടങ്ങൾക്ക് അനുബന്ധമായി വരുന്ന ഫോറം എന്നർത്ഥമാകുന്നു
(e) "ഹൈക്കോടതി" എന്നാൽ, കേരള ഹൈക്കോടതി എന്നർത്ഥമാകുന്നു.
(f)"ഓഫീസർ" എന്നാൽ, അസിസ്റ്റന്റ് രജിസ്ട്രാരുടെ പദവിയിൽ താഴെയല്ലാത്ത ഹൈക്കോടതിയിലെ ഓഫീസർ എന്നർത്ഥമാകുന്നു;
(g) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു.
II. ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ, നിർവചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകിയിരിക്കുന്ന അതേ അർത്ഥം തന്നെ ആയിരിക്കും.

4. പൊതുജനങ്ങൾക്ക് വിവരം സുഗമമാക്കുന്നതിന്, ഹൈക്കോടതിയുടെ വെബ്സൈറ്റിൽ, ഹൈക്കോടതിയുടെ ഭരണത്തോടും നടത്തിപ്പിനോടും ബന്ധപ്പെട്ട് വേണ്ടത്ര വിവരം ലഭ്യമാക്കുന്നതിന് രജിസ്ട്രാർ ജനറൽ എല്ലാ ശ്രമവും നടത്തേണ്ടതാണ്.

5. വിവരം തേടുന്നതിനുള്ള അപേക്ഷ.- ആക്ടുപ്രകാരം വിവരം തേടുന്ന ഏതാരാളും സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ നിർണ്ണയിച്ചിരിക്കുന്ന പ്രകാരം ആവശ്യമായ ഫീസ് അടച്ചുകൊണ്ട് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഫോറം 'A'യിൽ ഒരു അപേക്ഷ നൽകേണ്ടതാണ്.

6. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷയ്ക്ക് ഒരു നമ്പർ നൽകേണ്ടതാണ്. നിർദ്ദിഷ്ട ഫീസ് അടച്ചതിനുള്ള തെളിവ് അപേക്ഷയോടൊപ്പം വച്ചിട്ടുണ്ടെങ്കിൽ ഫോറം 'B' യിൽ അറിയിക്കേണ്ടതാണ്. അങ്ങനെ അടച്ചതിന്റെ തെളിവ് വയ്ക്കാതെയുള്ള അപേക്ഷ നിരസിക്കേണ്ടതും ഫോറം 'C' യിലെപ്പോലെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.

7. അനുബന്ധം-I ൽ പരാമർശിച്ചിരിക്കുന്ന ഒരു രജിസ്റ്റർ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സൂക്ഷിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ