കേരള പഞ്ചായത്ത് രാജ് (വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ടരീതി) ചട്ടങ്ങൾ, 1996
1996-ലെ കേരള പഞ്ചായത്ത് രാജ് (വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ: 351/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XXXIII)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വിജ്ഞാ പനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;
(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. വിജ്ഞാപനം പ്രസിദ്ധീകരിക്കൽ. ആക്സ്ടിലോ, അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ മറ്റ് വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനവും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.
എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനു പകരം മറ്റേതെങ്കിലും രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.
4. നോട്ടീസുകൾ, ഉത്തരവുകൾ മുതലായവ പ്രസിദ്ധീകരിക്കൽ- ആക്സ്റ്റോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ പ്രകാരം പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉത്തരവോ, നോട്ടീസോ, പരസ്യമോ മറ്റു രേഖയോ, ആക്റ്റിനാലോ അല്ലെങ്കിൽ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളാലോ ഒരു വ്യത്യസ്ത സമ്പ്രദായം നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്തപക്ഷം, ആ സ്ഥലത്തെ ഭാഷയിൽ എഴുതിയോ അതിലേക്ക് തർജ്ജമ ചെയ്തതോ പഞ്ചായത്തിന്റെ ആഫീസിൽ സൂക്ഷിക്കേണ്ടതും അതിന്റെ പകർപ്പ്,-
(എ) ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ, ഗ്രാമപഞ്ചായത്ത് ആഫീസിലും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പഞ്ചായത്ത് നോട്ടീസ് ബോർഡുകളിലും വില്ലേജ് ആഫീസുകളിലും;
(ബി) ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ, ബ്ലോക്ക് പഞ്ചായത്തിന്റെ ആഫീസിലും ആ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ ഗ്രാമപഞ്ചായത്തിന്റെ ആഫീസുകളിലും;
(സി) ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ, ജില്ലാ പഞ്ചായത്തിന്റെ ഓഫീസിലും ആ ജില്ലാ പഞ്ചായത്ത് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ആഫീസുകളിലും ഗ്രാമപഞ്ചായത്തിന്റെ ആഫീസുകളിലും;
എല്ലാവരും കാണത്തക്കവിധത്തിലുള്ള ഒരു സ്ഥാനത്ത് പതിക്കേണ്ടതും, അങ്ങനെയുള്ള പകർപ്പ അപ്രകാരം പതിച്ചിട്ടുണ്ടെന്നും അതിന്റെ അസ്സൽ, പരിശോധനയ്ക്കായി പഞ്ചായത്തിന്റെ ആഫീസി ലുണ്ടെന്നുമുള്ള വിവരം ആ സ്ഥലത്തെ ഭാഷയിൽ നോട്ടീസ് അച്ചടിച്ചോ ഉച്ചഭാഷിണി മൂലമോ, ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ, കൂടുതൽ പ്രചാരമുള്ള ഒരു പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയോ, പഞ്ചായത്ത് പ്രദേശത്ത് പ്രചാരണം നൽകേണ്ടതുമാണ്.
5. നിരോധിക്കുകയോ സ്ഥലങ്ങൾ നീക്കി വയ്ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച നോട്ടീസ്.- ആക്ട് മൂലമോ, അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ മൂലമോ അധികാരപ്പെടുത്തപ്പെട്ട ഏതെങ്കിലും ആവശ്യത്തിന്, പഞ്ചായത്ത്, ഏതെങ്കിലും പ്രദേശം നീക്കിവയ്ക്കുകയോ ഏതെങ്കിലും പ്രദേശത്തുവച്ച് ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നത് നിരോധിക്കുകയോ ചെയ്യുമ്പോഴെല്ലാം, സെക്രട്ടറി, ഉടൻതന്നെ, ആ സ്ഥലത്തോ അതിനടുത്തോ ഇംഗ്ലീഷിലും ആ സ്ഥലത്തെ പ്രധാന ഭാഷയിലും ഒരു നോട്ടീസ് പതിക്കേണ്ടതും അപ്രകാരമുള്ള നോട്ടീസിൽ ആ സ്ഥലം നീക്കിവച്ചത് ഏതാവശ്യത്തിനാണെന്നോ ആ സ്ഥലത്ത് നിരോധിച്ചിട്ടുള്ള പ്രവൃത്തി ഏതെന്നോ പ്രത്യേകം പറഞ്ഞിരിക്കേണ്ടതും അപ്രകാരം നോട്ടീസ് പതിച്ചിട്ടുള്ള വിവരം ഉച്ചഭാഷിണി മൂലമോ നോട്ടീസ് അച്ചടിച്ചോ പ്രചാരണം നൽകേണ്ടതും ആണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ appended