കേരള പഞ്ചായത്ത് രാജ് (പ്രവർത്തന കമ്മിറ്റികളുടേയും ജോയിന്റ് കമ്മിറ്റികളുടേയും
1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമങ്ങളും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 1413/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 163-ഉം 165-ഉം ഉപവകുപ്പുകളോട് 254-ാം വകുപ്പ് കുട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-
(1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമ ങ്ങളും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം;
(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;
(ബി) 'ജോയിന്റ് കമ്മിറ്റി' എന്നാൽ 165-ാം വകുപ്പു പ്രകാരം, രൂപീകരിച്ച ഒരു ജോയിന്റ് കമ്മിറ്റി എന്നർത്ഥമാകുന്നു;
(സി) ‘വകുപ്പ്' എന്നാൽ ആക്റ്റിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ഡി) 'പ്രവർത്തന കമ്മിറ്റി’ എന്നാൽ 163-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിച്ച ഒരു പ്രവർത്തന കമ്മിറ്റി എന്നർത്ഥമാകുന്നു;
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം.-
(1) ഓരോ പഞ്ചായത്തിനും ആവശ്യമുണ്ടെന്നു കണ്ടാൽ കൃഷി, ശുചീകരണം, വാർത്താ വിനിമയം, പൊതുമരാമത്ത്, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങൾക്കും പ്രവർത്തന കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം രൂപീകരിക്കുന്ന ഒരു പ്രവർത്തന കമ്മിറ്റിയിൽ-
(എ) പ്രസ്തുത പഞ്ചായത്തിന്റെ പ്രസിഡന്റും;
(ബി) പഞ്ചായത്തിലെ അംഗങ്ങൾ അവരുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത നാലിൽ കവിയാത്ത അംഗങ്ങളും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (സി) പഞ്ചായത്തിൽ അംഗമല്ലാത്തതും എന്നാൽ അതിന്റെ അഭിപ്രായത്തിൽ പൊതു ജനക്ഷേമത്തിൽ താൽപ്പര്യമുള്ളവരും ആ കമ്മിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നതിനു പ്രത്യേക യോഗ്യതയോ അല്ലെങ്കിൽ അറിവോ ഉള്ളവരുമായ പഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്ന നാലിൽ കവിയാതെ അംഗങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
(3) പഞ്ചായത്തിലെ ഒരംഗത്തിനു ഒരു സമയത്ത് ഒന്നിലധികം പ്രവർത്തന കമ്മിറ്റികളിൽ അംഗമായിരിക്കാവുന്നതാണ്.
(4) പ്രവർത്തന കമ്മിറ്റിയിൽ ഉണ്ടാകുന്ന ഒഴിവുകൾ, അതതു സംഗതിപോലെ, തിരഞ്ഞെടുത്തതോ നാമനിർദ്ദേശം ചെയ്തതോ നികത്തേണ്ടതാണ്.
(5) പ്രവർത്തന കമ്മിറ്റിയുടെ കാലാവധി പഞ്ചായത്തിന്റെ കാലാവധിക്കു അപ്പുറമാകാൻ പാടില്ലാത്തതുമാണ്.
(6) ഒരു പഞ്ചായത്തിലെ എല്ലാ പ്രവർത്തന കമ്മിറ്റികളുടെയും ചെയർമാൻ പ്രസ്തുത പഞ്ചായത്തിന്റെ പ്രസിഡന്റ് ആയിരിക്കുന്നതാണ്.
4. പ്രവർത്തന കമ്മിറ്റികളുടെ അധികാരവും ചുമതലകളും.-
(1) അതതു വിഷയങ്ങളിൽ പഞ്ചായത്തിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തീരുമാനമെടുത്ത് ബന്ധപ്പെട്ട പഞ്ചായത്തിന്റെ പരിഗണനയ്ക്കു നൽകേണ്ടത് പ്രവർത്തന കമ്മിറ്റിയുടെ ചുമതല ആയിരിക്കുന്നതാണ്.
(2) പ്രവർത്തന കമ്മിറ്റിക്ക് സെക്രട്ടറിയോട് അദ്ദേഹത്തിന്റെ സൂക്ഷിപ്പിലുള്ള അതതു പ്രവർത്തന കമ്മിറ്റിയുടെ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടാവുന്നതാണ്.
(3) പ്രവർത്തന കമ്മിറ്റിയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കു പഞ്ചായത്ത് അംഗങ്ങൾക്ക് അർഹമായ രീതിയിൽ സിറ്റിംഗ് അലവൻസിനും യാത്രപ്പടിക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
5. പ്രവർത്തന കമ്മിറ്റി യോഗങ്ങളുടെ നടപടികമം.-
(1) ഏതൊരു പ്രവർത്തന കമ്മിറ്റിയുടെയും യോഗം അതിന്റെ ചെയർമാൻ മൂന്നു മാസത്തിലൊരിക്കലും, ഇടയ്ക്കുള്ള കാലയളവിൽ ആവശ്യാനുസരണവും വിളിച്ചു കൂട്ടേണ്ടതും, യോഗത്തിന്റെ സ്ഥലവും തീയതിയും സമയവും അറിയിച്ചുകൊണ്ടുള്ള നോട്ടീസ് യോഗ തീയതിക്ക് ഏഴു ദിവസമെങ്കിലും മുമ്പായി അംഗങ്ങൾക്കു നൽകേണ്ടതും നോട്ടീസിന്റെ പകർപ്പ് പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
(2) പ്രവർത്തന കമ്മിറ്റിയുടെ കോറം അതിന്റെ അംഗസംഖ്യയുടെ രണ്ടിൽ ഒന്ന് ആയിരിക്കുന്നതാണ്.
(3) പ്രവർത്തന കമ്മിറ്റിയുടെ യോഗത്തിൽ അതിന്റെ ചെയർമാൻ അദ്ധ്യക്ഷ്യം വഹിക്കേണ്ടതും അദ്ദേഹത്തിന്റെ അഭാവത്തിൽ ഹാജരുള്ള അംഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തിലെ ഒരു അംഗം അദ്ധ്യക്ഷ്യം വഹിക്കേണ്ടതുമാണ്.
(4) സെക്രട്ടറി ചെയർമാനുമായി ആലോചിച്ച് പ്രവർത്തന കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട സംഗതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു അജണ്ട തയ്യാറാക്കേണ്ടതും പ്രവർത്തന കമ്മിറ്റിയുടെ യോഗാരംഭത്തിൽ അത് അംഗങ്ങളെ വായിച്ചു കേൾപ്പിക്കേണ്ടതുമാണ്.
(5) യോഗ നടപടിക്കുറിപ്പ് സെക്രട്ടറിയോ, ഈ ആവശ്യത്തിലേക്കായി സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, തയ്യാറാക്കേണ്ടതും പൊതുവായ ഐക്യരൂപേണയുള്ള നിർദ്ദേശങ്ങളും ഭൂരിപക്ഷാടിസ്ഥാനത്തിൽ പാസ്സാക്കുന്ന പ്രമേയങ്ങളും ചെയർമാൻ പഞ്ചായത്തിന്റെ പരിഗണനയ്ക്കായി സമർപ്പിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
6. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം.-
(1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ പഞ്ചായത്തുകളുമായി ചേർന്ന് അവയ്ക്ക് കൂട്ടായി ഉത്തരവാദിത്തമുള്ള ഏത് ആവശ്യത്തിലേക്കും വേണ്ടി ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടമനുസരിച്ച് രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയിൽ, അതതു സംഗതി പോലെ,
(എ) ഗ്രാമപഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റും പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ടിൽ കവിയാതെയുള്ള അംഗങ്ങളും;
(ബി) ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റ് പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ടിൽ കവിയാതെയുള്ള അംഗങ്ങളും;
(സി) ജില്ലാ പഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റും പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന നാലിൽ കവിയാതെയുള്ള അംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്.
(3) ജോയിന്റ് കമ്മിറ്റിയിൽ പഞ്ചായത്തംഗങ്ങൾ അല്ലാത്തവരും എന്നാൽ, ആ കമ്മിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നതിനു പ്രത്യേക യോഗ്യത ഉള്ളവരാണെന്ന് ആ കമ്മിറ്റിക്ക് അഭിപ്രായമുള്ളവരുമായ ആളുകളെ അംഗങ്ങളായി ഉൾപ്പെടുത്താവുന്നതാണ്:
എന്നാൽ, അങ്ങനെ ഉൾപ്പെടുത്തുന്ന അംഗങ്ങളുടെ എണ്ണം ആ കമ്മിറ്റിയിലെ ആകെ അംഗ സംഖ്യയുടെ പകുതിയിൽ കവിയാൻ പാടില്ലാത്തതാണ്.
7. ജോയിന്റ് കമ്മിറ്റിയിലെ ഒഴിവുകൾ നികത്തൽ.-
ജോയിന്റ് കമ്മിറ്റിയിൽ ഉണ്ടാവുന്ന ഒഴിവുകൾ, അതതു സംഗതിപോലെ 6-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ നാമനിർദ്ദേശം ചെയ്യേണ്ടതാണ്.
8. ജോയിന്റ് കമ്മിറ്റിയുടെ ചെയർമാൻ.-
ജോയിന്റ് കമ്മിറ്റിയുടെ ചെയർമാനെ താഴെ നിർദ്ദേശിക്കുന്ന രീതിയിൽ നിശ്ചയിക്കേണ്ടതാണ്:-
(എ) ഒരേ തലത്തിലുള്ള പഞ്ചായത്തുകൾ ചേർന്നു രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയുടെ സംഗതിയിൽ, ജോയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്;
(ബി) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ ഒരു ബ്ലോക്കു പഞ്ചായത്തുമായി ചേർന്നു ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ, ബ്ലോക്കു പഞ്ചായത്തിന്റെ പ്രസിഡന്റ്;
(സി) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ ഒന്നിലധികം ബ്ലോക്കു പഞ്ചായത്തുകളുമായി ചേർന്ന് ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ, നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ്;
(ഡി) ഗ്രാമപഞ്ചായത്തോ, ഗ്രാമപഞ്ചായത്തുകളുമോ, ബ്ലോക്കു പഞ്ചായത്തോ, ബ്ലോക്കു പഞ്ചായത്തുകളുമോ ഒരു ജില്ലാ പഞ്ചായത്തുമായി ചേർന്ന് ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്;
(ഇ) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ, ബ്ലോക്കു പഞ്ചായത്തോ ബ്ലോക്കു പഞ്ചായത്തുകളോ ഒന്നിലധികം ജില്ലാ പഞ്ചായത്തുകളുമായി ചേർന്നു ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
9. ജോയിന്റ് കമ്മിറ്റിയുടെ അധികാരങ്ങൾ.-
(1) ഏതു ആവശ്യത്തിലേക്കു വേണ്ടിയാണോ ജോയിന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത് അതു സംബന്ധിച്ചു അന്വേഷണം നടത്താനും വിവരങ്ങൾ ശേഖരിക്കാനും തീരുമാനങ്ങൾ എടുക്കാനും അതിനു അധികാരം ഉണ്ടായിരിക്കുന്നതാണ്.
(2) ജോയിന്റ് കമ്മിറ്റിക്ക് ഏതൊരു സമയത്തും ബന്ധപ്പെട്ട പഞ്ചായത്തുകളോട് അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെടാവുന്നതാണ്.
10. ജോയിന്റ് കമ്മിറ്റിയുടെ യോഗനടപടികമം.-
(1) ജോയിന്റ് കമ്മിറ്റിയുടെ യോഗം കൂടുന്ന തീയതി, സമയം, സ്ഥലം, യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നിവയടങ്ങുന്ന നോട്ടീസ് യോഗ തീയതിക്കു അഞ്ചു പൂർണ്ണ ദിവസങ്ങൾക്കു മുമ്പ് എങ്കിലും ചെയർമാൻ അതിലെ അംഗങ്ങളെ അറിയിച്ചിരിക്കേണ്ടതാണ്.
(2) ജോയിന്റ് കമ്മിറ്റിയുടെ യോഗം ഏതു പഞ്ചായത്തു ആഫീസിൽ വച്ചാണോ കൂടുന്നത് ആ പഞ്ചായത്തിന്റെ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ യോഗത്തിന്റെ നടപടികൾ രേഖപ്പെടുത്തേണ്ടതും പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും അതിൽ ഒപ്പിട്ടിരിക്കേണ്ടതുമാണ്.
(3) ജോയിന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്ന വിഷയങ്ങളിൽ യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷവോട്ട് പ്രകാരം തീരുമാനമെടുക്കേണ്ടതും എന്നാൽ തുല്യവോട്ട് വരുന്ന സന്ദർഭങ്ങളിൽ കമ്മിറ്റിയുടെ ചെയർമാന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതുമാണ്.
(4) ജോയിന്റ് കമ്മിറ്റിയുടെ യോഗങ്ങളിൽ അതിന്റെ ചെയർമാൻ അദ്ധ്യക്ഷത വഹിക്കേണ്ടതും ചെയർമാന്റെ അസാന്നിദ്ധ്യത്തിൽ ഹാജരായിട്ടുള്ള അംഗങ്ങൾ തങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരംഗം അദ്ധ്യക്ഷനായിരിക്കേണ്ടതുമാണ്.
(5) ജോയിന്റ് കമ്മിറ്റി യോഗത്തിന്റെ കോറം അതിന്റെ അംഗ സംഖ്യയുടെ മൂന്നിൽ രണ്ടു ആയിരിക്കുന്നതാണ്.
(6) ജോയിന്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട പഞ്ചായത്തുകളെ അറിയിച്ചിരിക്കേണ്ടതാണ്.
11. ജോയിന്റ് കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കൽ.-
(1) ജോയിന്റ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ ബാദ്ധ്യസ്ഥരാണ്:
എന്നാൽ അത്തരം തീരുമാനങ്ങൾ ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അധികാരപരിധി കവിഞ്ഞുള്ളതാകാൻ പാടില്ലാത്തതാണ്.
(2) ഏതെങ്കിലും തർക്കം പരിഹരിക്കുന്നതിനായി ജോയിന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ള സംഗതികളിൽ, ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് ജോയിന്റ് കമ്മിറ്റിയുടെ തീരുമാനം സ്വീകാര്യമല്ലായെങ്കിൽ, അത്തരം തീരുമാനങ്ങൾ നടപ്പാക്കേണ്ടതില്ല.
12. ജോയിന്റ് കമ്മിറ്റി പിരിച്ചുവിടൽ-
ഏതു ആവശ്യത്തിനു വേണ്ടിയാണോ ജോയിന്റ് കമ്മിറ്റി രൂപീകരിച്ചതു ആ ആവശ്യം നിറവേറ്റപ്പെട്ടു കഴിഞ്ഞാൽ ഉടനെ ചെയർമാൻ ആ കമ്മിറ്റി പിരിച്ചു വിടേണ്ടതാണ്.
13. അഭിപ്രായ ഭിന്നതകൾ ഒത്തുതീർപ്പാക്കൽ.-
ഈ ചട്ടങ്ങൾ പ്രകാരം ഉള്ള ഒരു ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണത്തേയോ പ്രവർത്തനത്തേയോ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുന്നതിനേയോ സംബന്ധിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകൾ തമ്മിൽ ഏതെങ്കിലും തർക്കമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകുന്ന സംഗതിയിൽ, 282-ാം വകുപ്പു പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.